കണ്ണാ – ശ്രീപദം എഴുതിയ കവിത

Mail This Article
എത്ര കിട്ടിയാലുമെത്ര കേട്ടാലും
എത്ര കണ്ടാലുമെത്ര മിണ്ടിയാലും
പോരാ എന്ന് തോന്നുന്ന ഭാവം,
എത്രയെത്ര സമയവും കാലവും
സമർപ്പിച്ചതൊക്കെത്തന്നെയു-
മൊരുനേരം അതില്ലാതായെന്നറിയുന്ന,
പിടയുന്ന മനസ്സിനെ പിടിച്ചുകെട്ടാൻ
വെള്ളക്കുതിരയായ് നീയവതരിക്കുമോ?
അതോ നീലശ്യാമളരൂപം കാട്ടി
നീയെന്നെ ഇനിയും പറ്റിക്കുമോ?
നീയുപേക്ഷിച്ച പ്രേമമുരളിക
വറ്റിവരണ്ടു പോയിന്നെന്റെ കണ്ഠത്തിലും.
പാടാനായൊരുങ്ങിയ പാട്ടുകളത്രയും
ശ്രുതിയും താളവുമൊന്നായ് ലയിച്ചതില്ല.
നിന്റെ ചുണ്ടിലമരാൻ കൊതിക്കും
നീയുപേക്ഷിച്ച ഓടക്കുഴലായിട്ടും.
അത്രയും പ്രിയതരമായിരിക്കെ
വനമാലി, എന്നെയും നീ മറന്നതെന്തെ.
എങ്കിലും ഞാനിതാ വീണ്ടുമെഴുതുന്നു,
നിനക്ക് മാത്രമായൊരു പ്രേമകാവ്യം.
മഥുരാപുരിയിലെ അന്ത:പുരത്തിൽ നീ
സത്യഭാമാരുഗ്മിണിമാരാൽ വിലസിടുമ്പോൾ
ഒരു നേരം നിൻമനമെന്നിലേ-
ക്കോടിയണയുന്ന മാത്രയിൽ
നിന്നന്തരാത്മാവിന്നാഴങ്ങളിൽ
പ്രിയതരമാം ഭീംബലാസിയായ് ഞാനൂളിയിടും.
കേൾക്കാതിരിക്കാനാവുമോ കണ്ണാ,
നീയീണം പകർന്ന പ്രണയഗീതങ്ങൾ
കാണാതിരിക്കാനാവുമോ കൃഷ്ണാ,
നമ്മൾ പടർന്നൊഴുകിയ കാളിന്ദിയും പുളിനവും..