Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷരലക്ഷാർച്ചനകൾ വിരിഞ്ഞ പൂങ്കൊമ്പ്...

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

പാട്ടിന്റെ പൊന്നലകൾ വയലാറിന്റെ വരികളായി ശ്രവണികളിൽ വീണപ്പോഴാണു ഗോപാലകൃഷ്ണന്റെ ഉള്ളുണർന്നത്. ‘പെരിയാറേ... പെരിയാറേ...’ കേട്ടപ്പോൾ മനസ്സു കൊതിച്ചു, ഇതുപോലൊരു പാട്ടെഴുത്തുകാരനാവണം. അന്നു പത്താം ക്ലാസിലെത്തിയിട്ടില്ല. വയലാറിനെ അടുത്തറിഞ്ഞിട്ടുമില്ല. പക്ഷേ, പിന്നീടു കേട്ട പാട്ടുകളിലൊക്കെ രചനയുടെ മർമമറിയാൻ കാതു കൂർപ്പിച്ചു. പലരും പറഞ്ഞു, ‘പാട്ടെഴുതണമെങ്കിൽ മദിരാശിക്കു പോകണം’. ഗോപാലകൃഷ്ണനു മനസ്സുകൊണ്ടു മദിരാശിയിലേക്കു പറക്കാനേ കഴിഞ്ഞുള്ളൂ.

അമ്മയുടെ വീടാണു മങ്കൊമ്പിൽ. അച്ഛന്റെ ചമ്പക്കുളത്തെ വീട്ടിലാണു താമസം. ഇത്തിരിയിത്തിരി എഴുതാൻ തുടങ്ങിയപ്പോൾ ഗോപാലകൃഷ്ണൻ നായർ എന്ന പേരിന്റെ വാലു മുറിച്ചു, മുന്നിൽ മങ്കൊമ്പ് ചേർത്തു. പഠിത്തം കഴിഞ്ഞു നിൽക്കുമ്പോഴാണറിയുന്നത്, ഗ്രന്ഥശാലാസംഘത്തിന്റെ മുഖമാസികയായ ‘ഗ്രന്ഥാലോക’ത്തിൽ സിറ്റിങ് എഡിറ്ററുടെ ഒഴിവുണ്ട്. നേരെ ചെന്നു പി.എൻ. പണിക്കരെ കണ്ടു. ഗ്രന്ഥശാലാ പ്രവർത്തകനായ ഗോവിന്ദൻ നായരുടെ മകനെ പണിക്കർക്കും പ്രിയമായി. ഗോപാലകൃഷ്ണനു തിരുവനന്തപുരത്തു നിയമനം.

വയലാറും അയ്യപ്പപ്പണിക്കരുമായി വലിയ അടുപ്പമുണ്ടാക്കാൻ ‘ഗ്രന്ഥാലോകം’ വഴിതുറന്നു. ഒരു ദിവസം മദ്രാസിൽനിന്നു വന്നപ്പോൾ അയ്യപ്പപ്പണിക്കർ ഗോപാലകൃഷ്ണനോടു ചോദിച്ചു, ‘നിനക്കു മദിരാശിക്കു പോകാൻ താൽപര്യമുണ്ടോ?’ ഗോപാലകൃഷ്ണന് എന്തു പറയണമെന്നറിയില്ല. ടി.വി. കുഞ്ഞിക്കൃഷ്ണൻ നടത്തുന്ന ‘അന്വേഷണം’ മാസിക ഏറ്റെടുത്തു നടത്താൻ ഒരാളു വേണം. കുഞ്ഞിക്കൃഷ്ണൻ മദ്രാസ് വിട്ടു ഡൽഹിക്കു മാറുകയാണ്. ‘അന്വേഷണം’ നടത്താൻ ആരുണ്ട് എന്ന ചർച്ചയിൽ ആദ്യം വന്ന പേര് വയലാർ രാമവർമയുടേതാണ്. പക്ഷേ, വയലാറിനു പാട്ടെഴുത്തിന്റെ തിരക്കിൽ മാസിക പൂർണമായി നോക്കിനടത്താനാവില്ല. അതിനൊരു സഹായി വേണം. ആ സ്ഥാനത്തേക്ക് അയ്യപ്പപ്പണിക്കർ ഗോപാലകൃഷ്ണന്റെ പേരു നിർദേശിച്ചു. വയലാറും അതു പിന്തുണച്ചു. അങ്ങനെ, ഗോപാലകൃഷ്ണൻ സ്വപ്നഭൂമിയായ മദിരാശിയിലേക്ക്.

makombu with das പൂമഠത്തെ പെണ്ണ്’ എന്ന സിനിമയുടെ റെക്കോർഡിങ്ങിനിടെ നിർമാതാവ് ജി.പി. വിജയകുമാർ, ജി. ദേവരാജൻ, മാധുരി, യേശുദാസ് എന്നിവർക്കൊപ്പം മങ്കൊമ്പ് ഗോപാലകൃഷ്ണൻ.

പക്ഷേ, സിനിമാ പാട്ടെഴുത്തിൽ കടന്നുകൂടുക അത്ര എളുപ്പമല്ല. വയലാറും പി. ഭാസ്കരനും ചേർന്നു വാഴുന്ന കോട്ടയാണത്. ഒഎൻവിയും യൂസഫലിയും ശ്രീകുമാരൻ തമ്പിയുമൊക്കെ വേറെ നിൽക്കുന്നു. ഗോപാലകൃഷ്ണൻ നിരാശനായി. കെപിഎസിയിൽ നടനും സെക്രട്ടറിയുമൊക്കെയായിരുന്ന സി.ജി. ഗോപിനാഥ് ഗോപാലകൃഷ്ണനെക്കൊണ്ടു ‘ബ്രഹ്മാസ്ത്രം’ എന്ന നാടകത്തിൽ പാട്ടെഴുതിച്ചിരുന്നു. നാടകത്തിൽ ഹരിശ്രീ കുറിപ്പിച്ചയാൾതന്നെ സിനിമയിലും പാട്ടുവരികൾക്ക് ആരംഭമൊരുക്കി. യാദൃശ്ചികമായി മദ്രാസിൽവച്ചു കണ്ടപ്പോൾ, ഗോപിനാഥ് ‘വിമോചനസമരം’ എന്നൊരു സിനിമയെടുക്കാനുള്ള തയാറെടുപ്പിലാണ്. രണ്ടു പാട്ടുകൾ വീതം വയലാറിനും ഭാസ്കരനും കൊടുത്തുകഴിഞ്ഞു. ഒരെണ്ണം ഗോപാലകൃഷ്ണനു കൊടുത്തു. ‘പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും പ്രണവസംഗീതം ഞാൻ...’ എന്ന പാട്ടിൽ മങ്കൊന്പ് ഗോപാലകൃഷ്ണൻ എന്ന പാട്ടെഴുത്തുകാരന്റെ പിറവി. എം.ബി. ശ്രീനിവാസന്റെ സംഗീതം. എസ്. ജാനകിയുടെയും പി. ലീലയുടെയും ശബ്ദം. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിലാണ് അടുത്ത അവസരം. ചിത്രം: അലകൾ. അതു കഴിഞ്ഞു സ്വർണമൽസ്യം, സ്വർണവിഗ്രഹം തുടങ്ങിയ സിനിമകൾ. പേരെടുക്കാൻ പിന്നെയും കാത്തിരിക്കുമ്പോഴാണു ഹരിഹരന്റെ വിളി. ‘അയലത്തെ സുന്ദരി’യിൽ ആറു പാട്ടുകൾ. ശങ്കർ ഗണേഷിന്റെ സംഗീതം. ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ...’ തുടങ്ങി ഹിറ്റ് ഗാനങ്ങളുടെ തൂലിക തെളിഞ്ഞു. ഹരിഹരന്റെതന്നെ ‘ബാബുമോനി’ലെ ‘നാടൻപാട്ടിന്റെ മടിശ്ശീല...’ കൂടിയായപ്പോൾ മങ്കൊമ്പിന്റെ പേരു പാട്ടെഴുത്തിൽ പതിഞ്ഞു. വർഷം 18 സിനിമകൾക്കു വരെ പാട്ടെഴുതി.

അന്നും ഇന്നും പ്രിയപ്പെട്ട കൂട്ടുകാരനായ ഹരിഹരനൊപ്പമാണു മങ്കൊമ്പിന്റെ സ്ഥിരം ശബരിമല യാത്ര. മദ്രാസിൽനിന്നു കാറിൽ മലചവിട്ടാൻ പോകുംവഴി ഏറ്റുമാനൂരമ്പലത്തിൽ പോകുന്നതു പതിവ്. പ്രൊഡ്യൂസർ ചന്ദ്രമണി ബാലൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആർ.എസ്. മണി എന്നിവരും സ്ഥിരം സഹയാത്രികരാണ്. മണിയുടെ അമ്മാവൻ അമ്പിസ്വാമിയുടെ വീട്ടിലായിരിക്കും ഏറ്റുമാനൂരിലെ ഭക്ഷണം. ഒരു തവണ അവിടെ ചെന്നപ്പോൾ ഒരു തിരുമേനിയെ പരിചയപ്പെട്ടു. പലരെയും പരിചയപ്പെടുന്നതുപോലെ കണ്ടു, യാത്ര തുടർന്നു. അടുത്ത കൊല്ലം അതേ വീട്ടിൽവച്ച് അതേ തിരുമേനിയെ കണ്ടപ്പോൾ, തിരുമേനിയുടെ ഭാവത്തിലൊരു മാറ്റം. ‘എന്നാലും എന്നോടിതു വേണ്ടായിരുന്നു’. ‘എന്താ തിരുമേനീ...’ എന്നു മങ്കൊമ്പ്. ‘എന്റെയൊരു ഹരസ്യം ഇങ്ങനെ പരസ്യമാക്കേണ്ടിയിരുന്നോ?’ എന്നു തിരുമേനിയുടെ പരിഭവം. മങ്കൊമ്പിനു കാര്യം പിടികിട്ടാൻ കുറേ കഴിയേണ്ടിവന്നു. ആയിടെ ‘കുടുംബം നമുക്കു ശ്രീകോവിൽ’ എന്ന സിനിമയിൽ മങ്കൊമ്പ് എഴുതിയ ഒരു പാട്ട് ഇങ്ങനെയായിരുന്നു: ‘ഏറ്റുമാനൂരമ്പലത്തിൽ പരിസരത്ത് പാർത്തിരുന്നു പണ്ടൊരു തിരുമേനി, തിരുമേനിക്കഞ്ചാറാൺമക്കൾ, അവരൊക്കെയും നിർഗുണ പരബ്രഹ്മങ്ങൾ...’. ‘പഠിക്കാതെ മേതൈ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണത്. ദക്ഷിണാമൂർത്തിസ്വാമി ഇൗണമിട്ട ആ പാട്ടിലെ വരികളോടു സാമ്യമുള്ളതായിരുന്നു യഥാർഥ തിരുമേനിയുടെ ജീവിതവും. പാട്ടിനൊരു എടുപ്പു കിട്ടാൻ ഏറ്റുമാനൂർ ചേർത്തു എന്നല്ലാതെ, ഇൗ തിരുമേനിയെ എഴുത്തിന്റെ ഒരവസരത്തിലും മങ്കൊമ്പ് ഓർത്തിട്ടേയില്ല. പക്ഷേ, തിരുമേനിയുടെ പരിഭവം മാറ്റാൻ പിന്നെയും ധാരാളം പാട്ടുകാലം വേണ്ടിവന്നു.

പാട്ടെഴുത്തിൽനിന്നു തിരക്കഥാ രചനയിലേക്കും മൊഴിമാറ്റ സിനിമകളുടെ രചനകളിലേക്കും കടന്ന മങ്കൊമ്പ്, അറുനൂറിലേറെ ഗാനങ്ങളുടെ തൂലികത്തുമ്പിൽ വിരാജിച്ചു. ഹരിഹരനും കെ.എസ്. സേതുമാധവനുമൊപ്പമായിരുന്നു ഏറെ സിനിമകളും. ഹരിഹരന്റെ ‘മയൂഖം’ ഏറ്റവും ഒടുവിൽ ഏറെ ശ്രദ്ധേയമായ സിനിമയാണ്. പ്രിയപ്പെട്ട മദിരാശി വിട്ടു കുറച്ചു കാലമായി കൊച്ചിയിലാണു മങ്കൊമ്പിന്റെ താമസം. ‘ഗ്രന്ഥാലോക’ത്തിൽ ജോലി കിട്ടിയപ്പോൾ നാടു വിട്ടയാൾ, പിന്നെ കുട്ടനാട്ടിൽ സ്ഥിരം വസിക്കാൻ തിരിച്ചെത്തിയിട്ടേയില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.