'എന്ന് മുതലാണ് പ്രണയം നമുക്കിടയിൽ വെറുപ്പായി മാറി വളരാൻ തുടങ്ങിയത്...'

Mail This Article
എന്ന് മുതലാണ് പ്രണയം നമുക്കിടയിൽ വെറുപ്പായി മാറി വളരാൻ തുടങ്ങിയത്? പരസ്പരം അംഗീകരിക്കാനും സഹിക്കാനുമുള്ള കരുത്ത് എന്ന് മുതലാണോ നമ്മിൽ നിന്ന് ചോർന്നു പോകാൻ തുടങ്ങിയത്, അന്ന് മുതൽ നാം അകന്നു തുടങ്ങിയിരുന്നു. ഓരോ നിമിഷവും, ഓരോ ദിവസവും അത് വളർന്നു വലുതായി നമ്മിൽ നിറയുകയായിരുന്നു. വെറുപ്പുകൾ വളരാൻ വളരെ എളുപ്പമാണ്. അതിന് ഒരു ലക്ഷ്യമേയുള്ളൂ. എനിക്കിഷ്ടമില്ലാത്ത ഈ വ്യക്തിയെ എന്റെ ജീവിതത്തിൽ നിന്ന് അകറ്റുക.
പ്രണയം അഥവാ സ്നേഹം നിലനിർത്താനാണ് പാട്. അവിടെ ഒരുപാട് വിട്ടുവീഴ്ചകൾ ആവശ്യമായി വരുന്നു. എനിക്ക് നിന്നെ വേണം അതിന് ഞാൻ എന്ത് വിട്ടുവീഴ്ചക്കും തയാറാണ്. അത് ദീർഘകാലത്തെ ഒരു കുരുതി കൊടുക്കലാണ്. ഒരുപക്ഷെ തെറ്റ് മറുഭാഗത്താണെങ്കിൽ കൂടി, അതെന്റേതാണ് എന്ന് സമ്മതിച്ചു മുന്നോട്ടു നീങ്ങുന്ന ജീവിതം. ഓരോ തവണയും കീഴടങ്ങി എന്ന് തോന്നിപ്പിക്കുമ്പോഴും അപ്പോഴൊക്കെ അതിന്റെ കുറ്റബോധം എന്റെയും നിന്റെയും ഹൃദയത്തിൽ ബാക്കി നിൽക്കും. അതെന്റെ തെറ്റല്ലായിരുന്നു എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.
അത്തരം ചിന്തകൾ വളർന്നു വളർന്നു നമുക്കുള്ളിൽ പതിന്മടങ്ങായി പന്തലിച്ചു നമ്മളെ പൊതിയാൻ തുടങ്ങും. ഇനിയും എനിക്ക് സഹിക്കാൻ ആകില്ല എന്നാകുമ്പോൾ ആരെങ്കിലും ഒരാൾ പൊട്ടിത്തെറിക്കും. അപ്പോഴാണ് നാം രണ്ട് അഗ്നിപർവ്വതങ്ങൾ ആയിരുന്നു എന്ന് തിരിച്ചറിയുക. നാം നമ്മളിൽ അടച്ചുകെട്ടി നിർത്തിയിരുന്നത് വലിയൊരു ലാവാപ്രവാഹമാണെന്ന് തിരിച്ചറിയുക. ചിലപ്പോൾ വിവേകത്തിന്റെ കണിക നമ്മളിൽ ബാക്കിയുണ്ടെങ്കിൽ നാം കെട്ടിക്കിടക്കുന്ന, നമ്മളിൽ തിളച്ചുമറിയുന്ന ലാവയെല്ലാം ഒറ്റത്തവണ മുഴുവനായി ഒഴുക്കിക്കളഞ്ഞു, ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു വീണ്ടും ഒന്നിച്ചു മുന്നോട്ടു പോകും.
നിർഭാഗ്യവശാൽ ആധുനിക ജീവിതത്തിൽ എന്തുകൊണ്ടോ വെറുപ്പിനാണ് മുൻതൂക്കം. സമ്പത്തിന്റെ ആധിക്യമാകാം ഒരു കാരണം. എല്ലാവർക്കും ജോലിയും വരുമാനവും ഉണ്ട്, വലിയ വിദ്യാഭ്യാസവും. ആർക്കും ആരെയും ആശ്രയിക്കേണ്ട കാര്യമൊന്നുമില്ല. ആരെയും ആശ്രയിക്കേണ്ടാത്ത ഒരവസ്ഥ വരുമ്പോൾ മനുഷ്യരിൽ അറിയാതെ വളരുന്ന വികാരമാണ് അഹം. എനിക്ക് തനിയെ നിലനിൽക്കാൻ കഴിയും എന്ന അമിത ആത്മവിശ്വാസം. എല്ലാ മനുഷ്യരും അതിനാണല്ലോ ജീവിതത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും. സമ്പത്ത് അധികാരസ്ഥാനമായി മാറിയപ്പോൾ കനിവും കരുണയും നമ്മളിൽ നിന്ന് അകന്നുപോയി.
പണ്ടത്തെ കാരണവന്മാരുടെ ജീവിതത്തിൽ ഇല്ലായ്മകളുടെ ഒരുപാട് കുറവുകളുണ്ടായിരുന്നു. എല്ലാ ഇല്ലായ്മയുടെ ഇടയിലും അവരുടെ ജീവിതം സന്തോഷപ്രദമായിരുന്നു. ഇല്ലായ്മക്കിടയിലും അവർ ജീവിതം ആഘോഷിച്ചിരുന്നു. അവരിൽ അന്തർലീനമായിരുന്നത് ജീവിതമായിരുന്നു. നമ്മളിൽ ബാക്കി നിൽക്കുന്നത് എന്താണ്? ഇതിനെ ജീവിതം എന്ന് വിളിക്കാമോ? ഒരിക്കലും തീരാത്ത ഒരു ദീർഘദൂര ഓട്ടക്കാരെപ്പോലെയായിരിക്കുന്നു നമ്മുടെ ജീവിതം. എവിടേക്കാണ്, എന്തിനാണ് ഓടുന്നതെന്ന് നമുക്ക് തീർത്തും അറിയില്ല എന്നതാണ് സത്യം. ചെറിയ വീട്ടിൽ നിന്നും വലിയ വീട്ടിലേക്ക്, ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക്, ചെറിയ കാറിൽ നിന്നും വലിയ കാറിലേക്ക്, വീട്ടിലെ തീൻമേശയിൽ നിന്നും നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലുകളിലെ തീന്മേശകളിലേക്ക്. നമ്മുടെ ജീവിതവും ആഗ്രഹങ്ങളും അനന്തമായി നീളുകയാണ്.
എനിക്കിത് മതിയെന്ന്, എനിക്കുപോലും തോന്നുന്നില്ല. പിന്നെ ഞാൻ എങ്ങനെ നിങ്ങളെ കുറ്റപ്പെടുത്തും. പിന്നെ ഈ കുമ്പസാരങ്ങൾ നിന്നെ കുറ്റപ്പെടുത്താൻ ഉള്ളതല്ല. എനിക്കെപ്പോഴും ഉറപ്പുള്ള ഒന്ന് ഞാനാണ് കുറ്റക്കാരൻ എന്ന തിരിച്ചറിവാണ്, എന്നാൽ അതിനെ സ്വാംശീകരിക്കാൻ എന്റെ മനസ്സിന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം മറ്റുള്ളവരെ കുറ്റപ്പെടുത്താനാണല്ലോ വളരെ എളുപ്പം. ഒരിക്കലും തീരാത്ത മാനസിക യുദ്ധങ്ങളുടെ ആകെത്തുകയാണ് ജീവിതം. ശരീരത്തിൽ ഉണ്ടാകുന്ന ഒരു മുറിവ്, ചതവ് നമുക്ക് ചികിൽസിച്ചു ഭേദമാക്കാം. അതിന്റെ വേദനകൾ കുറച്ച് കാലത്തേക്ക് മാത്രമുള്ളതാണ്. മനസ്സിൽ ഉണ്ടാവുന്ന മുറിവുകൾ, ആഴത്തിലുള്ള ഒരു മുറിവായിത്തന്നെ നമ്മിൽ അവശേഷിക്കുന്നു. എത്രതന്നെ വിട്ടുവീഴ്ച ചെയ്താലും, ആ മുറിവുകൾ അങ്ങനെത്തന്നെ മനസ്സിൽ കിടക്കും. കുറ്റങ്ങൾ ഏറ്റുപറഞ്ഞു, ജീവിതം മുന്നോട്ടുപോകുമ്പോഴും ആ മുറിവുകൾ മനുഷ്യനെ പിന്തുടർന്നുകൊണ്ടിരിക്കും. എത്ര കുടഞ്ഞെറിഞ്ഞാലും പ്രാർഥിച്ചാലും ഇറങ്ങിപ്പോകാത്ത വിഷമാണത്.
മനുഷ്യർ വിഷമയമായി മാറുന്നത് അങ്ങനെയായിരിക്കാം അല്ലെ? രൗദ്രത, മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്നു. ഒരു പ്രാർഥനകൾക്കും മറികടക്കാനാവാതെ ആ കാളകൂടവിഷം നമ്മിൽ നിറഞ്ഞു കവിയുകയാണ്. പക, അതുമാത്രമാണോ നമ്മുടെ ജീവിതം മുന്നോട്ടു നീക്കുന്നത്. ഇന്നോ നാളെയോ ഒഴിഞ്ഞുപോകാവുന്ന ഒരു ജീവിതം. അതിൽ പക നിറച്ച നീരാവിയിൽ പഴയകാല കൽക്കരിവണ്ടികൾപോലെ ജീവിതം എങ്ങോട്ടോ നമ്മളെ ഓടിക്കുകയാണ്. എങ്ങോട്ടാണ് നാം ഓടുന്നതെന്നറിയാത്ത യാത്ര. പോകുന്ന വഴിയിൽ മറ്റൊരു യാത്രക്കാരനെയും കൂടെകൂട്ടാൻ എനിക്കിഷ്ടമല്ല. ഞാൻ, ഞാൻ മാത്രം. ഞാൻ എന്റെ ജീവിതം എനിക്കിഷ്ടമുള്ളപോലെ ഓടിത്തീർക്കും. എന്നോട് ആരും ഒന്നും ചോദിക്കരുത്. നിങ്ങളുടെ ചോദ്യങ്ങൾ എനിക്കിഷ്ടമല്ല. എനിക്ക് എന്നെ ചോദ്യം ചെയ്യുന്നതും ഇഷ്ടമല്ല. കാരണം നിങ്ങളുടെ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരങ്ങൾ ഇല്ല.
ഉത്തരങ്ങൾ ഉണ്ടെങ്കിൽത്തന്നെ, നിങ്ങൾക്ക് ഉത്തരങ്ങൾ തരാൻ എനിക്ക് ബാധ്യതയുമില്ല. എന്റെ ജീവിതത്തിന് വിഘാതമായി നിൽക്കുന്നവരെ ഞാൻ ഉന്മൂലനം ചെയ്യും. എന്നാൽ എപ്പോഴോ ഞാൻ തിരിച്ചറിയുന്നു, എന്റെ പ്രശ്നങ്ങൾക്ക് കാരണക്കാരൻ ഞാൻ തന്നെയാണ്. എന്റെ മോചനത്തിന്, എന്റെ തെറ്റായ ചിന്തകളെയാണ് ഉന്മൂലനം ചെയ്യേണ്ടത്. സത്യത്തിൽ ഞാൻ എന്നെത്തന്നെയാണ് ഉന്മൂലനം ചെയ്യേണ്ടത്. ഒന്ന് ചോദിച്ചോട്ടെ, നിങ്ങൾ എന്നോടൊപ്പം ചേരുന്നുണ്ടോ?