ADVERTISEMENT

ടോമിച്ചൻ മരിച്ചെന്നറിഞ്ഞാണ് ഞാൻ അവിടെയെത്തിയത്. ഉച്ചഭാഷിണിയിലൂടെ  ഒഴുകിവരുന്ന 'സങ്കീർത്തനങ്ങൾ' കേട്ടപ്പോൾ ഞാൻ ഒന്ന് സംശയിച്ചു. എനിക്ക് തെറ്റിയതാകുമോ? ഞാൻ ഒന്നുകൂടെ ചെവിവട്ടം പിടിച്ചു. ഉച്ചഭാഷിണിയിൽ നിന്നും വരുന്ന ശബ്ദം ടോമിച്ചന്റേത് തന്നെ. വർഷങ്ങളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്തിന്റെ ശബ്ദം എനിക്ക് തെറ്റുമോ? അപ്പോൾ ടോമിച്ചനാണ് മരിച്ചതെന്ന് ആരോ എന്നെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു, ഒരുപക്ഷെ ഇനി സൂസമ്മയാകുമോ? അയാൾ ഒന്ന് ശങ്കിച്ചു. സൂസമ്മക്ക് സുഖമില്ലെന്ന് ടോമിച്ചൻ ഒരിക്കൽ സൂചിപ്പിച്ചിരുന്നത് ഓർക്കുന്നു. പക്ഷേ, മെയിൻ റോഡിൽ നിന്നും ടോമിച്ചന്റെ വീട്ടിലേക്ക് തിരിയുന്നിടത്ത് വെച്ചിരിക്കുന്ന ഫ്ലെക്സ് എന്റെ സംശയങ്ങളെയെല്ലാം മാറ്റി. മരിച്ചത് ടോമിച്ചൻ തന്നെ. അപ്പോൾ ബൈബിളിലെ സങ്കീർത്തനങ്ങൾ വായിക്കുന്നത് ആരാണ്?

ഇടവഴികടന്ന് അയാൾ വീട്ടുമുറ്റത്തെ പന്തലിൽ എത്തി. സൂസമ്മയും മൂന്ന് പെണ്മക്കളും ചലനമറ്റ് കിടക്കുന്ന ടോമിച്ചന്റെ അരികിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. അവർ ഇന്നലെ മുതൽ കരഞ്ഞതുകൊണ്ടാകാം ഇപ്പോൾ കരച്ചിലിന്റെ ശബ്ദം വളരെ നേർത്തതായിട്ടുണ്ട്. എന്നെ കണ്ടതോടെ സൂസമ്മയും കുട്ടികളും കരച്ചിൽ വീണ്ടും ഉച്ചത്തിലാക്കി, അവർക്ക് എന്നെ കണ്ടപ്പോൾ പിടിച്ചുനിൽക്കാൻ പറ്റിയിരിക്കില്ല. എനിക്കും. ഞാൻ സൂസമ്മയുടെ തോളിൽ പതുക്കെ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നേരത്തെ റെക്കോർഡ് ചെയ്തു വെച്ച 'സങ്കീർത്തനങ്ങൾ' മരണവീടിനെ ദുഃഖ സാന്ദ്രമാക്കിക്കൊണ്ട് അപ്പോഴും ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്നുണ്ടായിരുന്നു. ടോമിച്ചൻ തന്നെ പലപ്പോഴായി വായിച്ച് റെക്കോർഡ് ചെയ്തിട്ടുള്ളതാണ്. അതൊക്കെ. 

ഉറ്റബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ്‌ അയാൾ തുടങ്ങിയിരുന്നു. ദിവസവും ബൈബിൾ വായിക്കുമ്പോൾ അതിന്റെ വോയിസ്‌ നോട്ട് ആ ഗ്രൂപ്പിൽ പോസ്റ്റ്‌ചെയ്തതിനു ശേഷമേ ടോമിച്ചൻ ജോലിക്ക് പോയിരുന്നുള്ളൂ. അതയാളുടെ ദിനചര്യയുടെ ഭാഗവുമായി മാറി. ഞായറാഴ്ച പള്ളിയിൽപോകുന്നതുകൊണ്ട് അന്ന് ബൈബിൾ വായനക്കും ടോമിച്ചൻ അവധി കൊടുക്കും. മറ്റുദിവസങ്ങളിൽ തിരക്ക്മൂലം എന്നെങ്കിലും മറന്നുപോയാൽ തന്നെ സൂസമ്മ ഓർമ്മിപ്പിക്കും: "നിങ്ങൾ ഇന്ന് ബൈബിൾ വായിച്ചിട്ടില്ല!" അതുകൊണ്ട് ബൈബിൾ വായന ടോമിച്ചൻ ഇതുവരെ മുടക്കിയിട്ടില്ല. ആദ്യമൊക്കെ എനിക്കും കിട്ടിയിരുന്നു ദിവസേനയുള്ള ടോമിച്ചന്റെ വക ഈ വചനശുശ്രൂഷ!.

പിന്നീടെപ്പോഴോ ടോമിച്ചൻ ആ ഗ്രുപ്പിൽ നിന്നും എന്നെ ഒഴിവാക്കി. എനിക്ക് തോന്നുന്നു, 'സങ്കീർത്തനങ്ങൾ' തുടങ്ങിയപ്പോഴാണത്. ബൈബിളിലെ സങ്കീർത്തനങ്ങൾ ആണല്ലോ ഇങ്ങനെയുള്ള സാധാരണ മരണവീട്ടിൽ വായിക്കുന്നത്. എന്റെ ഫോണിൽ വാട്സാപ്പ് സന്ദേശങ്ങൾ അളവിലധികം കൂടിയപ്പോൾ ഒരു ഫോൺ വിളിക്കാൻ പോലും പറ്റുന്നുണ്ടായില്ല. ഈ വേണ്ടാത്ത ഗ്രൂപ്പിലൊക്കെ തലവെച്ച് കൊടുക്കുന്നതുകൊണ്ടാണ് എന്റെ മൊബൈൽ ഫോൺ ഹാങ്ങാവുന്നതെന്നും അത്യാവശ്യത്തിനു ഒരു കാൾ പോലും പറ്റാതെ വരുമെന്ന് പറഞ്ഞ് എല്ലാ മോർണിംഗ് മെസ്സേജ് ഗ്രൂപ്പിലും മകൻ ഓട്ടോഡിലീറ്റ് ഓപ്ഷൻ ആക്റ്റീവ് ആക്കിത്തന്നു. അതിന് ശേഷം ഏഴ് ദിവസം കഴിയുമ്പോൾ മെസ്സേജുകൾ തനിയെ ഡിലീറ്റ് ആയിക്കൊള്ളും.

അത് ടോമിച്ചന് ഇഷ്ടമായിക്കാണില്ല, ഞാൻ അതിനൊക്കെ അത്രയേ മൂല്യം കൽപ്പിക്കുന്നുവെന്ന് അയാൾ കരുതിക്കാണും. പക്ഷെ ടോമിച്ചൻ അതും ഇങ്ങനെയൊരു ആവശ്യത്തിനുവേണ്ടി കരുതിവെക്കുകയായിരുന്നുവെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല! സങ്കീർത്തനങ്ങൾ ഡിലീറ്റ് ആകാതിരിക്കാനാകും ടോമിച്ചൻ എന്നെ ബൈബിൾഗ്രൂപ്പിൽ നിന്നും ഒഴിവാക്കിയത്! ആരെയും ബുദ്ധിമുട്ടിക്കുന്നത് ടോമിച്ചന് ഇഷ്ടമുള്ള കാര്യമല്ല. അത് മരിച്ചു കിടക്കുമ്പോഴാണെങ്കിൽപോലും.! അതുകൊണ്ടാണല്ലോ കല്ലറ മുതൽ പൂക്കട വരെയുള്ള ചിലവ് കാര്യങ്ങൾ അയാൾ ലിവിങ് വില്ലിൽ എഴുതിവെച്ചത്. കഴിഞ്ഞതവണ കൂട്ടുകാർ ഒത്തുകൂടിയപ്പോൾ, അവിടെ നടന്ന സംഭാഷണങ്ങൾക്ക് ഇപ്പോൾ ദൃശ്യാവിഷ്‌കരണം വന്നതുപോലെ തോന്നി. ഒരു സിനിമയിലെന്നോണം, സീൻ ബൈ സീൻ അയാളുടെ മനസ്സിലേക്കിരമ്പിക്കയറി.

അന്നാണ് വിൽപ്പത്രം എഴുതിവെക്കുന്നതിനെപ്പറ്റി ടോമിച്ചൻ ഞങ്ങളുടെയിടയിൽ പറഞ്ഞത്. 'ലിവിങ് വിൽ' എന്നാണ് പോലും അതിന്റെ പേര്. ഞാൻ ആദ്യമായാണ് ഇങ്ങനെയൊന്ന് കേൾക്കുന്നത്. ലിവിങ് വിൽ ഒരു പുതിയതരം ഏർപ്പാടാണ്. ടോമിച്ചൻ അന്ന് തന്റെ സ്വതസിദ്ധമായ വാക്ചാരുതയാൽ വിവരിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു. "ജീവിച്ചിരുന്നപ്പോൾ നന്നായി ജീവിച്ചതുപോലെ മരിക്കുന്നതും നല്ല അന്തസ്സായി വേണം ആന്റപ്പാ." അയാൾ ആന്റപ്പനെ നോക്കിപറഞ്ഞു. ആന്റപ്പനാണെങ്കിൽ ധാരാളം സ്വത്തൊക്കെയുണ്ടായിട്ടും, അങ്ങ് മുക്കിയും മൂളിയും ജീവിച്ചയാളാണ്. "അത് ടോമിച്ചൻ ആന്റപ്പനെയൊന്ന് ട്രോളിയതാണല്ലോ." ഞങ്ങളുടെ സംഘത്തിലെ നാലാമന്റെ കമന്റ്‌, ഞങ്ങളുടെയിടയിൽ കൂട്ടച്ചിരി പടർത്തി. ആന്റപ്പനും ആ ചിരിയിയിൽ പങ്കുചേർന്നു. വളരെ നിഷ്കളങ്കമായി തന്നെ. ടോമിച്ചൻ പിന്നെയും തന്റെ ഒരുക്കങ്ങളെപ്പറ്റിത്തന്നെ പറഞ്ഞുകൊണ്ടേയിരുന്നു.

"മൂക്കിലൂടെയും വായിലൂടെയും കുഴലുകൾ കയറ്റി ആരെയും കാണാതെ ആരോടും വർത്തമാനം പറയാതെ ഐ സി യുവിലെ 18 ഡിഗ്രി തണുപ്പിൽ മരവിച്ചു മരിക്കുന്നതിലും നല്ലത് മനോഹരമായി ജീവിച്ചതുപോലെ മനോഹരമായി മരിക്കുന്നതല്ലേ?" ടോമിച്ചന്റെ വിവരണം കേട്ട് ഞാൻ അമ്പരന്നു, ഇയാൾ എന്തു മനുഷ്യനാണ്!!! ഞാനൊക്കെയാണെങ്കിൽ ജീവിച്ചിരിക്കുമ്പോൾ പോലും ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. അല്ലെങ്കിൽ പ്ലാൻ ചെയ്തതൊന്നും ഇതുവരെ വർക്കായിട്ടുമില്ല! ടോമിച്ചൻ മരിച്ചുകഴിഞ്ഞാലുള്ള കാര്യം വരെ പ്ലാൻ ചെയ്തിരിക്കുന്നു! എന്റെ മനസ്സിലേക്ക് അതൊക്കെ തിളച്ചുകയറി വന്നപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. ദേഷ്യത്തിലോ സങ്കടം കൊണ്ടോ എന്നറിയില്ല, അൽപ്പം ഉച്ചത്തിൽ തന്നെ ഞാൻ പറഞ്ഞു: "ഇതാണ് ഒടുക്കത്തെ പ്ലാൻ എന്നൊക്കെപ്പറയുന്നത്" ഞാൻ പറയാൻ ഉദ്ദേശിച്ചത് ഒരു കോമഡിയായിരുന്നെങ്കിലും, ഒരു നിമിഷനേരത്തേക്ക് എല്ലാവരും നിശബ്ദരായി, പതിവില്ലാത്തവിധം എന്റെ ശബ്ദം ഉയർന്നതാകും കാരണം.

എന്നെ നന്നായി അറിയാവുന്ന അവറാച്ചൻ എന്റെ വലതു കയ്യിൽ ചേർത്തുപിടിച്ചു. അവനെങ്കിലും എന്നെ മനസ്സിലാക്കിയല്ലോ എന്നോർത്ത് ഞാൻ ആശ്വസിച്ചു. ടോമിച്ചൻ, കാലിയാക്കിയ ഗ്ലാസ്സ് അൽപ്പം ഉച്ചത്തിൽ വെച്ചുകൊണ്ട് വീണ്ടും തുടർന്നു. "അതുമാത്രമോ? നമ്മൾ ഈ ആയുസ്സ് മുഴുവൻ പണിയെടുത്തുണ്ടാക്കിയതെല്ലാം ആശുപത്രിയിൽ കൊടുത്ത് നമ്മുടെ കെട്ടിയവളും കുട്ടികളും പെരുവഴിയാകുന്നതിലും നല്ലതല്ലേ?" ചോദ്യം വളരെ ശരിയാണ്! ആന്റപ്പൻ അതിനെ ശരിവെച്ചു. "അതെയതെ, കാശ് കളയുന്ന കാര്യത്തിൽ ആന്റപ്പൻ വിയോജിക്കുന്നത് സ്വാഭാവികം." കൂട്ടത്തിൽ സരസനായ നാലാമൻ അഭിപ്രായപ്പെട്ടു. പക്ഷെ ടോമിച്ചൻ വിട്ടില്ല, പിന്നെയും ഒരു പെഗ്ഗ് കൂടെ എടുത്തുകൊണ്ട് പറഞ്ഞു : "ഇനി പെരുവഴിയായില്ലെങ്കിൽ തന്നെ ഏതെങ്കിലും ബന്ധുക്കളുടെ കരുണയിൽ എത്രനാൾ കഴിയും?" "ഏതെങ്കിലും കൂട്ടുകാർ സഹായിക്കാൻ മനസ്സുകാണിച്ചാൽ തന്നെ അത് എത്രനാൾ?" ടോമിച്ചൻ അയാളുടെ പ്ലാനിങ്ങിനെ സാധൂകരിച്ചുകൊണ്ടേയിരുന്നു.

ടോമിച്ചൻ ലിവിങ് വിൽ തയാറാക്കിയപ്പോൾ അതിൽ മരണാനന്തരം ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെ വളരെ കൃത്യമായി തന്നെ പറഞ്ഞിരുന്നു: "ക്യാൻസർ പോലെയുള്ള അസുഖമാണെങ്കിൽ കീമോ ചെയ്യുകയോ, ഐ.സി. യൂ /വെന്റിലേറ്ററിൽ ഇടുകയോ ചെയ്യരുത്. "അസുഖം അങ്ങനെയുള്ളതാണെന്നറിഞ്ഞാൽപിന്നെ വേദന സംഹാരിയൊഴിച്ചുള്ള ഒരു മരുന്നും കൊടുക്കരുത്." ടോമിച്ചൻ തന്റെ ലിവിങ് വിൽ തയാറാക്കി, രണ്ടുസാക്ഷികളെയും തരപ്പെടുത്തി. ഒന്നാം സാക്ഷി, നമ്മുടെ അവറാച്ചനാണ്. അവറാച്ചൻ താമസിക്കുന്നത് ടോമിച്ചന്റെ വീടിനടുത്തും ഒരേ ഇടവകാംഗവുമാണ്. രാമചന്ദ്രൻ വക്കീലിനെക്കൊണ്ട് നോട്ടറൈസ് ചെയ്യിപ്പിച്ച് ലിവിങ് വിൽ ടോമിച്ചൻ തന്റെ ഫെഡറൽ ബാങ്ക് ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചിരുന്നു. അവറാച്ചനെ ലോക്കറിന്റെ ജോയിന്റ് അക്കൗണ്ട്ഹോൾഡർ ആയി ചേർക്കുകയും ചെയ്തു.

ഓർമ്മകൾ ദൃശ്യങ്ങളായി മാറിക്കൊണ്ടിരുന്നു. കാഴ്ച്ച എന്നെ അസ്വസ്ഥനാക്കിയെങ്കിലും അപ്പോഴേക്കും അവറാച്ചൻ മരണാനന്തരശുശ്രൂഷ ചെയ്യുന്ന  പുരോഹിതനെയുംകൂട്ടി ടോമിച്ചന്റെ വീട്ടുപടിക്കൽ എത്തിയത് കണ്ട് കുറേനേരമായി ഇരുന്ന ചുവന്ന പ്ലാസ്റ്റിക് കസേരയിൽ നിന്നും എഴുന്നേറ്റു. മൃതദേഹം വെച്ചിരുന്ന പന്തലിലേക്ക് പുരോഹിതൻ വന്നു കയറിയപ്പോൾ തന്നെ ഉച്ചഭാഷിണിയിലൂടെ ഒഴുകിയിരുന്ന ടോമിച്ചന്റെ ശബ്ദവും നിലച്ചു. പകരം അവിടെയാകെ കുന്തിരിക്കം പുകയുന്നതിന്റെ ദുഃഖ സാന്ദ്രമായ ഗന്ധം പരന്നു. അതോടൊപ്പം മരണ ശുശ്രൂഷയാൽ അവിടം ശബ്ദമുഖരിതമായി. ശുശ്രൂഷ കഴിഞ്ഞതോടെ അച്ചൻടോമിച്ചനെ ഓർമ്മിച്ചു. പള്ളിയിലെ എല്ലാ കാര്യങ്ങളിലും ചുറുചുറുക്കോടെ ഇടപെട്ടിരുന്ന ടോമിച്ചനെ അച്ഛൻ വാനോളം പുകഴ്ത്തി. സത്യവുമായി ചേർന്ന് നിൽക്കുന്ന കാര്യങ്ങൾ മാത്രമാണ് അച്ഛൻ ഓർത്തു പറഞ്ഞത്. അതുകൊണ്ടാകാം കൂടിനിന്നവരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

അച്ചൻ പോകാൻ നേരം അവറാച്ചൻ രണ്ട് കവറുകൾ അച്ഛനെ ഏൽപ്പിച്ചു. ഒന്ന് സഹായിക്കുള്ളതാണ്. അടക്കം കഴിഞ്ഞ് എല്ലാവർക്കും നല്ല ചായയും കാപ്പിയും കൊടുത്തു. കടിക്കാൻ സാധാരണപോലെ ബന്നും കട്ടൻ കാപ്പിയുമായിരുന്നില്ല, നല്ല പൂവൻ പഴവും, വെജിറ്റബിൾ കട്‌ലറ്റും ആയിരുന്നു എല്ലാവർക്കും കൊടുത്തത്. നഗരത്തിലെ നല്ല റെസ്റ്റോറന്റിൽ നിന്നും വരുത്തിയതായിരുന്നു. അതിന്റെ പെയ്മെന്റും കൊടുത്തിട്ടാണ് അവറാച്ചൻ പോയത്. പിന്നെ സ്ലാബ് പിടിച്ചിടാൻ സഹായിച്ചവരെയും അവറാച്ചൻ തന്നെ സെറ്റിൽ ചെയ്തു. അതെല്ലാം ലിവിങ് വില്ലിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ വേണമെന്ന് എക്സിക്യൂട്ടന്റ് ആയി നിയമിച്ചിട്ടുള്ള അവറാച്ചനും നിർബന്ധമായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോൾ പന്തലുകാർ വന്നിട്ടുണ്ടായിരുന്നു, നാളെ അവർക്ക് അടുത്തുള്ള മറ്റൊരു കല്യാണ വീട്ടിൽ ഇടാനുള്ളതാണ്. ടോമിച്ചന്റെ മരണം പ്രതീക്ഷിച്ചിരുന്നതല്ലല്ലോ. സെറ്റിൽ ചെയ്യുന്നതെല്ലാം അവറാച്ചൻ അപ്പപ്പോൾ ഒരു ബുക്കിൽ എഴുതിവെക്കുന്നുണ്ടായിരുന്നു. 

വീട്ടുകാർ മാത്രമായപ്പോൾ അവറാച്ചൻ എല്ലാവരോടുമായി പറഞ്ഞു, നാല്പത് നടത്തുന്ന കാര്യവും ടോമിച്ചൻ വില്ലിൽ എഴുതി വെച്ചിട്ടുണ്ട്. ഞാൻ അത് നിങ്ങളെ വായിച്ച് കേൾപ്പിക്കാം. അവറാച്ചൻ വില്ലിലെ വാചകങ്ങൾ എല്ലാവരും കേൾക്കെ ഉദ്ധരിച്ചു. "നാൽപതിനുമരണാവശ്യത്തിൽ പങ്കെടുത്ത എല്ലാവരെയും വിളിച്ച് നല്ല നോൺ വെജിറ്റേറിയൻഫുഡ് കൊടുക്കണം. കല്ലറ നന്നായി പൂക്കൾ കൊണ്ട് അലങ്കരിക്കണം. എന്റെ നല്ലൊരു ഫോട്ടോ പത്രത്തിൽ കൊടുക്കണം. അതിൽ പരേതന് നിത്യശാന്തി നേരുന്നുവെന്ന് എഴുതിയിരിക്കണം." ബന്ധുക്കൾ എല്ലാം കേട്ട് തലകുലുക്കിയതല്ലാതെ അവർക്ക് കൂടുതൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. "പിന്നെ അവറാച്ചനോട് ഒരപേക്ഷയുണ്ട്. നിങ്ങൾ എന്റെ മരണാവശ്യം നടത്തിയതിനു ശേഷവും ഇടയ്ക്കിടെ ഒത്തുകൂടണം." "പരസ്പരം കളിയാക്കിയും, സിനിമാക്കഥകൾ പറഞ്ഞും, പാട്ടുപാടിയും ആഘോഷിക്കണം, ഞാൻ മുകളിലിരുന്ന് കയ്യടിച്ചുകൊള്ളാം." വായിച്ചുതീരുന്നതിനു മുമ്പ് അവറാച്ചന്റെ തൊണ്ടയിടറുകയും, ശബ്ദം നിലക്കുകയും ചെയ്തു.

English Summary:

Malayalam Short Story ' Charamasushrusha ' Written by Eldho K. V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com