ADVERTISEMENT

രാവിലെ ഒൻപത് അഞ്ചിന് പാർട്ടി ഓഫിസിൽ കസേരയിൽ ഇരിക്കുകയാണ് രഘുനന്ദൻ. പൊടുന്നനെ മൊബൈൽ ശബ്ദിച്ചു. ഡിസ്പ്ലേ നോക്കിയപ്പോൾ ഹേമ. രഘുനന്ദൻ സെൽഫോൺ കാതിൽ അമർത്തി "എന്താ രാവിലെ വിശേഷിച്ച്" വീടിനകത്ത് ബെഡ് റൂമിൽ കട്ടിലിൽ ഇരുന്ന് ഹേമ തിരക്കി "എവിടെയാ. രാത്രി വിളിച്ചിട്ട് ഫോണെടുത്തില്ല." രഘുനന്ദൻ പതിഞ്ഞ ശബ്ദത്തിൽ  അറിയിച്ചു "പാർട്ടി ഓഫിസിൽ ഉണ്ട്. ഇന്നലെ ജില്ല കമ്മറ്റി കഴിഞ്ഞപ്പോൾ വൈകി." ഹേമ പരിഭവത്തോടെ തിരക്കി "രാവിലെ ഒന്ന് തിരിച്ച് വിളിച്ചോ" രഘുനന്ദൻ അപേക്ഷിച്ചു "പൊന്നു പെണ്ണേ നീ കൊച്ചു പിള്ളേരെ പോലെ ഇങ്ങനെ ക്വസ്റ്റ്യൻ ചെയ്യല്ലേ." ഹേമ "എപ്പോഴും പാർട്ടി എന്ന ഒരൊറ്റ ചിന്തയേ ഉള്ളൂ. അടുത്താഴ്ച നമ്മുടെ കല്യാണമാണ്. ഇടയ്ക്ക് കുടുംബം വീട് എന്ന ചിന്ത കൂടി വേണം" രഘുനന്ദൻ സെൽഫോണിലൂടെ അറിയിച്ചു "നീ പുറത്തൊക്കെ ഇറങ്ങി ഫ്രണ്ട്സിനെ ഒക്കെ ഒന്ന് കണ്ട് സംസാരിക്കണം. എപ്പഴും വീട്ടിൽ തന്നെ ഇരിക്കുന്ന  കൊണ്ടാ ഇത്തരമൊരു പരിഭവം." 

പതിഞ്ഞ ശബ്ദത്തിൽ ഹേമ  അറിയിച്ചു "ഹേമന്ത്.. ഞാൻ മറന്നു തുടങ്ങി അവനെയും അമ്മയെയും. എന്റെ മനസ്സിൽ ഇപ്പം അച്ഛനും നമ്മള് രണ്ടുപേരും മാത്രേ ഉള്ളൂ നന്ദേട്ടാ" രഘുനന്ദൻ "നീ വച്ചോ. ഞാൻ വൈകിട്ട് ഇറങ്ങുന്നുണ്ട്." രഘുനന്ദൻ കോൾ മുറിച്ചത് ഹേമ അറിഞ്ഞു. ടേബിളിൽ ഒരു ഏഴ് വയസ്സുകാരൻ ഫോട്ടോയിൽ ഇരുന്ന് ചിരിച്ചു. റോഡിൽ ഓട്ടോ ഇടിച്ച് രക്തം വാർന്ന് പിടഞ്ഞു മരിച്ച ഹേമന്ത്.. വർഷങ്ങൾക്കു മുമ്പ് നടന്ന ആ സംഭവം ഓർമ്മയിൽ തെളിഞ്ഞതും അറിയാതെ ആ കണ്ണുകൾ നനഞ്ഞു. 

വൈകി അത്താഴം കഴിക്കുമ്പോൾ തലതിരിച്ച് നോക്കി. രഘുരാമൻ പറഞ്ഞു "കല്യാണം അടുത്തു. രാത്രി ഇനി സമയത്തൊക്കെ വീട്ടിൽ വരണം. ജാഥയ്ക്ക് കൊടി പിടിക്കാൻ പോയെന്ന് ഇവിടെ പറയരുത്." ചോറ് കഴിച്ചു കൊണ്ട് രഘുനന്ദൻ അറിയിച്ചു "ഒരു പൊതു പ്രവർത്തകന് പ്രധാനം സമയമല്ല. ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നതാ." പ്ലേറ്റിൽ കറി വിളമ്പി കൊണ്ട് രഞ്ജിനി പറഞ്ഞു "രാമേട്ടൻ പറയുന്ന പോലെ നേരത്തെ വന്ന് ശീലിക്കണം. ഹേമ വിഷമിക്കരുത്. നന്ദന് അറിയാമല്ലോ ആ മനസ്സ്. അസുഖം വന്ന് അമ്മ കൂടി പോയതോടെ ഇപ്പം നന്ദൻ മാത്രമാ ഒരാശ്വാസം." രഘുനന്ദൻ പരിഭവിച്ചു "എന്റെ ഫ്രണ്ട് ജയചന്ദ്രൻ ഇപ്പഴും കെട്ടാൻ ഓകെ തന്നെയാ. ഹേമ മാത്രമല്ല നിങ്ങളും സമ്മതിക്കില്ലെന്ന് വച്ചാ."

രഘുരാമൻ വെളിപ്പെടുത്തി "അമ്മ മരിച്ചപ്പോൾ ഹേമ പഴയ പോലെ ചില പ്രശ്നങ്ങൾ കാണിച്ച് തുടങ്ങിയെന്ന് പറഞ്ഞ് പിന്മാറിയത് ആ ജയചന്ദ്രൻ ഫ്രണ്ട് അല്ലെ. എല്ലാം അറിഞ്ഞ് അവളെ സ്നേഹിക്കാൻ നിനക്ക് മാത്രേ പറ്റൂ. വലിയ സ്ത്രീധനം കൊടുത്ത് ഒരു ഭർത്താവ് ഉദ്യോഗസ്ഥനെ നിയമിക്കാൻ ദിവാകരൻ ചേട്ടനെ കൊണ്ട് ഒക്കില്ല." രഘുനന്ദൻ "അറിയാം ഏട്ടാ. എങ്കിലും എന്റെ ജോലിയുടെ സ്വഭാവം നിങ്ങള് മനസ്സിലാക്കണം." അതിന് മറുപടി ഒന്നും രഘുരാമനും രഞ്ജിനിയും പറഞ്ഞില്ല. അത്താഴം കഴിഞ്ഞ് രഘുനന്ദൻ ഹാളിലേക്ക് നടന്നു. അകത്തെ മുറിയിൽ കട്ടിലിൽ കിടന്നുറങ്ങുന്ന അഞ്ച് വയസ്സുള്ള പൊന്നു. കൂടെ രണ്ട് വയസ്സുകാരൻ അഭി. രഘുനന്ദൻ നേർത്ത ചിരിയോടെ മിഴികൾ പിൻവലിച്ച് മുൻപോട്ട് നടന്നു.

വൈകുന്നേരം യാത്രക്കാരെ ഇറക്കി രഘുരാമൻ കാർ ടാക്സി സ്റ്റാൻഡിലേക്ക് വിട്ടു. പരിചയമുള്ള ഒരു കുടുംബാംഗം മൊബൈലിൽ വിളിച്ചു "ഒരു ഓട്ടം പോണം കവലയിൽ വന്നാ മതി." രഘുരാമൻ വേഗത വർധിപ്പിച്ചു. ഒരു വളവ് തിരിയുന്ന സ്ഥലത്തെത്തിയപ്പോൾ എതിരെ വേഗത്തിൽ ഒരു ലോറി വന്നു. ഇടിക്കാതിരിക്കാൻ രഘുരാമൻ സ്റ്റിയറിംഗ് വെട്ടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ കാറിടിച്ച് നിന്നു.

വീടിനകത്ത് തെളിച്ച നിലവിളക്കിന് താഴെ വെള്ളമുണ്ട് പുതച്ച് രഘുരാമൻ കണ്ണുകളടച്ച്  കിടന്നു. രഞ്ജിനി സമീപത്ത് ഉണ്ട്. അച്ഛനെ മരണം കവർന്നെടുത്ത സത്യം തിരിച്ചറിയാതെ പകച്ച് നോക്കി ഇരിക്കുന്ന പൊന്നു. കൂടെ അഭി ഉണ്ട്. മക്കളെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന രഞ്ജിനിയെ കണ്ട് രഘുനന്ദൻ നിറകണ്ണുകളോടെ നിന്നു. കൂടെ നിന്നവരിൽ ആരോ ഒരാളുടെ ശബ്ദം രഘുനന്ദൻ കേട്ടു. "രണ്ട് ദിവസം കഴിഞ്ഞ് ഒരു കല്യാണം നടക്കേണ്ട വീടായിരുന്നു." രഘുനന്ദൻ ഒരു ആശ്രയം കൊതിച്ചു. അത് തിരിച്ചറിഞ്ഞ വിധം അരികിൽ നിന്ന ദിവാകരൻ ആ ചുമലിൽ കൈ വച്ചു.

ദിവസങ്ങളെ ചിറകിൽ കീഴിൽ ഒതുക്കി ആഴ്ചക്കിളികളോരോന്നായി ഉയർന്ന് പറന്ന് മാസങ്ങളുടെ മരക്കൊമ്പിൽ ചേക്കേറി. പുഴക്കരയിൽ ജയചന്ദ്രൻ അമ്പരപ്പിൽ നിൽക്കുകയായിരുന്നു. അരികിൽ നിന്നു കൊണ്ട് രഘുനന്ദൻ തിരക്കി "നീ ഒരു ഉത്തരം പറഞ്ഞില്ല?'' പതിഞ്ഞ ശബ്ദത്തിൽ ജയചന്ദ്രൻ പറഞ്ഞു "ഞാൻ ഹേമയെ കെട്ടണം എന്ന് പറഞ്ഞതിൽ അല്ല നീ രഘുരാമൻ ഏട്ടന്റെ ഭാര്യയെ.. അത് നിന്റെ ഏട്ടത്തിയല്ലെ." രഘുനന്ദൻ "എന്റെ പ്രായമാ രഞ്ജിനി. അച്ഛന്റേം അമ്മയുടെയും മൂന്ന് പെൺമക്കളിൽ ഇളയവൾ. ഏട്ടൻ ഒന്നും മേടിച്ചല്ല കെട്ടിയത്. കൊടുക്കാൻ ആ കുടുംബത്ത് ഒന്നുമില്ലായിരുന്നു." രഘുനന്ദൻ ഒന്നു നിർത്തിയിട്ട് തിരക്കി "വലിയ വിദ്യാഭ്യാസം ഇല്ലാതെ ഒരു നല്ല ജോലിയില്ലാതെ ഈ ചെറിയ പ്രായത്തിൽ ഒരാൺ തുണ കൂടാതെ എങ്ങനെ ജീവിക്കും."

ജയചന്ദ്രൻ സംശയത്തിൽ തിരക്കി "ഒരു രണ്ടാം കല്യാണം.. അത് കിട്ടില്ലേ. നമുക്കൊന്ന് അന്വേഷിക്കാം." രഘുനന്ദൻ "അതത്ര എളുപ്പത്തിൽ നടക്കില്ല കിട്ടിയാൽ തന്നെ രണ്ട് മക്കളുള്ള ഒരു പെണ്ണല്ലേ. വരുന്ന ആൾക്കും വേറെ പിള്ളേര് ഉണ്ടാകും. അവരെല്ലാം എന്റെ രാമേട്ടന്റെ മക്കളെ എങ്ങനെ കാണും." ജയചന്ദ്രൻ തെല്ല് ദേഷ്യപ്പെട്ടു "ഹേമ. ദിവാകരൻ ചേട്ടൻ.. നീ എന്ത് പറയും? അതു പോട്ടെ ഇതിന് ഈ പറയുന്ന രഞ്ജിനി സമ്മതിക്കുമൊ?" രഘുനന്ദൻ "തൽക്കാലം രണ്ട് കുടുംബം പോറ്റാനുള്ള വരുമാനം എനിക്കില്ല. എന്റെ ഏട്ടൻ ജീവനു തുല്യം സ്നേഹിച്ച മക്കൾ ഒരച്ഛന്റെ സ്നേഹം അറിയാതെ അനാഥരെ പോലെ വളരണ്ടിവിടെ. നീ ഒരു മറുപടി പറയണം." ജയചന്ദ്രൻ "അന്ന് ഞാൻ വേണ്ടെന്ന് പറഞ്ഞതല്ല. ഹേമ സമ്മതിച്ചില്ല. നീ ആദ്യം രഞ്ജിനി ഏട്ടത്തിയുടെ സമ്മതം തിരക്ക്. ആ ഭാഗം ഓകെ എങ്കിൽ ഞാൻ ഹേമയെ കെട്ടാം. നീ പക്ഷെ അവളെ കാര്യം പറഞ്ഞ് മനസ്സിലാക്കണം." രഘുനന്ദൻ ഒന്നും പറയാതെ നിസ്സംഗതയോടെ നോക്കി നിന്നു.

ആ കൊച്ചു വീടിനകത്ത് രഘുനന്ദൻ ചെറിയ ഹാളിൽ നിൽക്കുകയായിരുന്നു. ഉത്കണ്ഠ നിറഞ്ഞ കണ്ണുകൾ ഉയർത്തി രഞ്ജിനിയുടെ മുഖത്തിനു നേരെ നോക്കി പറഞ്ഞു "മക്കളുടെ ഭാവി മാത്രമേ ഞാൻ കണ്ടുള്ളൂ." ഒരു പ്രതിമ കണക്കെ രഞ്ജിനി നിൽപ്പുണ്ട്. പൊടുന്നനെ ആ ചുണ്ടുകൾ വിതുമ്പി "പാപമാണ് എന്നെ കൊണ്ട് കഴിയില്ല." രഘുനന്ദൻ പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു "രാമേട്ടൻ നമ്മളെ അനുഗ്രഹിക്കും. ആ ആത്മാവിന് സന്തോഷമാകുകയേ ഉള്ളൂ. എനിക്കുറപ്പുണ്ട്." രഞ്ജിനി വേദനയോടെ തിരക്കി "ഹേമ.. ആ പാവം ദിവസങ്ങൾ എണ്ണി കാത്തിരിക്കുക അല്ലെ. എങ്ങനെ നന്ദന് ഇങ്ങനൊക്കെ ചിന്തിക്കാൻ തോന്നി." രഘുനന്ദൻ പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു "ആ മനസ്സ് എനിക്കറിയാം.. മറ്റാരെക്കാളും. ഹേമ ജയചന്ദ്രനെ കെട്ടാൻ സമ്മതിക്കും." ഒന്നും പറയാനാകാതെ രഞ്ജിനി വിതുമ്പി നിന്നു.

എല്ലാം കേട്ട് ദിവാകരൻ രണ്ട് നിമിഷം അനങ്ങാതെ നിന്നു. പിന്നെ പറഞ്ഞു "നീ വന്നത് കല്യാണത്തിന് ഡേറ്റ് കുറിച്ച് സമയം തീരുമാനിക്കാൻ അല്ലെ എന്ന്  മോള് തിരക്കി." രഘുനന്ദൻ പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു. "ഞാൻ പറയാം. എന്റെ അവസ്ഥ അവള് മനസ്സിലാക്കും." ദിവാകരൻ "വേണ്ട. ഇത് നീ പെട്ടെന്ന് കേറി പറയണ്ട. എന്റെ മോള് തകർന്നു പോകും. ഇനി ഒരിക്കൽ കൂടി ആ മനസ്സ് താളം തെറ്റുന്നത് കാണാൻ എനിക്ക് വയ്യ. അവളെ ഞാൻ പതിയെ പറഞ്ഞ് മാറ്റാം. നീ ചെല്ല്." ദിവാകരൻ തിരിഞ്ഞ് ഹേമ ഇരിക്കുന്ന മുറിയിലേക്ക് പോയി.

അലമാരയിൽ തുണികൾ എടുത്ത് വയ്ക്കുകയായിരുന്നു ഹേമ. ദിവാകരൻ മുറിയിലെത്തി ശ്രദ്ധയാകർഷിക്കാൻ ഒന്ന് മുരടനക്കി. പൊടുന്നനെ ഉന്മേഷവതിയായി ഹേമ "ഡ്രസ്സ് എടുക്കാൻ രഞ്ജിനി ചേച്ചി വേണം. അന്നെടുത്തതൊന്നും ഉപയോഗിക്കുന്നില്ല. കൊള്ളാത്ത ഏതോ ഒരു നേരത്താ അന്ന് അതൊക്കെ വാങ്ങിയത്." ദിവാകരൻ പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു "തുണി എടുക്കാൻ ജയചന്ദ്രനും കാണും. നിനക്ക് അതിന് ഇഷ്ടക്കേട് ഒന്നും ഇല്ലല്ലോ." ഹേമ അദ്ഭുതം ഭാവിച്ചു "എന്തിനാ ഞാൻ ജയചന്ദ്രൻ ചേട്ടനെ വെറുക്കുന്നത്? എന്റെ ഉള്ളിൽ രഘുനന്ദേട്ടൻ ഉള്ളത് കൊണ്ട് അന്ന് വേണ്ടെന്ന് പറഞ്ഞു."

ഒരു പിടി വള്ളി കിട്ടിയ പോലെ ദിവാകരൻ തിരക്കി "നീ അപ്പൊ രഘുനന്ദന്റെ മനസ്സിൽ ഇല്ല എങ്കി ജയചന്ദ്രൻ പറഞ്ഞ ബന്ധം നമുക്ക് ആലോചിക്കാം അല്ലെ." ഹേമ അമ്പരപ്പിൽ കണ്ണുകൾ ഉയർത്തി ദിവാകരനെ നോക്കി. ദിവാകരൻ പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു "എന്നോട് രഘുനന്ദൻ ഒരു കാര്യം പറഞ്ഞു. നീ അത് ശാന്തമായ മനസ്സോടെ കേൾക്കണം." ഹേമ സംശയം നിറഞ്ഞ കണ്ണുകൾ ഉയർത്തി നിന്നു. ദിവാകരൻ പറഞ്ഞ വാക്കുകൾ കേട്ട് ആ കണ്ണുകൾ നിറഞ്ഞൊഴുകി.

രണ്ട് ദിവസം കഴിഞ്ഞ് രഞ്ജിനിയെ കാണാൻ ഹേമ വന്നു. ഉമ്മറത്ത് രഘുനന്ദൻ നിൽപ്പുണ്ട്. ആ കണ്ണുകൾ താണു. ഹേമ "എനിക്ക് അഭിമാനം തോന്നുന്നു ഇത്ര നല്ല മനസ്സുള്ള ഒരാളെ അല്ലെ ഞാൻ സ്നേഹിച്ചത്." രഘുനന്ദൻ "വിധി നമ്മൾ ചിന്തിക്കാത്ത വഴിയിലൂടെ കൊണ്ടു പോകും. ജയചന്ദ്രൻ നിന്നെ ആഗ്രഹിക്കുന്നുണ്ട് ഹേമ." ഹേമ ഒരു വിളറിയ ചിരി വരുത്തി. പിന്നെ തിരക്കി "രഞ്ജിനി ചേച്ചി.." രഘുനന്ദൻ " അകത്തുണ്ട്. എതിർപ്പ് മാറിയിട്ടില്ല." ഹേമ "ഞാൻ സംസാരിക്കാം."

അടുക്കളയിൽ പാചകം ചെയ്യുന്ന രഞ്ജിനിയുടെ മുൻപിൽ ഹേമ എത്തി. രഞ്ജിനി വിഷമത്തോടെ ആ മുഖത്തേക്ക് നോക്കി "എന്തൊക്കെയാ നന്ദൻ ചിന്തിക്കുന്നത്. എനിക്കറിയില്ല മോളെ." ഹേമ പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു. " എന്നെ കുറിച്ചോർത്ത് ചേച്ചി ഒഴിഞ്ഞു മാറരുത്. വേറെ ആളുണ്ട് എനിക്ക്. ഇനി ചേച്ചിക്കും മക്കൾക്കും പുറത്തു നിൽക്കുന്ന ആ നന്ദേട്ടനേ ഉള്ളൂ. വേറൊരു പെണ്ണിനെ ഭാര്യയാക്കി കൊണ്ട് നിങ്ങളെ സംരക്ഷിച്ചാൽ അതൊരിക്കലും ശരിയാകില്ല. എന്തിന്.. എനിക്കു പോലും ഇഷ്ടപ്പെടില്ല." ആ മുഖത്തേക്ക് രഞ്ജിനി നിസ്സഹായയായി നോക്കി നിന്നു. ഹേമ ആ കരങ്ങൾ ഗ്രഹിച്ചു കൊണ്ട് അഭ്യർഥിച്ചു "ചേച്ചി സമ്മതിക്കണം" രഞ്ജിനിയുടെ കണ്ണുകൾ നനഞ്ഞ് നിറഞ്ഞു. വെളിയിൽ ആ സമയം കുട്ടികളോടൊപ്പം രഘുനന്ദൻ കളിക്കുകയായിരുന്നു. മുറ്റത്തെ ചെടികൾ പൂക്കൾ ഉള്ള ചില്ല ചലിപ്പിച്ച് രസം പ്രകടിപ്പിച്ചു.

English Summary:

Malayalam Short Story ' Thyagi Koodappirappu ' Written by Venugopal S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com