Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ ക്ലിക്കിൽ ഒതുങ്ങുന്നില്ല, ഓർമകൾ

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

മലയാള സിനിമ ഓർക്കുന്നുണ്ടാകുമോ, ക്യാമറയ്ക്കു പിറകിൽനിന്ന് ഒരുപാടു താരമുഖങ്ങൾ ഒപ്പിയെടുത്ത ഇൗ വയോധികനെ? ചിത്രജാലകങ്ങളുടെ തിരശ്ശീല നീക്കുമ്പോൾ തിളക്കത്തോടെ നടരാജൻ എന്ന തൊണ്ണൂറ്റഞ്ചുകാരൻ ഇവിടെയുണ്ട്, മാവേലിക്കരയ്ക്കടുത്തു കറ്റാനത്ത്.

സിനിമ എന്നതു ഭ്രാന്തു പിടിപ്പിക്കുന്നൊരു വിസ്മയമായിരുന്ന കാലത്തോളം പിറകോട്ടു പോകണം, നടരാജനെന്ന ഫൊട്ടോഗ്രഫറെ അറിയാൻ. അദ്ഭുതങ്ങളുടെ പെട്ടി മാത്രമായി ക്യാമറയെ കണ്ടിരുന്ന അക്കാലത്തേ നിശ്ചലഛായകളെ സ്നേഹിച്ചിരുന്നു, നടരാജൻ. 1939 ൽ ഇഎസ്എൽസി പാസായപ്പോൾ ചിത്രഭ്രാന്ത് മൂർധന്യത്തിലെത്തി. കായംകുളത്തു പോയി കാണാവുന്ന സിനിമകളൊക്കെ കണ്ടു എന്നു മാത്രമല്ല, കായംകുളം രാജ സ്റ്റുഡിയോയിൽ ഫൊട്ടോഗ്രഫറായി ജോലിയും തുടങ്ങി. നടരാജന്റെ അമ്മാവനും മധ്യതിരുവിതാംകൂറിലെ ആദ്യ ഫൊട്ടോഗ്രഫറുമായ ദാമോദരപ്പണിക്കരുടേതായിരുന്നു ആ സ്റ്റുഡിയോ.

പ്രസിദ്ധമായ എവിഎം സ്റ്റുഡിയോക്കാരുടെ വക സേലത്തു പ്രഗതി സ്റ്റുഡിയോ ഉണ്ടെന്നറിഞ്ഞു നടരാജൻ അങ്ങോട്ടു പോയി. അവിടെ ക്യാമറ അസിസ്റ്റന്റായി. ഛായാഗ്രഹണത്തിൽ പ്രഗതി സ്റ്റുഡിയോയുടെ സർട്ടിഫിക്കറ്റ് ലഭിച്ചു. ടി.ആർ. മഹാലിംഗത്തെ നായകനാക്കി പ്രഗതി സ്റ്റുഡിയോ നിർമിച്ച ‘ശ്രീവള്ളി’ എന്ന സിനിമയിലൂടെ സിനിമയിലെ ക്യാമറ അസിസ്റ്റന്റായി സിനിമയിൽ ഹരിശ്രീ കുറിക്കുമ്പോൾ, നടരാജൻ ഒരു കൊച്ചുപയ്യൻ മാത്രം!

ഇടയ്ക്കു പട്ടാളത്തിൽ പണി കിട്ടി പുണെയ്ക്കു പോയി. ഒരു കൊല്ലം മാത്രമേ പട്ടാളച്ചിട്ടയ്ക്കു നടരാജനെ കെട്ടിയിടാൻ കഴിഞ്ഞുള്ളൂ. ഭാരതം സ്വതന്ത്രമായ വർഷം, നടരാജനും ‘സ്വതന്ത്രനായി’. വീണ്ടും ഫൊട്ടോഗ്രഫിയിൽ മനസ്സർപ്പിച്ച കാലം. വനം വകുപ്പിൽ ക്ലാർക്ക് ജോലിയും തേടിവന്നു. കൊല്ലത്തും കുളത്തൂപ്പുഴയിലും ഒല്ലൂരിലുമൊക്കെയായി ഒരു വർഷം പിടിച്ചുനിന്നു. സിനിമയോടുള്ള ഭ്രാന്ത് ആ ജോലിയും തട്ടിത്തെറിപ്പിച്ചു. സേലത്തൊരു മലയാളം സിനിമയെടുക്കുന്നു എന്നു കേട്ടത് അക്കാലത്താണ്. സേലം നടരാജനു സ്വന്തം നാടുപോലെ പ്രിയംകരം. അങ്ങോട്ടു വച്ചുപിടിച്ചു. ഛായാഗ്രാഹകൻ കൂടിയായ ആർ. വേലപ്പൻ നായരുടെ ആദ്യ സംവിധാന സംരംഭമായ ‘യാചകൻ’ ആയിരുന്നു ആ സിനിമ. നായകനായതു സ്വാതന്ത്യ്രസമര സേനാനിയും സർവോദയ നേതാവുമൊക്കെയായ എം.പി. മൻമഥൻ. നടരാജൻ ആ സിനിമയുടെ സഹസംവിധായകനായി.

സിനിമയുടെ വിളനിലമൊരുക്കി മെരിലാൻഡ് എന്ന സ്റ്റുഡിയോ തിരുവനന്തപുരത്തു തുടങ്ങുമ്പോഴേക്കു നടരാജന്റെ മനസ്സ് അവിടേക്കു പറിച്ചുനടപ്പെട്ടിരുന്നു. 1952 ൽ പി. സുബ്രഹ്മണഅയത്തിന്റെ നീലാ പ്രൊഡക്ഷൻസ് നിർമിച്ച ആദ്യ സിനിമയായ ‘ആത്മസഖി’യിൽത്തന്നെ നടരാജൻ ക്യാമറ അസിസ്റ്റന്റും മുഖ്യ നിശ്ചല ഛായാഗ്രാഹകനുമായി. അന്നു ടൈറ്റിലിൽ തെളിഞ്ഞ പേര് ആർ.എൻ. രാജൻ എന്നായിരുന്നു. ‘ത്യാഗസീമ’യിൽ അഭിനയിച്ചിരുന്നെങ്കിലും, ‘ആത്മസഖി’യായിരുന്നു സത്യനു നായകപ്രതിഷ്ഠ നൽകിയ ആദ്യ ചിത്രം. ഒരുമിച്ചു തുടങ്ങിയവർ എന്ന നിലയിൽക്കൂടിയാവണം, സത്യനുമായി നടരാജൻ വലിയ അടുപ്പമായി. തമിഴ് സാങ്കേതിക വിദഗ്ധരുടെ നീണ്ട നിരയുണ്ടായിരുന്ന മെരിലാൻഡിലെ ആദ്യ മലയാളി ടെക്നിഷ്യനായിരുന്നു നടരാജൻ. നീലായുടെ പൊൻകതിർ, അവകാശി എന്നീ സിനിമകളിലും ഛായാഗ്രഹണ വിഭാഗത്തിൽ നടരാജനുണ്ടായി. വേലക്കാരൻ, തിരമാല, ലോകനീതി, കാലം മാറുന്നു എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹണ സഹായിയും നിശ്ചല ഛായാഗ്രാഹകനും നടരാജനായിരുന്നു.

സിനിമതന്നെയായിരുന്നു മനസ്സിൽ മുഴുവനെങ്കിലും, മദ്രാസിലെ മായികലോകത്തു പിടിച്ചുനിൽക്കാൻ നടരാജനു വിധി അനുകൂലമായില്ല. 1963 ൽ വൈദ്യുതി ബോർഡിൽ എൽഡി ക്ലാർക്കായി ജോലിക്കു കയറി. പഴയ അനുഭവങ്ങൾ ആവർത്തിച്ചില്ല. ജീവിതത്തിന് ഇനിയുമൊരു ഷോക്ക് കൊടുക്കാതെ, നടരാജൻ 26 കൊല്ലം കെഎസ്ഇബിയിൽ ജോലി ചെയ്തു സീനിയർ സൂപ്രണ്ടായി പിരിഞ്ഞു. പക്ഷേ, മനസ്സിലെ നിശ്ചലഭാവങ്ങൾ അപ്പോഴും നിറപ്പകിട്ടോടെ കിടന്നിരുന്നു. വിരമിച്ചശേഷം ഫൊട്ടോഗ്രഫിയുടെ ആധുനിക സങ്കേതങ്ങൾവരെ പഠിച്ചു. തന്റെ വീട്ടുമുറിയിലെ കംപ്യൂട്ടർ മൗസിൽ വിരലമർത്തി, പുതിയ കാലത്തിന്റെ ഛായകളിലൂടെ കണ്ണോടിക്കുന്ന തൊണ്ണൂറ്റഞ്ചുകാരനെത്തേടി, പഴയ കാലത്തിന്റെ ആംഗിളുകൾ തിരക്കിയെത്തുന്ന ചെറുപ്പക്കാർ കുറവല്ല. ജീവിതത്തിന്റെ ഫ്രെയിമിൽനിന്നു നിറങ്ങൾ ഒപ്പിയെടുത്ത്, നടരാജന്റെ ഭാര്യ റിട്ട. അധ്യാപിക വസുമതി രണ്ടാഴ്ച മുൻപു വിടപറഞ്ഞു. ജയശ്രീയും പരേതനായ ഷാജിയുമാണു മക്കൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.