Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

​‘യവനിക’ താഴാത്ത വീട്ടിൽ...

ചീഫ് സബ് എഡിറ്റര്‍
sl-puram-family എസ്എൽ പുരം സദാനന്ദൻ, ഭാര്യ ഓമന, മക്കൾ ജയസോമ, ജയസൂര്യ.

എസ്എൽ പുരത്തെ കാക്കര വീടിനു പണ്ടു മുതലേ പേരു ‘യവനിക’ എന്നാണ്. നാട്ടിൽ മുഴുവൻ അന്നേ അതു നാടകവീടാണ്. വേദിയിലെ രംഗജ്ജീകരണംപോലെ അങ്ങിങ്ങായി കുറേ കൊച്ചുമുറികളുള്ള വീട്. അതിൽ നിറയെ ആളുള്ള കുടുംബം. പത്തിരുപതു പേരുള്ള ആ വീടിന്റെ ഉമ്മറക്കസേരയിൽ കാരണവരായി സദാനന്ദൻ എന്ന കുടുംബനാഥൻ. പഠിത്തത്തിനിടയിൽ രാഷ്ട്രീയം തലയ്ക്കു പിടിച്ച് ആ വഴി കുറേ കറങ്ങി നാടകത്തിലും പിന്നെ സിനിമയിലുമെത്തിയ എസ്എൽ പുരം സദാനന്ദൻ. എസ്എൽ പുരം എന്ന നാടിനെ സ്വന്തം പേരായി പതിപ്പിച്ചെടുത്ത പ്രതിഭ.

പണം മുഴുവൻ കൊടുത്താലേ എസ്എൽ പുരം സിനിമയുടെ ക്ലൈമാക്സ് എഴുതിക്കൊടുക്കൂ എന്നൊരു പരിഭവം പണ്ടേ സിനിമക്കാർക്കിടയിലുണ്ട്. അതിന്റെ യഥാർഥ വസ്തുത പലർക്കും അറിയില്ലായിരുന്നു. ഇത്രയും വലിയൊരു കുടുംബത്തെ നയിക്കാൻ അദ്ദേഹത്തിനു പറഞ്ഞ പണം പിടിച്ചുവാങ്ങാതെ തരമില്ല. അങ്ങനെ കണക്കു പറഞ്ഞ് അദ്ദേഹം എഴുതിയതാണ് എണ്ണം പറഞ്ഞ 132 തിരക്കഥകൾ. മലയാളത്തിൽ ഈ റെക്കോർഡ് തിരുത്തപ്പെട്ടിട്ടില്ല. ഇനി തിരുത്തപ്പെടാൻ ബുദ്ധിമുട്ടുമാണ്. തിരക്കഥയ്ക്കു ദേശീയ അവാർഡ് ഏർപ്പെടുത്തിയ ആദ്യ വർഷം (1965) ‘അഗ്നിപുത്രി’യിലൂടെ ആ ബഹുമതി കേരളത്തിലേക്കു കൊണ്ടുവന്നതും എസ്എൽ പുരത്തിന്റെ തൂലികയാണ്.

jayasurya ജയസൂര്യ

‘എന്റെ ഗ്രാമമാണ് എന്റെ സർവകലാശാല’ എന്നുറക്കെപ്പറഞ്ഞ അച്ഛന്റെ മക്കളായി വളരുമ്പോൾ ജയസൂര്യയും ജയസോമയും പഠിച്ചതു മണ്ണിന്റെ മണമുള്ള ജീവിതമാണ്. ‘നാടകം എനിക്കു തറവാടാണ്; സിനിമ എനിക്കു സത്രവും’ എന്നുകൂടി പറഞ്ഞിരുന്നു, എസ്എൽ പുരം. ആ തറവാട്ടിലേക്കുതന്നെയാണു ചെറുപ്പത്തിലേ ജയസൂര്യയും കാലെടുത്തു വച്ചത്. പക്ഷേ, കുട്ടികളെ കലയുടെ വഴിയിൽ കൊണ്ടുവരുന്നതിനേക്കാൾ, നന്നായി പഠിപ്പിച്ചു ജോലിയിലെത്തിക്കാനാണ് എസ്എൽ പുരം ആദ്യമേ മനസ്സിലുറപ്പിച്ചത്. ഓരോ ഘട്ടത്തിലും പുതിയ പഠനവഴിയിലേക്കു തിരിച്ചുവിട്ടു. അങ്ങനെ, ബിരുദത്തിനും പിജിക്കുമിടയിലെ ഇടവേളയിൽ ബാംഗ്ലൂരിൽ ബിസിനസ് മാനേജ്മെന്റ് പഠിക്കാൻ പോയ ജയസൂര്യ, ക്ലാസിലിരുന്നു ബോറടിച്ചപ്പോൾ ‘ഡിലമ്മ’ എന്ന പേരിൽ ഒരു ഇംഗ്ലിഷ് കവിതയെഴുതി. എഴുതിക്കഴിഞ്ഞപ്പോൾ അതൊരു ഊർജമായി. എഴുത്തിനൊരു തെളിച്ചമായി.

പിജി കഴിഞ്ഞ്, അച്ഛനെ തന്റെ പ്രതിഭ ബോധ്യപ്പെടുത്താൻ ജയസൂര്യ എഴുതിയതു നാടകമാണ്. കലാലയ രാഷ്ട്രീയം പ്രമേയമായ ‘നഷ്ടപ്പെടുന്ന നാളെ’ എന്ന ആ നാടകം ആദ്യം അവതരിപ്പിച്ചതു സൂര്യസോമ ഓഡിറ്റോറിയത്തിൽ തന്നെയായിരുന്നു. അനിയൻ ജയസോമയെ ജയസൂര്യ പ്രധാന കഥാപാത്രമാക്കി അഭിനയിപ്പിച്ചു. ജയസോമയടക്കം മൂന്നു കഥാപാത്രങ്ങൾ മാത്രം. നാടകം കാണുന്നതിനിടയിൽ ഇടയ്ക്കിടെ കാലാട്ടിക്കൊണ്ടിരുന്ന അച്ഛനെ, വേദിയുടെ പിറകിൽനിന്ന് ഒളിച്ചുനിന്നു കണ്ടപ്പോൾ ജയസൂര്യയ്ക്കു സമാധാനമായി, അച്ഛനെ നാടകം സ്വാധീനിച്ചിരിക്കുന്നു. മനസ്സിൽ തട്ടുന്ന രംഗങ്ങൾ കാണുമ്പോൾ കാലാട്ടുന്നത് എസ്എൽ പുരത്തിന്റെ പ്രത്യേകതയായിരുന്നു!

എന്നിട്ടും കലയുടെ വഴിയിലേക്കു തിരിയാൻ അച്ഛൻ സിഗ്നലൊന്നും തരുന്നില്ല. ഒടുവിൽ ജയസൂര്യ സ്വയം സംവിധായകരെ തേടിയിറങ്ങി. വിജി തമ്പിയെയും കെ. മധുവിനെയും പ്രിയദർശനെയും കാണാൻ പോയി. എസ്എൽ പുരത്തിന്റെ മകൻ സംവിധായകരെത്തേടി നടക്കുന്നു എന്നു കേട്ടപ്പോൾ അച്ഛനൊരു വിഷമം. അദ്ദേഹം ഉടൻ ഫാസിലിനെ വിളിച്ചു ജയസൂര്യയെ അങ്ങോട്ടു വിട്ടു. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ തീരാറാവുന്നു. അഞ്ചു ദിവസത്തെ ഷൂട്ടിങ്ങേ ബാക്കിയുള്ളൂ. പക്ഷേ, ഫാസിൽ ജയസൂര്യയെ സഹസംവിധായകനായി കൂടെക്കൂട്ടി. സാധാരണ ഏതു സംവിധായകനും അടുത്ത പടത്തിൽ ഉൾപ്പെടുത്താറേയുള്ളൂ. പക്ഷേ, ജയസൂര്യയെ ഫാസിൽ അന്നു മുതൽ ‘കയ്യെത്തും ദൂരത്ത്’ വരെ പത്തു പടങ്ങളിൽ ഗുരു–ശിഷ്യ ബന്ധത്തിന്റെ കൈപിടിച്ചു കൂടെ നടത്തി.

സിനിമയിലേക്കിറങ്ങുമ്പോൾ എസ്എൽ പുരം മകൻ കൊടുത്തതു രണ്ട് ഉപദേശങ്ങളാണ്: 1. എസ്എൽ പുരം സദാനന്ദന്റെ മകൻ എന്ന അംഗീകാരം നിനക്കു തുടക്കത്തിൽ മാത്രമേ കിട്ടൂ. അതു കഴിഞ്ഞു പിടിച്ചുനിൽക്കണമെങ്കിൽ നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടെന്നു തെളിയിക്കണം 2. സിനിമയിൽ ഏറ്റവും വലുത് പണം മുടക്കുന്നയാളാണ്. നിർമാതാവിനെ ചില്ലുകൂട്ടിലിട്ടു സൂക്ഷിക്കുംപോലെ കരുതണം–ദിലീപീനെ നായകനാക്കി ‘സ്പീഡ്’ എന്ന ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ ജയസൂര്യ മനസ്സിൽ കൊത്തിവച്ചത് ഈ വാക്കുകളായിരുന്നു. അതു കഴിഞ്ഞു മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ‘ഏയ്ഞ്ചൽ ജോൺ’ എടുത്തപ്പോഴും നയിച്ചത് അച്ഛന്റെ വാക്കുകളായിരുന്നു. സാധാരണ ഒരു അത്‌ലറ്റ് ദിവസം ഓടുന്നതിനെ എത്രയോ മടങ്ങാണു ‘സ്പീഡി’ന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ദിലീപ് ഓടിയത്. ലാലിന്റെ മുന്നിലിരുന്നു ജയസൂര്യ പറഞ്ഞത് അഞ്ചു കഥകളായിരുന്നു. ഓരോന്നു പറയുമ്പോഴും ലാലിനു ഭാവഭേദങ്ങളേയില്ല. ഒടുവിൽ ലാൽ ചോദിച്ചു: ‘ഇതിൽ മോന് എതു പടം ചെയ്യാനാണിഷ്ടം? അതു നമുക്കു ചെയ്യാം’. ലഫ്റ്റനന്റ് കേണൽ പദവി കിട്ടി ലാൽ ആദ്യം എത്തിയ ലൊക്കേഷൻ ‘ഏയ്ഞ്ചൽ ജോണി’ന്റേതായിരുന്നു. ‘ഏയ്ഞ്ചൽ ജോൺ’ കഴിഞ്ഞുള്ള അൽപം നീണ്ട ഇടവേളയിൽ ജയസൂര്യ വെറുതെയിരിക്കുകയല്ല. അഞ്ചാറു തിരക്കഥകൾ തയാറാക്കിക്കഴിഞ്ഞു. ഇടക്കാലത്തു തമിഴിൽ ഒരു പടം ചെയ്യാൻ തയാറെടുത്തെങ്കിലും നടക്കാതെ പോയി. ദിലീപിനെ നായകനാക്കി പുതിയ പടത്തിന്റെ തയാറെടുപ്പിലാണു ജയസൂര്യ ഇപ്പോൾ. അനിയൻ ജയസോമ ഛായാഗ്രഹണത്തിലേക്കു നടക്കുംമുൻപേ ക്യാമറ തന്റെ ഇഷ്ട മേഖലയാണെന്നു ജയസൂര്യ കരുതിയിരുന്നു. പക്ഷേ, പിന്നീട് അനിയനുവേണ്ടി ആ രംഗത്തുനിന്ന് എഴുത്തിലേക്കും സംവിധാനത്തിലേക്കും വഴിമാറി. ഇപ്പോൾ ജയസോമ കൂടുതൽ ശോഭിക്കുന്നതു സീരിയൽ വേഷങ്ങളിലാണ്.

സിനിമയുടെ തിരക്കുകളിൽ അച്ഛൻ മദ്രാസിലേക്കു പറന്നുകൊണ്ടിരുന്ന കാലത്ത്, അമ്മ ഓമനയുടെ പാട്ടുകൾ കേട്ടാണു മക്കൾ എന്നും ഉറങ്ങിയിരുന്നത്. അതിൽ ജയസൂര്യയെ ഏറ്റവും കൂടുതൽ ഇണക്കിച്ചേർത്ത ഗാനം ‘കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു...’ എന്ന വയലാർ ഗാനമാണ്. നാടും കായലും കളിവള്ളവുമൊക്കെ മനസ്സിൽ ദ്യശങ്ങളൊരുക്കുന്ന ആ പാട്ടുരംഗത്തുനിന്നാണു ജയസൂര്യയിൽ കലയുടെ ഊർജം നിറച്ചത്. സിനിമയ്ക്കുവേണ്ടി കുടുംബം നോക്കാതെ നടന്നിട്ടില്ലാത്ത അച്ഛന്റെ ഓർമകളാണ് ഈ വീട്ടിലിന്നും താഴാത്ത യവനിക. അമ്മയും മക്കളും ടേബിൾ ലാംപിന്റെ ലൈറ്റ് തെളിയിച്ചു വേഷമിട്ട അഭിനയമുഹൂർത്തങ്ങളെ നെഞ്ചേറ്റുമ്പോൾ, ഓർമകൾ കാട്ടുകുതിരകളായി കുളമ്പടിച്ചു പായുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.