ADVERTISEMENT

നാട്ടിൽ നിന്ന് താമസം മാറിയപ്പോൾ വിചാരിച്ചത് പരിചയക്കാർ അധികമില്ലാത്ത സ്ഥലമായതിനാൽ പലതിനുമെന്ന പോലെ കല്യാണ ക്ഷണങ്ങളിലും കുറവുണ്ടാകുമെന്നാണ്. എന്നാൽ ഇതു വരെ അതിനു മാത്രം ഒരു കുറവും വന്നിട്ടില്ല. വഴിയെ പോകുമ്പോൾ വെറുതെ ഒരു വിളി എന്ന മട്ടിലും വരാറുണ്ട് ചില വിളികൾ. പിന്നെ ആളെ കണ്ടു പിടിച്ച് പരിചയപ്പെടൽ നമ്മുടെ ജോലിയാണ്. ചിലയിടങ്ങളിൽ കാർഡ് ആരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടാൽ അതും ക്ഷണമായി കണക്കാക്കുമെങ്കിൽ പലയിടങ്ങളിലും നേരിട്ട് തന്നെ പോയി ക്ഷണിച്ചേ പറ്റൂ.

കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോയി, ചെറുക്കന്റെ വരവും കാത്ത് നിൽക്കവെ പെട്ടെന്നൊരു വെടിക്കെട്ട്.. ഞെട്ടിപ്പോയി, തൃശൂർ പൂര സ്ഥലത്താണോ കല്യാണ വീട്ടിലാണോ നിൽക്കുന്നതെന്ന് ഒന്ന് സംശയിച്ചു പോയി. വെടിക്കെട്ടിന്റെ പുകപടലമൊക്കെ മാറിക്കഴിഞ്ഞപ്പോഴാണ് കാര്യം വ്യക്തമായത്. കല്യാണ വീട് അത് തന്നെയാണ്, വരനും പാർട്ടിയും എത്തിയത് പ്രമാണിച്ച് വധുവിന്റെ വീട്ടുകാർ എർപ്പാട് ചെയ്തതാണ് വെടിക്കെട്ട്. ഉൽസവ പരിപാടികളുടെ നോട്ടീസിൽ കാണിക്കാറുള്ളതു പോലെ ഗംഭീര കരിമരുന്ന് പ്രോഗ്രാം ഉണ്ടായിരിക്കും എന്ന് കല്യാണക്കത്തിലും കാണിച്ചിരുന്നെങ്കിൽ ഒരു ഞെട്ടൽ ഒഴിവാക്കാമായിരുന്നു.

മന്ത്രിമാരൊക്കെ വരുമ്പോഴാണ് പണ്ട് വെടിക്കെട്ടൊക്കെ ഉണ്ടായിരുന്നത്. [ആളുകൾ ഓടി രക്ഷപെട്ടോട്ടെ എന്ന് കരുതിയാണോ എന്നറിയില്ല.] കല്യാണ വീടുകളിൽ കാക്കയുടെ ശല്യം കുറയ്ക്കാൻ ഓലപ്പടക്കം പൊട്ടിക്കുന്നതും കണ്ടിട്ടുണ്ട്. ഇതിപ്പോൾ എല്ലാം കൂടി ഉദ്ദേശിച്ച് വെടിക്കെട്ട് തന്നെ തുടങ്ങിയിരിക്കുന്നു. കാക്കയും പേടിക്കും, കൂട്ടത്തിൽ വരനും കൂട്ടരും ആദ്യം തന്നെ ഒന്ന് പേടിച്ചിരുന്നോട്ടെ. കല്യാണ വീടുകളിൽ ആചാരങ്ങളും അനാചാരങ്ങളും കൂടിക്കലർന്ന് തെറ്റും ശരിയുമൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് ഇന്ന്. അറയിലും പുറത്തുമായി വരന്റെ കൂട്ടുകാരുടെ സ്നേഹ പ്രകടനങ്ങൾ പല സ്ഥലത്തും അതിരു വിടുന്നുണ്ടോ എന്നും സംശയം.

പണ്ടൊക്കെ സിനിമാ താരങ്ങൾക്ക് മാത്രമായിരുന്നു ഫാൻസ് അസോസിയേഷനുകളെങ്കിൽ ഇന്ന് കായികതാരങ്ങളുടെ പേരിലുമായി. സന്ദർഭാനുസരണം വിവിധ ഫാൻസുകളുടെ പേരിൽ വരന്റെയും വധുവിന്റെയും ഫോട്ടോ ഉൾപ്പെടെയുള്ള ആശംസാ കാർഡുകൾ നേരത്തെ പതിവുള്ളതാണ്. എന്നാൽ ഈയിടെ ഒരു കല്യാണ വീട്ടുകാർ കല്യാണദിവസം രാവിലെ ഞെട്ടിയെന്ന് പറയുന്നത് വെറുതെയല്ല. വീടിനു മുന്നിൽ വരന്റെയും വധുവിന്റെയും വലിയ വർണ്ണ ചിത്രങ്ങൾ സഹിതം ഏതോ ഫാൻസ് മൺട്രത്തിന്റെ പേരിൽ കൂറ്റൻ ഫ്ളെക്സ്.. വിവാഹ മംഗളാശംസകൾക്കും എന്തുകൊണ്ട് ഫ്ളക്സ് ബോർഡ് ആയിക്കൂടാ.

ഇനിയിപ്പോൾ കല്യാണത്തിന് മാത്രമല്ല ഓരോ ആഴ്ചകൾ കഴിയുമ്പോഴും സിനിമയിലെന്ന പോലെ വിജയകരമായ ഒന്നാം വിവാഹ വാരം, ജനവിശ്വാസം നേടിയ രണ്ടാം വിവാഹ വാരം, തിരക്കേറിയ ഇരുപത്തിയഞ്ച് കല്യാണ ദിനങ്ങൾ എന്ന് തുടങ്ങി പരസ്പര വിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും വിജയകരമായ നൂറ് ദിനങ്ങൾ എന്ന മട്ടിൽ നൂറാം ദിവസം വരെ ബോർഡ് പ്രത്യക്ഷപ്പെട്ടാലും നാം അത്ഭുതപ്പെടരുത്, കാരണം കാലം അതാണ്.

English Summary:

Malayalam Short Story ' Vijayakaramaya Onnam Vivaha Varam ' written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com