Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടുത്ത സിനിമയിലെല്ലാം ‘ജോയ്’

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
‘വളർത്തുമൃഗങ്ങളു’ടെ ലൊക്കേഷനിൽ ഭാരത് സർക്കസ് പാർട്ണർ ബാലൻ, സംവിധായകൻ ഹരിഹരൻ, കെ.സി.ജോയ്, ടി.സി.ജി. പിള്ള എന്നിവർ. ‘വളർത്തുമൃഗങ്ങളു’ടെ ലൊക്കേഷനിൽ ഭാരത് സർക്കസ് പാർട്ണർ ബാലൻ, സംവിധായകൻ ഹരിഹരൻ, കെ.സി.ജോയ്, ടി.സി.ജി. പിള്ള എന്നിവർ.

ഒരു പോളിടെക്നിക് സ്റ്റെനോഗ്രഫർക്കു സിനിമാ നിർമാവാകാവുന്നൊരു കാലമുണ്ടായിരുന്നു. ആ കാലത്താണു കൈനകരിയിൽനിന്ന് ആലപ്പുഴയിൽ വന്നു സ്ഥിരതാമസമാക്കിയ ഒരു സാധാരണ കുടുംബത്തിലെ ചെറുപ്പക്കാരൻ ആദ്യമായി സിനിമയെടുക്കുന്നത്. ആ ചെറുപ്പക്കാരൻ എഴുപത്തെട്ടാം വയസ്സിലും ആലപ്പുഴയിലുണ്ട്. എണ്ണം പറഞ്ഞ എട്ടു സിനിമകൾ നിർമിച്ചു കൈ പൊള്ളാതെ രംഗം വിട്ട കെ.സി. ജോയ്.

പുന്നപ്ര കാർമൽ പോളിടെക്നിക്കിലെ ജോലിക്കാരനായ ജോയിയെ സിനിമയെടുക്കാൻ പ്രേരിപ്പിച്ചത്, കോട്ടയം ആസ്ഥാനമായ വിമല ഫിലിംസിന്റെ സാരഥികളായ സുഹൃത്തുക്കളായിരുന്നു; എൽ.എം. ആന്റണിയും മാത്തുക്കുട്ടി ലാച്ചന്തറയും. ജോയ് കൂടി ചേർന്നപ്പോൾ ബാനർ മാറി, പ്രിയദർശിനി കംബൈൻസായി. വെറും ഒരു ലക്ഷം രൂപയ്ക്കു മൂവർസംഘം എടുത്ത ആദ്യ ചിത്രത്തിന്റെ സംവിധായകൻ ചില്ലറക്കാരനായിരുന്നില്ല, സാക്ഷാൽ എം. കൃഷ്ണൻ നായർ. അതാണ് 1973 ൽ പുറത്തുവന്ന ‘യാമിനി’. മധുവും ജയഭാരതിയും കേന്ദ്ര കഥാപാത്രങ്ങൾ. വലിയ ലാഭമുണ്ടായില്ലെങ്കിലും, നഷ്ടം വരാതെ കരകയറിയപ്പോൾ ജോയിക്ക് ആവേശമായി. പുന്നപ്രക്കാരൻ സി. ദാസിനെ പാർട്ണറാക്കി പുതിയൊരു നിർമാണക്കമ്പനി തുടങ്ങി, പ്രിയദർശിനി പിക്ചേഴ്സ്. തിരക്കഥ എസ്.എൽ. പുരം സദാനന്ദനും സംവിധാനം എ.ബി. രാജും. 1974 ൽ റിലീസായ ‘സൂര്യവംശം’ തീർന്നപ്പോൾ ചെലവ് മൂന്നു ലക്ഷമായി. പക്ഷേ, പടം ചതിച്ചില്ല. ലാഭം തന്നെയായിരുന്നു. ആവേശവും ആത്മവിശ്വാസവും വർധിച്ചു.

1977 ൽ ആദ്യത്തെ സ്വന്തം സിനിമ നിർമിച്ചപ്പോൾ ബാനറിന്റെ പേര് പ്രിയദർശിനി മൂവീസ് എന്നായി. അന്നു കൂടെക്കൂട്ടിയ സംവിധായകനും ജോയിയും പിന്നീടൊരു സ്ഥിരം കൂട്ടായി. അന്നും ഇന്നും ജോയിയുടെ പ്രിയ കൂട്ടുകാരനുമായ ക്യാമറാമാൻ ടി.എൻ. കൃഷ്ണൻകുട്ടിയും എസ്എൽ പുരവുമാണു ഹരിഹരനുമായുള്ള സൗഹൃദത്തിന്റെ പാലമായത്. ഹരിഹരന്റെ സംവിധാനത്തിൽ എടുത്ത ‘ഇവൻ എന്റെ പ്രിയ പുത്രൻ’ ഒരു താരരാജകുമാരനെ അവതരിപ്പിച്ചിരുന്നു, ജയനെ! ജനാർദനൻ ആദ്യം ശ്രദ്ധിക്കപ്പെടുന്ന പടവും ഇതായിരുന്നു. നസീറും ഉമ്മറും സോമനും ഷീലയുമൊക്കെയായി താരനിര വേറെയും. സിനിമ വിജയിക്കാതിരിക്കില്ലല്ലോ?!

1978 ൽത്തന്നെ അടുത്ത സിനിമയെടുത്തു. സംവിധായകൻ ആരായിരിക്കണമെന്നു രണ്ടാമത് ആലോചിക്കേണ്ടിയിരുന്നില്ല, ഹരിഹരൻതന്നെ. ചിത്രം: ‘സ്നേഹത്തിന്റെ മുഖങ്ങൾ’. നസീറും മധുവും ജയഭാരതിയും കനകദുർഗയും വിൻസെന്റും അടൂർ ഭാസിയും... തിളങ്ങുന്ന ആ നിലയിൽ ഭാവിയിലെ മറ്റൊരു താരമുഖം കൂടിയുണ്ടായിരുന്നു, സീമ. വലിയ വിജയമായി, ഈ ചിത്രവും. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം തീർന്നുവരികയായിരുന്നു. ജോയിയുടെ സ്വപ്നങ്ങളിലും നിറം കലർന്നു. അടുത്ത സിനിമ കളറിൽ ചാലിച്ചു. സംവിധായകൻ ഹരിഹരനാണെന്നതു വീണ്ടും ചോദ്യമില്ലാത്ത കാര്യം. പക്ഷേ, തിരക്കഥാകൃത്തായി എം.ടി. വാസുദേവൻ നായർ എന്ന മഹാരഥൻകൂടി ചേർന്നപ്പോൾ ആ സിനിമ ജോയിയുടെ സിനിമാവഴിയിലെ ചരിത്രമായി.

കെ.സി. ജോയ്

1979 ലെ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, സ്ക്രീനിൽ വർണങ്ങൾ വിതറിയപ്പോൾ നിർമാണച്ചെലവ് ഒൻപതു ലക്ഷമായി ഉയർന്നിരുന്നു. ഹരിഹരൻ-എംടി കൂട്ടുകെട്ടിലെ ആദ്യ ചിത്രം കൂടിയായിരുന്നു. മധുവും ശ്രീവിദ്യയും സോമനും ശങ്കരാടിയും അംബികയുമൊക്കെ അണിനിരന്ന ഈ സിനിമ, കലക്‌ഷനിൽ മാത്രമല്ല സംസ്ഥാന അവാർഡുകളിലൂടെയും ശ്രദ്ധ നേടി. വിജയിച്ച സിനിമയുടെ സന്തോഷം, പ്രൊഡക്‌ഷൻ ബോയ്സിനുവരെ സ്വർണമോതിരം വാങ്ങിക്കൊടുത്താണു ജോയ് പ്രകടിപ്പിച്ചത്. ഒരു പവന്റെ അന്നത്തെ വില 300 രൂപ മാത്രമാണെന്നോർക്കണം!

അടുത്ത സിനിമയുടെ ചർച്ചയിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. പ്രധാന പിന്നണിക്കാരെക്കുറിച്ചും കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. ഹരിഹരനും എംടിയും സമന്വയിച്ച ‘വളർത്തുമൃഗങ്ങൾ’ 1980 ൽ പുറത്തുവന്നു. നേരത്തേ ജനറൽ പിക്ചേഴ്സിനുവേണ്ടി എംടി എഴുതിക്കൊടുത്ത തിരക്കഥയായിരുന്നു ഇത്. കുറച്ചു കാലം അവിടെ ഇരുന്ന ആ തിരക്കഥ, 10,000 രൂപ അഡ്വാൻസ് തിരികെ കൊടുത്തു കൊല്ലത്തു കെ. രവീന്ദ്രനാഥൻ നായരുടെ വീട്ടിൽനിന്നു വാങ്ങിക്കൊണ്ടുവന്നതു ജോയ് നേരിട്ടു ചെന്നാണ്. സുകുമാരൻ, മാധവി, ബാലൻ കെ. നായർ, നാഗേഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, നന്ദിത ബോസ് എന്നിങ്ങനെ അഭിനയവൃന്ദം. സർക്കസുകാർ പോകുന്നിടത്തൊക്കെ ഒപ്പം ചെന്നായിരുന്നു ഷൂട്ടിങ്. തിരുപ്പതിയിലും കദ്രിയിലും മദ്രാസിലുമൊക്കെ ജോയിയും ഹരിഹരനും എംടിയും സംഘവും പോയി. സിനിമ തീർന്നപ്പോൾ ചെലവ് 12 ലക്ഷത്തിലെത്തി. നഷ്ടം വരുത്തിയില്ലെന്നു മാത്രമല്ല, ഫെസ്റ്റിവലുകളിലും നിരൂപകശ്രദ്ധയിലും ‘വളർത്തുമൃഗങ്ങൾ’ കൂടുതുറന്നു കുതിക്കുകയും ചെയ്തു.

അടുത്ത സിനിമയിലുമുണ്ടായിരുന്നു, പരീക്ഷണത്തിന്റെ അംശം. എംടി തന്നെ സംവിധായകനായി. ചിത്രം: വാരിക്കുഴി. 1982 ൽ ആ ചിത്രമെടുത്തപ്പോൾ, ജോയിയുടെ അനുഭവത്തിൽ ആദ്യമായി മുൻസിനിമയേക്കാൾ ചെലവു കുറഞ്ഞു. പത്തു ലക്ഷത്തിനു പൂർത്തിയാക്കിയ ആ സിനിമയിൽ സുകുമാരനും സുവർണയും ശുഭയും കുട്ട്യേടത്തി വിലാസിനിയും നെല്ലിക്കോട് ഭാസ്കരനുമൊക്കെയായിരുന്നു അഭിനേതാക്കൾ. നഷ്ടം എന്നതു ജോയിയുടെ കണക്കുപുസ്തകത്തിൽ ഇല്ലാത്തതിനാൽ, ഇക്കുറിയും ആ കണക്കു തെറ്റിയില്ല.

1983 ൽ വീണ്ടും ഹരിഹരനൊപ്പം. ഇത്തവണ തിരക്കഥയും ഹരിഹരൻതന്നെ ഏറ്റെടുത്തു. ‘വരൻമാരെ ആവശ്യമുണ്ട്’ എന്ന ആ ചിത്രം കോമഡി എന്റർടെയ്നറായിരുന്നു. രാജ്കുമാറും സ്വപ്നയും ബാലൻ കെ. നായരും ബഹദൂറും സുകുമാരിയുമൊക്കെ അഭിനയനിരയിൽ. 14 ലക്ഷം ചെലവിട്ടെടുത്ത ആ സിനിമയും ജോയിയുടെ കരിയർ ഗ്രാഫിനെ താഴോട്ടു വീഴ്ത്തിയില്ല. പരാജയമറിയാത്ത നിർമാതാവ് എന്ന മുദ്ര നിലനിർത്തിക്കൊണ്ടുതന്നെ രംഗം വിടാൻ ജോയ് തീരുമാനിച്ചു.

പോളിയിലെ ജോലി അപ്പോഴും ഉപേക്ഷിച്ചിരുന്നില്ല. 1992 ൽ അതേ തസ്തികയിൽ വിരമിക്കുമ്പോൾ, സാധാരണ പെൻഷനറുടെ പിടപ്പ് മനസ്സിലുണ്ടായിരുന്നില്ല. അതിനു പിൻബലം സിനിമയിൽനിന്നു കിട്ടിയ വരുമാനം തന്നെയായിരുന്നു. ‘സിനിമ തന്റെ ജീവിതത്തിൽ ഒരിക്കലും മാറ്റം വരുത്തിയിട്ടില്ല. മക്കളെ നല്ല നിലയിലെത്തിക്കാൻ സിനിമ സഹായിച്ചു എന്നതു സത്യമാണ്. അല്ലാതെ ഒരു വലുപ്പവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഇടയ്ക്കിടെ അവധിയെടുത്തു മദ്രാസിലോ ലൊക്കേഷനുകളിലോ പോയിവരുന്ന പോളി ജീവനക്കാരൻ മാത്രമായിരുന്നു, ഞാൻ എന്നും. പലരും പലപ്പോഴു നിർബന്ധിച്ചിട്ടും, സ്വരം നന്നായിരിക്കെ പാട്ടു നിർത്താമെന്നു ഞാൻ തീരുമാനിക്കുകയായിരുന്നു’-നിർമാതാവിനു നിലയുറപ്പുള്ളൊരു കാലത്തെ പ്രൊഡ്യൂസറുടെ വാക്കുകൾ.

ഭാര്യ തങ്കച്ചി മൂന്നര വർഷം മുൻപു മരിച്ചു. കുറച്ചു വർഷം മുൻപു ചങ്ങനാശേരിയിൽവച്ചുണ്ടായ അപകടത്തിന്റെ അസ്വസ്ഥതകൾ ജോയിയെ വിട്ടൊഴിഞ്ഞിട്ടില്ല. രണ്ടാഴ്ച മുൻപു മൂത്ത മകൾ ബിന്ദുവിന്റെ വിയോഗവും ആഘാതമായി. ‘ഇവൻ എന്റെ പ്രിയപുത്രനി’ലെ ‘കൈചൂണ്ടിക്കാരാ... കൈചൂണ്ടിക്കാരാ...’ എന്ന ഗാനരംഗത്തു പാവാടക്കാരികളായി സ്ക്രീനിൽ കാണാം, ബിന്ദുവിനെയും അനിയത്തി ബിനുവിനെയും. ഓർമകളുടെ തിരശ്ശീലയിലാണു ജോയി ഇന്നു തിളക്കങ്ങൾ കാണുന്നത്; മങ്ങാത്ത, മായാത്ത എത്രയെത്ര വർണക്കാഴ്ചകൾ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.