Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസീർ ചേർത്തുനിർത്തി; ജയൻ സമ്മാനം നൽകി

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
‘മക്കൾ മാഹാത്മ്യ’ത്തിന്റെ ലക്കഷനിൽ ജഗദീഷ്, മുകേഷ്, കാമറാമാൻ നമ്പ്യാതിരി എന്നിവർക്കൊപ്പം പോൾസൺ (ഇടത്തുനിന്നു രണ്ടാമത്) ‘മക്കൾ മാഹാത്മ്യ’ത്തിന്റെ ലക്കഷനിൽ ജഗദീഷ്, മുകേഷ്, കാമറാമാൻ നമ്പ്യാതിരി എന്നിവർക്കൊപ്പം പോൾസൺ (ഇടത്തുനിന്നു രണ്ടാമത്).

അന്നൊക്കെ സാധാരണക്കാരന് ഉദയാ സ്റ്റുഡിയോയിൽ കയറണമെങ്കിൽ, ആൾക്കൂട്ടത്തെ ഷൂട്ടിങ്ങിനു വിളിക്കുന്ന ദിവസമാകണം. അങ്ങനെയുള്ള കാലത്താണു സാക്ഷാൽ കുഞ്ചാക്കോ മുതലാളിക്കൊപ്പം അദ്ദേഹത്തിന്റെ കാറിലിരുന്ന്, അന്നു വെറും പത്താം ക്ലാസുകാരനായിരുന്ന പോൾസൺ ഉദയായിലേക്കു കടന്നുചെല്ലുന്നത്! അതൊക്കെ ഒരു നിമിത്തമാണ്. ആലപ്പുഴ ലിയോ തേട്ടീൻത് സ്കൂളിലെ വിദ്യാർഥിയായിരുന്ന പോൾസൺ, സ്കൂളിനു മുന്നിലെ കാർമൽ പള്ളിയിൽ എന്നും രാവിലെ ചെന്നു പ്രാർഥിക്കും. കരുവാറ്റയിൽനിന്ന് ആലപ്പുഴയിൽവന്നു താമസമാക്കിയ കുടുംബത്തിലെ പയ്യൻ എന്നും പള്ളിയിൽ കാണുകയും ആരാധനയോടെ നോക്കുകയും ചെയ്യുന്ന സാന്നിധ്യമാണു കുഞ്ചാക്കോ. ഒരു ദിവസം പ്രാർഥന കഴിഞ്ഞിറങ്ങി വന്നപ്പോൾ, രണ്ടും കൽപിച്ചു പോൾസൺ കുഞ്ചാക്കോയുടെ അടുത്തേക്കു ചെന്നു: ‘എനിക്കു സ്റ്റുഡിയോയിലൊന്നു വരണമെന്നുണ്ട്’. ഡ്രൈവർ ബേബിയെ വിളിച്ചു കുഞ്ചാക്കോ ചോദിച്ചു: ‘ഇന്നു ഷൂട്ടിങ്ങുണ്ടോ?’ ‘ആരോമലുണ്ണി’യുടെ ഷൂട്ടിങ് നടക്കുകയാണ്. ‘നീ എവിടത്തെയാ?’ എന്നു പോൾസനോട്. ‘ഞാൻ പ്ലാക്കുഴയിലെ ദേവസ്യാച്ചന്റെ മകനാണ്’. ‘നിങ്ങൾക്കൊരു ഹോട്ടലുണ്ടായിരുന്നല്ലോ?’ എന്ന് അടുത്ത ചോദ്യം. അറിയാവുന്ന കുടുംബത്തിലെ പയ്യനായതുകൊണ്ടാകാം, അപ്പോൾത്തന്നെ കുഞ്ചാക്കോ പോൾസനെ കാറിൽ കയറ്റി ഉദയായിലേക്കു കൊണ്ടുപോയി.

ആരാധിക്കുന്ന താരങ്ങളെ ഒന്നു തൊട്ടാൽ മതി, പോൾസന്. നസീറും ഷീലയുമുണ്ടവിടെ. പക്ഷേ, അന്നവരെ തൊടാൻ പറ്റിയില്ല. പിന്നെ കുഞ്ചാക്കോ പോൾസനെ ഉദയായിൽ കൊണ്ടുപോകുമ്പോൾ ‘പാപങ്ങൾ പെണ്ണുങ്ങൾ’ എന്ന സിനിമയെടുക്കുകയാണ്. വിജയശ്രീയാണു നായിക. ശ്രീമൂലനഗരം വിജയനും ബേബി സുമതിയും റോഡിലൂടെ ഭിഷ യാചിച്ചു വരുന്ന രംഗത്ത്, പോക്കറ്റിൽനിന്നു നാണയമെടുത്തിട്ടും കൊടുക്കാതെ നടന്നുപോകുന്നയാളായി പോൾസൺ ആ സിനിമയിൽ മുഖം കാണിച്ചു. അതേ പടത്തിലെ ഗാനരംഗത്തിൽ അറബിയുടെ വേഷവും കൊടുത്തു. നൃത്തത്തിനിടെ വിജയശ്രീ പോൾസനെ ഇങ്ങോട്ടു വന്നു ‘തൊട്ടു’, താടിയിൽ പിടിച്ചു! പിന്നീടു ‘തേനരുവി’യിലെ ‘ഗുരുദേവാ... ഗുരുദേവാ...’ എന്ന ഗാനരംഗത്തിൽ ഗുരുവിനു കുട പിടിച്ചു നീങ്ങുന്നയാളായി, പോൾസൺ.

ഉദയായിൽ പോക്ക് പതിവായപ്പോൾ, പോൾസൺ കയ്യിലൊരു കാമറ കരുതി. പലരുടെയും പടമെടുക്കും. എ. വിൻസെന്റ് തലയിൽ തുണിയിട്ടു കാമറ പ്രവർത്തിപ്പിക്കുന്ന രംഗം ക്ലിക്ക് ചെയ്തു. ‘ആരോടു ചോദിച്ചാ നീ പടമെടുത്തത്?’ എന്നു വിൻസെന്റ് കോപിച്ചെങ്കിലും, പടം പ്രിന്റെടുത്തു കണ്ടപ്പോൾ അഭിനന്ദിച്ചു പുറത്തു തട്ടി. ആ പടം കണ്ടപ്പോൾ നസീർ പോൾസനോടു ചോദിച്ചു, ‘നമുക്കു രണ്ടു പേർക്കും കൂടിയൊരു പടമെടുക്കേണ്ടേ?’ കാമറ അസിസ്റന്റ് വില്യംസിനെ വിളിച്ചു പോൾസനെ ചേർത്തുനിർത്തി നസീർ പടമെടുപ്പിച്ചു.

പോൾസൺ

കുഞ്ചാക്കോയുടെ മകൻ ബോബൻ വഴിയാണു പോൾസന്റെ അടുത്ത വഴിത്തിരിവ്. അടൂർ ഭാസിയുടെ സംവിധാനത്തിൽ ‘അച്ചാരം അമ്മിണി ഓശാരം ഓമന’ ബോബൻ നിർമിക്കുന്നു. എ. വിൻസെന്റാണു സംവിധാനത്തിന്റെ മേൽനോട്ടം. ആദ്യം ശകാരിച്ച ഗുരുവിനു മുന്നിൽ ദക്ഷിണ വച്ച് ഇരുപത്തഞ്ചുകാരൻ പോൾസൺ സഹസംവിധായകനായി. പ്രഗൽഭർക്കൊപ്പമുള്ള നീണ്ട യാത്രയുടെ തുടക്കം. ഉദയാ നിർമിച്ച ആനപ്പാച്ചൻ, പാലാട്ടു കുഞ്ഞിക്കണ്ണൻ, സഞ്ചാരി, തീരം തേടുന്ന തിര, നവോദയയുടെ തീക്കടൽ, പടയോട്ടം, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, മൈ ഡിയർ കുട്ടിച്ചാത്തൻ എന്നീ സിനിമകളിലൊക്കെ സംവിധായകന്റെ കയ്യകലത്തു പ്രധാന കൈത്താങ്ങായി പോൾസൺ നിന്നു. ഈറ്റില്ലം, മറക്കില്ലൊരിക്കലും, നോക്കെത്താദൂരത്തു കണ്ണുംനട്ട്, പൂവിനു പുതിയ പൂന്തെന്നൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, എന്റെ സൂര്യപുത്രിക്ക് എന്നീ ഫാസിൽ സിനിമകളിലെയും സംവിധാനസഹായിയായി. സിദ്ദിക്ക് ലാൽ കാലം തുടങ്ങിയപ്പോൾ അവർക്കൊപ്പം നിന്നു, റാംജിറാവ് സ്പീക്കിങ്ങിലും ഇൻ ഹരിഹർ നഗറിലും ഗോഡ് ഫാദറിലും കാബൂളിവാലയിലും ഫ്രണ്ട്സിലും.

കോഴിക്കോട്ടു ‘ഗോഡ് ഫാദർ’ ചിത്രീകരണത്തിനിടെയാണു കോഴിക്കോട്ടുകാരനായ നിർമാതാവ് പോൾസനെ സംവിധായകനാക്കാൻ തയാറാവുന്നത്. ‌തിരക്കഥാകൃത്തുക്കളായ റോബിൻ തിരുമലയും സത്യനാഥും പറഞ്ഞ കഥ കേട്ടപ്പോൾ സിദ്ദിക്ക് ലാലിനു പോര എന്നൊരു തോന്നൽ. അവരൊരു കഥ നൽകാമെന്നേറ്റു. മൂന്നു സൂപ്പർ ഹിറ്റുകൾ ചെയ്തു നിൽക്കുമ്പോൾ, ഒരു നവാഗതനു കഥ കൊടുക്കുന്നതിനോടു പലരും സിദ്ദിക്ക് ലാലിനെ വിലക്കി. പക്ഷേ, പ്രിയപ്പെട്ട സഹസംവിധായകനെ അവർ കൈവിട്ടില്ല. റോബിൻ-സത്യനാഥ് തിരക്കഥയും ജെ. പള്ളാശേരി സംഭാഷണവുമൊരുക്കി. അതാണ് 1992 ൽ പുറത്തുവന്ന ‘മക്കൾ മാഹാത്മ്യം’ എന്ന ഹിറ്റ്.

പോൾസന്റെ ഇഷ്ട ലൊക്കേഷനായ കോഴിക്കോട്ടുതന്നെയായിരുന്നു ചിത്രീകരണം. പക്ഷേ, പ്രതിഫലക്കാര്യത്തിൽ നിർമാതാവുമായി തർക്കമായി. തർക്കം കോടതിയിലെത്തി. രണ്ടു തവണ ‘മക്കൾ മാഹാത്മ്യം’ കണ്ടയാളായിരുന്നു ജ‍ഡ്ജി; ആദ്യം ഒറ്റയ്ക്കും പിന്നെ ഭാര്യയ്ക്കൊപ്പവും. ഇഷ്ടപ്പെട്ട സിനിമയുടെ സംവിധായകനു പ്രതിഫലം വാങ്ങിക്കൊടുക്കാൻ ജ‍ഡ്ജിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല! ആദ്യവിജയത്തിന് അതേ ഊർജത്തിൽ തുടർച്ചയുണ്ടായിരുന്നില്ല. അടുത്ത മൂന്നു വർഷം പോൾസനു വീണ്ടും സഹസംവിധായകനാവേണ്ടി വന്നു. അതു കഴിഞ്ഞാണു ‘കിടിലോൽക്കിടിലം’. രാജീവ് രംഗനും രേഖയും പ്രധാന വേഷത്തിൽ. അൻസാർ കലാഭവന്റെ തിരക്കഥ. അൻസാറിന്റെതന്നെ രചനയിൽ ‘കെഎൽ 7 95 എറണാകുളം നോർത്ത്’ എടുത്തതു വലിയ താരങ്ങളെ അണിനിരത്താതെയായിരുന്നു. പക്ഷേ, ചുരുങ്ങിയ ചെലവിലും കോടികൾ വരുമാനം നേടി ആ പടം ശ്രദ്ധ നേടി. സ്നേഹപൂർവം സ്വന്തം മകൾക്ക്, വിദേശി നായർ സ്വദേശി നായർ, മിമിക്സ് ഗോസ്റ്റ്, ആരാദ്യം പറയും എന്നീ ചിത്രങ്ങൾകൂടി പോൾസൻ സംവിധാനം ചെയ്തു. അവസാന രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ‘കുടുംബവിളക്ക്’ എന്ന ഹിറ്റ് സീരിയലും പോൾസന്റെ സംവിധാനത്തിലായിരുന്നു.

തിരശ്ശീലയുടെ തിളക്കത്തിനും തിരക്കിനും അകലെയാണെങ്കിലും, പുതിയ സംരംഭങ്ങൾ എന്ന സ്വപ്നം പോൾസൺ ഉപേക്ഷിക്കുന്നില്ല. തിക്കുറിശ്ശിയും നസീറും ജയനും ഉമ്മറും അടൂർ ഭാസിയും ബഹദൂറുമൊക്കെയുള്ള ബന്ധത്തിൽനിന്നു സമീപകാലത്തുവരെ നീണ്ട വലിയൊരു അനുഭവ യാത്രയാണു പോൾസന്റേത്. ‘പാലാട്ട് കുഞ്ഞിക്കണ്ണ’ന്റെ അൻപതാം ദിനാഘോഷം തിരുവനന്തപുരം എം.പി. തിയറ്ററിൽ നടക്കുമ്പോഴുള്ള ചെറിയൊരു അനുഭവം മറക്കാനാവില്ല. താരങ്ങൾക്കും പിന്നണിക്കാർക്കുമൊക്കെ ഷീൽഡ് എടുത്തുകൊടുക്കുന്ന ചുമതലക്കാരനായിരുന്നു പോൾസൺ. ഒടുവിൽ പോൾസനു ഷീൽഡ് കൊടുക്കാൻ വിളിച്ചപ്പോൾ സദസ്സിൽനിന്നു ജയൻ വിളിച്ചുപറഞ്ഞു, ‘പോൾസനു ഞാൻ ഉപഹാരം കൊടുക്കും’. ‘അപ്പോൾ ഞാനാരാ...’ എന്നായി നസീർ. ഒടുവിൽ തിക്കുറിശ്ശിയും കൂടി. മൂന്നു സമ്രാട്ടുക്കളിൽനിന്നു മെമെന്റോ ഏറ്റുവാങ്ങുന്ന ആ രംഗം ഇപ്പോൾ പോൾസന്റെ മനസ്സിൽ മാത്രമേ ഉള്ളൂ. കിട്ടാതെ പോയൊരു നഷ്ടമായി, ആ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.