Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറുദീസയിലെ കുട്ടികള്‍

children-of-heaven-poster

കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമകളുടെ കൂട്ടത്തില്‍ ലോകവ്യാപകമായി തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെട്ടതും കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രശംസ ഒരേ പോലെ പിടിച്ചുപറ്റിയതുമാണ് മജീദ് മജീദിയുടെ പറുദീസയിലെ കുട്ടികള്‍ (ചില്‍ഡ്രന്‍ ഒാഫ് ഹെവന്‍/1997/ഇറാന്‍/കളര്‍). കുട്ടികളെ കുട്ടികളായിത്തന്നെ പരിഗണിക്കുകയും അവരെ മുതിര്‍ന്നവരുടെ കുട്ടിപതിപ്പുകളായ കോമിക് കഥാപാത്രങ്ങളാക്കി അവതരിപ്പിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സിനിമയെ കൂടുതല്‍ സത്യസന്ധമാക്കുന്നത്.

അനുജത്തി സാറയുടെ ചെരുപ്പ് നേരെയാക്കിക്കൊണ്ടുവരുന്നതിനിടെ അലിയുടെ കൈയില്‍ നിന്ന് അത് നഷ്ടപ്പെടുന്നു. ബാപ്പയുടെ പക്കല്‍ പുതിയ ചെരുപ്പ് വാങ്ങാനുള്ള പണം ഇല്ലെന്ന കാര്യം അറിയുന്നതിനാലും ചെരുപ്പ് നഷ്ടപ്പെടുത്തിയതറിയുമ്പോള്‍ ലഭിച്ചേക്കാവുന്ന ശിക്ഷ ഭയന്നും അവരിരുവരും ഇൌ വിവരം രഹസ്യമാക്കുന്നു. അലിയുടെ ഏക ജോഡി ചെരുപ്പുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് രണ്ടു പേര്‍ക്കും സ്കൂളില്‍ പോകാനാവുന്ന വിധത്തിലുള്ള പദ്ധതി അവര്‍ ആവിഷ്ക്കരിക്കുന്നു. രാവിലത്തെ ക്ളാസുകളില്‍ സാറയും ഉച്ചയ്ക്കുശേഷമുള്ള ക്ളാസുകളില്‍ അലിയും ഇതു പ്രകാരം ഹാജരാവുന്നു. മാതാപിതാക്കളെയും അധ്യാപകരെയും അറിയിക്കാതെയുള്ള ഇൌ സാഹസിക യജ്ഞം അവരെ പല കുഴപ്പങ്ങളിലും ചാടിക്കുന്നുണ്ടെങ്കിലും അവരതൊക്കെ അതിജീവിക്കുന്നു.

Children of Heaven Trailer

ഇൌ ഘട്ടത്തിലാണ് നഗരത്തില്‍ സ്കൂള്‍ കട്ടികള്‍ക്കു വേണ്ടി ദീര്‍ഘദൂര ഒാട്ട മല്‍സരം പ്രഖ്യാപിക്കപ്പെടുന്നത്. അലിയെ മോഹിപ്പിക്കുന്നത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന മൂന്നാം സമ്മാനമാണ്. ഒരു ജോഡി ചെരുപ്പുകളാണ് അത്. ഇൌ ചെരുപ്പുകള്‍ ലഭിച്ചാല്‍ അതു കടയില്‍ പോയി പെണ്‍കുട്ടിയുടെ ഷൂവായി മാറ്റി വാങ്ങി അനിയത്തിക്കു നല്‍കാമെന്നാണവന്റെ പദ്ധതി. നൂറു കണക്കിനു കുട്ടികളെ മറികടന്ന് ഫിനിഷിങ് പോയിന്റ് അവന്‍ മുറിച്ചു കടക്കുന്നത് വികാരനിര്‍ഭരമായ രംഗമാണ്. സ്കൂളിലെ കായികാധ്യാപകന്‍ അവനെ കോരിയെടുക്കുമ്പോള്‍ അവന്‍ ചോദിക്കുന്നത് എനിക്ക് മൂന്നാം സ്ഥാനം ലഭിച്ചില്ലേ എന്നാണ്. എന്തിന് മൂന്നാം സ്ഥാനം നീ ഒന്നാമനായിരിക്കുന്നു എന്ന മറുപടി അവനില്‍ ആഹ്ളാദത്തിനു പകരം നിരാശയാണ് പടര്‍ത്തുന്നത്. കഠിനമായ ഒാട്ടത്തെതുടര്‍ന്ന് അവന്റെ (അവരുടെ) ആകെയുള്ള വെള്ള ഷൂസും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. സോക്സ് കൂടി അഴിച്ചെടുത്തപ്പോള്‍ അവന്റെ കാലാകെ തിണര്‍ത്തും പൊള്ളിയും പരുക്കേറ്റതുകാണാം.

വീട്ടുമുറ്റത്തെ ചെറു തടാകത്തില്‍ അവന്‍ തന്റെ കാലുകള്‍ നീറ്റല്‍ സഹിച്ചുകൊണ്ട് മുക്കിവെക്കുന്നു. മീനുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ആ കാലിനു ചുറ്റും പൊതിയുന്നു. വിജയം പരാജയമായി മാറുന്ന ആ വിചിത്ര നിമിഷത്തിലാണ് സിനിമ സമാപിക്കുന്നത്. ഇങ്ങനെ ജീവിതത്തിന്റെ സങ്കീര്‍ണമായ തലങ്ങളാണ് ലളിതമായ ആവിഷ്ക്കാരത്തിലൂടെ ഈ സിനിമയിലൂടെ അനാവരണം ചെയ്യുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.