Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മയിലൊരു രാവിൽ നവോദയം

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

അമ്പലപ്പുഴ തോട്ടയ്ക്കാട് വീട്ടിൽനിന്നൊരു നാഗസ്വരശ്രുതി ഇപ്പോഴും ഉയരുന്നുണ്ട്. കലാവിരുന്നുകളുടെ ഇൗ വീട്ടുമുറ്റത്തേക്കു രാജീവ് കുമാർ ഓടിയെത്താത്ത ദിവസങ്ങളില്ല. അമ്മവഴിയും അച്ഛൻ വഴിയും കോട്ടയത്തുകാരനായ രാജീവിനെ ആലപ്പുഴയുടെ കലാവേരിൽ തളച്ചിട്ടത് അമ്പലപ്പുഴ സഹോദരൻമാരുടെ ഇൗ വീടാണ്.

നാഗസ്വരത്തിന്റെ മറുപേരുകളായ ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും. സംഗീതവും അഭിനയവും സംവിധാനവുമൊക്കെയായി അടിമുടി കല നിറഞ്ഞ ഇവരുടെ അനിയൻ രാമകൃഷ്ണപ്പണിക്കർ എന്ന രാമുണ്ണി. രാജീവിന്റെ അച്ഛന്റെ രണ്ടു ചിറ്റമ്മമാരുടെ ഭർത്താക്കൻമാരായിരുന്നു ഗോപാലകൃഷ്ണപ്പണിക്കരും രാമകൃഷ്ണപ്പണിക്കരും. അവധിയുടെ സംഗീതം തേടി രാജീവ് ചിറ്റമ്മമാരുടെ വീട്ടിലേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു. കോട്ടയത്തേക്കു മടങ്ങുമ്പോൾ അമ്പലപ്പുഴ ക്ഷേത്രമുറ്റത്തുനിന്നു കൊണ്ടുപോയിരുന്നതു കലയുടെ ഇൗ തുടിപ്പുകൾ മാത്രം.

അന്നു നാലിലോ അഞ്ചിലോ പഠിക്കുന്ന രാജീവിന്റെ മനസ്സിൽ, ആറടി അഞ്ചിഞ്ചു പൊക്കമുള്ള രാമുണ്ണിയുടെ ഗാംഭീര്യം വലിയൊരു സ്വാധീനമായി. സ്വന്തമായി ബാലെ ട്രൂപ്പുണ്ട്, അദ്ദേഹത്തിന്. നാഗസ്വരവും ചെണ്ടയും പുല്ലാങ്കുഴലും വായിക്കും. നന്നായി കഥ പറയും. കോട്ടയത്തു രാജീവിന്റെ അയൽവാസിയായിരുന്ന അരവിന്ദന്റെ ‘കുമ്മാട്ടി’യിൽ കുമ്മാട്ടിയുടെ വേഷമിട്ടതും രാമുണ്ണിയാണ്. അമ്പലപ്പുഴ അമ്പലത്തിനടുത്തുള്ള മുറിയിൽവച്ചു അഭിനയം പഠിപ്പിച്ചുകൊടുക്കുന്ന രാമുണ്ണിയിൽനിന്നു സംവിധാനത്തിന്റെ ആദ്യ വിത്ത് രാജീവിന്റെ ഉള്ളിൽ വിതയായി. കൊച്ചുരാജീവിൽ ഒരു കലാകാരനുണ്ടെന്നു രാമുണ്ണിയും തിരിച്ചറിഞ്ഞിരുന്നു.

അങ്ങനെയിരിക്കെയാണ്, ആഗ്രഹങ്ങളുടെ ആലപ്പുഴയിലേക്കു രാജീവിന്റെ പറിച്ചുനടൽ. മുനിസിപ്പൽ വകുപ്പിൽ ജീവനക്കാരായ അച്ഛൻ കരുണാകരപ്പണിക്കർക്കും അമ്മ ഇന്ദിരക്കുട്ടിയമ്മയ്ക്കും ആലപ്പുഴ ജില്ലയിലേക്കു സ്ഥലംമാറ്റം. രാജീവ് ആറാം ക്ലാസിൽ എസ്ഡിവി സ്കൂളിൽ ചേർന്നു. വാരാന്ത്യങ്ങളിൽ അമ്പലപ്പുഴയ്ക്കു പോക്ക് പതിവായി. കലയുടെ മിടിപ്പുകൾ കൂടിക്കൂടി വന്നു. അമ്പലപ്പുഴയെന്ന ഫാന്റസി രാജീവിനെ വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു. ഘടം വായിക്കുന്ന പ്രഭുസാറിന്റെ കീഴിൽ മൃദംഗം പഠിപ്പിക്കാൻ രാജീവിനെ ചേർത്തതു രാമുണ്ണിയാണ്. പിൽക്കാലത്തു തബലയിലും ജാസിലും കോംഗോ ഡ്രമ്മിലും മിമിക്രിയിലും മോണോ ആക്ടിലുമായി കലാവേദികളിൽ നിറഞ്ഞുനിന്ന രാജീവിന്റെ കാലം അവിടെ തുടങ്ങുന്നു.

പത്തിലെത്തിയപ്പോൾ കോട്ടയത്തേക്കു മാറി. പ്രീഡിഗ്രിക്കു തിരുവനന്തപുരത്തു പഠിക്കാൻ പോയി. പക്ഷേ, ആലപ്പുഴ രാജീവിനെ വിടാൻ തയാറായിരുന്നില്ല. കേരള സർവകലാശാലാ കലോൽസവത്തിൽ നാലു കൊല്ലം ഒന്നാമനായ രാജീവ് എന്ന യുവകലാകാരനെ നവോദയ നോക്കിവച്ചിരുന്നു. മുഹമ്മയിൽ ഒരു പരിപാടി കഴിഞ്ഞു രാത്രി തങ്ങിയത്, നവോദയയിൽ ജിജോയുടെ സംവിധാന സഹായിയായ മാത്യു പോളിന്റെ വീട്ടിലാണ്. വർഷം 1981. ബിരുദ വിദ്യാർഥിയായ രാജീവിനെ മാത്യു നവോദയയിലേക്കു കൈപിടിച്ചു കൊണ്ടുപോയി. സിനിമയെ വരിക്കാൻ മോഹം കലശലായിത്തുടങ്ങിയിരുന്നു. അപ്പോഴാണു സിനിമയുടെ സ്വപ്നഭൂമിയായ നവോദയയിലെത്തുന്നത്. വിഭ്രമലോകത്തെത്തിയപോലെ രാജീവ് വിസ്മയിച്ചു.

എഴുതാൻ പറ്റുമോയെന്നാണു നവോദയയിലെ ചോദ്യം. വായിക്കുമെങ്കിലും, രാജീവിന് എഴുത്തിൽ വലിയ വൈഭവം അന്നില്ല. ‘പടയോട്ടം’ കഴിഞ്ഞു ത്രിമാന സിനിമയുടെ തയാറെടുപ്പിലാണ് അന്നു നവോദയയിൽ എല്ലാവരും. ’82 ഡിസംബർ 17 നു രാജീവ് എസ്ബിടിയിൽ ജോലിക്കു ചേർന്നു. മൂന്നാം ദിവസം നവോദയയിലേക്കാണു വന്നത്. അപ്പോഴേക്കു ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന സിനിമ നവോദയ ഉറപ്പിച്ചിരുന്നു. കുറേ വിദേശ 3 ഡി സിനിമകളുടെ വിസ്മയം രാജീവ് ആദ്യമായി കണ്ണട വച്ചു കണ്ടു. രഘുനാഥ് പലേരിയുടെ തിരക്കഥയ്ക്കു പിന്നണിയൊരുക്കി രാജീവും സജീവമായി. നവോദയ രാജീവിനൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായി.

കഥയായാലും പാട്ടായാലും നവോദയയിൽ കൂട്ടായ്മയുടെ പിറവിയാണ്. കഥ കേൾക്കാൻ അപ്പച്ചന്റെ നാടായ പുളിങ്കുന്നിൽനിന്നൊക്കെ പലരും വന്നിരിക്കും. അവരിൽ ചിലരെയാണു തന്റെ ആദ്യ സിനിമയായ ‘ചാണക്യന്റെ’ തിരക്കഥ രാജീവ് കേൾപ്പിക്കുന്നത്. കണ്ടു മതിവരാത്ത കുട്ടനാടൻകാലം കാത്തുവച്ചൊരു കഥയായി ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ രാജീവ് എഴുതി, സംവിധാനം ചെയ്യുന്നതു പിന്നെയും കുറേക്കാലം കഴിഞ്ഞാണ്. ‘രാമുണ്ണി ചിറ്റപ്പൻ പറഞ്ഞുതന്ന കഥകളിൽനിന്നാണ് ആ സിനിമ ഉണ്ടായത്. കുട്ടനാടിനോട് എക്കാലത്തും വല്ലാത്തൊരു അഭിനിവേശം എനിക്കുണ്ട്. ചിറ്റപ്പൻമാരുടെ കൂടെ കച്ചേരിക്കൊക്കെ ചെറുപ്പത്തിൽ പലതവണ കുട്ടനാട്ടിൽ കറങ്ങിയിട്ടുണ്ട്’-രാജീവ് ഓർത്തു. നവോദയക്കാലത്തുതന്നെ രാജീവ് സിനിമയ്ക്കുറപ്പിച്ചതാണു ‘കണ്ണെഴുതി പൊട്ടുംതൊട്ടി’ന്റെ കഥ. പക്ഷേ, ആ വേഷത്തിനിണങ്ങിയ നടിയെ കാത്തിരിക്കുകയായിരുന്നു. മഞ്ജു വാരിയരും തിലകനും മൽസരിച്ചഭിനയിച്ച ഓരോ രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞ്, ഒരു സാധാരണ പ്രേക്ഷകന്റേതിനേക്കാൾ വിസ്മയത്തോടെ സംവിധായകൻ സെറ്റിലിരുന്നു. കാവാലത്തു താമസിച്ചായിരുന്നു ഷൂട്ടിങ്. തിലകനും മഞ്ജുവിനുമൊക്കെ ഭക്ഷണമൊരുക്കാൻ നാട്ടുകാർ ഉൽസാഹിച്ചു. രവി കെ. ചന്ദ്രന്റെ അസൂയ തോന്നിപ്പിക്കുന്ന ഫ്രെയിമുകൾ, കുട്ടനാടെന്നോർക്കുമ്പോൾ മലയാളി ഓർക്കുന്ന സിനിമാനുഭവമാക്കി ഇൗ ചിത്രത്തെ മാറ്റി.

manju-rajeev ‘കണ്ണെഴുതി പൊട്ടുംതൊട്ടി’ന്റെ ഡബ്വിങ് വേളയിൽ മഞ്ജു വാരിയർക്കൊപ്പം രാജീവ് കുമാർ.

അധികമാരും അറിയാത്തൊരു ചരിത്രവും ഇൗ സിനിമയുടെ സെറ്റിൽ പിറന്നു. രാജീവും മണിയൻപിള്ള രാജുവും സുരേഷ് കുമാറുമടക്കം പത്തു പേർ ചേർന്നു നിർമിച്ച ഇൗ സിനിമയുടെ നിർമാതാക്കളിലൊരാൾ രാധാകൃഷ്ണൻ (അദ്ദേഹം ഇന്നില്ല) മൊബൈൽ ഫോണുമായി ലൊക്കേഷനിൽ വരുമായിരുന്നു. മലയാളത്തിൽ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിക്കപ്പെട്ട ഷൂട്ടിങ്ങും ഇതാകാമെന്നു രാജീവ്. വിസ്മയങ്ങളുടെ ആലപ്പുഴയിലേക്കു ‘സുന്ദരി’ എന്ന പകുതി ചിത്രീകരിച്ച മറ്റൊരു സിനിമയ്ക്കുവേണ്ടി മാത്രമാണു രാജീവിനു പിന്നീടു വരാൻ നിയോഗമുണ്ടായത്. ‘ഏതു സിനിമ എടുത്തതിനേക്കാളുമൊരു പ്രണാമം കണ്ണെഴുതി പൊട്ടുംതൊട്ടിലൂടെ ഞാൻ ആലപ്പുഴയ്ക്കു സമർപ്പിച്ചിട്ടുണ്ട്’-രാജീവ് തന്റെ കലയുടെ ഹൃദയഭൂമിയെ വണങ്ങുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.