Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളുഷാപ്പിൽനിന്നൊരു കഥ; കഥാപാത്രവും

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
aaleppy sherif സംഗീതസംവിധായകൻ എ.ടി. ഉമ്മർ, ഛായാഗ്രാഹകൻ വിപിൻ ദാസ്, ഐ.വി. ശശി, മുരളി മൂവീസ് രാമചന്ദ്രൻ, ചിത്രസംയോജകൻ കെ. നാരായണൻ എന്നിവർക്കൊപ്പം ആലപ്പി ഷെരീഫ് (ഇടത്തുനിന്നു മൂന്നാമത്).

അന്നങ്ങനെയൊരു കഥ സിനിമയാക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അഭിസാരികയായ യുവതിയുടെ ആ കഥയും കക്ഷത്തുവച്ചു ഷെരീഫ് പല നിർമാതാക്കളെയും കണ്ടു. എല്ലാവർക്കും ഒരതൃപ്തി. പക്ഷേ, ഷെരീഫിനു നല്ല നിശ്ചയമായിരുന്നു; ഇൗ സിനിമ മലയാളത്തിലൊരു വഴിത്തിരിവാകും. കാത്തിരിക്കാതെ പറ്റില്ലായിരുന്നു. ഒടുവിൽ, ഷെരീഫിന്റെ മനസ്സറിഞ്ഞ മുരളി മൂവീസ് രാമചന്ദ്രൻ എന്നസുഹൃത്തു സിനിമ നിർമിക്കാൻ തയാറായി. പരുംകൈപൊള്ളുമെന്നു കരുതിയ കഥയ്ക്കു രാമചന്ദ്രൻ കൈകൊടുക്കാൻ തയാറായപ്പോൾ ഷെരീഫ് പറഞ്ഞു: ‘വേണ്ട രാമചന്ദ്രാ, വെറുതെ റിസ്ക് എടുക്കേണ്ട’.

‘അവളുടെ രാവുകൾ പകലുകൾ’ എന്ന നോവലിന്റെ കയ്യെഴുത്തുപ്രതി അപ്പോഴും ഷെരീഫിന്റെ കയ്യിൽ ഭദ്രമായിരിപ്പുണ്ട്. സംവിധായകനാവാൻ, ഏറെ അടുപ്പമുള്ള എ.വെി. ശശിയും കൂടെയുണ്ട്. പക്ഷേ, പ്രേക്ഷകരുടെ പിന്തുണകിട്ടുമോയെന്ന് ഉറപ്പില്ലാതെ നിർമാതാക്കൾ പിൻമാറിയ കഥ രാമചന്ദ്രനൊരു പരീക്ഷണമാക്കാൻ ഷെരീഫിനു മടിയായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു, അവർ തമ്മിലുള്ള അടുപ്പം. ഒരു ദിവസം മദ്രാസിൽ രാമചന്ദ്രന്റെ ഓഫിസിലിരിക്കുമ്പോൾ ഷീബ ഫിലിംസിന്റെ പാവമണി കയറിവരുന്നു. അദ്ദേഹത്തിനു നിർമിക്കാൻ നല്ലൊരു കഥ വേണം. ‘ഷെരീഫേ, ആ കഥയൊന്നു പറഞ്ഞുനോക്ക്’ എന്നു രാമചന്ദെന്റ പ്രേരണ. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഷെരീഫ് അതേ കഥ പാവമണിയോടു പറഞ്ഞു. എഴുത്തുകാരന്റെ മനസ്സിൽ മാത്രം ദൃശ്യവൽക്കരിച്ച ആ സിനിമ അവിടെവച്ചു തിരശീലയിൽ പതിയാൻ നിയോഗമായി. ‘രാമചന്ദ്രാ, നിങ്ങൾ പടമെടുക്ക്. ഞാൻ പണം തരാം’ എന്നു പാവമണിയുടെ ഉറപ്പ്. പാവമണി വിതരണം ഏറ്റതോടെ രാമചന്ദ്രനും ധൈര്യമായി. ‘അവളുടെ രാവുകൾ’ തെളിഞ്ഞു.

ആലപ്പുഴ റെയ്ബാൻ തിയറ്ററിനു സമീപത്തെ കള്ളുഷാപ്പ് ഷെരീഫ് ജീവിതം പഠിക്കാൻ ചെല്ലുന്ന പാഠശാലയായിരുന്നു. പല പ്രമുഖരും കുടിക്കാൻ വരും. കുടിയനായല്ലാതെ, അനുഭവം എന്ന പാനപാത്രം നിറയ്ക്കാൻ ഷെരീഫും സമയം കിട്ടുമ്പോഴൊക്കെ ചെല്ലും. ജീവിതം കൈവിട്ടുപോയ ചില സ്ത്രീജീവിതങ്ങൾ ഷെരീഫിന് അവിടെ കണ്ടുമുട്ടാനായി. അതിലൊരു പെണ്ണുമായി പലപ്പോഴും സംസാരിച്ചപ്പോൾ അറിഞ്ഞ ജീവിതമായിരുന്നു ‘അവളുടെ രാവുകൾ പകലുകൾ’ എന്ന നോവലിലെ രാജിയെ സൃഷ്ടിച്ചത്. പിൽക്കാലത്തു സിനിമയിൽ അടുത്തറിഞ്ഞ നടിയും എഴുത്തിനു പ്രേരണയായി. എഴുതിക്കഴിഞ്ഞപ്പോൾ ക്രാഫ്റ്റ് പോര എന്നു ഷെരീഫിനു തോന്നി. പിന്നെയൊരു മാറ്റിയെഴുത്തു നടന്നതു തിരക്കഥയാക്കിയപ്പോൾ മാത്രമാണ്.

ഷെരീഫിന്റെ കണക്കുകൂട്ടൽ തെറ്റിക്കാതെ, ‘അവളുടെ രാവുകൾ’ വമ്പൻ ഹിറ്റായി. ഷെരീഫിന്റെയും എ.വെി. ശശിയുടെയും ജീവിതത്തിലെ വഴിത്തിരിവുകളായി ആ സിനിമ. ശശിയുടെ ആദ്യ സിനിമതന്നെ ഷെരീഫിന്റെ തൂലികയിലൂടെയായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കഥയെഴുതിത്തുടങ്ങിയ ഷെരീഫിന്റെ, പിൽക്കാലത്തു പ്രസിദ്ധീകരിച്ച പല കഥകളുടെയും രേഖാചിത്രം കോഴിക്കോട്ടുകാരൻ ശശിയുടേതായിരുന്നു. എഴുത്തും ചിത്രവും തമ്മിലുള്ള ആ പാരസ്പര്യത്തിലൂടെയുള്ള അടുപ്പം മദ്രാസിൽ കണ്ടുമുട്ടിയപ്പോൾ ഏറെ ഹൃദ്യമായി. ‘ഉൽസവം’ എന്ന കഥ സിനിമയാക്കാൻ ഷെരീഫ് ആലോചിക്കുന്ന കാലം. മുരളി മൂവീസ് രാമചന്ദ്രൻ തന്നെയായിരുന്നു നിർമാതാവ്. വിതരണം ഏറ്റെടുത്തതു കലാനിലയം കൃഷ്ണൻ നായർ. കലാസംവിധായകനും സഹസംവിധായകനുമൊക്കെയായി തിളങ്ങിനിൽക്കുന്ന ശശിക്കു സംവിധായകനാവാൻ വാതിൽ തുറക്കുകയായിരുന്നു. ആദ്യത്തെ രണ്ടുമൂന്നു ദിവസം പ്രേക്ഷകർ സ്വീകരിക്കാതിരുന്ന ആ ചിത്രം പിന്നെ തിയറ്ററിൽ ആൾക്കൂട്ടത്തെ പിടിച്ചുകയറ്റി.

ആൾക്കൂട്ടങ്ങളുടെ സംവിധായകൻ എന്ന നിലയിൽ, പിൽക്കാലത്തു വൻ താരനിരയെ നിരത്തി ഒരുപാടു സിനിമകളെടുത്ത ശശിക്കൊപ്പം മിക്കപ്പോഴും ആലപ്പി ഷെരീഫ് എന്ന ഹിറ്റ് തൂലികയുണ്ടായിരുന്നു. അനുഭവം, ആലിംഗനം, അയൽക്കാരി, അഭിനന്ദനം, ആശീർവാദം, അഞ്ജലി, അകലെ ആകാശം, അംഗീകാരം, അഭിനിവേശം, ആ നിമിഷം, ആനന്ദം പരമാനന്ദം, അന്തർദാഹം, ഹൃദയമേ സാക്ഷി, ഇന്നലെ ഇന്ന്, ഊഞ്ഞാൽ, അവളുടെ രാവുകൾ, ഈറ്റ, ഇനിയും പുഴയൊഴുകും, അലാവുദീനും അദ്ഭുത വിളക്കും, മനസാ വാചാ കർമണ, അനുഭവങ്ങളേ നന്ദി, ഏഴാം കടലിനക്കരെ, അനുരാഗി... ശശിയുടെ സംവിധാനവും ഷെരീഫിന്റെ തിരക്കഥയും തിളക്കം നൽകിയ സിനിമകളുടെ നിര നീളുന്നു. ശശിക്കുവേണ്ടി മാത്രം 23 തിരക്കഥകൾ, ആകെ നൂറിലേറെ.

ആലപ്പുഴക്കാരനായ ഏതൊരു സിനിമാക്കാരനെയും പോലെ ഉദയ എന്ന മഹാപ്രസ്ഥാനത്തിന്റെ തണലിലായിരുന്നു ഷെരീഫിന്റെയും സിനിമയിലെ തുടക്കം. എട്ടാം ക്ലാസിൽ പഠിത്തം നിത്തിയെങ്കിലും, വായനയും ചിന്തയും അനുഭവങ്ങളുടെ ഉൗടും പാവുമാക്കിയതിന്റെ ആത്മവിശ്വാസം ഷെരീഫിനുണ്ടായിരുന്നു. ഉദയാ സ്റ്റുഡിയോ ‘ഉമ്മ’ എന്ന സിനിമയെടുക്കുമ്പോൾ, മൊയ്തു പടിയത്തിന്റെ തിരക്കഥാ സഹായിയായി ചെന്ന ഷെരീഫ് വെറും പതിനെട്ടുകാരൻ പയ്യൻ. എഴുത്തിനും സിനിമയ്ക്കും കൂടുതൽ വിശാലമായ ഇടം എന്ന ആഗ്രഹം ചിറകു മുളച്ചപ്പോൾ മദ്രാസിലേക്കു പറന്നു. സത്യനുമൊക്കെയായുള്ള അടുപ്പമായിരുന്നു പ്രധാന കൈമുതൽ. സിനിമക്കാരുടെ സങ്കേതമായ നളന്ദ ലോഡ്ജ് തട്ടകമാക്കി. അവിടെയിരുന്നെഴുതിയതാണ് ആദ്യ സിനിമയായ ‘കളിപ്പാവ’. എ.ബി. രാജ് ആയിരുന്നു സംവിധായകൻ. ആ സിനിമയ്ക്കു പ്രതിഫലമൊന്നും കിട്ടിയില്ല. അതു കഴിഞ്ഞു ‘നാത്തൂൻ’ എഴുതിയപ്പോഴാണ് ആദ്യം കയ്യിൽ കാശു വീഴുന്നത്. അന്നു കിട്ടിയ ആയിരം രൂപയുടെ മൂല്യം ഷെരീഫിനുപോലും ഇപ്പോൾ അളക്കാനാവുന്നില്ല.

പ്രായമേറുമ്പോഴുള്ള തളർച്ച ഷെരീഫിന്റെ ശരീരത്തിൽ മാത്രമേയുള്ളൂ. മനസ്സിൽ തൂലികയുടെ തീപ്പൊരി കെടാതെ കിടപ്പുണ്ട്. ‘അവളുടെ രാവുകൾ’ റീമേക്ക് ചെയ്യാൻ പലരും സമീപിച്ചിട്ടുണ്ട്. ഇപ്പോഴും ആരെക്കൊണ്ടെങ്കിലും പറഞ്ഞെഴുതിക്കും. ‘എഴുത്ത് ഒരു വികാരമല്ലേ?’ എന്ന ഷെരീഫിന്റെ ചോദ്യത്തിൽ തന്നെയുണ്ട് അക്ഷരങ്ങളോടുള്ള ആ അഭിനിവേശം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.