Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശത്തു ‘പിറന്ന’ സംവിധായകൻ

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

കുമാരപുരം പഞ്ചായത്തിൽ അന്നു രാത്രി ഒൻപതു മണിവരെ മഴയായിരുന്നു...’’-‘ഒരു സിബിഎെ ഡയറിക്കുറിപ്പി’ലെ ഇൗ ഡയലോഗ് ഓർമ വരുന്നുണ്ടോ? ആ ഡയലോഗിന്റെ പിറവിക്കു പിന്നിൽ ഹരിപ്പാടിനടുത്തു കുമാരപുരത്തുകാരനായ അതിന്റെ സംവിധായകനായിരുന്നു. നാടിന്റെ നാഡീമിടിപ്പുകൂടി ചേർത്ത് കെ. മധു എന്ന സംവിധായകൻ എസ്.എൻ. സ്വാമിയെക്കൊണ്ട് എഴുതിച്ച സംഭാഷണം.

കുമാരപുരം വൈപ്പിൽ വീട്ടിൽ സിനിമ എന്നും ഒരാഘോഷമായിരുന്നു. ആഴ്ചയിലൊരിക്കൽ ആ വീട്ടിൽനിന്നു മാവേലിക്കര ജോയ് തിയറ്ററിലേക്ക് ഒരു കാർ പോകും. നീലവന ആർ. മാധവൻ നായർ എന്ന പഴയ നിയമസഭാംഗത്തിന്റെ ചിങ്ങോലിയിലെ വീട്ടിൽനിന്നു പുറപ്പെടുന്ന കാറാണത്. പൊതുപ്രവർത്തനത്തിനിടെ മാധവൻ നായർക്കു സിനിമ കാണാനൊന്നും നേരമില്ല. അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി അമ്മ, മകൾ വിലാസിനി അമ്മയെയും മരുമകൻ കൃഷ്ണൻ നായരെയും പേരക്കുട്ടികളെയും കൂട്ടി സിനിമയ്ക്കു പോകാൻ വരുന്ന വരവാണത്. വ്യാപാരത്തിരക്കുമൂലം കൃഷ്ണൻ നായരും ആ സിനിമാക്കൂട്ടിൽ പതിവുകാരനല്ല. അമ്മയും അമ്മൂമ്മയുമൊത്തു പതിവായുള്ള ആ സിനിമാകാണൽ യാത്ര മധുവിന്റെ മനസ്സിൽ മായക്കാഴ്ചകൾ നിറച്ചു.

വീടിന്റെ തൊട്ടടുത്താണു ശ്രീകുമാർ തിയറ്റർ. ഫസ്റ്റ് ഷോയ്ക്കു പാട്ടു കേൾക്കുമ്പോൾ കൊച്ചു മധുവിൽ സിനിമാക്കമ്പം തലയ്ക്കു കയറും. അച്ഛന്റെ പരിചയക്കാരനാണു തിയറ്റർ ഉടമ. അതുകൊണ്ട് അവിടെ എപ്പോഴും കയറാനൊരു സ്വാതന്ത്യ്രമുണ്ട്. സ്കൂളിൽനിന്നു കുട്ടികളെ ‘ദോസ്തി’ എന്ന സിനിമയ്ക്കു കൊണ്ടുപോയപ്പോൾ, മധുവിന്റെ ഇരിപ്പിടം അധ്യാപകരുടെ കൂടെ ബാൽക്കണിയിലായിരുന്നു. ബാക്കി കൂട്ടുകാർക്കൊക്കെ തറ ടിക്കറ്റും!

madhu with nazer ‘ദിഗ് വിജയ’ത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രേംനസീറിനും എം. കൃഷ്ണൻ നായർക്കുമൊപ്പം കെ. മധു.

സ്കൂളിലൊരു നാടകം വേണമെന്നു വന്നപ്പോൾ, വേളൂർ കൃഷ്ണൻകുട്ടിയുടെ ഒരു ഹാസ്യകഥയെടുത്തു മധു നാടകമൊരുക്കി. അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ചെയ്ത ആ ഹാസ്യാവതരണം, കോമഡിയുടെ വലിയ ആരാധകനായ മധുവിന് ഇപ്പോഴും ഒരദ്ഭുതമാണ്. ‘ഇന്നേവരെ എനിക്കൊരു കോമഡി സിനിമയെടുക്കാൻ പറ്റിയിട്ടില്ല’ എന്ന അടിവരയോടെ മധു പൊട്ടിച്ചിരിക്കുന്നു. ഹരിപ്പാട്ടു ‘കാക്കത്തമ്പുരാട്ടി’യുടെ ഷൂട്ടിങ് കാണാൻ ക്ലാസ് കട്ട് ചെയ്തു പോയ സ്കൂൾ വിദ്യാർഥി, കരയിൽനിന്നു ഗൗരവത്തോടെ നിർദേശങ്ങൾ കൊടുക്കുന്നയാളെ കണ്ടു കണ്ണുമിഴിച്ചു. അതു പി. ഭാസ്കരൻ. ആദ്യം കാണുന്ന സംവിധായകൻ. താരത്തേക്കൾ വലുതാണു സംവിധായകൻ എന്ന ചിന്ത ജനിപ്പിച്ച ആദ്യ സന്ദർഭം.

അടുത്ത സീനിൽ മധു കോളജ് വിദ്യാർഥിയാണ്. ഹരിപ്പാട് ഭാസി സ്റ്റുഡിയോ ഉടമ ഭാസിച്ചേട്ടനെ പ്രസിഡന്റാക്കി ചെറുപ്പക്കാരൊക്കെ ചേർന്ന് ഉപാസന ഫിസിം സൊസൈറ്റിയുണ്ടാക്കി. ശ്രീകുമാർ, സാലി, മുരളീധരറാവു, സതീഷ്, ചന്ദ്രൻ എന്നിവരാണു പ്രധാന സഹസംഘാടകർ. കൺസഷൻ തുക വെട്ടിച്ചു പണമുണ്ടാക്കിയിട്ടും, കയ്യിലെ ഒരു പവന്റെ മോതിരം കുറഞ്ഞുകുറഞ്ഞ് കാൽ പവനിലെത്തിയിട്ടും കടം തീരാതായപ്പോൾ, ഉപാസന ചരിത്രത്തിൽ അസ്തമിച്ചു. ഇപ്പോഴത്തെ പ്രശസ്ത ഛായാഗ്രാഹകൻ സഞ്ജീവ് ശങ്കറിന്റെ അച്ഛൻ ശങ്കരൻ നായരുടെ തിയറ്ററിൽ ഷോ നടത്തിയപ്പോൾ, കാണാൻ കാര്യമായി ആളെത്തിയില്ല. കയ്യിലെ വാച്ചും മോതിരവുമൊക്കെ ഉൗരിക്കൊടുത്തു. ‘എടുത്തുകൊണ്ടുപോടാ, ഞാനും സിനിമാക്കാരനാ...’ എന്നു പറഞ്ഞു ശങ്കരൻ നായർ പിള്ളാരെ രക്ഷിച്ചു. ഉപാസനയുടെ അന്ത്യരംഗത്തിനു മുൻപ്, ‘സ്വയംവര’ത്തിനു ദേശീയ അവാർഡ് നേടിക്കൊടുത്തവർക്ക് ആദ്യ സ്വീകരണമൊരുക്കി ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു, ഇൗ കൂട്ടുകാർ.

മധുവിന്റെ മൂത്ത അമ്മാവൻ അരവിന്ദാക്ഷൻ നായരുടെ സുഹൃത്താണ് എം. കൃഷ്ണൻ നായർ എന്ന അന്നത്തെ കൊടികെട്ടിയ സംവിധായകൻ. അമ്മൂമ്മയ്ക്ക് ഇൻസുലിൻ വാങ്ങാൻ തിരുവനന്തപുരത്തു പോയ മധു, മെഡിക്കൽ ഷോപ്പിലെ ഡയറക്ടറിയിൽ തപ്പി ആദ്യം കണ്ടുപിടിച്ചതു കൃഷ്ണൻ നായരുടെ നമ്പറാണ്. ‘എം. കൃഷ്ണൻ നായർ, 8626’ എന്ന നമ്പറിലേക്കു സധൈര്യം ഡയൽ ചെയ്തു. ‘ഹലോ, ഡയറക്ടർ കൃഷ്ണൻ നായർ’ എന്നു മറുതലയ്ക്കൽ ശബ്ദം. വിരണ്ടുപോയെങ്കിലും, അമ്മാവന്റെ കത്തു കയ്യിലുണ്ട്, ഒന്നു കാണണമെന്നു മധു പറഞ്ഞൊപ്പിച്ചു. കത്തൊന്നുമില്ലായിരുന്നു. അന്നു കൃഷ്ണൻ നായർക്കു മദ്രാസിലേക്കു പോകേണ്ട തിരക്കുള്ളതിനാൽ നേരിൽ കണ്ടു കള്ളി വെളിച്ചത്തായില്ല. പിന്നീട് അമ്മാവന്റെ കത്ത് ശരിക്കും വാങ്ങി കൃഷ്ണൻ നായരെ ചെന്നു കണ്ടു. സംവിധാനസഹായിയിലേക്കു മധുവിന്റെ ശുഭാരംഭം അവിടെ.

‘കൃഷ്ണൻ നായരുടെ നാലാമത്തെ പുത്രന്റെ സ്ഥാനമാണു പിന്നീടെനിക്കു കിട്ടിയത്’-ഒരു ത്രില്ലർ സിനിമയുടെ പ്രകമ്പനം പോലെ ആ കാലത്തിന്റെ ഓർമകൾ ഇപ്പോഴും മധുവിന്റെ ഉള്ളിലെ തിരശ്ശീലയിൽ നിറയുന്നു. ഹിറ്റ് മേക്കർ എന്ന വാക്കിനു പകരക്കാരനായിരുന്ന കൃഷ്ണൻ നായർക്കൊപ്പമുള്ള ആ കാലം മധുവിന്റെ ജീവിതത്തിൽ അത്രയേറെ സമ്പന്നമായി. 1986 ൽ പ്രേംനസീറിനും ജഗൻ പിക്ചേഴ്സിന്റെ അപ്പച്ചനുമൊപ്പം മദ്രാസിലേക്കൊരു വിമാനയാത്രയാണ് മധുവിന്റെ ജീവിതം വഴിതിരിച്ചുവിട്ടത്. ‘അസ്സേ, പുതിയ പടം ആരു ചെയ്യുന്നു?’-അപ്പച്ചനോടു നസീർ ചോദിച്ചു. ‘തീരുമാനിച്ചിട്ടില്ല’ എന്ന് അപ്പച്ചൻ. ‘എന്തിനാണ് ഇത്ര ആലോചിക്കുന്നത്. മധു ഇരിക്കുകയല്ലേ?’-നസീർ ഉടനെ ശുപാർശ ചെയ്തു. അപ്പച്ചൻ അപ്പോൾത്തന്നെ എടുത്ത തീരുമാനത്തിന്റെ ഫലമാണു മധുവിന്റെ ആദ്യ സിനിമ ‘മലരും കിളിയും’. സിബിഎെ ഡയറിക്കുറിപ്പ് അഞ്ചാം ഭാഗത്തിലേക്കെത്തുമ്പോൾ, സേതുരാമയ്യരിലെ സാമൂഹിക പ്രതിബദ്ധത സംവിധായകനിലും വേരിറങ്ങിയിരിക്കുന്നു. അപ്പൂപ്പന്റെ വഴിയിൽ സാമൂഹികപ്രവർത്തന രംഗത്തു സജീവമാകണം എന്നൊരു മോഹം ഒരു വൺലൈൻ തിരക്കഥപോലെ ഉള്ളിൽ കിടപ്പുണ്ട്. മധുവിന്റെ ജീവിതത്തിലെ രണ്ടാം ഭാഗമാകാവുന്ന ഇൗ ആലോചനയിലും, ഭാര്യ ലതികയും മകൾ പാർവതിയും മരുമകൻ മാധവുമടങ്ങിയ കുടുംബം ഒപ്പമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.