Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യതാഴ്‌വര നിറയെ പൂത്ത ദേവദാരു

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
Chunakkara Ramankutty രണ്ടു കാലത്തും: ചെറുപ്പകാലത്തും ഇന്നും ചുനക്കര രാമൻകുട്ടി.

മൂന്നു കല്ലുള്ള വില്ലുകടുക്കൻ കാതിലിട്ടു തിരുവനന്തപുരത്തു വ്യവസായ വകുപ്പിൽ ഉദ്യോഗസ്ഥനായി ചുനക്കര വിട്ടുപോകുമ്പോൾ രാമൻകുട്ടിയുടെ സമ്പാദ്യം വരിതെറ്റാത്ത കുറേ ഇൗരടികൾ മാത്രമായിരുന്നു. ജോലിയിൽ ചേർന്ന ദിവസംതന്നെ സഹപ്രവർത്തകർ ആ കടുക്കൻ ഉൗരിച്ചു വിറ്റു മസാലദോശയടിച്ചു. കടുക്കൻ പോയിട്ടും രാമൻകുട്ടിയിലെ കവിത പോയില്ല. തന്റെ കാതിലും കനവിലുമുറച്ച കവിതയെ രാമൻകുട്ടി പിന്നെ ഗാനാസ്വാദകരുടെ കാതുകൾക്കു സ്വരമധുരമൊരുക്കി.

സ്കൂളിൽ പഠിക്കുമ്പോഴേ കവിത വായിക്കാനെത്തിച്ചു കൊടുത്തതു ചേട്ടൻ മാധവനാണ്. ചങ്ങമ്പുഴയും ഇടപ്പള്ളിയും രാമൻകുട്ടിക്കു മനാന്തര ദേവൻമാരായി. കവിതക്കമ്പം തലയ്ക്കു പിടിച്ചു. തോന്നിയതൊക്കെ എഴുതിത്തുടങ്ങി. ചുനക്കര ഹൈസ്കൂളിലും പന്തളം എൻഎസ്എസ് കോളജിലും പഠിക്കുമ്പോഴേ കെ. രാമൻകുട്ടി ചുനക്കര രാമൻകുട്ടിയെന്ന വാലിട്ട പേരെഴുതി. തിരുവനന്തപുരത്തു പോയി താമസം തുടങ്ങിയപ്പോൾ അയൽവാസിയായി റേഡിയോ അമ്മാവൻ എന്നു പേരെടുത്ത പി. ഗംഗാധരൻ നായർ. നേരിട്ടു മുട്ടാൻ ധൈര്യമില്ല. സഹപ്രവർത്തകൻ അരവിന്ദാക്ഷൻ നായരുടെ ബന്ധുവാണു ഗംഗാധരൻ നായർ. ആ വഴി ഏറ്റു. ചുനക്കരയെ കണ്ടപ്പോഴേ ഗംഗാധരൻ നായർക്കു കവിത മടുത്തു. ആകാശവാണിയിലേക്കു പാട്ടു തരാൻ പറഞ്ഞു. ഒട്ടും വൈകിക്കാതെ, കയ്യിൽ കരുതിയ മൂന്നു പാട്ട് ചുനക്കര അപ്പടി കൊടുത്തു. രണ്ടു മാസം കഴിഞ്ഞപ്പോൾ രത്നാകരൻ ഭാഗവതർ ഇൗണമിട്ടു ലളിതസംഗീതപാഠത്തിൽ ആ ഗാനം നാട്ടുകാർ കേട്ടു: ‘കരുണക്കടലേ കാർമുകിൽവർണാ കണി കാണാനായ് വാ...’ എന്ന പാട്ടിനു വീടായ വീടുകളിൽനിന്നൊക്കെ കയ്യടി. പിന്നീടു വന്ന അടുത്ത രണ്ടു ഗാനങ്ങൾക്കും പ്രശംസതന്നെ. ചുനക്കര ഒന്നുണർന്നു. ഇനി പേന താഴെ വയ്ക്കേണ്ടെന്നു ധൈര്യമായി. ആ വഴിയിലൂടെ വർഷങ്ങൾകൊണ്ടു പിറന്നത് അഞ്ഞൂറിലേറെ ലളിതഗാനങ്ങൾ!

ആകാശവാണിയിലൂടെ അറിയപ്പെട്ട ചെറുപ്പക്കാരനെ നാടകസമിതിക്കാർ പിടികൂടി. കൊല്ലം അസീസിക്കും മലങ്കർ തിയറ്റേഴ്സിനും കേരള തിയറ്റേഴ്സിനും കൊല്ലം ഗായത്രിക്കും നാഷനൽ തിയറ്റേഴ്സിനുമൊക്കെ നിർത്താതെ പാട്ടെഴുതിക്കൊടുക്കേണ്ടി വന്നു. എന്നാൽപ്പിന്നെ സ്വന്തമായൊരു നാടകസമിതി തന്നെയാകാമെന്ന ധൈര്യത്തിൽ ചുനക്കര മലയാള നാടകവേദിക്കു തുടക്കമിട്ടു. അഞ്ചു കൊല്ലം സമിതി കൊണ്ടുനടന്നതിന്റെ അവസാനം, കൈ പൊള്ളിയവന്റെ ദുരന്തരംഗമായിരുന്നു. പക്ഷേ, നാടകപ്പാട്ടുകാരനെ സിനിമാലോകം ശ്രദ്ധിച്ചിരുന്നു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം കഴിഞ്ഞിറങ്ങിയ കെ.കെ. ചന്ദ്രൻ ‘ആശ്രമം’ എന്ന സിനിമയെടുക്കാൻ ആലോചിക്കുന്നു. ചില ശ്രദ്ധേയ ഗാനരചയിതാക്കളെക്കൊണ്ടു പാട്ടെഴുതിച്ചിട്ടും ചന്ദ്രനു പിടിച്ചില്ല. ‘ചുനക്കരയെ നോക്കിയാലോ’ എന്ന് അഭിപ്രായപ്പെട്ടതു ക്യാമറാമാൻ കരുണാകരനാണ്. ചുനക്കരയെക്കൊണ്ട് ഒരു പാട്ടെഴുതിക്കാൻ തുടങ്ങിയ ചന്ദ്രൻ, ആദ്യ ഗാനം കണ്ടിഷ്ടപ്പെട്ട് അതു മൂന്നാക്കി. ‘അക്ഷരകന്യകേ അക്ഷരകന്യകേ സപ്തസ്വരത്തിൻ ചിലമ്പൊലി ചാർത്തിയ അക്ഷരകന്യകേ...’ എന്ന ചുനക്കരയുടെ സിനിമയിലെ വിദ്യാരംഭഗാനം എം.കെ. അർജുനന്റെ ഇൗണത്തിലായിരുന്നു. പി. ജയചന്ദ്രന്റെ ആലാപനം. പാട്ട് നന്നായെങ്കിലും സിനിമ ഓടിയില്ല. കൗമാരപ്രായം, ചൂതാട്ടം, സ്വപ്നമേ നിനക്കു നന്ദി... സിനിമകൾ നിരനിരയായി ചുനക്കരയെത്തേടി വന്നു. പക്ഷേ, ഹിറ്റുകൾക്കായി കാത്തിരിക്കേണ്ടിവന്നു. അരോമയുടെ ‘ഒരു തിര പിന്നെയും തിര’ എന്ന പി.ജി. വിശ്വംഭരൻ സിനിമയിൽ അതു സംഭവിച്ചു. ഹിറ്റ് സിനിമയും ഹിറ്റ് ഗാനങ്ങളും ചുനക്കരയുടെ ജീവിതത്തിൽ ആദ്യമായി സംഗമിച്ചു. ‘ദേവി നിൻ രൂപം ശിശിരമാസക്കുളിർരാവിൽ...’, ‘ഒരു തിര പിന്നെയും തിര...’ എന്നീ ഗാനങ്ങൾ ജനകീയമായി. എം.ജി. രാധാകൃഷ്ണന്റേതായിരുന്നു ഇൗണം.

കെ.എസ്. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘കൗമാരപ്രായം’, ചുനക്കരയുടെ സിനിമാജീവിതത്തിലെ കൗമാരകാലത്തായിരുന്നെങ്കിലും അന്നു കൈപിടിക്കാനെത്തിയ കൂട്ടുകാരൻ മുന്നോട്ടുള്ള പ്രയാണത്തിലെ ഏറ്റവും വലിയ പിൻബലമായി. സാമുവൽ ജോസഫ് എന്ന ശ്യാമിന്റെ സംഗീതവും ചുനക്കര രാമൻകുട്ടിയുടെ വരികളും ആദ്യം കൂട്ടിയിണക്കിയ ചിത്രമായിരുന്നു അത്. പിന്നെ 47 സിനിമകളിലേക്കു നീണ്ട പാരസ്പര്യം. കർണാടകയിലായിരുന്നു ‘കൗമാരപ്രായ’ത്തിന്റെ ചിത്രീകരണം. ലൊക്കേഷൻ നോക്കിപ്പോകുമ്പോൾ കാവേരി നദിക്കരയിൽ സ്ത്രീകളുടെ കുളിരംഗം. പോകാനൊരുങ്ങിയപ്പോൾ, നിൽക്കാമെന്നു ചുനക്കര പറഞ്ഞതു കൂട്ടുകാർക്കു കളിയാക്കാൻ വകുപ്പായി. വാശി മൂത്തപ്പോൾ, ‘എന്നാൽപ്പിന്നെ ആ പെണ്ണിനെക്കുറിച്ചൊരു പാട്ടെഴുതാമോ?’ എന്നായി സംവിധായകന്റെയും നിർമാതാവിന്റെയും വെല്ലുവിളി. അന്നുതന്നെ ചുനക്കര ആ പെണ്ണിനെ വരികളാക്കി: ‘കാവേരി നദിക്കരയിൽ വളർന്ന കന്യകയോ, കാലം നട്ടുവളർത്തി വിടർത്തിയ കാട്ടുമല്ലികയോ...’.

ശ്യാമിന്റെ ഇൗണത്തിൽ ചുനക്കര എഴുതുന്നതൊക്കെയും ഹിറ്റ് എന്നൊരു വിശ്വാസം സിനിമയിൽ വളർന്നതു വെറുതെയായിരുന്നില്ല. ‘ദേവദാരു പൂത്തു എൻ മനസ്സിൽ താഴ്വരയിൽ...’ (എങ്ങനെ നീ മറക്കും), ‘സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരൂ നീ...’ (കുയിലിനെത്തേടി), ‘ധനുമാസക്കാറ്റേ വായോ...’ (മുത്തോടു മുത്ത്), ‘അത്തിമരക്കൊമ്പത്തെ തത്തക്കിളി വന്നല്ലോ...’ (പച്ചമവെളിച്ചം), ‘ഹൃദയവനിയിലെ ഗായികയോ...’ (കോട്ടയം കുഞ്ഞച്ചൻ) തുടങ്ങിയ എത്രയോ ഗാനങ്ങൾ ആ വിശ്വാസത്തിനുള്ള അടിവരയാണ്.

1992 വരെ നിൽക്കാൻ നേരമില്ലാതെ ചുനക്കര പാട്ടെഴുതി. ആ വർഷം ഭാര്യ തങ്കമ്മയുടെ അസുഖംമൂലം പാട്ടെഴുത്തിന് ഇടവേള കൊടുത്തപ്പോൾ അത് അഞ്ചു വർഷത്തോളം നീണ്ട വലിയ കാലമായി. വ്യവസായ വകുപ്പിൽ സഹപ്രവർത്തകയായിരുന്ന ഭാര്യ 1997 ൽ മരിച്ച ശേഷം, മൂന്നു പെൺമക്കളെ വിവാഹം കഴിച്ചയച്ച അച്ഛൻ തിരുവനന്തപുരത്തു തിരുമലയിലെ വീട്ടിൽ ഏകാന്തകവിയുടെ വാസത്തിലാണ്. വ്യവസായ വകുപ്പിൽനിന്നു ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. പക്ഷേ, ഒരു സിനിമയിൽ പത്തു പാട്ടുകൾവരെ (കന്യാകുമാരിയിൽ ഒരു കവിത) എഴുതിയയാൾക്കു പേന അടച്ചുവയ്ക്കാനാവില്ലല്ലോ? എഴുപത്തെട്ടാം വയസ്സിലും കവിതയും ഗാനങ്ങളുമായി ചുനക്കര കരകവിഞ്ഞൊഴുകുന്നു. കോളിങ് ബെൽ, ലൈഫ് ഫുൾ ഓഫ് ലൈഫ്, സീത... ചുനക്കരയുടെ പാട്ടുള്ള സിനിമകൾ ഇൗ ന്യൂജെൻ കാലത്തും വറ്റാത്ത പുഴയായി നമ്മെ തേടിയെത്താനിരിക്കുന്നു. ‘എന്റെ ഗ്രാമം എന്ന പഠിപ്പിച്ച സാഹിത്യവും സംസ്കാരവും മാത്രമാണു ഞാൻ’-ആയിരത്തിലേറെ ഗാനങ്ങൾ പിന്നിട്ട കവിയുടെ സ്വന്തം ടാഗ്ലൈൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.