Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാടിനെ ലോകം കാണിച്ച ഛായാരവി

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
നടൻ സൂര്യയ്ക്കൊപ്പം രവി. കെ. ചന്ദ്രൻ. നടൻ സൂര്യയ്ക്കൊപ്പം രവി. കെ. ചന്ദ്രൻ.

ട്രെയിനിൽവച്ചു രവി കെ. ചന്ദ്രനെ കാണുമ്പോൾ നിർമാതാവ് അൻവിൻ ആന്റണി ഒരു നായികയെ തപ്പിക്കൊണ്ടിരിക്കുകയാണ്. ഷാജി കൈലാസിന്റെ വമ്പൻ സിനിമകൾക്കു മുൻപുള്ള കാലം. ഒരു കൊച്ചു പടമെടുക്കുന്നു. അൻവിനാണു നിർമാതാവ്. ജയറാമിന്റെ നായികയാവാൻ ഒരു പുതിയ പെൺകുട്ടിയെ വേണം. രവിക്കു മുന്നിൽ ഒരു ഓഫറും ഒരു അഭ്യർഥനയും. ആ സിനിമയിൽ സ്വതന്ത്ര ഛായാഗ്രാഹകനാക്കാം, ഒരു നായികയെ കണ്ടെത്തിത്തരണം.

രാജീവ് മേനോന്റെ സഹായിയായി രവി മുംബൈയിൽ പരസ്യചിത്രങ്ങളിൽ കാമറ ചെയ്യുന്ന കാലമാണ്. അവിടത്തെ പരിചയം വച്ച് പരസ്യങ്ങളിലും സീരിയലിലുമൊക്കെ അഭിനയിക്കുന്ന സുചിത്ര കൃഷ്ണമൂർത്തിയെ കൊണ്ടുവന്നു നായികയാക്കി. വർഷം 1991. ചിത്രം ‘കിലുക്കാംപെട്ടി’. കാഴ്ചകളുടെ സ്വതന്ത്ര ലോകത്തേക്കു രവിയുടെ ഫ്രെയിമുകൾ ആദ്യമായി തുറന്നു.

തൃക്കുന്നപ്പുഴ മംഗലം വീട്ടിൽ കുഞ്ഞന്റെയും ഹരിപ്പാട് താമല്ലാക്കൽ ശങ്കരമംഗലത്തു വീട്ടിൽ പത്മിനിയുടെയും ഏഴു മക്കളിൽ ഇളയവനു കാമറയുടെ ലോകം വീട്ടിലെ കളിപ്പാട്ടങ്ങൾക്കൊപ്പമായിരുന്നു. ഏറ്റവും മൂത്ത ചേട്ടൻ രാമചന്ദ്രബാബുവിനെ ഛായാഗ്രഹണലോകം അന്നേ എഴുന്നേറ്റുനിന്നു വണങ്ങും. അച്ഛനു ചെന്നൈയ്ക്കടുത്തു മധുരാന്തകത്തു ഹോട്ടൽ ബിസിനസായതിനാൽ, അവിടെയായിരുന്നു രവിയുടെ ജനനം. സ്കൂളിൽ പഠിക്കുമ്പോൾ കാമറ രവിക്കൊരു ആകർഷണമായില്ല. പക്ഷേ, കോളജ് പഠനകാലത്തു ചെന്നൈയിൽ ചേട്ടന്റെ വീട്ടിൽ വന്നു താമസിച്ചതു വഴിത്തിരിവായി. ചേട്ടന്റെ കാമറയെടുത്തു രവി ക്ലിക്ക് ചെയ്ത പല ഫ്രെയിമുകളും സുഹൃത്തുക്കൾക്കു വിസ്മയമായി. കാമറയുടെ സെറ്റിങ്സ് മാറ്റിയതാണോ എന്നു ചോദിപ്പിക്കുന്ന തരത്തിൽ ചിത്രസൗന്ദര്യം. മമ്മൂട്ടി, മോഹൻലാൽ പോലുള്ള അന്നത്തെ തുടക്കക്കാരടക്കമുള്ള സിനിമയുടെ വലിയ ലോകവുമായി രവി ക്രമേണ അടുത്തു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ എൻട്രൻസ് പാസായെങ്കിലും, അച്ഛന്റെ മരണം കാരണം ആ വഴി മുടങ്ങി. ചേട്ടനൊപ്പം രവി സഹായിയായി ചേർന്നു. രാജീവ് മേനോൻ എന്ന ഛായാഗ്രാഹകനുമായുള്ള ബന്ധമാണു പിന്നീടുള്ള വഴിത്തിരിവ്. രാജീവ് തമിഴിൽ ‘അഗ്നിപുത്രൻ’ ചെയ്യുന്നു. സംഘട്ടനരംഗങ്ങളുടെ ക്ലാഷ് ജോലികൾ രവിയെ രാജീവ് ഏൽപിച്ചു. പിന്നീടങ്ങോട്ടു രാജീവിന്റെ പരസ്യചിത്രങ്ങളിൽ രവി സ്ഥിരം സഹായിയായി. തമിഴിൽ ധാരാളം ചിത്രങ്ങളിൽ അസിസ്റ്റന്റായി. അതിനിടയിൽ എത്തിപ്പെട്ടതാണു സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ സിനിമ, ‘കിലുക്കാംപെട്ടി’.

1992 ൽ ‘കിലുക്കാംപെട്ടി’ പുറത്തുവരുംമുൻപേ, ‘വലിയ’ സംവിധായകനായ ഐ.വി. ശശി ‘അർഥന’യ്ക്കു കാമറ ചലിപ്പിക്കാൻ രവിയെ വിളിച്ചുകഴിഞ്ഞിരുന്നു. സിനിമയിൽ തുടക്കമിട്ട ആദ്യ വർഷംതന്നെ ഷാജി കൈലാസിന്റെ ‘തലസ്ഥാനം’, അനിൽബാബുവിന്റെ ‘മാന്ത്രികച്ചെപ്പ്’, സുനിലിന്റെ ‘പ്രിയപ്പെട്ട കുക്കു’ എന്നീ സിനിമകളും രവി ചെയ്തു. സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, ദ് കിങ് എന്നിങ്ങനെ കാമറയിൽ ആക്‌ഷനും വികാരവും നിറച്ചു മലയാളത്തിൽ പ്രതിഷ്ഠ നേടിയപ്പോഴേക്കു രവിയുടെ അടുത്ത വഴിത്തിരിവിനു സമയമായിരുന്നു.

‘അർഥന’യുടെ റഷസ് കണ്ടപ്പോഴേ പ്രിയദർശൻ മനസ്സിൽ കുറിച്ചിട്ടതാണ്, രവിയെ. പ്രിയന്റെ ക്ഷണം വൈകാതെ വന്നു. അതു ‘തേൻമാവിൻ കൊമ്പത്തി’ന്റെ കാമറ ചലിപ്പിക്കാനായിരുന്നു. പക്ഷേ, അന്നതു നടന്നില്ല. ആ സിനിമയിൽ കെ.വി. ആനന്ദിനെ കൊണ്ടുവന്ന പ്രിയൻ, കാമറയുടെ അപൂർവചാരുതകൾ സ്ക്രീനിൽ നിറച്ചു. ആനന്ദിനെത്തേടി ദേശീയ അവാർഡുമെത്തി. ഹിന്ദിയിൽ പ്രിയനു സ്ഥിരം ഇരിപ്പിടം നേടിക്കൊടുത്ത ‘വിരാസത്തി’ലേക്കു രവിയെ വിളിച്ചപ്പോൾ, ബോളിവുഡിന്റെ വിശാല ലോകത്തേക്കുള്ള കാൽവയ്പാകുമെന്നു രവി കാര്യമായി പ്രതീക്ഷിച്ചില്ല. കഭി ന കഭി, രാജാ കോ റാണി സേ പ്യാർ ഹോഗയാ, ദിൽ ചാഹ്താഹേ, മുജ്സേ ദോസ്തി കരോഗേ, കോയി മിൽ ഗയ, ബ്ലാക്ക്, ഫന, ഗജിനി, മൈ നേം ഈസ് ഖാൻ... ഹിന്ദിയുടെ വിജയനിരയിൽ രവിയുടെ പേര് പിൽക്കാലം പതിവായി.

‘വിരാസത്തി’ലൂടെ ആദ്യം ഫിലിം ഫെയർ അവാർഡ് നേടിയ രവി, അമിതാഭ് ബച്ചന്റെ ‘ബ്ലാക്കി’ലെ നിഴൽ–വെളിച്ചങ്ങളിലൂടെ രണ്ടാമത്തെ ഫിലിം ഫെയർ അവാർഡിന് അർഹനായി. ‘കന്നത്തിൽ മുത്തമിട്ടാൻ’ ദക്ഷിണേന്ത്യയിലെ മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡും നേടിക്കൊടുത്തു. മിൻസാര കനവിൽ സഹ ഛായാഗ്രാഹകനായ രവി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ആയുധ എഴുത്ത്, ബോയ്സ് തുടങ്ങിയ സിനിമകളിലൂടെ തമിഴിന്റെയും പ്രിയപ്പെട്ടവനായി. ‘യാൻ’ എന്ന സിനിമ തമിഴിൽ സംവിധാനം ചെയ്യുകയും ചെയ്തു.

‘കണ്ണെഴുതി പൊട്ടുംതൊട്ടി’നായി രാജീവ് കുമാർ വിളിക്കുമ്പോഴേക്കു രവി ബോളിവുഡിലെ ശ്രദ്ധേയ നിരയിൽ ഇടം നേടിയിരുന്നു. എഴുപതടി ഉയരമുള്ള അകേല ക്രെയിൻ രണ്ടു ദിവസത്തേക്കു സൗജന്യമായി കിട്ടാൻ അവസരം ഒത്തുവന്നപ്പോൾ, സമയം കളയാതെ രവി അതു കുട്ടനാട്ടിലേക്കു കൊണ്ടുവന്നു. തെങ്ങിന്റെ ഉയരത്തിൽനിന്നെന്നപോലത്തെ ദൃശ്യങ്ങൾ ദക്ഷിണേന്ത്യയിൽ ആദ്യമായിരുന്നു. ദേശീയ അവാർഡ് ജൂറിയിൽ ഈ സിനിമ കണ്ട് ‘ഷോലെ’യുടെ സംവിധായകൻ രമേഷ് സിപ്പി പറഞ്ഞു: ‘വളരെ സുന്ദരമായ ഹെലികോപ്റ്റർ ദൃശ്യങ്ങൾ!’. ദേശീയ അവാർഡ് കിട്ടിയില്ലെങ്കിലും, ആ വാക്കുകൾതന്നെ രവിക്കു കിട്ടിയ അംഗീകാരമായി.

ഷോട്ടിന്റെ ഇടവേളകളിൽ കാമറയുടെ പിറകിൽവന്നു നിർദേശങ്ങൾ തന്നു ശല്യപ്പെടുത്താത്ത ആമിർ ഖാൻ, തന്റെയും രവിയുടെ ഭാര്യയുടെയും പിറന്നാൾ ഒരേ ദിവസമായതിനാൽ എല്ലാ വർഷവും ആ ദിവസം ഓർത്തുവച്ച് ആശംസിക്കുന്ന ഷാറുഖ് ഖാൻ... ഹരിപ്പാടിന്റെ കുട്ടി ഈ സ്നേഹസൗഭാഗ്യങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ ഉയരങ്ങളോളം ചെന്നവനാണ്. മണിരത്നത്തിനും സഞ്ജയ് ലീല ബൻസാലിക്കും പ്രിയപ്പെട്ട കാമറാമാനിൽനിന്ന് ഒരു തലമുറകൂടി സ്ക്രീനിലേക്കെത്തുന്നതിന്റെ ആവേശത്തിലാണു രവിയിപ്പോൾ. മകൻ സന്താനകൃഷ്ണൻ ഷാഫിയുടെ സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നു. ‘അവനു ഹിന്ദിയിലോ തമിഴിലോ തുടങ്ങാമായിരുന്നു. പക്ഷേ, മലയാളത്തിൽ തുടങ്ങണമെന്നത് എന്റെ നിർബന്ധമായിരുന്നു. അതൊരു വലിയ ലോകമാണ്. അവിടെ നിലയുറപ്പിച്ചാൽ പിന്നെ മുന്നോട്ടുള്ള യാത്ര സുഗമമാവും’–വന്ന വഴി മറക്കാത്ത കലാകാരന്റെ വാക്കുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.