ADVERTISEMENT

എന്തുകൊണ്ടാണ് നീലിമ നീ ആരോടും പറയാതെ ഇറങ്ങിപ്പോയത്? എന്തും തുറന്നു പറയാനും സംവദിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്കിടയിൽ ഉണ്ടായിരുന്നല്ലോ, എന്നിട്ടും നീ ഒന്നും പറയാതെ ഇറങ്ങിപ്പോയി. എന്നോട് ക്ഷമിക്കൂ മുകുന്ദ്, നിന്നോട് സത്യം തുറന്നു പറയാൻ ഞാൻ ഇപ്പോൾ അശക്തയാണ്. മാത്രമല്ല നിന്റെ നിസീമമായ സ്നേഹത്തിന്, കരുതലിന്, ആത്മാർഥതക്ക് മുന്നിൽ സത്യങ്ങൾ തുറന്നു പറഞ്ഞാൽ അത് നിനക്ക് താങ്ങാനാവുമോ എന്നെനിക്ക് സംശയമാണ്. ഒരു മനുഷ്യന്റെയുള്ളിൽ എന്തൊക്കെയുണ്ടെന്ന് മറ്റൊരാൾക്കും തുരന്നു കണ്ടെത്താനാവുകയില്ല.

ജീവിതം അങ്ങനെത്തന്നെയാണ്, ഒരുപാടു കാര്യങ്ങൾ തുറന്നു പറയുമെങ്കിലും, അതിലും കൂടുതൽ കാര്യങ്ങൾ ആരോടും പറയാതെ നാം ഉള്ളിൽ കൊണ്ട് നടക്കുന്നു. ഒരാളെന്നല്ല, എല്ലാ മനുഷ്യരും രഹസ്യങ്ങളുടെ കലവറയാണ്. ഞാൻ എല്ലാം തുറന്നു പറയുന്നു എന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്നവരാണ് ഏറ്റവും കൂടുതൽ രഹസ്യങ്ങൾ ഉള്ളിൽപ്പേറി നടക്കുന്നത്. മുകുന്ദ് നീ വ്യത്യസ്തനാണ്, നിന്നിൽ നിന്ന് ഇറങ്ങിപ്പോരുക എന്നത് എനിക്ക് എത്ര വേദന നിറഞ്ഞ കാര്യമാണെന്നറിയാമോ. കാരണം നിന്നെപ്പോലെ ഒരു പങ്കാളിയെ ജീവിതത്തിൽ ഒരിക്കലും കണ്ടെത്താനാവില്ല എന്നതുതന്നെ. എന്നിട്ടും എനിക്ക് നിന്നിൽ നിന്ന് ഒന്നും തുറന്നു പറയാനാകാതെ ഇറങ്ങിപ്പോരേണ്ടി വന്നു. ക്ഷമിക്കുക. ജീവിതം സന്തോഷങ്ങളുടെ മാത്രം ഒരു നീണ്ട ആഘോഷമല്ലല്ലോ.

പ്രവീൺ എന്റെ കോളജിലെ ആത്മാർഥ സുഹൃത്തായിരുന്നു. ഇന്നും അങ്ങനെത്തന്നെ. ഞങ്ങൾ തമ്മിൽ പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ അതൊരിക്കലും ഞങ്ങൾ തുറന്നു പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നിരിക്കണം, അങ്ങനെയാണല്ലോ നാം ഒരാളോട് അത്ര അടുത്തുപോവുക. പ്രവീണിന്റെ കുടുംബം സാമ്പത്തികമായി ഞെരുക്കത്തിൽ ആയിരുന്നു. അച്ഛൻ അസുഖം വന്നു മരിച്ചിരുന്നു. അമ്മയ്ക്കും ചികിത്സയുണ്ടായിരുന്നു. പക്ഷെ പ്രവീൺ കോളജ് കഴിഞ്ഞു നടത്തുന്ന തട്ടുകടയിലൂടെ അവരുടെ ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു നീക്കിയിരുന്നു.

സാധാരണപോലെ കോളജ് കഴിഞ്ഞു. കാലവും കുറെ കടന്നുപോയി. വലിയ നിർബന്ധങ്ങൾക്ക് വിധേയമായി ഞാൻ നിന്നെ വിവാഹം കഴിച്ചു. നീയാണെങ്കിൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ഗന്ധർവനെപ്പോലെയായിരുന്നു. ഏതൊരു യൗവനത്തെയും കൊതിപ്പിക്കുന്ന രൂപം, പിന്നെ, പ്രണയിക്കാൻ മാത്രമറിയുന്ന മനസ്സ്. എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും നീ ഉള്ളുതുറന്ന് സ്നേഹിച്ചു. എനിക്കും ക്രമേണ നീയാണ് എന്റെ ജീവിതം എന്ന് തിരിച്ചറിയാനും കഴിഞ്ഞിരുന്നു. നമുക്കിടയിൽ അകലങ്ങളെ ഇല്ലായിരുന്നു. അതുതന്നെയായിരുന്നു എന്റെ വേദനയും. സ്നേഹംകൊണ്ട് നീ എന്നെ വീർപ്പുമുട്ടിച്ചിരുന്നു.

എന്നാൽ ഇന്നലെ വന്ന ഫോൺകാൾ എല്ലാം മാറ്റിമറിച്ചു. കൂട്ടുകാരിയാണ് അത് അറിയിച്ചത്. പ്രവീണിന് എന്തോ വലിയ അസുഖമായി ആശുപത്രിയിൽ ആണ്, പരിചരിക്കാൻ ആരുമില്ല, ഒരു സഹായവുമില്ല. അവന്റെ അമ്മ മുമ്പേ മരിച്ചിരുന്നു. മുകുന്ദ്, നിന്നോട് പറഞ്ഞു പോകണമോ, പറയാതെ പോകണമോ. എനിക്കറിയില്ലായിരുന്നു. ഞാൻ അവനെ കാണാൻ പോയാൽ എന്റെ അച്ഛനമ്മമാർ എന്നെക്കുറിച്ചു എന്താണ് കരുതുക എന്നെനിക്കറിയില്ല. എന്നാൽ ആരുമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിനെ എനിക്ക് ഉപേക്ഷിക്കാൻ തോന്നിയില്ല. പ്രവീൺ ആശുപത്രിയിൽ വലിയ പരിക്ഷീണനായി കാണപ്പെട്ടു. അവന്റെ ചികിത്സക്ക് വലിയ പണം വേണം.

കുറച്ചു സമയം കഴിഞ്ഞും ഞാൻ തിരിച്ചുപോകാതെ ആശുപത്രിയിൽ നിന്നപ്പോൾ പ്രവീൺ എന്നോട് ദേഷ്യപ്പെട്ടു. തിരിച്ചുപോകണം, മുകുന്ദിനോട് കോളജിൽ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ ആശുപത്രിയിൽ കാണാൻ പോയി എന്ന് പറഞ്ഞാൽ, അയാൾക്കത് മനസ്സിലാകും. അപ്പോഴാണ് നഴ്സ് വന്നു പറഞ്ഞത്, നാളത്തെ ഓപ്പറേഷന് ഉള്ള തുക ഇന്നടക്കണം. വൈകുന്നേരത്തോടെ അടക്കാം, എന്ന് പ്രവീൺ പറഞ്ഞു. നീലിമയെ നോക്കി അയാൾ പറഞ്ഞു, നമ്മുടെ കൂട്ടുകാർ പൈസ സംഘടിപ്പിക്കുന്നുണ്ട്, ഒക്കെ ശരിയാകും. ഇപ്പോൾ നീലിമ വീട്ടിലേക്ക് തിരിച്ചുപോകൂ. എനിക്കായി നിന്റെ ജീവിതം നശിപ്പിക്കരുത്. നീലിമ അവിടെത്തന്നെ നിന്നു. നീലിമ പോകില്ല എന്ന് കണ്ടപ്പോൾ പ്രവീൺ നീലിമയോട് ഭക്ഷണം കഴിച്ചു വരാൻ പറഞ്ഞു.

നീലിമ പുറത്തേക്കിറങ്ങിയപ്പോൾ പ്രവീൺ ഫോണെടുത്തു. നീലിമ ഭക്ഷണം കഴിച്ചു വരുമ്പോൾ പ്രവീണിന്റെ അടുത്തിരിക്കുന്ന ആളെക്കണ്ട് ഞെട്ടി. മുകുന്ദ്. നീലിമ, ഇതെന്റെ സുഹൃത്ത് പ്രവീൺ. എന്റെ പഠനകാലത്ത് ഞാൻ പ്രവീണിന്റെ തട്ടുകടയിൽ നിന്ന് ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്, അന്ന് മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്. നീലിമയും പ്രവീണിന്റെ സുഹൃത്താണെന്ന് പ്രവീൺ പറഞ്ഞു. നീലിമ ഒന്നും പറയാനാകാതെ മുകുന്ദിന്റെ അരികിൽ ഇരുന്നു. പെട്ടെന്ന് നഴ്സ് വന്നു ഒരു പേപ്പർ മുകുന്ദിന് കൊടുത്തു പറഞ്ഞു, ഓപ്പറേഷന്റെ തുക കെട്ടിയതിന്റെ രസീത് ആണ് സർ, നാളെ രാവിലെ ഒമ്പതിനാണ് ഓപ്പറേഷൻ. സർ നാളെ വരുമോ, അല്ലെങ്കിൽ ഓപ്പറേഷൻ പേപ്പറുകൾ ഒപ്പിട്ടുതരാൻ ഒരാൾ വേണം. ഞങ്ങൾ വരും, നീലിമയെ ചേർത്ത് പിടിച്ചുകൊണ്ട് മുകുന്ദ് പറഞ്ഞു.

English Summary:

Malayalam Short Story ' Neelima ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com