Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമുടിയിൽനിന്നു തുഴഞ്ഞ ‘ജീവിതനൗക’

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
nedumudi-venu-2 നെടുമുടി വേണു

എസ്.പി. പിള്ളയുടെ പോക്കറ്റിൽനിന്നു തവള ചാടുന്നു. ഉരലിൽ അരിയിടിക്കുമ്പോൾ തെറിക്കുന്ന അരി എസ്.പി. പിള്ളയാശാൻ ചാടി വായിലേക്കെടുത്തു ചവയ്ക്കുന്നു... മണൽ വിരിച്ച തിയറ്ററിന്റെ മുന്നിലെ വരികളിലൊന്നിലിരുന്നു കുഞ്ഞുവേണു കയ്യടിച്ചു ചിരിച്ചു. സിനിമ ഏതെന്ന് അന്നറിയില്ല. കുറേ കാലം കഴിഞ്ഞപ്പോൾ ചേട്ടൻമാർ ഓർമിപ്പിച്ചു, അതായിരുന്നു ‘ജീവിതനൗക’!

കുട്ടനാട്ടുകാർക്ക് അന്നു സിനിമ അപ്രാപ്യമാണ്. ആകെക്കൂടി പുളിങ്കുന്നിലൊരു കുൻകോ തിയറ്ററുണ്ട്. നെടുമുടിയിൽനിന്നു വള്ളം തുഴഞ്ഞ് അവിടെച്ചെന്നു സിനിമ കാണലൊക്കെ ഒരു പുകിലാണ്. അതുകൊണ്ട് അതിനൊന്നും ആരും അങ്ങനെ മിനക്കെടാറില്ല. കൊല്ലത്തിലൊരു സിനിമ കാണാനൊക്കുന്നത് അമ്പലപ്പുഴ അമ്പലത്തിൽ ഉൽസവം കൂടാൻ പോകുമ്പോഴാണ്. മുരളി ടാക്കീസിൽ കയറി കാലും നീട്ടിയിരുന്നു സിനിമ കണ്ടു മടങ്ങുമ്പോൾ, മനസ്സിൽ ആയിരമായിരം വർണങ്ങളുടെ ഉൽസവമാണ്. കൊല്ലങ്ങൾ കഴിഞ്ഞു സിനിമാനടനൊക്കെയായി കരിപ്പൂർ വിമാനത്താവളത്തിലിരുന്നു നെടുമുടി വേണു ‘ജീവിതനൗക’ വീണ്ടും കണ്ടു; ആദ്യം അറിയാതെ കണ്ട സിനിമയുടെ പുനഃപ്രദർശനം.

പിന്നൊരു കൊല്ലം അമ്പലപ്പുഴ ഉൽസവത്തിനു പോയപ്പോൾ അവിടെ കളിക്കുന്നതു ‘മർമവീരൻ’ എന്ന തമിഴ് പടമാണ്. അതും കണ്ടു. കുട്ടിക്കാലത്തേ ഉള്ളിൽ താളമുള്ളതുകൊണ്ടു സിനിമയുടെ ദൃശ്യങ്ങളേക്കാൾ വേണുവിനെ ആകർഷിച്ചത് അതിന്റെ പശ്ചാത്തല ഭംഗികളാണ്. നടനാവാനല്ല അന്നു മോഹം. അതു നടക്കുമെന്നൊരു സ്വപ്നം പോലുമില്ല. പാട്ട്, താളം, നാടകം... അങ്ങനെയങ്ങനെയാണു വേണു വളർന്നത്.

ചേട്ടൻ രാമചന്ദ്രൻ മൃദംഗത്തിലും വേണു ഘടത്തിലും പക്കമേളം വായിക്കാൻ പുളിങ്കുന്നിലൊരു കച്ചേരിക്കു പോയപ്പോൾ, മടങ്ങുംമുൻപു കുൻകോ തിയറ്ററിൽ കയറി ഒരു സിനിമ കണ്ടു, ‘പാതാളഭൈരവി’. അതു കഴിഞ്ഞു കുട്ടനാട്ടിൽ വേറെ തിയറ്ററൊക്കെ വന്നു. മങ്കൊമ്പിൽ ഭദ്ര, ചമ്പക്കുളത്തു ചിത്ര...

സ്കൂളിൽനിന്നു കോളജിലേക്കു കയറ്റം കിട്ടിയപ്പോൾ വേണുവിന്റെ ലോകം ആലപ്പുഴ നഗരത്തോളം വലുതായി. അവിടെ ശീമാട്ടി തിയറ്ററാണു പ്രധാനം. പ്രീ–ഡിഗ്രിക്കു മൂന്നാം ഗ്രൂപ്പെടുത്ത് എസ്ഡി കോളജിൽനിന്നു തോറ്റിറങ്ങിയപ്പോൾ പിന്നെ സമയം ധാരാളം. സിനിമ കാണൽ പതിവായി. പക്ഷേ, വെ​റുതെ അതുമിതുമൊന്നും കാണാൻ അന്നത്തെ ചിന്താഗതി അനുവദിക്കില്ല. പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ് എന്നിവരുടെ സിനിമകൾ തേടിപ്പിടിച്ചു കാണും. കൂട്ടുകാരോടൊപ്പമിരുന്നു സിനിമ ചർച്ച ചെയ്യും.

ബിരുദത്തിനും എസ്ഡി കോളജിൽ ചേർന്നപ്പോൾ പിന്നെ നെടുമുടിയുടെ കൊച്ചോളങ്ങളിൽനിന്ന് ആലപ്പുഴയുടെ തിരയിളക്കത്തിലേക്കു വേണു അമർന്നു. കോളജിനടുത്തൊരു കടയിൽ 75 പൈസയ്ക്കു സ്പെഷൽ മീൻ വറുത്തതോടെ ഊണു കിട്ടും. അതു വേണ്ടെന്നുവച്ചു വലിയചുടുകാടിനടുത്തുള്ള ഇക്കയുടെ കടയിലേക്കു ചെന്നാൽ നല്ല പൊറോട്ടയും ഇറച്ചിയും കിട്ടും. അതിന് 50 പൈസയേ വേണ്ടൂ. മിച്ചം പിടിക്കുന്ന കാശുകൊണ്ട് ഒരാഴ്ച സിനിമ കാണാം.

വേണു മലയാളം ബിരുദ വിദ്യാർഥി. ഇക്കണോമിക്സിൽ അക്കാലത്തു മറ്റൊരു പ്രതിഭാശാലിയുണ്ട്. ഫാസിൽ എന്ന ആ വിദ്യാർഥിയെ പരിചയപ്പെട്ടപ്പോൾ ഇഷ്ടങ്ങൾക്കു നല്ല ചേർച്ച. സിനിമാകാഴ്ച വിപുലമായി. സുബ്ബമ്മ, ശാന്തി തിയറ്ററുകൾ അപ്പോഴേക്ക് ആലപ്പുഴയിൽ ഉയർന്നു. ‘ബെൻഹർ നല്ല പടമാണ്, കാണണം’ എന്നു വേണുവിനോടു നിർദേശിച്ചതു ഫാസിലാണ്. എന്നാൽപ്പിന്നെ അതു കണ്ടിട്ടുതന്നെ കാര്യം എന്ന നിർബന്ധത്തിൽ സൈക്കിളിൽ കലവൂർക്കു ചവിട്ടി. ‘എനിക്ക് അന്നു സൈക്കിളൊന്നും ശരിക്കറിയില്ല. പക്ഷേ, പടം കാണാനുള്ള ആവേശത്തിൽ ആഞ്ഞുചവിട്ടി’ എന്ന് അന്നത്തെ കുസൃതി ഇന്നു വേണു ഓർക്കുന്നു.

ലോകം കുറേക്കൂടി വിപുലമായത് എറണാകുളത്തേക്കു പോയിത്തുടങ്ങിയപ്പോഴാണ്. ഷേണായീസിൽ ‘ഷോലെ’ കളിക്കുന്നു. അതു കാണമെന്ന മോഹത്തിൽ അങ്ങോട്ടു വച്ചുപിടിച്ചു. അപ്പോഴേക്കു വേണുവും ഫാസിലും വേദികളിൽ കൊച്ചുകൊച്ചു മിമിക്രി അവതരണങ്ങൾ തുടങ്ങിയിരുന്നു. കോളജിൽ രണ്ടു പേരുടെയും ഈ അരങ്ങ് ആദ്യമായി പ്രഫഷനലായതു സുഹൃത്ത് ഇ.സി. തോമസിന്റെ കല്യാണവീട്ടിലാണ്. പിന്നെ ഭീമ ബിന്ദന്റെ വീട്ടിൽ. വഴിയിൽ കാണുന്ന സാധാരണക്കാരെ കഥാപാത്രമാക്കിയാണു വേണുവിന്റെ ഹാസ്യാവതരണം. ഫാസിൽ പല താരങ്ങളെ‌യും അനുകരിക്കും; നസീർ മുതൽ ദേവാനന്ദ് വരെയുള്ള താരങ്ങളെ. കയ്യടികൾ ഏറിയേറി വന്നപ്പോൾ അൽപസ്വൽപം പണവും കയ്യിലായി. കൂടുതൽ കൂടുതൽ സിനിമ കാണലായി. വീട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞുവന്നു. പല ദിവസവും വേണു ആലപ്പുഴയിൽ തങ്ങും. മിക്കപ്പോഴും ഫാസിലിന്റെ വീട്ടിൽത്തന്നെ.

ഫാസിൽ എംഎയ്ക്കു ചേർന്നപ്പോഴും വേണു എസ്ഡി കോളജിന്റെ പരിസരത്തൊക്കെത്തന്നെയുണ്ടായിരുന്നു. മുന്നിലെ മുറുക്കാൻ കടയിലൊക്കെ വേണുവുണ്ടാകും. ക്ലാസ് കഴിഞ്ഞു ഫാസിൽ പുറത്തിറങ്ങിയാൽ പിന്നെ കലയുടെ വെടിവട്ടം. അങ്ങനെയൊരിക്കലാണു പ്രിയ സുഹൃത്ത് ബോബൻ കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോയിലേക്കു വിളിക്കുന്നത്. ഉദയാ ‘ഒരു സുന്ദരിയുടെ കഥ’ എന്നൊരു സിനിമയെടുക്കുന്നു. തോപ്പിൽ ഭാസിയാണു സംവിധാനം. ഭാസിക്കു സമയക്കുറവുള്ളതുകൊണ്ടു രഘുകുമാർ എന്ന സഹായിയാണു സിനിമയുടെ മേൽനോട്ടം മുഴുവൻ. സിനിമയിൽ ചെറിയ വേഷമുണ്ട് എന്നു പറഞ്ഞാണു ബോബച്ചന്റെ വിളി.

നസീർ അഭിനയിച്ച ‘ഭാവനമധുരനിലയേ പങ്കജാക്ഷി നിലയേ...’ എന്ന പാട്ടുരംഗത്തിൽ ഓടിപ്പോകുന്ന രണ്ടു ചെറുപ്പക്കാരായി സൂക്ഷിച്ചുനോക്കിയാൽ ഇപ്പോഴും കാണാം, വേണുവിനെയും ഫാസിലിനെയും. നസീറും ഉമ്മറുമൊന്നും വേണുവിനും ഫാസിലിനും അന്നത്ര ദൂരെയുള്ള നക്ഷത്രങ്ങളല്ല. കാരണം, സിനിമാ പത്രപ്രവർത്തകനായി വേണു ഉദയായിൽ ചെന്ന് ഇവരെയൊക്കെ മുൻപേ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. പലപ്പോഴും ഫാസിലും ഒപ്പം കാണും.

nedumudi-venu-1 നെടുമുടി വേണു

ഒരു പ്രതീക്ഷയുമില്ലാതെ സിനിമയുടെ ലോകത്ത് അരങ്ങേറ്റം നടത്തിയെങ്കിലും, നടനമെന്നാൽ അരങ്ങിലെന്നാണ് അപ്പോഴും വേണുവിന്റെ മനസ്സിൽ. ചിന്തയുടെയും അഭിനയപ്രയോഗത്തിന്റെയും ലോകം പിന്നെയും വലുതാക്കിക്കൊണ്ടു തിരുവനന്തപുരത്തേക്കു ജീവിതം പറിച്ചുനട്ടത് അവിടെയാണ്. അവിടെ കാവാലം നാരായണപ്പണിക്കരുടെ നാടകശാലയുണ്ട്. ‘അവനവൻ കടമ്പ’ നാടകം സംവിധാനം ചെയ്യാൻ അരവിന്ദൻ വരുന്നു. അരവിന്ദൻ ‘തമ്പ്’ എടുക്കുന്നു. അതേ സമയം ഭരതൻ ‘ആരവ’ത്തിലേക്കു വിളിക്കുന്നു. വേണു സിനിമയിൽ തമ്പടിക്കാൻ പിന്നെ കാലം കാത്തുനിന്നില്ല.

വല്ലപ്പോഴും വന്നുപോകുന്ന കുട്ടനാടല്ല വേണുവിനു നെടുമുടി. എന്നും മനസ്സിലുയരുന്ന പ്രശാന്തതയും പച്ചപ്പുമാണ്. ഐ.വി. ശശിയുട ‘ഭൂമിക’യിൽ അഭിനയിക്കാൻ കുട്ടനാട്ടിൽ വന്ന കുതിരവട്ടം പപ്പു പറഞ്ഞു: ‘എന്നാലും ഈ വെള്ളക്കുഴിയിൽനിന്ന് ഒരുത്തൻ നീന്തിക്കയറി അങ്ങു കോടമ്പാക്കം വരെ എത്തിയല്ലോ...’. ഈ വെള്ളക്കുഴിയാണു വേണുവിന് ഇന്നും ഭാവനയുടെ അങ്ങേയറ്റം. ‘പൂരം’ എന്ന ഒരൊറ്റ സിനിമ മാത്രം സംവിധാനം ചെയ്ത വേണുവിന് എത്രയോ കാലമായി മനസ്സിലുള്ള അടുത്ത സിനിമ കുട്ടനാടിന്റെ തുടിപ്പുള്ള ജീവിതമാണ്. അതു ചിത്രീകരിക്കാൻ ഒരു സിനിമയുടെ കാലം പോര, ഒരുപാടു സിനിമകളെടുക്കാനുള്ളത്ര സമയം വേണം. കുട്ടനാടിന്റെ പ്രകൃതി ഓരോ കാലത്തും മാറുന്ന മുഖങ്ങൾ ഒപ്പിയെടുക്കുന്ന ആ സ്വപ്നം വേണു ഒരു കാലത്തു ചെയ്തേക്കും. നാടും നെടുമുടിയും കാത്തിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.