Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധു കൈപിടിച്ചു: മധുവസന്തമായി

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
യേശുദാസിനൊപ്പം മധു കൈനകരി.

കട്ടക്ക് ദൂരദർശനിൽ മധുവിനെ തേടിയെത്തിയ കത്ത് ഇങ്ങനെയായിരുന്നു: ‘പ്രിയപ്പെട്ട മധു, പത്മരാജൻ ‘പെരുവഴിയമ്പലം കഴിഞ്ഞ് അടുത്ത പടം ചെയ്യാൻ ആലോചിക്കുന്നു. നീ വന്ന് എഡിറ്റ് ചെയ്യണം – സ്നേഹപൂർവം അജയൻ.

എവിടെയോ മുറിഞ്ഞുവീണ ദൃശ്യങ്ങൾ മധുവിന്റെ മനസ്സിൽ കൂട്ടിച്ചേർക്കപ്പെട്ടു. സിനിമ തിരികെ വിളിക്കുകയാണ്. അവധിയെടുത്തു പറന്നു തിരുവനന്തപുരത്തെത്തി. പത്മരാജനെ മുൻപരിചയമില്ല. പ്രിയ സുഹൃത്തും പത്മരാജന്റെ സഹസംവിധായകനുമായ അജയനാണ് (തോപ്പിൽ ഭാസിയുടെ മകൻ) ആ സൗഹൃദത്തിന്റെ എഡിറ്റർ.

പത്മരാജൻ ‘ഒരിടത്തൊരു ഫയൽവാൻ ചെയ്തു കഴിയാറായിരിക്കുന്നു. മധു മദ്രാസിലേക്കു പോയി, എഡിറ്റിങ് ടേബിളിന്റെ അധിപനായി. കൂട്ടിച്ചേർത്ത ഷോട്ടുകൾ ചരിത്രമായി. തന്നെപ്പോലെ താടിനീട്ടിയ ചെറുപ്പക്കാരൻ എഡിറ്ററെ പത്മരാജനും നന്നായി ബോധിച്ചു. അതു കഴിഞ്ഞു ‘കള്ളൻ പവിത്രൻ എടുത്തപ്പോൾ രണ്ടാമതൊരു എഡിറ്ററെ ആലോചിക്കേണ്ടിവന്നില്ല.

‘നവംബറിന്റെ നഷ്ടവും ‘കൂടെവിടെയും ചെയ്തപ്പോഴും മധുവിനെ അവധിയെടുപ്പിച്ച്, ഒരിഷ്ട ഷോട്ട് പോലെ പത്മരാജൻ സിനിമയിൽ ഇണക്കിനിർത്തി. ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ലൊക്കേഷനിലും സജീവസാന്നിധ്യമായി മധു ഉണ്ടായിരുന്നു. പക്ഷേ, അവധി തീർന്നു ദൂരദർശനിലേക്കു മടങ്ങാതെ തരമില്ലെന്നു വന്നപ്പോൾ പത്മരാജനുമായുള്ള എഡിറ്റിങ് കൂട്ടുകെട്ട് ‘കൂടെവിടെയിൽ നിർത്തേണ്ടിവന്നു.

കൈനകരി കണിയാന്തറ വീട്ടിലെ പി. മധുസൂദനൻ പിള്ളയുടെ പേര് എഡിറ്റ് ചെയ്തു മധു കൈനകരിയാക്കിയതു സിനിമ എന്ന നിയോഗമാണ്. അച്ഛൻ പത്മനാഭപിള്ളയ്ക്കു പ്രതിരോധ വകുപ്പിൽ ജോലിയായതിനാൽ പുണെയിലും കോയമ്പത്തൂരിലുമൊക്കെയായിരുന്നു മധുവിന്റെ ബാല്യം.

അമ്മ ചെല്ലമ്മയും നാലു മക്കളുമടങ്ങിയ കുടുംബം അവധിക്കു നാട്ടിലെത്തുമ്പോൾ മാത്രമാണ് അമ്മയുടെ വീടായ കൈനകരിയിലെ കുട്ടനാടൻ ജീവിതം. ബാലജനസഖ്യത്തിൽ സജീവമായിരുന്ന മധു. സംസ്ഥാന വൈസ് പ്രസിഡന്റുമായി, കലയുടെ വഴിയുമായി അന്നേ സഖ്യത്തിലായി. പ്രീഡിഗ്രിക്ക് എസ്ഡി കോളജിൽ പഠിച്ചപ്പോൾ സീനിയറായി നെടുമുടി വേണുവും ഫാസിലും ബോബൻ കുഞ്ചാക്കോയുമൊക്കെയടങ്ങിയ സംഘം. നാടകവും അരങ്ങുകളും കുറേക്കൂടി വിപുലമായി. ‘മച്ചുനൻ എന്നാണു നെടുമുടിയെ അന്നു പ്രിയപ്പെട്ടവർ വിളിക്കുക. പല രാത്രികളിലും നെടുമുടിക്കു മടങ്ങാൻ ബസ്സില്ലാതെ വേണു മധുവിന്റെ വീട്ടിൽ തങ്ങി.

സാധാരണ ബിരുദം വേണ്ടെന്നു മധു തീരുമാനിച്ചിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോകാനായിരുന്നു ലക്ഷ്യം. അഭിനയിക്കാൻ പഠിക്കേണ്ടതുണ്ടോ എന്ന് അച്ഛൻ. മദ്രാസിൽ അഡയാറിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുണ്ട്. അവിടുത്തെ അപേക്ഷ അച്ഛൻതന്നെ വരുത്തിച്ചു. ഏതെങ്കിലും നിർമാതാവിന്റെ ശുപാർശയുണ്ടെങ്കിൽ അപേക്ഷയ്ക്കൊരു ഗമയുണ്ട്. കുഞ്ചാക്കോയുടെ ഭാര്യ വഴി കുഞ്ചാക്കോയുടെ കത്തു വാങ്ങി മദ്രാസിലേക്കു വിട്ടു.

അച്ഛന്റെ ബന്ധുവാണു ഡോ. എസ്.കെ. നായർ. അഡയാറിൽ ആ വർഷം എഡിറ്റിങ് കോഴ്സ് തുടങ്ങുകയാണ്. എഡിറ്റിങ് പഠിച്ചാൽ സിനിമ മൊത്തം പഠിക്കാമെന്നു ഡോ. നായരോടു നിർദേശിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ ശിവതാണുപിള്ളയാണ്. മധു എന്തും പഠിക്കാൻ റെഡി. സിനിമ പഠിക്കണമെന്നു മാത്രമെ മനസ്സിലുള്ളു. ആ ബാച്ചിലെ ഏക മലയാളിയായിരുന്നു മധു. അഭിനയം പഠിക്കാൻ അതേ കാലത്ത് അഡയാറിൽ മണിയൻപിള്ള രാജു എന്ന സുധീർകുമാറുമുണ്ടായിരുന്നു.

വാരാന്ത്യങ്ങളിൽ എസ്.കെ. നായരുടെ വീട്ടിലെത്തണമെന്നതു നിർബന്ധമാണ്. അവിടെ യേശുദാസും വയലാറും പി. ഭാസ്കരനും രാമു കാര്യാട്ടുമൊക്കെ വരും. മധുവിന് ഇവരൊക്കെ അടുത്തു കിട്ടിയ നക്ഷത്രങ്ങളായിരുന്നു. കോളജിലൊരു ഗസ്റ്റ് ലക്ചററെ തേടിയപ്പോൾ, എസ്.കെ. നായർ വഴി സാക്ഷാൽ നടൻ മധുവിലേക്കൊരു വഴിയൊപ്പിച്ചു. ജീവിതത്തിന്റെ വഴി തെളിയുന്നുണ്ടായിരുന്നു. ഒരു മണിക്കൂർ ക്ലാസെടുക്കാൻ വന്ന മധു, ആ ദിവസം മുഴുവൻ കുട്ടികളോടൊപ്പം ചെലവഴിച്ചു. അന്നു മുതൽ മധുവും മധുവുമായുള്ള സ്നേഹത്തിന്റെ മധുവസന്തം തുടങ്ങി.

കോഴ്സ് കഴിഞ്ഞപ്പോൾ വീണ്ടും നടൻ മധുവിനെ ചെന്നുകണ്ടു. പി.ആർ. ചന്ദ്രന്റെ ‘കാമം ക്രോധം മോഹം, ‘അക്കൽദാമ എന്നീ നാടകങ്ങൾ അദ്ദേഹം സിനിമയാക്കാൻ ഒരുങ്ങുകയായിരുന്നു. ജൂനിയർ മധുവിനെ മൈസൂരിലെ ലൊക്കേഷനിലേക്കു കൂടെക്കൂട്ടി. പ്രായോഗിക സിനിമയുടെ സ്കൂളിലേക്കു മധു കാലെടുത്തു വച്ചത് ആ സിനിമയിൽ വെങ്കിട്ടരാമൻ എന്ന പ്രസിദ്ധ എഡിറ്ററുടെ സഹായിയായതോടെയാണ്.

എസ്.കെയുടെ വീട്ടിലെ മറ്റൊരു പതിവുകാരനായിരുന്ന നടൻ രവികുമാർ അടുത്ത സിനിമയ്ക്കു നിമിത്തമായി. ശശികുമാർ സംവിധാനം ചെയ്ത ‘ദിവ്യദർശനം നിർമിച്ചതു രവിയുടെ അച്ഛനായിരുന്നു. അതിൽ എഡിറ്റർ ഉമാനാഥിന്റെ സഹായിയായി, മധു. കെ.എസ്. സേതുമാധവൻ ‘ചട്ടക്കാരി എടുക്കുന്നു. എഡിറ്റർമാരുടെ ഗുരു എം.എസ്. മണിയാണു ചിത്രസംയോജകൻ. മധുവിനെ മണിസ്വാമി കൂടെക്കൂട്ടി. കട്ട് ചെയ്തു ഫിലിം ചുരണ്ടി ഒട്ടിക്കലാണു മധുവിന്റെ പ്രധാന ജോലി.

ശ്രീകുമാരൻ തമ്പി ‘ചന്ദ്രകാന്തവും ‘ഭൂഗോളം തിരിയുന്നുവും എടുത്തപ്പോഴും എം.എസ്. മണിയുടെ കൂടെ മധു ഉണ്ടായിരുന്നു. അക്കാലത്താണു ദൂരദർശനിൽ താൽക്കാലിക ജോലിക്കു വഴിതുറക്കുന്നത്. മദ്രാസ് ദൂരദർശനിൽ തുടക്കം. പിന്നെ ഡൽഹിക്കു മാറി.

ഈ സമയത്തു ദൂരദർശനിൽ സ്ഥിരം നിയമനമായി. ആദ്യ പോസ്റ്റിങ് ശ്രീനഗറിലായിരുന്നു. പിന്നെ കട്ടക്ക്. അപ്പോഴാണു പത്മരാജനൊപ്പമുള്ള വസന്തകാലം. തിരുവനന്തപുരത്തും ജലന്തറിലും അസമിലെ സിൽച്ചറിലും മുംബൈയിലുമൊക്കെ ജോലി ചെയ്തു 2012 ൽ എഡിറ്റ് സൂപ്പർവൈസറായി വിരമിച്ചു. ഇടക്കാലത്തു നടൻ മധു സംവിധാനം ചെയ്ത ‘മിനിയിലും ഒറിയയിൽ ‘സംസ്കാര എന്ന സിനിമയിലും എഡിറ്ററായി.

‘സ്കൂൾ ഡയറി എന്ന ടിവി സീരിയലിന്റെ ദൃശ്യസംയോജനം മധുവിനു സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. മുംബൈ വാസക്കാലത്തു മറാഠി കഥ ഇംഗ്ലിഷിൽ എഴുതി മറാഠിയിൽ ചിത്രീകരിച്ച ദൂരദർശൻ ക്ലാസിക്കിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചു. ദൂരദർശനുവേണ്ടി ചെമ്പകശ്ശേരി രാജവംശത്തിന്റെയും കുട്ടനാടൻ പ്രകൃതിഭംഗിയെക്കുറിച്ചും എൻ.എൻ. പിള്ളയുടെ ജീവിതം ആസ്പദമാക്കിയും മധു സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങൾ ശ്രദ്ധേയമായി.

പരസ്യചിത്രങ്ങൾ ധാരാളം സംവിധാനം ചെയ്തു. ഔദ്യോഗികച്ചുമതലകളിൽ മധുവിനു മറക്കാനാവാത്തത്, 1986 ൽ ആദ്യമായി ശബരിമല മകരവിളക്ക് ദൂരദർശനുവേണ്ടി ചിത്രീകരിച്ചതായിരുന്നു. സ്വന്തം തിരക്കഥയിലും സംവിധാനത്തിലും ചില വ്യത്യസ്ത സംരംഭങ്ങളുടെ ചിന്തയുമായി മധുവും ഭാര്യ ഓമനയും ഇപ്പോൾ അമ്പലപ്പുഴയിലുണ്ട്. രണ്ടു പെൺമക്കളും വിവാഹിതരായി. വയലാർ അവാർഡ് ലഭിച്ച, എം.കെ. സാനുവിന്റെ ‘ചങ്ങമ്പുഴ; നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതിയും കെ.യു. ഇക്ബാലിന്റെ ‘ഇഖാമയും സിനിമയാക്കാനുള്ള രചനകളൂടെ പൂർത്തീകരണത്തിലാണു മധു ഇപ്പോൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.