Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്വപ്നാടന’ങ്ങളുടെ മല്ലികാരാമം

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
Mallika കെ.ജി. ജോർജ്, ഭാര്യ സൽമ എന്നിവർക്കൊപ്പം സുകുമാരനും മല്ലികയും.

തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ അക്കൊല്ലത്തെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിനു തിളക്കം പലമടങ്ങായിരുന്നു. എങ്ങനെയെങ്കിലും കാലു പിടിച്ച് ഒരു സിനിമക്കാരനെയോ സിനിമക്കാരിയെയോ കൊണ്ടുവന്ന ആർട്സ് ക്ലബ് സെക്രട്ടറിമാരൊക്കെയുണ്ട്. പക്ഷേ, അത്തവണ താരങ്ങൾ രണ്ടു പേരെത്തി; നിത്യാരാധനാതാരം പ്രേംനസീറും കണ്ണീർപ്പുഞ്ചിരിയുടെ കൂട്ടുകാരി ശാരദയും. കോളജ് ഇളകിമറിഞ്ഞു. ആഘോഷങ്ങൾക്കൊടുവിൽ പക്ഷേ, യഥാർഥ താരമായത് ആർട്സ് ക്ലബ് സെക്രട്ടറിതന്നെ. അതു മോഹമല്ലികയായിരുന്നു, കൈനിക്കര മാധവൻ പിള്ളയുടെയും തങ്കമ്മയുടെയും ഇളയ മകൾ.

കൂട്ടും കൂട്ടായ്മയും ഹരിപ്പാട്ടെ അമ്മവീടായ കോട്ടയ്ക്കകത്തു വന്നുനിൽക്കുമ്പോൾ കിട്ടിയത്ര പിന്നെയൊരിക്കലും മല്ലിക അനുഭവിച്ചിട്ടില്ല. കൈനിക്കര സഹോദരൻമാരിലെ ഇളയ ആളാണ് അച്ഛൻ. കേരള സർവകലാശാലയിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറി ഉദ്യോഗസ്ഥൻ. മല്ലിക ജനിച്ചതു തിരുവനന്തപുരത്തായിരുന്നു. പക്ഷേ, അവധിക്കാലത്തു ഹരിപ്പാട്ടും അച്ഛന്റെ നാടായ പെരുന്നയിലും മാറിമാറി ഉല്ലസിക്കാനെത്തും. ഹരിപ്പാട്ടമ്പലത്തിലെ ഉൽസവക്കാലത്തു പത്തു ദിവസം അമ്മവീട്ടിൽത്തന്നെ. അമ്മയുടെ രണ്ടു സഹോദരൻമാരുടെ മക്കളുമെത്തും. മല്ലികയുടെ ഭാഷയിൽ പറഞ്ഞാൽ, ‘ലോകത്തിലെ എല്ലാതരം രുചിയുള്ള’ മാങ്ങ രുചിച്ചു പറമ്പിൽ പാറിനടന്ന ബാല്യവും കൗമാരവും. ഓണത്തിനൊക്കെ വീട്ടിൽ ദിവസങ്ങളോളം സദ്യ. ഒരു ദിവസം കരയോഗക്കാർക്ക്, ഒരു ദിവസം ജോലിക്കാർക്ക്, പിന്നെ വീട്ടുകാർക്ക് എന്നിങ്ങനെ. കോട്ടൺഹിൽ സ്കൂളിലും വിമൻസ് കോളജിലുമായി പഠിക്കുന്ന കാലത്തേ മല്ലികയില്ലാത്ത കൂട്ടുകറിയില്ല. ആ കൂട്ടിനൊരു പ്രത്യേകതയുണ്ടായിരുന്നു. കലയും കറക്കവുമൊക്കെയുണ്ടെങ്കിലും എല്ലാവരും പഠിത്തത്തിൽ ഒട്ടും പിറകിലല്ല. മാർക്ക് വരുമ്പോഴും മുൻപന്തിയിൽ നിൽക്കുന്ന കൂട്ടുകാരെ സ്കൂളുകാരും കോളജുകാരും മനസ്സുകൊണ്ടു കയ്യടിച്ചു പ്രോൽസാഹിപ്പിച്ചു.

സിനിമയെന്നാൽ അന്നൊക്കെ മല്ലികയുടെ മനസ്സിന്റെ തിരശ്ശീലയിൽ പോലുമില്ല. പക്ഷേ, അഭിനയത്തിൽ പിന്നാക്കവുമല്ല. പഠിക്കുന്ന കാലത്തു പലപ്പോഴും ആൺവേഷക്കാരിയാണ്. അച്ഛന്റെ സഹോദരൻ കൈനിക്കര പത്മനാഭപിള്ളയുടെ മകൻ ധർമചന്ദ്രൻ ‘കളിത്തോഴൻ’ എന്നൊരു സിനിമ നിർമിച്ചിരുന്നു. മലയാളത്തിൽ ജയചന്ദ്രൻ എന്ന ആലാപനസുധാരസത്തിനു തുടക്കമാവുന്നത് ഈ സിനിമയിലാണ്. നസീർ നായകനായ ഈ സിനിമയുടെകൂടി പിൻബലത്തിലാണു മല്ലിക ചെന്ന് അദ്ദേഹത്തെ കോളജിലേക്ക് അതിഥിയായി കൊണ്ടുവന്നത്. ശാരദ അന്നു മെരിലാൻഡിൽ ഒരു പടം ചെയ്യുന്നു. അവരെയും കാത്തുകിടന്നു ക്ഷണിച്ചപ്പോൾ, താരങ്ങളിലെ താരമായതു മല്ലിക!

പഠിത്തം കഴിഞ്ഞപ്പോൾ വഴിത്തിരിവുപോലെ സിനിമയിലൊരു വേഷം കയ്യിലേക്കു നീട്ടിയത് അരവിന്ദനാണ്. 1973 ൽ ‘ഉത്തരായണ’ത്തിലൂടെ അരവിന്ദനും സിനിമയിൽ തുടങ്ങുകയാണ്. എഴുത്തുകാരൻ തിക്കോടിയനാണു മല്ലികയെ അഭിനയിപ്പിക്കാമെന്ന നിർദേശം വച്ചത്. ഡോ. മോഹൻദാസാണു നായകൻ. കോഴിക്കോട്ടായിരുന്നു ചിത്രീകരണം. അതു കഴിഞ്ഞു കെ.ജി. ജോർജിന്റെ ‘സ്വപ്നാടന’ത്തിലും നല്ല വേഷം. ആ ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് മല്ലികയെ തേടിയെത്തി. മല്ലിക അറിയാതെ സിനിമയുടെ വഴിയിലേക്കു തിരക്കിട്ടു നടക്കുകയായിരുന്നു.മദ്രാസ് ജീവിതകാലത്തു ധാരാളം വേഷങ്ങൾ. കെ.ജി. ജോർജിന്റെ മണ്ണ്, ഓണപ്പുടവ, പൊലീസുകാരന്റെ മകൾ തുടങ്ങിയ ചിത്രങ്ങളിൽ മല്ലികയുണ്ടായിരുന്നു. സുകുമാരന്റെ ജീവിതത്തിലേക്കു മല്ലിക കടന്നുവന്നപ്പോഴും അഭിനയം തുടർന്നു.

ജീവിതനായകനൊപ്പവും ധാരാളം സിനിമകൾ. ‘മോചനം’ എന്ന ചിത്രത്തിൽ സുകുമാരനൊപ്പം വേഷമിട്ടശേഷം പിന്നെ ഭാര്യയുടെ ചമയങ്ങൾ മാത്രമണിഞ്ഞു. പിന്നെ കെ.ജി. ജോർജിന്റെ ലൊക്കേഷനിൽ മല്ലിക എത്തുന്നതു നിർമാതാവായ സുകുമാരന്റെ ഭാര്യയായാണ്. ചിത്രം: ഇരകൾ. ശ്രീവിദ്യയ്ക്കു നീക്കിവച്ച വേഷത്തിലേക്ക് ഒരു ഘട്ടത്തിൽ മല്ലികയെ അഭിനയിപ്പിക്കാൻ സുകുമാരൻ ഒരുങ്ങിയതുമാണ്. ശ്രീവിദ്യയ്ക്ക് എത്താൻ ചില തടസങ്ങളുണ്ടാവുമെന്നറിഞ്ഞപ്പോൾ, കർക്കശക്കാരനായ സുകുമാരൻ ഭാര്യയെ വീണ്ടും ക്യാമറയ്ക്കു മുന്നിൽ നിർത്താൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ, ഒരു ദിവസം വൈകി ശ്രീവിദ്യ വന്നു.

ഭർത്താവും മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജുമടങ്ങിയ കുടുംബത്തിന്റെ നായികാവേഷത്തിലായിരുന്നു പിന്നെ എത്രയോ വർഷങ്ങൾ, മല്ലിക. 1997 ൽ സുകുമാരന്റെ വിയോഗശേഷം മല്ലികയെ ലൊക്കേഷനിലെ വെളിച്ചത്തിലേക്കു മടക്കിക്കൊണ്ടുവന്നതു സംവിധായകൻ കെ.കെ. രാജീവ് ആയിരുന്നു. ‘പെയ്തൊഴിയാതെ’ എന്ന സീരിയലിലൂടെ മല്ലികയുടെ വരവ്, ആദ്യം ‘ഉത്തരായണ’ത്തിൽ കിട്ടിയതിനേക്കാൾ വലിയ ബ്രേക്കായി. പിന്നെ സീരിയലുകളുടെ പെരുമഴ. സിനിമയിലേക്കുള്ള തിരിച്ചുവരവ് മല്ലിക കാര്യമായെടുക്കാതിരിക്കുമ്പോഴാണ് അൻവർ റഷീദിന്റെ ‘ഛോട്ടാ മുംബൈ’യിൽ ഇന്ദ്രജിത്തിന്റെതന്നെ അമ്മയായി ഒരു വേഷമെത്തുന്നത്. പിന്നെ സിനിമകളും മല്ലികയെ വീണ്ടും സ്വീകരിച്ചു. അതു കഴിഞ്ഞെത്തിയതു താരസഹോദരൻമാരുടെ അമ്മ എന്ന റോൾ. തന്റെ നേട്ടങ്ങളേക്കാൾ അഭിമാനമേകിയതായിരുന്നു പിൽക്കാല അനുഭവങ്ങളൊക്കെ എന്നു മല്ലിക.

രണ്ടു വർഷത്തിലേറെയായി മല്ലികയെ നാട്ടിലൊന്നും കാണുന്നില്ലല്ലോ എന്നു പലരും സംശയിക്കാറുണ്ട്. ദോഹയിൽ ഹോട്ടൽ ബിസിനസിലാണു മല്ലികയിപ്പോൾ. രണ്ടര വർഷത്തെ ഇടവേളയ്ക്കുശേഷം വി.കെ. പ്രകാശിന്റെ ‘ഓൺ ദ് റോക്സ്’ എന്ന ചിത്രത്തിലൂടെ ഇപ്പോൾ മടങ്ങിവരുന്നു. തൈക്കൂടം ബ്രിജ് ഗായകസംഘത്തിലെ സിദ്ധാർഥ് മേനോൻ നായകനാവുന്ന ചിത്രത്തിൽ, നായകന്റെ അടിപൊളി അമ്മൂമ്മയായാണു വേഷം. ബാംഗ്ലൂരിൽ ഒരാഴ്ചത്തെ ചിത്രീകരണം കഴിഞ്ഞു മല്ലിക ഉടൻ ദോഹയ്ക്കു പറക്കുന്നു. അവിടെ രുചിയുടെ ലോകത്തു തിരക്കുകൾ തിരികെ കാത്തിരിക്കുന്നു. അതിനു മല്ലിക അടിവരയിടുന്നു: ‘അഭിനയം കഴിഞ്ഞാൽ എനിക്ക് അറിയാവുന്നൊരു മേഖല പാചകമേയുള്ളൂ’.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.