Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർക്കുന്നുണ്ടോ, ആ ‘രാജ’കലാകാലം?

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
A B Raj എ.ബി. രാജ്

അറുപത്തേഴു മലയാളം സിനിമകൾ സംവിധാനം ചെയ്ത എ. ഭാസ്കർ രാജ് എന്ന സംവിധാനയകനെക്കുറിച്ചു ചോദിച്ചാൽ, പഴയകാല താരങ്ങൾപോലും ഒന്നു നെറ്റി ചുളിക്കും. എ.ബി. രാജ് എന്നു പറഞ്ഞാൽ സംശയം തീരുകയും ചെയ്യും. തനിത്തമിഴനാണെന്നു പലരും ധരിച്ചിരിക്കുന്ന എ.ബി. രാജ്, ആലപ്പുഴയിൽ ജീവിച്ച കാലംപോലും കാര്യമായി ഓർക്കുന്നില്ല. പക്ഷേ, ആ രക്തത്തിൽ ആലപ്പുഴയുടെ കനാലോട്ടങ്ങളുണ്ട്; സിനിമയിലും ജീവിതത്തിലും. ഭാര്യ സരോജിനി രാജിന്റെ ജൻമനാട് എന്ന നിലയിൽ കുറേക്കൂടി ഗാഢമായും.

ഭൂ ഉടമയായിരുന്ന പി. ജയിംസ് രാജിന്റെയും സർക്കാർ ഡോക്ടർ മേരി ഹാരിയറ്റ് രാജിന്റെയും അഞ്ചു മക്കളിൽ നാലാമന്, കുട്ടിക്കാലത്തു സ്വദേശമെന്നതു വളരുന്ന ദേശമെന്ന പര്യായം മാത്രമായിരുന്നു. അമ്മയ്ക്ക് ഇടയ്ക്കിടെ സ്ഥലംമാറ്റം വരും. രാജ് ജനിച്ചതു മദ്രാസിലാണ്. പഠിച്ചതിൽ ഭൂരിഭാഗവും മദ്രാസിൽ. വേറെ കുറേക്കാലം സേലത്തായിരുന്നു ജീവിതം. മധുരയിൽനിന്നു പറിച്ചുനട്ട ഇടവേളയിലാണ് ആലപ്പുഴയിൽ ശവക്കോട്ടപ്പാലത്തിനടുത്തു പഴയ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്തൊരു വീട്ടിലെ താമസം.

സേലത്തെ താമസമാണു രാജിന്റെ മനസ്സിലെ കൊട്ടകയിൽ സിനിമകൾ നിറച്ചത്. ദക്ഷിണേന്ത്യയിൽ സിനിമ വളർത്തിയ മോഡേൺ തിയറ്റേഴ്സുള്ള മണ്ണാണു സേലം. പഠിത്തം കഴിഞ്ഞു രാജ് മോഡേൺ തിയറ്റേഴ്സിലെ വിദ്യാർഥിയായി. ടി.ആർ. സുന്ദരമെന്ന മഹാന്റെ കീഴിൽ സിനിമയുടെ സകല സങ്കേതങ്ങളെയും അടുത്തറിഞ്ഞു. സിനിമയെ സ്നേഹിച്ചു വരുന്ന ഏതൊരാളെയും എ മുതൽ ഇസഡ് വരെ പഠിപ്പിച്ചേ സുന്ദരം പറഞ്ഞുവിടാറുള്ളൂ. അതിനു മുൻപു രണ്ടാം ലോകമഹായുദ്ധ കാലത്ത് അഞ്ചു കൊല്ലം വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നു, രാജ്. അവിടെവച്ച് എൻജിനീയറിങ് പഠിച്ചു പാസായി. എൻജിനീയറിങ്ങിനു സിനിമയിൽ എന്തോ സാധ്യതയുണ്ടെന്നറിഞ്ഞാണു മോഡേൺ തിയറ്റേഴ്സിൽ പോയതുതന്നെ. അതു പക്ഷേ, കലയുടെ എൻജിനീയറിങ്ങിലേക്കാണു രാജിനെ വഴിതിരിച്ചുവിട്ടത്.

വഹാബ് കശ്മീരി എന്നൊരു തമിഴ് സംവിധായകന്റെ കീഴിലാണു സിനിമയിലെ തുടക്കം. അദ്ദേഹം സിംഹളയിൽ ഒരു സിനിമയെടുക്കാൻ ആലോചിക്കുന്നു. രാജും ഒപ്പം സിലോണിലേക്കു പോയി. അവിടെ ചെന്നപ്പോൾ വഹാബിനു പടമെടുക്കാൻ സാഹചര്യങ്ങൾ ഒത്തുവരുന്നില്ല. പുള്ളിക്കാരൻ സംഭവം ഉപേക്ഷിച്ചു മടങ്ങി. പക്ഷേ, രാജ് അവിടെത്തന്നെ നിന്നു. വഹാബ് തുടങ്ങിവച്ച സിംഹള പടം സ്വന്തമായി സംവിധാനം ചെയ്തു പുറത്തിറക്കി. ‘ബണ്ട കംസ് ടു ടൗൺ’ എന്നായിരുന്നു ആ ചിത്രത്തിന്റെ ഇംഗ്ലിഷ് പേര്. ആ വിജയത്തിന്റെ തുടർച്ചയായി രാജ് പത്തു വർഷം ലങ്കൻ മണ്ണിൽ ചവിട്ടടിപ്പാടുറപ്പിച്ചുനിന്നു. പത്തു സിംഹള പടങ്ങളും ചെയ്തു!

ഒട്ടും പ്രതീക്ഷിക്കാതെയാണു രാജ് മലയാളത്തിലേക്കു വരുന്നത്. യു. രാജഗോപാൽ എന്ന പ്രശസ്ത ക്യാമറാമാൻ രാജിന്റെ അടുത്ത സുഹൃത്തായിരുന്നു. പന്തിയിൽ ഫിലിംസ് എന്നൊരു സിനിമാനിർമാണക്കമ്പനി സംവിധായകരെത്തേടുന്നു എന്നു രാജിനെ അറിയിച്ചതു രാജഗോപാലാണ്. ആലപ്പി ഷെരീഫ് എഴുതിയ തിരക്കഥയുണ്ട്. ആ ചർച്ച ‘കളിപ്പാവ’ എന്ന സിനിമയിലെത്തി. ‘കളിപ്പാവ’ കഴിഞ്ഞപ്പോൾ തുടരെ അവസരങ്ങൾ. കളിയല്ല കല്യാണം, കണ്ണൂർ ഡീലക്സ്, ലോട്ടറി ടിക്കറ്റ്, എഴുതാത്ത കഥ, മറുനാട്ടിൽ ഒരു മലയാളി, സംഭവാമി യുഗേ യുഗേ, നൃത്തശാല... അറുപതുകളുടെ രണ്ടാം പാതി രാജിന്റേതുകൂടിയായി മാറി.

ആലപ്പുഴയുടെ ഷെരീഫിന്റെ രചനയിൽ തുടങ്ങിയ രാജ്, ആലപ്പുഴയുടെ സ്വന്തം എസ്.എൽ. പുരം സദാനന്ദന്റെ തിരക്കഥയിലാണ് ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്തതും. നിർമാതാവ് ടി.ഇ. വാസുദേവനാണ്, പത്രത്തിൽനിന്നൊരു വാർത്ത സിനിമയാക്കാൻ കൊള്ളാവുന്നതാണെന്നു പറഞ്ഞ് ഒരു ദിവസം വരുന്നത്. അന്നൊക്കെ ഒരു ത്രെഡ് കിട്ടിയാൽപ്പിന്നെ രാജും എസ്എൽ പുരവും ദക്ഷിണാമൂർത്തി സ്വാമിയും ശ്രീകുമാരൻ തമ്പിയും ടി.ഇ. വാസുദേവനും ചേർന്നു ചർച്ചയ്ക്കിരിക്കും. ആ ചർച്ചയിൽ ഉണ്ടാകുന്ന സിനിമ എസ്എൽ പുരം എഴുതും, രാജ് സംവിധാനം ചെയ്യും. അങ്ങനെ ഉണ്ടായതാണ് അന്നത്തെ ത്രില്ലർ ‘കണ്ണൂർ ഡീലക്സ്’. അമേരിക്കയിൽ ഉന്നതരുമായി അടുത്ത ബന്ധമുള്ള വനിത ആത്മകഥ എഴുതാൻ പോകുന്നതിന്റെ പുകിലുകളെക്കുറിച്ചുള്ള മറ്റൊരു പത്രവാർത്തയാണ് ‘എഴുതാത്ത കഥ’യായത്.

‘കളിയല്ല കല്യാണം’ എടുക്കുന്ന കാലം. സത്യൻ സമയത്തിനു വന്നു മേക്കപ്പിട്ടു ലൊക്കേഷനിൽ വന്നിരിക്കുന്ന ശീലമുള്ളയാളാണ്. രണ്ടു മണിക്കൂറോളം മേക്കപ്പിട്ട് ഇരുന്നിട്ടും സത്യന്റെ ഷോട്ട് വരുന്നില്ല. മുഷിച്ചിൽ സത്യനായിരുന്നില്ല, ഉള്ളിൽ പിടച്ചിൽ രാജിനായിരുന്നു. സത്യന്റെ അടുത്തുചെന്നു രാജ് പറഞ്ഞു: ‘സോറി, സമയം നീണ്ട‌ുപോയി’. ബാത്‌റൂമിൽ പോയി മടങ്ങിവന്ന രാജിനെ സത്യൻ പിടിച്ചുനിർത്തി. ‘എന്നോടല്ല, ദൈവം തന്നെ ഇവിടെ വന്നു മേക്കപ്പിട്ട് ഇരിക്കുകയാണെങ്കിലും, അത് അവരുടെ കടമയാണ്. എത്ര നേരം വേണമെങ്കിലും ഇരിക്കാൻ ഞങ്ങൾ ബാധ്യതപ്പെട്ടവരാണ്. അതിനു സോറി പറയേണ്ട കാര്യമില്ല’–സിനിമ വിട്ടു ദശാബ്ദങ്ങളായെങ്കിലും, രാജിന്റെ മനസ്സിൽനിന്ന് ഒരിക്കലും മായാത്ത മഹൽചിത്രമായി ഈ സംഭവമുണ്ട്.

ആലപ്പുഴയിൽ രാജ് ചിത്രീകരിച്ച ഏക സിനിമ ‘ലോട്ടറി ടിക്കറ്റ്’ ആണ്. ബോട്ട് ജെട്ടിയുടെ സമീപപ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്. ബാക്കി മിക്ക പടങ്ങളും മദ്രാസിൽത്തന്നെ. മലയാളം സിനിമ മദ്രാസിൽനിന്നു പറിച്ചുനടപ്പെട്ടപ്പോൾ, പലരെയും പോലെ രാജും നിശബ്ദജീവിതത്തിലേക്കു മാറേണ്ടിവന്നു. അഭിനയത്തിനു ദേശീയ അവാർഡ് ലഭിച്ച മകൾ ശരണ്യയിലൂടെയാണു പിൽക്കാലത്തു മലയാള സിനിമയുമായി രാജിനു ബന്ധമുണ്ടായത്. പക്ഷേ, അദ്ദേഹം ചെയ്ത സിനിമകളുടെ തിളക്കം ഈ തൊണ്ണൂറാം വയസ്സിലും രാജിനെ മലയാളത്തിന്റെ നക്ഷത്രത്തിളക്കങ്ങളിലൊന്നായി നിർത്തുന്നു. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, അജ്ഞാതവാസം, രഹസ്യരാത്രി, ഹണിമൂൺ, ടൂറിസ്റ്റ് ബംഗ്ലാവ്, കടുവയെ പിടിച്ച കിടുവ, അവൾ ഒരു ദേവാലയം, രാജു റഹിം, ഇരുമ്പഴികൾ, വഴികൾ യാത്രക്കാർ, അഗ്നിശരം, അടിമച്ചങ്ങല, താളം തെറ്റിയ താരാട്ട്, മനസ്സേ നിനക്കു മംഗളം... 1969 നും ’84 നുമിടയിൽ തിയറ്ററിൽ കാണികൾ എഴുന്നേറ്റുനിന്നു കയ്യടിച്ച രാജിന്റെ സിനിമാപ്പട്ടിക ഇങ്ങനെ നീളുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.