Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റാംജിറാവി’ന്റെ മുറിയിൽ ‘ഒറ്റയാൾ പട്ടാളം’

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

കലവൂർ കുമാരൻ ജയിലിലെ ഉദ്യോഗസ്ഥൻ മാത്രമല്ല, ജയിൽച്ചിട്ടയുള്ള അച്ഛൻ കൂടിയായിരുന്നു. മൂത്ത മകൻ രവികുമാറിനു ഫുട്ബോളിനോടാണു കമ്പം. സ്ഥിരമായി കളിക്കാൻ പോകും. മകന്റെ കളിക്കു ചുവപ്പു കാർഡ് കാണിച്ച് അച്ഛൻ അവധിക്ക് ഒരടുക്ക് പുസ്തകങ്ങൾ വാങ്ങിവയ്ക്കും. വായിച്ചിട്ട് അതിലെ സംഗ്രഹം പറയണമെന്നാണു വ്യവസ്ഥ. മുക്കും മൂലയും വായിച്ചു രവി തന്നെ പറ്റിക്കുകയാണെന്നറിഞ്ഞപ്പോൾ, സംഗ്രഹം എഴുതിത്തരാൻ കുമാരൻ നിബന്ധന വച്ചു. അതോടെ രവി എഴുത്തുകാരനായി. കഥാകൃത്തായി, തിരക്കഥാകൃത്തായി, പിന്നെ സംവിധായകനുമായി.

കലവൂർ രവികുമാർ എന്ന ആലപ്പുഴപ്പേരിൽ അറിയപ്പെട്ടെങ്കിലും, രവിയുടെ ജനനവും ബാല്യവും കൗമാരവും യൗവനവും കണ്ണൂരിനോട് ഇഴപിരിച്ചു വച്ചതാണ്. കണ്ണൂരിലായിരുന്നു അച്ഛനു ജോലി. പട്ടണക്കാട്ടുകാരിയായ അമ്മ പത്മാവതിയും അവിടെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥ. രവിയും അനിയത്തിയും അനിയനും കണ്ണൂരുകാരായി വളർന്നു. ഇരുപത്തിമൂന്നാം വയസ്സിലാണു രവിയുടെ കലവൂരിലേക്കുള്ള പറിച്ചുനടൽ. ബാലരമയിൽ ആദ്യ കഥയെഴുതുമ്പോൾ രവി എം.കെ. രവികുമാറായിരുന്നു. പക്ഷേ, മകനിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞപ്പോഴേ ആ പേരിലും അച്ഛൻ കലവൂരിന്റെ കല കുറിച്ചിട്ടു.

ബിരുദം കഴിഞ്ഞു തിരുവനന്തപുരത്തു ജേണലിസം പഠിക്കുമ്പോഴേ സിനിമ രവിയുടെ പേനയിൽ ഇടം പിടിച്ചിരുന്നു. സംവിധായകൻ ടി.കെ. രാജീവ് കുമാറിന്റെ സഹോദരൻ സജീവ് സഹപാഠിയായിരുന്നു. എഴുതിവച്ച തിരക്കഥ രാജീവിനെ കാണിച്ചപ്പോൾ, സംവിധായകന്റെ മുഖത്തു പ്രകാശം. വേറെയും കഥകളെഴുതാൻ പ്രേരണ. അങ്ങനെ രാജീവിന്റെ സംവിധാനത്തിൽ രവിയുടെ ആദ്യ തിരക്കഥ പിറന്നു, ‘ഒറ്റയാൾ പട്ടാളം’. ആലപ്പുഴ റെയ്ബാൻ ഹോട്ടലിലിരുന്ന് ആ തിരക്കഥയെഴുതുമ്പോൾ രവിക്കു വെറും 23 വയസ്സ്. റൂം ബോയ് നാസർ പറഞ്ഞു, ‘ഇതേ മുറിയിലിരുന്നാണു സിദ്ദിക്കും ലാലും റാംജിറാവ് സ്പീക്കിങ് എഴുതിയത്’. വിസ്മയിപ്പിക്കുന്ന വിവരം നൽകിയ നാസറിന്റെ പേര് ‘ഒറ്റയാൾ പട്ടാള’ത്തിലെ ഒരു കഥാപാത്രത്തിനു നൽകി രവി സന്തോഷം തീർത്തു.

പിന്നെ ഒരു ദശകം പത്രപ്രവർത്തന കാലമായിരുന്നു. കല്യാണം കഴിച്ച് ആലപ്പുഴ പഴവീട്ടിലെ വാടകവീട്ടിൽ കഴിയുമ്പോഴാണ് ഇഷ്ടസിനിമയുടെ പിറവി. കർശനക്കാരനായ അച്ഛനാണു വീട്ടിലുള്ളതെങ്കിൽ, ‘വഴിതെറ്റിപ്പോകുന്നൊരു’ അച്ഛന്റെ രസം കലർന്ന കഥയായിരുന്നു ആ സിനിമ. അച്ഛന്റെ അച്ചടക്കത്തിലൊന്നും പിടികിട്ടാത്ത രസികനാണു രവിയുടെ അനിയൻ പത്മകുമാർ. ആ അച്ഛൻ-മകൻ സംഭാഷണങ്ങളിലെ നർമശകലങ്ങൾ പലതും ‘ഇഷ്ട’ത്തിൽ രവി എഴുതിച്ചേർത്തു. ‘ഇഷ്ടം’ എഴുതിക്കഴിഞ്ഞപ്പോഴേക്കു രവി തൃശൂരുകാരനായി പ്രവാസം തുടങ്ങിയിരുന്നു. ഇപ്പോൾ അവിടെ സ്ഥിരവാസിയുമായി.

പത്രപ്രവർത്തനകാലത്തെ, ഒട്ടും നിറംപിടിപ്പിക്കാത്ത അനുഭവച്ചൂടുള്ള സിനിമയായിരുന്നു ‘സ്വലേ’. പ്രശസ്ത സാഹിത്യകാരൻ മരിക്കാൻ കിടക്കുന്നതു റിപ്പോർട്ട് ചെയ്യാൻ ദിവസങ്ങളോളം കാത്തുകെട്ടിക്കിടക്കുന്ന പത്രപ്രവർത്തകന്റെ, നർമവും നൊമ്പരവും ഇടകലർന്ന ജീവിതഛായകൾ എഴുതുമ്പോൾ രവി സ്വന്തം ജീവിതം തന്നെ പകർത്തി. തകഴിയുടെ മരണത്തിനു മുൻപുള്ള ദിവസങ്ങളായിരുന്നു രവിയുടെ മനസ്സിൽ. തകഴിയിൽ പ്രാദേശിക ലേഖകനില്ല. രാത്രി പലവട്ടം രവി ഞെട്ടി ഉണരും. ഇടയ്ക്കിടെ വിവരങ്ങൾ വിളിച്ചന്വേഷിക്കും. ഉറക്കമില്ലാത്ത ആ രാത്രികൾ ഒരു സിനിമയുടെ ഉണർവായി മാറി.

കമലിനുവേണ്ടി ‘നമ്മൾ’ വരുംമുൻപ് ‘ഇഷ്ട’ത്തിന്റെ ലൊക്കേഷനിൽ വന്ന തീരെ ചെറിയ പെൺകുട്ടിയായിരുന്നു ഭാവന. ‘നമ്മളി’ന്റെ കഥയെഴുതിയ ബാലമുരളിയാണു ഭാവനയെ അന്നു പരിചയപ്പെടുത്തുന്നത്. ‘ഇഷ്ട’ത്തിൽ സ്വീകരിക്കപ്പെടാതെപോയ ഭാവനയെ, വീണ്ടും ടിവി പരിപാടിയിൽ കണ്ടു ‘നമ്മളി’ലേക്കു പുനഃപ്രവേശം ചെയ്യിക്കുന്നതു രവിയാണ്. അങ്ങനെ, രവിയുടെ തിരക്കഥയിൽത്തന്നെ ഭാവന സിനിമയിൽ തുടക്കം കുറിച്ചു. ആദ്യ ഡയലോഗ് ഒറ്റ ടേക്കിൽ ഓകെയാക്കിയ ആ പെൺകുട്ടിക്ക്, പ്രതിഭയ്ക്കു ചേരുന്ന കഥാപാത്രങ്ങൾ ഇപ്പോഴും ഏറെ കിട്ടിയിട്ടില്ലെന്നാണു രവിയുടെ വിലയിരുത്തൽ.

‘ഫാദേഴ്സ് ഡേ’ എന്ന സിനിമ സംവിധാനം ചെയ്തപ്പോഴാണു രേവതി എന്ന നടിയുടെ സിനിമയോടുള്ള അർപ്പണം രവി അടുത്തുകണ്ടത്. മലയാളം സംസാരിക്കുമെങ്കിലും, രേവതിക്കു വായിക്കാനറിയില്ല. സംഭാഷണങ്ങൾ ഇംഗ്ലിഷിൽ എഴുതിയെടുത്താണു പഠിക്കുക. ആദ്യ ദിവസം ലൊക്കേഷനിൽ എത്തിയപ്പോൾത്തന്നെ സിനിമയിലെ തന്റെ സംഭാഷണങ്ങൾ മുഴുവൻ ഒരു ഡയറിയിൽ എഴുതിയെടുത്തു മനപ്പാഠമാക്കിയ രേവതി രവിക്കൊരു അദ്ഭുതമായിരുന്നു. പ്രോംപ്റ്റിങ് ഒട്ടുമില്ലാതെ രേവതി ഡയലോഗ് പറയുമ്പോൾ, സഹസംവിധായകരൊക്കെ അന്തംവിടും.

രവി എഴുതിയ തിരക്കഥകളിൽ, അനിൽബാബുവിന്റെ ‘ഞാൻ സൽപ്പേര് രാമൻകുട്ടി’ മാത്രമാണ് ആലപ്പുഴയിൽ ചിത്രീകരിച്ചത്. കുട്ടനാട്ടിലായിരുന്നു ആ സിനിമാസഞ്ചാരം. ആലപ്പുഴയുടെ ഒരുപാടു വെളിപ്പെട്ട കുട്ടനാടൻ കാഴ്ചയ്ക്കപ്പുറം, മറ്റൊരു കഥ പറഞ്ഞു സ്വന്തം നാട്ടിലൊരു സിനിമയെടുക്കാനുള്ള ആലോചനയിലാണു രവി. ഇടതു പാർട്ടിക്കാരന്റെ കഥ പറയുന്ന സിനിമ കേട്ടപ്പോൾ ശ്രീനിവാസന് ഏറെ ഇഷ്ടപ്പെട്ടു. ‘സന്ദേശം’ പോലെ ശ്രീനിയുടെ ഉഗ്രനൊരു വേഷമായിരിക്കും അതെന്ന ഉറച്ച വിശ്വാസത്തിലാണു രവി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.