മൗനം എന്ന ആയുധത്തിന്റെ പ്രയോഗികതല വീക്ഷണം – കെ. വി. എൽദോ എഴുതിയ കവിത

Mail This Article
മൗനത്തിന്റെ മാന്യതയെപ്പറ്റി,
എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്
എവിടെയായാലും ഒന്നുണ്ട്,
ആ മൗനമാണല്ലോ, ഇന്നെന്റെ ജീവൻ രക്ഷിച്ചത്
പകൽ വെളിച്ചത്തിൽ, നാട്ടുകാർ നോക്കിനിൽക്കെയല്ലേ,
എന്റെയച്ഛനെയവർ പിടിച്ചിറക്കിക്കൊണ്ടു പോയത്
അവരുടെ മുമ്പിൽ വെച്ചുതന്നെയല്ലേ,
എന്റെയമ്മയെ അവർ വെടിയുണ്ടക്കിരയാക്കിയത്
ഞാനും കൂടെ നോക്കി നിൽക്കുമ്പോഴല്ലേ,
എന്റെ സഹോദരിയെ അവർ മാനഭംഗപ്പെടുത്തിയത്?
മൗനത്തിന്റെ മാന്യതയെപ്പറ്റി,
ഞാൻ വായിച്ചറിഞ്ഞിരുന്നില്ലെങ്കിലോ
അച്ഛനുപകരം, എന്നെയവർ കൊണ്ടുപോകുമായിരുന്നു,
അമ്മയുടെ നെഞ്ചിൽ തുളഞ്ഞു കയറിയ വെടിയുണ്ട
എന്റെ നെഞ്ചം പിളർക്കുമായിരുന്നു
സഹോദരിയെ മാനഭംഗപ്പെടുത്തിയവർ
എന്നെ മർദിച്ചവശനാക്കുമായിരുന്നു
അങ്ങനെയെങ്കിൽ, ഭീകർക്കെതിരെ പോരാടാൻ,
ഞാനൊരു ആയുധം കണ്ടു പിടിച്ചു കഴിഞ്ഞു!
'മൗനം' എന്ന അപകടമില്ലാത്ത ആയുധം !
കണ്ടുപിടുത്തതിന്റെ അവസാനമാണ്,
ഞാനതിന്റെ പ്രായോഗിക തല വീക്ഷണം നടത്തിയത്
അച്ഛനെ പിടിച്ചിറക്കികൊണ്ടുപോകുമ്പോൾ,
നമുക്ക് മൗനം എന്ന ആയുധം എടുക്കാം
അമ്മയെ വെടിയുണ്ടക്കിരയാക്കുമ്പോഴും,
ആയുധം അതുതന്നെ മതി !
സഹോദരിയെ മാനഭംഗപ്പെടുത്തുമ്പോൾ
വേണമെങ്കിൽ കണ്ണുകൾ കൂടെയടക്കാം..
പക്ഷെ, അവർ എന്നെയാണ് പിടികൂടുന്നതെങ്കിലോ?
മൗനം എന്ന ആയുധം, ഫലപ്രദമായി പ്രയോഗിക്കുവാൻ,
എനിക്ക് കഴിയുമോ?
ഉത്തരം മറ്റേതെങ്കിലും പുസ്തകത്തിൽ വായിക്കും വരെ,
സംശയം ബാക്കിയാണ്...