Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറ, എന്നും ‘ആദ്യത്തെ അനുരാഗം’

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
Prathapan പ്രതാപൻ

തിലകൻ പ്രതാപനോടു ചൂടായി: ‘ഈ ഇരുട്ടത്തു നിർത്തിയാണോ ഞങ്ങളുടെ ഷോട്ടെടുക്കുന്നത്?’ എറണാകുളം ജിസിഡിഎ കോംപ്ലക്സിനു മുന്നിൽ ‘മൂക്കില്ലാരാജ്യത്ത്’ ചിത്രീകരിക്കുകയാണ്. കോൺക്രീറ്റ് കവർ ചെയ്യാൻ കൊണ്ടുവന്ന അലുമിനിയം ഫോയിൽ പോലുള്ള തിളങ്ങുന്ന പ്രതലം കണ്ടപ്പോൾ പ്രതാപനൊരു ആശയം, അതിൽ ലൈറ്റപ്പ് ചെയ്ത് ആർട്ടിസ്റ്റുകളെ നിഴലിൽ നിർത്തി പാട്ടിന്റെയൊരു ഷോട്ടെടുക്കാം. തിലകനെ തണുപ്പിക്കാൻ പ്രതാപൻ പറഞ്ഞു: ‘ചേട്ടാ, നമുക്ക് ആർട്ടിസ്റ്റുകൾക്കു ലൈറ്റപ്പ് കൊടുത്തു വേറൊരു ഷോട്ടുമെടുക്കാം’. രണ്ടുമെടുത്തു. പക്ഷേ, സിനിമയിൽ ഉപയോഗിച്ചതു താരങ്ങളുടെ മുഖത്തു വെളിച്ചമില്ലാത്ത ആ നിഴൽച്ചിത്രമായിരുന്നു. സിനിമയിറങ്ങിയപ്പോൾ തിലകൻ പ്രതാപനെ വിളിച്ചഭിനന്ദിച്ചു: ‘താൻ പറഞ്ഞതു ശരിയാ. ആ ഷോട്ട് തന്നെയാ നന്നായത്’.

നീലംപേരൂർ ചന്ദ്രത്തിൽ വീട്ടിൽ പ്രതാപൻ എൺപതുകളിലും തൊണ്ണൂറുകളിലും പതിഞ്ഞടവുമായി വന്നു വിജയം കൊയ്ത ഒരുപാടു സിനിമകളുടെ ക്യാമറയ്ക്കു പിറകിലുണ്ടായിരുന്നു. അച്ഛൻ രാമചന്ദ്രൻ നായർ കർഷകനാണെങ്കിലും ക്യാമറ ഒരു ബലഹീനതയായിരുന്നു. വീട്ടിൽത്തന്നെ ഡാർക്ക് റൂം സജ്ജമാക്കുന്നത്ര ഫോട്ടോ ഭ്രാന്തൻ! ആ അച്ഛന്റെ മകനു ക്യാമറക്കമ്പം തലയ്ക്കു പിടിക്കാൻ വേറെ സാഹചര്യമൊന്നും വേണ്ടിയിരുന്നില്ല. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിൽനിന്നു ബോട്ടണി ബിരുദം കഴിഞ്ഞപ്പോൾ പിന്നെ ലക്ഷ്യം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാത്രം. അന്നു പുണെയിൽ ഛായാഗ്രഹണത്തിന് എട്ടു സീറ്റ് മാത്രം. അതിൽത്തന്നെ നാലെണ്ണം വിദേശികൾക്കു സംവരണം. പ്രതാപൻ പരീക്ഷയുടെ കടമ്പ കടന്നില്ല. എന്നാൽപ്പിന്നെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകതന്നെ. അടുത്ത ലക്ഷ്യം ചെന്നൈയിലേക്ക്.

അഡയാറിൽ അപേക്ഷ കൊടുക്കാൻ ചെന്നപ്പോഴേ ഗുരു മുന്നിൽ പ്രത്യക്ഷപ്പെട്ടു, അവിടത്തെ വിസിറ്റിങ് പ്രഫസറായ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ ദാസ്. പ്രതാപൻ സമയം കളയാതെ വിപിനെ വളഞ്ഞുപിടിച്ചു. സംഗീതജ്ഞൻ എൽ.പി.ആർ. വർമ പ്രതാപന്റെ അച്ഛന്റെ സുഹൃത്താണ്. അദ്ദേഹം വഴിയൊരു ശുപാർശ കൂടിയായപ്പോൾ വിപിൻ ദാസ് കൈവിട്ടില്ല, സഹായിയായി കൂടെക്കൂട്ടി.

വർഷം 1982. കൊല്ലത്തു സഹ ഛായാഗ്രാഹകൻ പ്രതാപന്റെ അരങ്ങേറ്റം. ചിത്രം: വി.എസ്. നായർ സംവിധാനം ചെയ്ത ‘ആദ്യത്തെ അനുരാഗം’. അതു കഴിഞ്ഞ്, കമൽ ഹാസനും സെറീന വഹാബും പ്രധാന വേഷത്തിൽ വന്ന ബേബിയുടെ ‘ചൂടാത്ത പൂക്കൾ’. രണ്ടു കൊല്ലത്തിനകം പ്രതാപൻ വിപിന്റെ അസോഷ്യേറ്റ് ക്യാമറാമാനായി. എന്നെന്നും കണ്ണേട്ടന്റെ, പിരിയില്ല നാം, നിറക്കൂട്ട്, അടിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, അടുക്കാൻ എന്തെളുപ്പം... വർഷത്തിൽ 13 വരെ സിനിമകൾ. വിപിൻ ദാസ് ലൊക്കേഷനുകളിലൂടെ ഓടിനടക്കുമ്പോൾ പലപ്പോഴും പ്രതാപനു സ്വതന്ത്രച്ചുമതല തന്നെയായിരുന്നു.

ജേക്കബ് ക്വിന്റിൻ സംവിധാനം ചെയ്ത ‘അന്തർജനം’ എന്ന സിനിമയിലൂടെ ’89 ലാണു പ്രതാപൻ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. അതു കഴിഞ്ഞു ശിവപ്രസാദിന്റെ ‘സൈരന്ധ്രി’. ഇതിൽ കുറച്ചു ഭാഗം ശ്രീകുമാറും ചിത്രീകരിച്ചിരുന്നു. ജഗതി ശ്രീകുമാർ ആദ്യമായി സംവിധായകനായ ‘അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു’വിൽ ഛായാഗ്രാഹകനായി വിളിച്ചതു പ്രതാപനെയായിരുന്നു. രണ്ടാമതു സംവിധാനം ചെയ്തപ്പോഴും (കല്യാണ ഉണ്ണികൾ) ജഗതി ആദ്യം വിളിച്ചതു പ്രതാപനെയാണ്. പക്ഷേ, മറ്റു തിരക്കുകൾമൂലം ആ കൂട്ടുകെട്ട് ആവർത്തിച്ചില്ല. അപൂർവം ചിലർ, സുന്ദരിക്കാക്ക, നഗരത്തിൽ സംസാരവിഷയം, മന്ത്രമോതിരം, ആചാര്യൻ, ഊട്ടിപ്പട്ടണം, അയലത്തെ അദ്ദേഹം, ഇന്നലെകളില്ലാതെ, കർപ്പൂരദീപം, ഒരു മുത്തം മണിമുത്തം, നാറാണത്തു തമ്പുരാൻ, ഇന്ദ്രിയം, ഗൃഹപ്രവേശം, ചകോരം, മലയാളി മാമനു വണക്കം... എന്നിങ്ങനെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി പ്രതാപൻ മുപ്പതിലേറെ സിനിമകളിൽ നിറഞ്ഞുനിന്നു. മൂന്നു മാസങ്ങൾക്കു മുൻപ്, വാൽസല്യം, തൂവൽസ്പർശം, ചമ്പക്കുളം തച്ചൻ, സാന്ദ്രം, സമാഗമം തുടങ്ങിയ സിനിമകളിലെ സെക്കൻഡ് യൂണിറ്റ് ക്യാമറാമാനുമായിരുന്നു.

അച്ഛന്റെ അസുഖംമൂലം മൂന്നാലു വർഷം സജീവ സിനിമാലോകം വിട്ടെങ്കിലും, പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിച്ച പല സീരിയലുകളുടെയും ക്യാമറയ്ക്കു പിന്നിൽ പ്രതാപനുണ്ടായിരുന്നു. ദൂരദർശനിലെ ആദ്യകാല സീരിയലായ ‘സ്കൂട്ടറി’ലാണ് ആരംഭം. തിരശ്ശീലയ്ക്കു പിന്നിൽ, കുതിരകൾ, മനോരമ വിഷൻ നിർമിച്ച മോഹപ്പക്ഷികൾ, നിറമാല, തപസ്യ എന്നീ സീരിയലും പ്രതാപന്റെ ക്യാമറാപ്രതിഭ കൊച്ചുസ്ക്രീനിൽ നിറച്ചു. കുമരകം രഘുനാഥും ശാന്തി കൃഷ്ണയുമായിരുന്നു, ആർ. ഗോപിനാഥ് സംവിധാനം ചെയ്ത ‘സ്കൂട്ടർ’ സീരിയലിലെ പ്രധാന താരങ്ങൾ. ആ പരിചയത്തിലൂടെ ‘കുതിരകൾ’ സീരിയലിലും ‘ചകോരം’ സിനിമയിലും ശാന്തി കൃഷ്ണയെ നിർദേശിച്ചതു പ്രതാപനായിരുന്നു. രണ്ടും ശാന്തി കൃഷ്ണയുടെ കരിയറിലെ അവിസ്മരണീയ വേഷങ്ങളുമായി ‘ചകോര’ത്തിൽ ശാന്തിക്കു സംസ്ഥാന അവാർഡും ലഭിച്ചു.

ടെലി സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, പരസ്യചിത്രങ്ങൾ, വിദേശ ചാനലുകളുമായിപ്പോലും സഹസംരംഭത്തോടെയുള്ള പ്രോജക്ടുകൾ... പ്രതാപൻ ഇപ്പോഴും വിശ്രമത്തിലല്ല. മുൻപത്തേക്കാൾ തിരക്കിലാണെന്നു പറയാം. രണ്ടു വർഷം മുൻപു ഡൽഹി കേന്ദ്രമായി തുടങ്ങിയ എസ്പിപി മീഡിയ എന്ന പ്രൊഡക്‌‌ഷൻ സ്ഥാപനത്തിന്റെ സഹസാരഥിയുമാണ്. 2000 ലും 2001 ലും മികച്ച ടിവി ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡും 2002 ൽ ചലച്ചിത്ര ഛായാഗ്രാഹകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും പ്രതാപനെ തേടിയെത്തി.

സംവിധാകൻ ജേസി പറഞ്ഞ വാക്കുകൾ പ്രതാപന്റെ കാതിൽ എപ്പോഴുമുണ്ട്. ‘എടോ, തെരുവുസർക്കസിൽ വടിക്കു മുകളിലൂടെ നടക്കുന്നയാളുടെ ശക്തിയും ധൈര്യവും താഴെ നിൽക്കുന്നയാളാണ്. അതാണു സംവിധായകനും ഛായാഗ്രാഹകനും തമ്മിലുള്ള ബന്ധം’ എന്നായിരുന്നു ജേസിയുടെ ഉപദേശം. സംവിധായകനെ വിശ്വസിക്കാനും സംവിധായകനു വിശ്വസിക്കാനും കൊള്ളാവുന്നയാൾ എന്ന നല്ല പേരുതന്നെയാണു പ്രതാപന് ഇന്നും സിനിമാലോകത്തുള്ള സമ്പത്ത്. സിനിമ ഷൊർണൂരിലും ഒറ്റപ്പാലത്തും കറങ്ങിനടന്ന കാലത്ത് ഈ കുട്ടനാട്ടുകാരൻ, ഒറ്റപ്പാലത്തെ പ്രസിദ്ധമായ വാപ്പാല കുടുംബത്തിൽനിന്നു കണ്ടെത്തിയ കോഴിക്കോട്ടുകാരിയാണു രജനി എന്ന ജീവിതപങ്കാളി. സിനിമ വീണ്ടും തിരികെ വിളിക്കുമ്പോൾ, പ്രതാപനെ കാത്തിരിക്കുന്ന രണ്ടു പ്രധാന പദ്ധതികളുണ്ട്. വിശദാംശങ്ങൾ വൈകാതെ പുറത്തുവരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.