Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്രട്ടേറിയറ്റിനു മുന്നിൽനിന്നൊരു ‘നായകൻ’

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
രാമചന്ദ്രൻ രാമചന്ദ്രൻ

അമ്പലപ്പുഴ തനിക്കു വളക്കൂറുള്ളൊരു മണ്ണാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കു രാമചന്ദ്രൻ കഥകളെഴുതിത്തുടങ്ങിയിരുന്നു. അമ്പലപ്പുഴ കോലപ്പള്ളിൽ വീട്ടിലെ കുട്ടിക്കു പി.കെ. സ്മാരക ഗ്രന്ഥശാല അടുത്ത കൂട്ടുകാരനായി. അച്ഛന്റെ അച്ഛൻ ഗോപാലക്കുറുപ്പ് നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരനാണ്. വരയുടെ വഴിയും രാമചന്ദ്രന്റെ വഴിയിൽ തെളിഞ്ഞു.

ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ ലോകം കുറേക്കൂടി വലുതായി. നാട്ടിൽ നാടകങ്ങളും കലാപരിപാടികളും ഉൽസവവുമൊക്കെയായി ജീവിതത്തിനാകെയൊരു സാംസ്കാരികഛായ. അതിനിടെ പഠനത്തിലും മിടുക്കൻ. പഠനം കഴിഞ്ഞയുടൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി കിട്ടി തിരുവനന്തപുരത്തേക്കു പറിച്ചുനടൽ. അവിടെ രാമചന്ദ്രനു കൂടുതൽ ഇഷ്ടപ്പെട്ട തട്ടകങ്ങൾ. നാടകത്തിനു പറ്റിയ പശ്ചാത്തലം. കാവാലത്തിന്റെയും ടി.ആർ. സുകുമാരൻ നായരുടെയുമൊക്കെ കളരികളിൽ രാമചന്ദ്രൻ പതിവുകാരനായി. എസ്ബിടിയുടെ റിക്രിയേഷൻ ക്ലബ്ബിലൂടെ നാടകാവതരണം സ്ഥിരമായി.

ഏതൊരു അഭിനേതാവിനും തോന്നുംപോലെ സിനിമ എന്ന ലക്ഷ്യത്തിനുവേണ്ടി രാമചന്ദ്രൻ അലഞ്ഞുനടന്നതേയില്ല; സിനിമയുടെ ഗ്ലാമർ തെല്ലിഷ്ടമായിരുന്നെ​ങ്കിലും. പക്ഷേ, സിനിമ രാമചന്ദ്രനെ തേടിവന്നു. വന്നതു സെക്രട്ടേറിയറ്റിന്റെ മുന്നിലായിരുന്നു. സുഹൃത്ത് രാധാകൃഷ്ണനൊപ്പം വൈകുന്നേരത്തെ പതിവു നടപ്പുണ്ട്. ആറടിക്കാരൻ രാമചന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ പാതയോരത്തു കണ്ടപ്പോൾ ദൂരെനിന്നു പത്മരാജനു ചൂണ്ടിക്കാണിച്ചുകൊടുത്തതു ഭാര്യ രാധാലക്ഷ്മിയാണ്. ‘നവംബറിന്റെ നഷ്ടം’ എന്ന സിനിമയ്ക്കുവേണ്ടി പത്മരാജനൊരു ‘ഉയരക്കാരൻ’ നായകനെ തേടുന്നുണ്ടായിരുന്നു. രാധാകൃഷ്ണനു പത്മരാജനുമായി പരിചയമുണ്ട്. പത്മരാജൻ രാധാകൃഷ്ണനെ വിളിച്ചു രാമചന്ദ്രനോടു വന്നു കാണാൻ പറഞ്ഞു. ദൂരെ കണ്ടയാളെ അടുത്തു കണ്ടതോടെ നായകനെ ഉറപ്പിച്ചു.

പ്രേംനസീറിനൊപ്പം രാമചന്ദ്രൻ പ്രേംനസീറിനൊപ്പം രാമചന്ദ്രൻ

പക്ഷേ, ഒരു കൊല്ലത്തേക്കു പിന്നെ സംവിധായകന്റെ വിളിയേ ഇല്ല. പെരുവഴിയമ്പലവും കള്ളൻ പവിത്രനും ഒരിടത്തൊരു ഫയൽവാനും കഴിഞ്ഞുള്ള പത്മരാജന്റെ സിനിമയാണു ‘നവംബറിന്റെ നഷ്ടം’. കുറേക്കൂടി കൊമേഴ്സ്യൽ ചേരുവയുള്ള ആദ്യ പത്മരാജൻ ചിത്രം. അതിനുള്ള തയാറെടുപ്പായിരുന്നിരിക്കാം ആ ഒരു വർഷം. പടം തുടങ്ങാറായപ്പോൾ പത്മരാജൻ രാമചന്ദ്രനെ വിളിപ്പിച്ചു. പ്രധാന കഥാപാത്രമായി അവരോധിച്ചു. മാധവിയും പ്രതാപ് പോത്തനും ഗോപിയുമടങ്ങിയ താരനിരയ്ക്കൊപ്പം രാമചന്ദ്രൻ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്നു. സഹസംവിധായകൻ കട്ട് പറയുമ്പോൾ രാമചന്ദ്രൻ അറിയാതെ അങ്ങോട്ടു നോക്കിപ്പോകും. അതോടെ എടുത്ത ഷോട്ട് പാഴാകും. ആദ്യദിവസങ്ങളിൽ ഇതു പതിവായപ്പോഴും, പത്മരാജൻ കോപിച്ചില്ല. ശാന്തനായി പുതുമുഖത്തെ സിനിമയുടെ ട്രാക്കിലേക്കു കൊണ്ടുവന്നു. ‘അദ്ദേഹത്തിന്റെ പടം ചെയ്യുമ്പോൾ വെറുമൊരു അഭിനേതാവായി മാത്രമല്ല, നമ്മുടെ പങ്ക്. അവിടെ കൂട്ടായി ഒരു സർഗസൃഷ്ടി പിറക്കുകയാണ്’ എന്നു രാമചന്ദ്രന്റെ ഓർമക്കുറിപ്പ്.

1982 ലെ ‘നവംബറിന്റെ നഷ്ടം’ നല്ലൊരു തുടക്കമായെങ്കിലും, പിന്നെ മൂന്നു വർഷത്തേക്കു രാമചന്ദ്രനെത്തേടി പടമൊന്നും വന്നില്ല. അടുത്ത ക്ഷണമെത്തിയതും പത്മരാജനിലൂടെത്തന്നെയായിരുന്നു. ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ എന്ന പടത്തിൽ മമ്മൂട്ടിക്കും നെടുമുടി വേണുവിനും അശോകനും സൂര്യയ്ക്കുമൊക്കെ ഒപ്പമുള്ള വേഷം. The only film for men എന്ന ധീരമായ പരസ്യവാചകത്തോടെ അക്കാലത്തു പുറത്തിറങ്ങിയ ‘അരപ്പട്ട’യ്ക്കു പിറകെ രാമചന്ദ്രനെ വിളിച്ചതു കെ.എസ്. സേതുമാധവനാണ്. ചിത്രം: ‘അറിയാത്ത വീഥികൾ’. അതിപ്രഗൽഭർക്കൊപ്പം ആരംഭിച്ചെങ്കിലും സിനിമയുടെ വെള്ളിവെ‌ളിച്ചത്തിലൂടെ മാത്രം രാമചന്ദ്രൻ സഞ്ചരിച്ചില്ല. രാമചന്ദ്രന്റെ പ്രകൃതംപോലെ ശാന്തമായൊരു സിനിമാജീവിതംതന്നെ.

ഭരത് ഗോപി സംവിധാനം ചെയ്ത ‘യമനം’, ജി.എസ്. വിജയന്റെ ‘ഘോഷയാത്ര’, ശശിധരന്റെ ‘കാണാതായ പെൺകുട്ടി, ശിവന്റെ ‘അഭയം’, വി. രാജകൃഷ്ണന്റെ ‘ശ്രാദ്ധം’ തുടങ്ങിയ രഞ്ജൻ പ്രമോദിന്റെ ‘ഫൊട്ടോഗ്രാഫർ’ വരെ നീളുന്ന കരിയർ ഗ്രാഫിൽ ഇരുപത്തഞ്ചിൽ താഴെ സിനിമകൾ മാത്രം. ദൂരദർശനിൽ ഏറെ ശ്രദ്ധേയമായ ‘അറബിക്കടലിന്റെ റാണി’യും ‘ശരറാന്തലും’ ഉൾപ്പെടെ പത്തോളം സീരിയലുകളും. ‘അറബിക്കടലിന്റെ റാണി’ പുറത്തുവന്നു രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും, അടുത്തിടെ എറണാകുളത്തെ ഒരു പഴക്കച്ചവടക്കാരൻ അതിലെ കസ്റ്റംസ് ഓഫിസറെ തിരിച്ചറിഞ്ഞതു രാമചന്ദ്രനെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.

നീളൻ മൂക്കും നിറഞ്ഞ മുഖശ്രീയുമുള്ളയാൾക്കു സിനിമയെ മാത്രം വരിക്കാമായിരുന്നു. പക്ഷേ, രാമചന്ദ്രൻ ഒരിക്കലും ജോലി ഉപേക്ഷിക്കാതെ തുടർന്നു. ഇപ്പോൾ എസ്ബിടി ഹെഡ് ഓഫിസിലെ റിട്ടേൺ സെൽ മാനേജർ. തിക്കുറിശ്ശി ഒരിക്കൽ പറഞ്ഞതു രാമചന്ദ്രൻ ഓർത്തു: ‘ഇതു വെളിച്ചത്തു പിടിച്ച് ഇരുട്ടത്തു കാണിക്കുന്ന കലയാ. നീ ജോലി കളയേണ്ട’. ആ ഗുരുവാക്ക് രാമചന്ദ്രൻ ഒരിക്കലും മറന്നില്ല. ‘സിനിമ എനിക്ക് ഒരിക്കലുമൊരു ഹരമായിരുന്നിട്ടില്ല. സ്വകാര്യമായി വായിച്ചുകൊണ്ടിരിക്കുക. നല്ലൊരു സർഗാത്മകസന്ധ്യ ആസ്വദിക്കുക. നാടകമോ കഥകളിയോ കൂടിയാട്ടമോ കണ്ടു മതിമറക്കുക... സിനിമയിലെ വെള്ളിവെളിച്ചത്തേക്കാൾ ഞാൻ ആസ്വദിക്കുന്നത് ഇതൊക്കെയാണ്’ എന്നു പറയാൻ നമുക്ക് അധികം അഭിനേതാക്കൾ ഉണ്ടായിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.