Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിനപ്പുറത്തെ പ്രസാദങ്ങൾ

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

ഒക്കെ മങ്കൊമ്പ് ഭഗവതിയുടെ പ്രസാദങ്ങളാണ്. ശബരിമലയിൽ ആദ്യം ഇടയ്ക്ക കൊട്ടി അഷ്ടപദി പാടിയ മങ്കൊമ്പ് ബാലകൃഷ്ണപ്പണിക്കരുടെ മകനെയും പാട്ടിന്റെ വഴിയിലെത്തിച്ചതു ഭഗവതിപ്രസാദമല്ലാതെ മറ്റെന്താണ്?

അച്ഛനെപ്പോലെ പ്രസാദിന്റെ ഇഷ്ടം കൊട്ടു പഠിക്കാനായിരുന്നു. ‘നീ പ്ലാംകുറ്റി ചുമക്കണ്ട’ എന്നു പറഞ്ഞ് അച്ഛൻ നിരുൽസാഹപ്പെടുത്തി. പക്ഷേ, പ്രസാദിൽ വിത്തിട്ടു കിടന്നിരുന്നു, ക്ഷേത്രകലകളുടെ പ്രസാദാത്മകത. പാട്ടു പാടാറില്ല, പഠിച്ചിട്ടുമില്ല. പക്ഷേ, 72 മേളകർത്താരാഗങ്ങളുടെയും സ്വരസ്ഥാനങ്ങൾ പ്രസാദ് പറയും. കർണാടക സംഗീതത്തിലെ നൂറിലേറെ രാഗങ്ങൾ മൂളിക്കേട്ടാൽ അപ്പോൾ പിടിച്ചിരിക്കും. ക്ഷേത്രകലകളുടെ വേദികളിലൊക്കെ കഴിയുന്നത്ര പ്രസാദിന്റെ സാന്നിധ്യമുണ്ടാകും. ബീയാർ പ്രസാദ് സിനിമയിൽ ആരാണ് എന്നു ചോദിച്ചാൽ, സാമാന്യജനം പറയും, പാട്ടെഴുത്തുകാരൻ. പക്ഷേ, പ്രസാദ് ഏറ്റവും കുറച്ച് ആഗ്രഹിച്ച മേഖലകളിലൊന്നാണ് അതെന്ന് ആരുമറിയില്ല. മൂന്നര വയസ്സിൽ കുമാരനാശാന്റെ ‘വീണപൂവ്’ മൂളിപ്പഠിച്ചിട്ടുള്ളയാൾക്ക്, കവിത കയ്യകലത്തല്ലാഞ്ഞിട്ടല്ല. പക്ഷേ, അതിലേറെ ഇഷ്ടവും പ്രതിഭയും മറ്റു പലതിലുമാണ്. ആ തിരിച്ചറിവിലാവണം, പത്താം ക്ലാസിൽ പഠിക്കുമ്പോഴേ പ്രസാദ് നാടകങ്ങളെഴുതി അവതരിപ്പിച്ചുതുടങ്ങി. എട്ടു പ്രഫഷനൽ നാടകങ്ങളടക്കം നാൽപതിലേറെ നാടകങ്ങളുടെ രചയിതാവാണു പ്രസാദ് എന്നറിയുന്നവർ ചുരുക്കം. അതിൽ ഏറെ പ്രസിദ്ധമായതു ‘ഷഡ്കാല ഗോവിന്ദമാരാർ’. അതിനു തിരുവനന്തപുരത്തെ നാടകമൽസരത്തിൽ മികച്ച രചനയ്ക്കു പുരസ്കാരം ലഭിച്ചപ്പോൾ, സമ്മാനിക്കാനെത്തിയത് എസ്. ഗുപ്തൻ നായർ. ഗുപ്തൻ നായർ സംവിധായകൻ ശിവനോടു വിളിച്ചുപറഞ്ഞു, ‘ഇൗ പയ്യനെക്കൊണ്ട് എഴുതിക്കേണ്ടതാണ്’. ‘ഷഡ്കാല ഗോവിന്ദമാരാർ’ തിരക്കഥയുമായി പ്രസാദിനെ ശിവൻ എം.ടിയുടെ അടുത്തേക്കു വിട്ടു. ‘സംഗീതപശ്ചാത്തലമൊക്കെയുള്ള കഥയല്ലേ, താൻ തന്നെ എഴുതുന്നതാണു നല്ലത്’ എന്ന് എം.ടിയുടെ ആശീർവാദം. ഓസ്കർ ബഹുമതിപോലെ പ്രസാദിൽ വർഷിച്ച ആദ്യാനുഗ്രഹം.

മോഹൻലാലിനെ എം.ടി. തന്നെ വിളിച്ച് ഇൗ പടം ചെയ്യാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഭരതന് ഇൗ പടം ചെയ്യാൻ ഇഷ്ടമുണ്ടായിരുന്നു. പക്ഷേ, ശിവനോടു പറഞ്ഞ വാക്കിൽ തിരക്കഥ ഭരതനു കൊടുക്കാൻ പ്രസാദ് മടിച്ചു. ശിവന്റെ മകൻ സന്തോഷ് ശിവൻ ഇപ്പോഴും മനസ്സിലിട്ടു നടക്കുന്നൊരു സ്വപ്നപദ്ധതിയാണു ‘ഷഡ്കാല ഗോവിന്ദമാരാർ’. ഭരതനുമായി അടുത്തപ്പോൾ, അടുത്ത സിനിമയിൽ പ്രസാദ് സഹസംവിധായകനായി. ആ സിനിമയാണു ‘ചമയം’. അതിന്റെ തിരക്കഥാരചനയിൽ ജോൺ പോളിന്റെ സജീവസഹായിയുമായി.

പ്രിയദർശന്റെ സംവിധാനത്തിൽ ഗുഡ്നൈറ്റ് മോഹൻ ‘ചന്ദ്രോൽസവം’ എന്നൊരു സിനിമ ആലോചിച്ചത് ആയിടെയാണ്. തിരക്കഥാ ചർച്ചയ്ക്കു പോയ പ്രസാദിന്റെ കാവ്യപശ്ചാത്തലത്തിലാണു പ്രിയദർശന്റെ മനസ്സു കൊളുത്തിയത്. ‘ചന്ദ്രോൽസവം’ നടന്നില്ല. പക്ഷേ, ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന അടുത്ത സിനിമയിലെ നാലു പാട്ടുകളും പ്രിയൻ പ്രസാദിനെക്കൊണ്ട് എഴുതിച്ചു. നാലും ഹിറ്റ്. ‘കസവിന്റെ തട്ടമിട്ട്...’ എന്ന പാട്ടു പാടി വിനീത് ശ്രീനിവാസന്റെ വരവ് ആ സിനിമയിലാണ്. പ്രിയനു പാട്ടെഴുതുന്നു എന്നറിഞ്ഞപ്പോൾ, പ്രസാദിന്റെ പ്രിയ സുഹൃത്ത് ടി.കെ. രാജീവ് കുമാറും നിർബന്ധിച്ചു ‘സീതാകല്യാണ’ത്തിനു പാട്ടുകളെഴുതിച്ചു. ആദ്യം പുറത്തുവരേണ്ടിയിരുന്ന ‘സീതാകല്യാണം’ റിലീസായതു വർഷങ്ങൾ കഴിഞ്ഞാണ്. ഗായിക ശ്വേത മോഹന്റെ അരങ്ങേറ്റ സിനിമയുമായിരുന്നു ‘സീതാകല്യാണം’. ‘ജലോൽസവ’ത്തിലെ ‘കേരനിരകളാടും...’ എന്ന ടൈറ്റിൽ സോങ്ങിലൂടെ, കേരളം കൈനീട്ടിയനുഗ്രഹിച്ചൊരു മുദ്രാഗാനം പ്രസാദിന്റെ പേനയിലൂടെ പിറന്നു. കേരളപ്പിറവിക്കു ശേഷമുള്ള കേരളീയതയുള്ള പത്തു പാട്ടുകളിൽ ആകാശവാണി തിരഞ്ഞെടുത്ത രണ്ടാമത്തെ സ്ഥാനം ഇതിനായിരുന്നു.

മുപ്പതിലേറെ സിനിമകളിലായി ഇരുനൂറോളം ഗാനങ്ങൾ എഴുതിയതിലേറെ, കാലം മായ്ക്കാത്ത അനുഭവങ്ങളാണു പ്രസാദിന്റെ കൈമുതൽ. 15 വർഷത്തോളം ചാനൽ അവതാരകനായി പ്രസാദ് അഭിമുഖം ചെയ്തത് ആയിരത്തിലേറെപ്പേരെ! ജോൺസൻ ഏറ്റവും അവസാനം ഇൗണം നൽകിയ ‘രാജാവ് എഴുന്നള്ളുന്നു’ എന്ന ക്രിസ്തീയ ഭക്തിഗാന കസെറ്റിന്റെ ഗാനരചന പ്രസാദിന്റേതായിരുന്നു. ക്രിസ്തീയ ഗാന കസെറ്റിലെ മുഴുവൻ പാട്ടും ഒരേയാൾ എഴുതുന്നതും അപൂർവമായിരുന്നു. ഏതോ ഒരു പ്രസാദ് പാട്ടെഴുതിയെന്നല്ലാതെ, ബീയാർ പ്രസാദാണ് ഇയാളെന്നു ജോൺസനു മനസ്സിലായിരുന്നില്ല. കസെറ്റ് പ്രകാശന വേദിയിൽ കണ്ടപ്പോഴും, പ്രസാദ് അവതാരകനായി വന്നതാണെന്നാണു ജോൺസൺ കരുതിയത്. ചടങ്ങു തുടങ്ങി പിറകോട്ടു നോക്കിയപ്പോൾ, ഫ്ലക്സിൽ തന്റെ മുഖത്തിനൊപ്പം പ്രസാദും. ജോൺസന്റെ മുഖത്തും പ്രസാദം. അതു കഴിഞ്ഞു പതിനെട്ടാം ദിവസമായിരുന്നു ജോൺസന്റെ മരണം.

രവീന്ദ്രനോടൊപ്പം ‘ഞാൻ സൽപ്പേര് രാമൻകുട്ടി’ എന്ന സിനിമയിലെ ഒരു ഗാനം മാത്രമേ പ്രസാദ് ചെയ്തിട്ടുള്ളൂ എങ്കിലും, അതിലേറെ ബന്ധം അവർക്കിടയിലുണ്ടായി. ഒരിക്കൽ രവീന്ദ്രൻ വിളിച്ചപ്പോൾ പ്രസാദിനു കടുത്ത തലവേദന. ‘തലവേദന മാറാനുള്ള രാഗമേതെന്നറിയാമോ?’ എന്നു രവീന്ദ്രൻ. ‘അറിയാം, ഭൈരവി’ എന്നു പ്രസാദ്. 20 മിനിറ്റോളം ഫോണിലൂടെ രവീന്ദ്രന്റെ ഭൈരവി ആലാപനം. പ്രസാദിന്റെ തലവേദന അപ്പോഴേക്കു മാറിയിരുന്നു!

മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ്, ചെറുപ്പത്തിൽ കഥയെഴുതിത്തുടങ്ങിയപ്പോൾ അതേ പേരിലൊരു ഹരിപ്പാട്ടുകാരൻ കഥകളൊക്കെ എഴുതുന്നു. പേര് ബി.ആർ. പ്രസാദെന്നാക്കി. നോക്കിയപ്പോൾ, അതേ പേരിലും ഒരു കഥാകൃത്ത്. ബിയും ആറും ചേർത്തു ബീയാർ എന്നാക്കിയപ്പോൾ പുതുമയായി. മൗലികമായ ആ പേര് പ്രസാദിനു പെരുമ നേടിക്കൊടുത്തു. എട്ടു തിരക്കഥകളെഴുതി വച്ചിരിക്കുന്ന പ്രസാദിൽനിന്ന് ഉണ്ണായി വാരിയരുടെ ജീവിതമടക്കം പല സിനിമകളും വരാനിരിക്കുന്നു എന്നു കാത്തിരിക്കാം. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയയാൾക്ക്, ഗാനരചയിതാവ്, നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത് വേഷങ്ങൾ കടന്ന് നാളെയൊരു നാൾ സംവിധായകന്റെ തൊപ്പിയും ചേരാതിരിക്കില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.