Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അനന്തരം’ അപ്പച്ചൻ അഭിനേതാവായി

ചീഫ് സബ് എഡിറ്റര്‍
punnapra-achan പ്രേംനസീറിനൊപ്പം പുന്നപ്ര അപ്പച്ചൻ.

‘അനുഭവങ്ങൾ പാളിച്ചകളു’ടെ ലൊക്കേഷൻ. അവസരം തേടിയെത്തിയൊരു ചെറുപ്പക്കാരൻ, സത്യന്റെ കൂടെ നിൽക്കുന്നതാരൊക്കെയെന്ന് അന്വേഷിച്ചു. അക്കൂട്ടത്തിൽ പലരിലൊരാൾ പുന്നപ്ര അപ്പച്ചനായിരുന്നു. ആ ചെറുപ്പക്കാരൻ പിന്നെ വളർന്നു മെഗാസ്റ്റാറായി. അപ്പച്ചന്റെ ആ വേഷമെങ്കിലും കിട്ടിയാൽ മതിയെന്നു മോഹിച്ച ഓർമ പിന്നീട് മമ്മൂട്ടി തന്നെ എഴുതി. അപ്പച്ചൻ ഇപ്പോഴും നമുക്കിടയിലുണ്ട്; വേഷങ്ങളുടെ വലിപ്പത്തിലല്ല അഭിനേതാവിന്റെ സംതൃപ്തിയെന്നു പ്രഖ്യാപിച്ചുകൊണ്ട്. അന്നു സത്യന്റെ ഒപ്പം നിന്ന അതേ മനസ്സോടെ പിന്നീട് എത്രയോ സിനിമകളിൽ മമ്മൂട്ടിക്കും മോഹൻലാലിനും പിന്നെ പല തലമുറകൾക്കൊപ്പവും വേഷമിട്ടു. 1,600 സിനിമകൾ പിന്നിട്ടിട്ടും മൂന്നോ നാലോ ഷോട്ടിനപ്പുറത്തേക്കു വളരാത്തതിന്റെ നിരാശയില്ലായ്മയാണ് അപ്പച്ചന്റെ ‘വലിപ്പം’.

പുന്നപ്ര അരശ്ശർകടവിൽ (അറോജ്) വീട്ടിൽ ജെ. അൽഫോൻസ് എന്ന പേരിനെ മാറ്റിവച്ച്, വിളിപ്പേരായ അപ്പച്ചനെ സ്വയം കൂട്ടി ആദ്യം സിനിമ തേടിപ്പോയതു വീടിനടുത്തു നീർക്കുന്ന കടപ്പുറത്തേക്കാണ്. വർഷം 1970. ‘ഒതേനന്റെ മകൻ’ ചിത്രീകരണം നടക്കുന്നു. തിക്കിത്തിരക്കി ഷൂട്ടിങ് സ്ഥലത്തുചെന്ന അപ്പച്ചനെ ആരോ കഴുത്തിനു പിടിച്ചു തള്ളി. മുഖത്തേക്കു നോക്കിയപ്പോൾ കൂടെപ്പഠിച്ച അവറാച്ചൻ. ‘നീയെന്താടാ ഇവിടെ?’ എന്ന് അപ്പച്ചൻ. ‘ഞാനല്ലേ ഈ പടത്തിന്റെ മാനേജർ?!’ എന്നു മറുപടി. ‘എന്നാപ്പിന്നെ എനിക്കൊരു വേഷം മേടിച്ചുതാ’ എന്ന് അധികാരത്തോടെ അപ്പച്ചൻ.

പിറ്റേന്ന് ഉദയാ സ്റ്റുഡിയോയിൽ ചെല്ലാൻ പറഞ്ഞു. അന്നു കുടുംബം വക പാടത്തു കൊയ്ത്തിനു ചെല്ലാൻ അപ്പൻ പറഞ്ഞിരിക്കുകയാണ്. കൊയ്ത്തുകാരെ കണ്ട് എല്ലാം നോക്കിക്കോളാൻ പറഞ്ഞ് അപ്പച്ചൻ ഉദയായിലേക്ക് ഓടി. ശാരംഗപാണിയെ കണ്ട് അവറാച്ചൻ ശുപാർശ ചെയ്തു. ‘വേഷം കൊടുക്കാം, പക്ഷേ ഡയലോഗില്ലല്ലോ അവറാച്ചാ...’–ശാരംഗപാണി സന്ദേഹപ്പെട്ടു. ‘ആർക്കു വേണം ഡയലോഗ്, ഒന്നു മുഖം കാണിച്ചാൽ മതി’ എന്ന് അപ്പച്ചൻ ഉള്ളാലേ. കയ്യിലൊരു കുന്തവും തലയിൽ കുടുമയും വച്ചു കഥാപാത്രമായി. വിജയശ്രീയുടെ നൃത്തം കണ്ടുകൊണ്ടിരിക്കുകയാണു സത്യനും മണവാളൻ ജോസഫുമൊക്കെ. മണവാളനോടു പറയാൻ അപ്പച്ചനൊരു ഡയലോഗ് വീണുകിട്ടി. ‘ഇതാണു കാവിൽ ചാത്തോത്തെ കുങ്കി’ എന്ന ആദ്യ സംഭാഷണം 45 കൊല്ലം കഴിഞ്ഞിട്ടും അപ്പച്ചനെ കോരിത്തരിപ്പിക്കും. ആലപ്പുഴ സുബ്ബമ്മ തിയറ്ററിൽ കയറി ആറു തവണ അപ്പച്ചന്റെ തന്നെ സ്ക്രീനിൽ കണ്ടു! നാട്ടിലെ തെങ്ങിൽ തൂക്കിയിട്ട ഷോ കാർഡിൽ സത്യനൊപ്പം നിൽക്കുന്ന അപ്പച്ചനെ കണ്ടു നാട്ടുകാരൊക്കെ ഞെട്ടി.

ആദ്യ വേഷത്തിനു 15 രൂപ പ്രതിഫലവും വാങ്ങി ഉദയായുടെ പടിയിറങ്ങിയ അപ്പച്ചൻ പിന്നെ അവിടെ സ്ഥിരക്കാരനായി. ദത്തുപുത്രൻ, ഒരു സുന്ദരിയുടെ കഥ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാവങ്ങൾ പെണ്ണുങ്ങൾ, പോസ്റ്റ്മാനെ കാൺമാനില്ല... വർഷങ്ങൾ കടന്നുപോയി. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ വേഷമിട്ടാലേ രക്ഷപ്പെടൂ എന്നാരോ ഉപദേശിച്ചപ്പോൾ ആ വഴി തേടി. അടൂരിനെ ചെന്നുകണ്ടു. ‘സാധാരണ ഞാൻ തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വിളിക്കും. മിക്കവാറും ഞാൻ ഉദ്ദേശിച്ച കഥാപാത്രത്തിനു പറ്റിയ ആളായിരിക്കും എന്നെ തേടിവരുന്നത്. പക്ഷേ, താങ്കൾ അങ്ങനെയല്ല’–അടൂരിന്റെ ആദ്യ മറുപടി അപ്പച്ചനെ തളർത്തിക്കളഞ്ഞു. ‘എങ്കിലും ബയോഡേറ്റ അയയ്ക്കൂ’ എന്നു പറഞ്ഞ് അടൂർ മടക്കി അയച്ചു. പക്ഷേ, ബയോഡേറ്റ അയച്ചു നാലാം ദിവസം അടൂരിന്റെ മറുപടി വന്നു: ‘നാളെ കൊല്ലം പ്രശാന്തി ഹോട്ടലിൽ എത്തുക’. ഹോട്ടലിൽ ചെന്ന് അടൂരിനെ കണ്ടപ്പോൾ ഭരണിക്കാവിൽ ഷൂട്ടിങ്ങിനു പോകാൻ പുറപ്പെടുന്നു. അടൂരിന്റെ കാറിൽത്തന്നെ അപ്പച്ചന്റെ യാത്ര.

‘അനന്തരം’ ചിത്രീകരിക്കുകയാണ്. കത്തിയേറു നടക്കുന്ന രംഗം. ഗുണ്ടാനേതാവായ അസീസിനടുത്തേക്ക് അശോകനെ പിടിച്ചുകൊണ്ടുപോകുന്ന വേഷം അപ്പച്ചന്. ആ വേഷത്തിനു പ്രതിഫലമില്ല. പക്ഷേ, അടൂരിന്റെ ഓട്ടോഗ്രാഫ് കിട്ടി. മദർ തെരേസ മുതൽ, താൻ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അസംഖ്യം പേരുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന ശീലമുള്ള അപ്പച്ചന്, ആ കയ്യൊപ്പുതന്നെ സമ്പത്തായി.

ഹരിപ്പാട്ട് ‘മതിലുകൾ’ ചിത്രീകരണം നടക്കുമ്പോഴും അടൂർ അപ്പച്ചനെ വിളിച്ചു. പൊലീസുകാരന്റെ വേഷം. അത്തവണ അഭിനയം കഴിഞ്ഞു മടങ്ങിയ അപ്പച്ചനെത്തേടി അടൂരിന്റെ കത്തു വന്നു: ‘ചെറുതെങ്കിലും നല്ല വേഷത്തിനു നന്ദി. ചെറിയ പ്രതിഫലം അയയ്ക്കുന്നു’. ചെക്കുമായി ബാങ്കിൽ ചെന്നപ്പോൾ സിനിമാരാധകനായ മാനേജർ അപ്പച്ചനോടു ചോദിച്ചു ‘ഇതു മാറണോ? അടൂരിന്റെ ചെക്ക് ഫ്രെയിം ചെയ്തു സൂക്ഷിച്ചുകൂടേ?!’

‘വിധേയനി’ൽ പള്ളിവികാരിയാവാനും ‘നിഴൽക്കുത്തി’ൽ ചാരായക്കടക്കാരനാവാനും ‘നാലു പെണ്ണുങ്ങളി’ൽ കോൺട്രാക്ടറാവാനും അടൂർ പിന്നെയും അപ്പച്ചനെ വിളിച്ചു. സ്ഥിരമായി ആർക്കും വേഷം കൊടുക്കുന്ന പതിവില്ലാത്ത അടൂരിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചു: ‘അപ്പച്ചനോട് എന്താണിത്ര ഇഷ്ടം?’. അടൂരിന്റെ മറുപടി: ‘നല്ല മനസ്സുള്ളയാളാണ്’. അടൂരിനു കിട്ടിയ ഫാൽക്കെയോളം അപ്പച്ചൻ മനസ്സിൽ സൂക്ഷിക്കുന്ന ബഹുമതി.

ദിലീപ് കുമാറിനൊപ്പം ‘ദുനിയ’ എന്ന ഹിന്ദി ചിത്രത്തിൽ വേഷമിടാൻ ഒരിക്കൽ ക്ഷണം വന്നു. വെടിയേൽക്കുമ്പോൾ ശരീരത്തിൽനിന്നു രക്തം ചീറ്റുന്ന പൊലീസുകാരന്റെ വേഷം. ശരീരത്തിൽ കൊച്ചുബുള്ളറ്റ് പൊട്ടി ചുവന്ന മഷി ചീറ്റും. പക്ഷേ, ബുള്ളറ്റ് പൊട്ടുന്നത് അപ്പച്ചന് അസ്വസ്ഥത. പകരമൊരു വേഷം തരാമോയെന്നു ചോദിച്ചു. പകരം കിട്ടിയതു ലോട്ടറിയായിരുന്നു. ദിലീപ് കുമാറിനെ അറസ്റ്റ് ചെയ്യുന്ന എസ്ഐയുടെ വേഷം! ആഗ്രഹിച്ചതിലേറെ ഇങ്ങനെ പലതും സിനിമ അപ്പച്ചനു കൊടുത്തു. ജീവിതത്തിൽ മന്ത്രിയാവാൻ കൊതിച്ചയാൾ സിനിമയിൽ മുഖ്യമന്ത്രിയായി. പള്ളീലച്ചനാവാൻ ആഗ്രഹിച്ചവനു ബിഷപ്പിന്റെ വേഷം കിട്ടി. എസ്ഐ ആയാലോയെന്നു ചിന്തിച്ചയാൾക്ക് ഐജി വരെയാകാൻ കഴിഞ്ഞു. എക്കാലത്തും സിനിമ പ്രതിഫലത്തേക്കാൾ പ്രതീക്ഷയായ അപ്പച്ചനു ജീവിതമാർഗം എൽഐസി ഏജൻസിയാണ്.

ജഗതി ശ്രീകുമാറിനോടാണു സിനിമയിൽ ഏറെ അടുപ്പം. ഒരു ഉദ്ഘാടനച്ചടങ്ങിൽ ജഗതിക്കു സമ്മാനമായി കിട്ടിയതൊരു നവരത്നമോതിരം. ‘ഞാൻ പ്രതിഫലം വാങ്ങുന്നത് തൊഴിൽ ചെയ്യുന്നതിനാണ്. ഉദ്ഘാടനം എന്റെ തൊഴിലല്ല. പക്ഷേ, നിങ്ങൾ സ്നേഹപൂർവം തന്നതുകൊണ്ടു ഞാനിതു വാങ്ങുന്നു’ എന്നു പറഞ്ഞു ജഗതി ആ വിലപ്പെട്ട സമ്മാനം അപ്പച്ചനു കൊടുത്തു. മറ്റൊരിക്കൽ അപ്പച്ചൻതന്നെ ഉദ്ഘാടനത്തിനു വിളിച്ചപ്പോൾ ‘എനിക്കു തരാൻ ഉദ്ദേശിക്കുന്ന പ്രതിഫലത്തുക ഏതെങ്കിലും അഗതിമന്ദിരത്തിൽ കൊടുത്തു രസീത് എന്നെ കാണിച്ചാൽ മതി’ എന്നു പറഞ്ഞ ജഗതിയുടെ വലിയ മനസ്സും അപ്പച്ചനു മറക്കാൻ വയ്യ.

സിനിമയുടെ വഴിയിൽനിന്നു നസീർ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞ കാലം. ആലപ്പുഴ ജില്ലയിൽ പലയിടത്തും അപ്പച്ചൻ നസീറിന്റെ സഹചാരിയായി. സിനിമയിൽ കൃത്യമായ ഇടവേളകളിൽ സമ്പന്നമായ ഭക്ഷണം കഴിച്ചിരുന്ന നസീറിന് ഒരു ദിവസം രാവിലെ 11 മണിയായിട്ടും കാര്യമായി ഒന്നും കഴിക്കാൻ കഴിഞ്ഞില്ല. ‘അസ്സേ, എനിക്കു നന്നായി വിശക്കുന്നുണ്ട്’ എന്നു പറഞ്ഞ താരസമ്രാട്ടിന് അമ്പലപ്പുഴയ്ക്കടുത്തു വഴിയരികിലെ കടയിൽനിന്നു പഴവും പൊറോട്ടയും വാങ്ങിക്കൊടുത്തതും അപ്പച്ചനാണ്. വലിപ്പച്ചെറുപ്പങ്ങളുടെ പല വഴികളിലൂടെ നടന്ന് അപ്പച്ചൻ ഇപ്പോഴും സിനിമയ്ക്കൊപ്പം ആദരവോടെ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.