മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ബാല്യകാലം; 'ഞങ്ങൾ മൊയ്ദീന്ക്കടെ പലഹാരപ്പാട്ടിന് കാതോർത്തിരുന്നു...'

Mail This Article
"ഫിറോ... ഇജ്ജും ചെങ്ങായിമാരും പോരണോ?" കുട്ടിക്കാലത്ത് മാമനോ, ഉപ്പയോ പുറത്ത് ടൗണിൽ പോകുമ്പോൾ അവരേ എന്തെങ്കിലും ഒക്കെ മസ്ക്കടിച്ച് ഞങ്ങൾ കുട്ട്യോളും കൂടെക്കൂടും... ടൗണിലെത്തിയാൽ ഹോട്ടലീന്ന് എന്തെങ്കിലും സ്പെഷ്യൽ മൂപ്പര് മേടിച്ചെരും... വീട്ടീന്ന് പൈക്കുമ്പോ എന്തെങ്കിലും തിന്നണപോലല്ലല്ലോ ടൗണിലെ ഹോട്ടലീന്നിള്ള സ്പെഷ്യൽ, അത് സ്പെഷ്യലല്ലേ... "മൊയ്‌ദീനേ കുട്ടയാള്ക്കെന്താച്ചാ കൊടുത്തൂട്രോ... ഞാനപ്പർത്തിണ്ട്" ഇതും പറഞ്ഞു മാമൻ ഞങ്ങൾ കുട്ടിപ്പട്ടാളത്തേ ചായക്കടേലിരുത്തി അപ്പർത്തേക്ക് പോയി... ശേഷം ഞങ്ങൾ മൊയ്ദീന്ക്കടെ പലഹാരപ്പാട്ടിന് കാതോർത്തിരുന്നു...
"വെള്ളപ്പപത്തലും, നെയ്പത്തലും, നീർദോശ പിന്നൊരു കോയ്പ്പത്തലും അങ്ങിനെ പലവിധ പത്തലുണ്ടേ, കൂടൊരു നല്ലൊരു കായടയും.... തേനൂറും ഓമന ഉന്നക്കായും, കിണ്ണം കലത്തപ്പം, അരിപത്തിരീം... കണ്ണൂരിൻ മണമേകും കണ്ണൂരപ്പം, ഇടിയൂന്നി, ബിൻഡിയാ, കോയിക്കാലും... മേണ്ടെന്ന് പറയാത്ത തരിമണ്ടയും, നാവിൽ വീണലിയുന്ന എലാഞ്ചിയും, പുതിയാപ്ലയ്ക്കൊരുക്കണ നെയ്യടയും വേണങ്ങി കൈച്ചൂട് മുട്ടമാലേം... അരിയുണ്ട, എള്ളുണ്ട, ഉണ്ടപ്പുട്ടും, നാത്തൂന്റെ കണ്ണായ ബിരിയാണിയും... ബയറ് നെറേ തിന്നോളി വേണ്ടത്രയും, ചൂടോടെ തിന്നോളീ ബെക്കം ബെക്കം... പലതുണ്ട് ഗുണമുണ്ട് തിന്നാലത്രേ മനംനിറഞ്ഞാൽ തന്നോളീ കായത്രയും... പൈക്കുമ്പോ പോന്നോളീ പിന്നേം പിന്നേം... ബാങ്ങി കയിച്ചോളീ കുഞ്ഞിമാരേ..." ഇനി മക്കള് പറ എന്താ മാണ്ടീത്...
"ഇക്ക് നീളൻ പത്തല് മതി, ഇക്ക് മസാല പത്തല്..." കുട്ടിപ്പട്ടാളങ്ങൾ ഓരോരുത്തരായി ചാടിക്കേറി പറഞ്ഞു.. അന്നത്തെ പരിഷ്ക്കാരികളായിരുന്ന ഘീ റോസ്റ്റും മസാലദോശയുമാണ് ആണ് ഈ പറഞ്ഞ പത്തലുകൾ... "ആ... അനക്കോ ഫിറോ?..." ഈ പാട്ടിൽ കേൾക്കാത്ത ബോർഡിൽ എഴുതിക്കണ്ട ഒന്നിലാർന്നു ഫിറോസിന്റെ കണ്ണ്... 'ബൂരി ബാജി!'... കൊള്ളാം പുതിയ എന്തോ ഇറക്കുമതിയാണ്.. മുൻപൊന്നും കേട്ടിട്ടില്ല... "ഇക്കത് മതി..." ഫിറോസ് ആ ബോർഡിലേയ്ക്ക് കൈചൂണ്ടി പറഞ്ഞു... "എന്ത്!..." മൊയ്ദീൻക്ക അന്തംവിട്ട് ബോർഡിലേക്ക് നോക്കി... "ആ അവസാനം എഴുതീത്..." "ഏത്! ബൂരി ബാജ്യാ... അവ്വ് പഹയാ ഞാൻ ബെടെ തൊള്ളപൊട്ടി പാടുമ്പോ ഇയ്യത് നോക്കി കണ്ടുപിടിക്ക്യാർന്നൂ..."
അങ്ങിനെ ഒരു സ്പെഷ്യൽ ഐറ്റം പറഞ്ഞേന്റെ ഗമേല് ഫിറോസ് താൻ പറഞ്ഞ ഐറ്റം വരുന്നതും കാത്തിരുന്നു. എല്ലാവരുടെയും മുഖത്ത് "ച്ചെ, ഫിറോസ്‌ക്ക പറഞ്ഞതന്നെ പറയാർന്നു" എന്നൊരു ഫീൽ വായിച്ചെടുക്കാം... അങ്ങിനെ ആകാംക്ഷയുടെ അതിർവരമ്പുകൾ തകർത്തെറിഞ്ഞുകൊണ്ട് ആ വിഭവം മുന്നിലെത്തി.. ഫിറോസും മറ്റു കുട്ട്യോളും ആ വിഭവത്തെ ആശ്ചര്യത്തോടെ നോക്കി.. എന്നിട്ട് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.. "ആയ്... ഇങ്ങളെന്ത് പണ്യ കാട്ടീത് മൊയ്ദീൻക്ക... ഇത് നമ്മടെ ഉമ്മച്ചി എപ്പഴും വീട്ടിലിണ്ടാക്കണ ഉണ്ടപ്പത്തലല്ലേ!... ഇങ്ങള് പേരുമാറ്റി ആളെ പറ്റിക്ക്യാ..." അങ്ങിനെ ആദ്യമായി എപ്പഴും വീട്ടിൽ നിന്ന് കഴിക്കാറുള്ള ഉണ്ടപത്തലിന്റെ പുതിയൊരു പേരുകൂടി ഫിറോസും കൂട്ടരും പഠിച്ചെടുത്തു.. വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ബൂരി ബാജി കഴിക്കുമ്പോ ഈ സംഭവം മനസ്സിലൂടെ ഒന്ന് മിന്നിമായും...