'ഒരാൾ മരിച്ചുവെന്ന് കേൾക്കുമ്പോൾ അയാൾക്ക് സന്തോഷമാണ്, ഉത്സാഹത്തോട് എണീറ്റ് പുറത്തേക്ക് നോക്കും...'

Mail This Article
പള്ളിയിൽ നിന്ന് മുഴങ്ങുന്ന ദുഃഖമണിയുടെ തേങ്ങൽ കേട്ടാണ് അന്ന് അയാൾ ഉണർന്നത്. ഇടവകയിൽ ആരോ മരിച്ചിരിക്കുന്നു. അതിന്റെ അറിയിപ്പാണ് കേട്ടത്. ആരായാലും ഒരു കാര്യം ഉറപ്പ്. തന്നെത്തേടി മരിച്ചയാളിന്റെ ബന്ധുക്കൾ ഇപ്പോൾ എത്തും. അതിനുമുമ്പേ കട തുറക്കണം. അവർ കാത്തു നിൽക്കരുത്. അന്നയാൾ പതിവിലും നേരത്തെ കടയിലേക്ക് തിരിച്ചു. വൈകിട്ട് വീടെത്തുമ്പോൾ ചെയ്തു തീർക്കേണ്ട കാര്യങ്ങളെക്കുറിച്ചായി പിന്നീടുള്ള ചിന്തകൾ. ദിവസങ്ങളായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളുമുണ്ട്. അവയോരോന്നായി മനസ്സിൽ ആവർത്തിച്ചു കണക്കു കൂട്ടി.
പതിവുപോലെ കടതുറന്ന്, തൂത്തുതുടച്ച് തിരുഹൃദയത്തിന്റെ മുമ്പിൽ മെഴുകുതിരി തെളിച്ചു. "കർത്താവേ, ഇന്നെനിക്ക് എന്നോട് സന്തോഷം തോന്നുന്ന ദിവസമാണ്. മാപ്പ്." അയാൾ പ്രാർഥിച്ചു. തലമുറകളായി ചെയ്തുപോരുന്ന തൊഴിൽ. വല്ലപ്പോഴും അതിനു ജീവൻ വയ്ക്കുന്നു. നാട്ടിൽ ഒരാളുടെ ജീവൻ പൊലിയുമ്പോൾമാത്രം.! പേരില്ലാത്ത ചില വൈരുധ്യങ്ങളാണല്ലോ ജീവിതം.. അഴുക്ക് പുരളാത്ത വെള്ളത്തുണികൊണ്ട് ഓരോ പെട്ടിയും മരണത്തോടുള്ള ജീവന്റെ ആദരവ് നൽകി തുടച്ചു മിനുക്കുമ്പോൾ മനസ്സ് പറയുന്നത് കേൾക്കാം: ഒരു കുറവും വരരുത്. ജീവൻ പോയാൽ എല്ലാ ശരീരവും ഒന്നല്ലേ. അടക്കം ചെയ്യേണ്ട പെട്ടിക്കേ വ്യത്യാസം ഉള്ളൂ.."
ഇന്ന് സമയം പോയതറിയുന്നില്ല. ചില ദിവസങ്ങൾ അങ്ങനെയാണ്. സമയത്തെ മറന്നുപോകും. മരണവീട്ടിൽ നിന്നും ബന്ധുക്കൾ ആരും ഇതുവരെ തന്നെത്തേടി വന്നില്ലല്ലോ.? പള്ളിയിലെ മരണമറിയിച്ചുള്ള ആചാര മണിക്ക് തെറ്റുപറ്റാറില്ല. വലിയ വീട്ടിലെ അവറാച്ചൻ മുതലാളിയുടെ മരണവാർത്തയും നാടറിഞ്ഞതാണ്. പരസ്യം ചെയ്യാനോ, ചോദിച്ച് ആവശ്യക്കാരെ തേടിച്ചെല്ലാനൊ ധർമ്മികതയുടെ വിലക്കുള്ള ഒരേയൊരു തൊഴിലാണ് ശവപ്പെട്ടിക്കച്ചവടം. കാത്തിരിക്കുക. അവർ വരും..
കടവാതിൽക്കൽ ആരുടെയോ കാൽപെരുമാറ്റവും വണ്ടിയുടെ ഒച്ചയും കേട്ട് അയാൾ ഉത്സാഹത്തോട് എണീറ്റ് പുറത്തേക്ക് നോക്കി. "വലിയ വീട്ടിലെ അവറാച്ചൻ മുതലാളി.. ഇന്ന് മരിച്ചയാൾ.. അവിടേക്കുള്ള വഴി ഇതുതന്നെയല്ലേ.? ഒരു പാഴ്‌സൽ ഉണ്ട്." അപരിചിതരായ ആഗതരിൽ ഒരാൾ പറഞ്ഞു. "വഴി ഇതുതന്നെ..?" തുടർന്ന് അയാൾ ചോദിക്കും മുമ്പേ അവർ പറഞ്ഞു: "ഒരു ഓൺലൈൻ ഓർഡർ ആണ്. ശവപ്പെട്ടി!!"