Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വലിയ’ ഛായകളുടെ കൂട്ടുകാരൻ

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
വിജി തമ്പി, രേവതി, സുഹാസിനി എന്നിവർക്കൊപ്പം സഞ്ജീവ് ശങ്കർ ‘നമ്മൾ തമ്മിൽ’ എന്ന സിനിമയുടെ ലൊക്കേഷനിൽ സംവിധായകൻ വിജി തമ്പി, രേവതി, സുഹാസിനി എന്നിവർക്കൊപ്പം സഞ്ജീവ് ശങ്കർ.

ആ സിംഹമിങ്ങനെ പാഞ്ഞടുത്തു വരികയാണ്. നരനിൽ ഒളിഞ്ഞുകിടക്കുന്ന സിംഹത്തെ കാണിക്കാൻ ഷാജി കൈലാസ് ഒറ്റപ്പാലത്തെത്തിച്ച സിംഹം.

‘നരസിംഹ’ത്തിൽ നായകന്റെ ശൗര്യം മുഴുവൻ സടകുടഞ്ഞു രംഗത്തുവന്ന ആ സിംഹത്തെ ക്യാമറയ്ക്കു പിന്നിൽ ചിത്രീകരിക്കുകയാണു സഞ്ജീവ് ശങ്കർ. സിംഹത്തിന്റെ കഴുത്തിൽ വളരെ നീളത്തിൽ കെട്ടിയ കയറിന്റെ പിടി ട്രെയിനറുടെ കയ്യിലുള്ളതു മാത്രമാണു ധൈര്യം. ഇടയ്ക്ക് ഒരു നിമിഷം. ട്രെയിനറുടെ കയ്യിൽനിന്നു കയററ്റം വിട്ടുപോയി. സിംഹം കുതിപ്പു നിർത്തുന്നില്ല. ട്രെയിനറും പകച്ചുനിന്നു. ക്യാമറയ്ക്കു പിന്നിൽ നിന്നവരൊക്കെ പല വഴിക്ക് ഓടിമാറി. ഒന്നും ചെയ്യാനാവാതെ ഷാജിയും സഞ്ജീവും സ്തബ്ധരായി നിന്നു. എന്തും സംഭവിക്കാം. പാഞ്ഞടുക്കുന്ന സിംഹത്തിന്റെ വായിലാണോ അടുത്ത നിമിഷം എന്നോർത്തു നിൽക്കെ, ട്രെയിനർ ഓടിപ്പിടഞ്ഞെത്തി നിലത്തു കമിഴ്ന്നു കിടന്നു. തന്റെ പരിശീലകന്റെ ആ ഭാവമാറ്റത്തിൽ സിംഹം അടങ്ങി. അവൻ മുരണ്ടുമുരണ്ടു ട്രെയിനറുടെയടുത്തെത്തി നിന്നു. ക്യാമറയിൽ കാണാത്ത ആ രംഗം ഓർക്കുമ്പോൾ സഞ്ജീവിന് ഇപ്പോഴും ശ്വാസം കിട്ടാറില്ല.

ഹരിപ്പാട്ടുകാരൻ സഞ്ജീവ് ശങ്കറിനു ഛായയിലേക്കോ സിനിമയിലേക്കോ ദൂരം അത്ര അകലെയായിരുന്നില്ല. അച്ഛൻ ശങ്കരൻ നായരുടേതായിരുന്നു ഹരിപ്പാട് കൽപന തിയറ്റർ. അതുകൊണ്ടു സിനിമാ കാഴ്ച ഫ്രീയാണ്. ഛായാഗ്രാഹകരുടെ കേദാരമാവുമാണു ഹരിപ്പാട്. ശിവനും രാമചന്ദ്രബാബുവും സന്തോഷ് ശിവനുമടക്കം വമ്പൻ ക്യാമറാമാൻമാരുടെ നാട്. അവരിലേക്കൊക്കെ ആകർഷിക്കപ്പെടുംമുൻപേ ക്യാമറ സഞ്ജീവിന്റെ കളിക്കൂട്ടുകാരനായി മാറിയത്, അമ്മാവൻ ഭാസിയുടെ ഭാസീസ് സ്റ്റുഡിയോയിലൂടെയാണ്. സമയം കിട്ടുമ്പോഴൊക്കെ വീടിനു തൊട്ടടുത്തുള്ള സ്റ്റുഡിയോയിൽ പോയിരിക്കും. മിക്കപ്പോഴും സ്വയംപഠനമാണ്. ഫോട്ടോയെടുപ്പിന്റെ എല്ലാ ടെക്നിക്കുകളും സഞ്ജീവ് മനപ്പാഠമാക്കി.

നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽനിന്നു ഡിഗ്രി കഴിഞ്ഞപ്പോൾ, ഛായാഗ്രഹണത്തിന്റെ കുറേക്കൂടി വലിയ ലോകത്തേക്ക്. ബന്ധു കൂടിയായ ശിവന്റെ തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോയിലേക്ക്. അറിവിന്റെ വലിയ ഫ്രെയിമുകൾ മാത്രമല്ല, വലിയ കലാകാരൻമാരുമായുള്ള അടുപ്പവുംകൂടിയാണു ശിവൻസ് സ്റ്റുഡിയോയുടെ ആകർഷണം. ശിവന്റെ മകൻ സന്തോഷ് ശിവൻ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം കഴിഞ്ഞിറങ്ങുന്നത് ആയിടെയാണ്. 1986 ൽ സന്തോഷിന്റെ അസോഷ്യേറ്റായി സഞ്ജീവ്, വലിയ ബുദ്ധിമുട്ടില്ലാതെ സിനിമയുടെ ലോകത്തെത്തി. സഞ്ജീവിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘സന്തോഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ’ ഏഴു വർഷം. ദളപതി, റോജ, പെരുന്തച്ചൻ... ആരും കൊതിയോടെ നോക്കിനിൽക്കുന്ന സന്തോഷ് ഫ്രെയിമുകളുടെ പിറകിൽ സഞ്ജീവ് ഉണ്ടായിരുന്നു.

‘റോജ’ കഴിഞ്ഞപ്പോഴാണു വിജി തമ്പിയുടെ ക്ഷണം, സ്വതന്ത്ര ഛായാഗ്രാഹകനാവാൻ. അവസരം കാത്തുകാത്തിരിക്കേണ്ട സിനിമാലോകം അപ്പോഴും സഞ്ജീവിനെ അനുഗ്രഹിച്ചു. ‘തിരുത്തൽവാദി’യിൽ സഞ്ജീവ് ക്യാമറാനായകനായി. ഛായാഗ്രാഹകൻ ആനന്ദക്കുട്ടന്റെ സഹായിയാവാൻ ഇടക്കാലത്തൊരു ശ്രമം നടത്തിയിരുന്നെങ്കിലും അതു നടപ്പായില്ല. പക്ഷേ, പിൽക്കാലത്ത് ആനന്ദക്കുട്ടൻ ശൈലിയുടെ പിൻമുറക്കാരനായി സഞ്ജീവ്. ആളും ആരവവുമുള്ള ‘വലിയ’ സിനിമകളുടെ ഛായാഗ്രാഹകൻ എന്ന ആനന്ദക്കുട്ടന്റെ ബഹുമതി സഞ്ജീവിനും സ്വന്തമായി. എഴുപതോളം സിനിമകൾ പിന്നിട്ട സഞ്ജീവിന്റെ കരിയർ പരിശോധിച്ച അത്തരം സിനിമകളുടെ നീണ്ട നിര കാണാം. ലേലം, പത്രം, നരസിംഹം, ദുബായ്, രാക്ഷസരാജാവ്, താണ്ഡവം, ദാദാസാഹിബ്, പ്രജ, തൊമ്മനും മക്കളും, രാജമാണിക്യം, താരാദാസ് വേഴ്സസ് ബൽറാം, മായാവി, ഹലോ, ലവ് ഇൻ സിംഗപ്പൂർ... സഞ്ജീവ് ഛായ നിർവഹിച്ച ‘ബിഗ്’ സിനിമകളുടെ പട്ടികയും വലുതാണ്.

‘ദുബായി’ൽ ക്ലൈമാക്സ് രംഗത്തിനു ചില ഫില്ലർ ഷോട്ടുകളെടുത്തതു യുഎഇയിലെ മലനിരകൾക്കു മുകളിൽ ഹെലികോപ്റ്ററിൽ പറന്നാണ്. ജോഷിയുടെ സഹസംവിധായകൻ കൂടിയായ നടൻ വിജയ് മേനോനും സഞ്ജീവിന്റെ സഹായിയും മാത്രം ഒപ്പം. പറന്നു കുറച്ചു നേരം കഴിഞ്ഞതോടെ, നാവിഗേഷൻ നഷ്ടപ്പെട്ട ഹെലികോപ്റ്റർ എവിടേക്കൊക്കെയോ പറക്കാൻ തുടങ്ങി. ‘നരസിംഹ’ത്തിൽ സിംഹത്തിന്റെ വായിൽ തീരുമെന്നു കരുതിയ ജീവിതം, ഇപ്പോൾ ഏതോ മലനിരകളുടെ താഴ്വാരത്തിൽ അവസാനിക്കുമെന്നു സഞ്ജീവ് ഉറപ്പിച്ചു. പക്ഷേ, മനസ്സാന്നിധ്യം വിടാതെ കോപ്റ്റർ പറത്തിയ പൈലറ്റ് ഒടുവിൽ അതു കൊണ്ടിറക്കി, ഒരു റോഡരികിൽ!

‘രാജമാണിക്യം’ ചെയ്തുകൊണ്ടിരുന്നപ്പോൾ, മമ്മൂട്ടിയുടെ തിരുവനന്തപുരം ഭാഷാച്ചുവ പലപ്പോഴും അൽപം കൂടിപ്പോകുന്നില്ലേ എന്നു സഞ്ജീവിനു തോന്നാതിരുന്നില്ല. ചിലപ്പോൾ ഇൗ സംശയം മമ്മൂട്ടിയോടുതന്നെ പങ്കുവച്ചു. ‘ഇല്ലെടാ, ഇത്രയും വേണം’ എന്ന ആത്മവിശ്വാസത്തിലായിരുന്നു മമ്മൂട്ടി. ഒടുവിൽ ആ ആത്മവിശ്വാസം വിജയിച്ചു. പോത്തുകച്ചവടക്കാരന്റെ പിറകെ പോയ സഞ്ജീവിന്റെ ക്യാമറയ്ക്കും കിട്ടി, ഫുൾ മാർക്ക്.

അടുത്തിടെയായി തമിഴ് സിനിമാലോകത്താണു സഞ്ജീവ് കൂടുതൽ. ഒടുവിൽ ചെയ്ത നാലു സിനിമകളും തമിഴ്തന്നെ. അനിലിന്റെ ‘സേർന്തു പോലാം’, ലോഹിത് മാധവിന്റെ ‘ചെന്നൈ കോട്ടം’, ഷാജി കൈലാസിന്റെ ‘വൈഗൈ എക്സ്പ്രസ്’ എന്നിവയ്ക്കുശേഷം തുളസീദാസിന്റെ ‘ഗേൾസ്’ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. ക്യാമറയുമായി പല ലോകങ്ങൾ സഞ്ചരിക്കുമ്പോഴും, സഞ്ജീവ് ഇപ്പോഴും തനി ഹരിപ്പാട്ടുകാരനാണ്. നാടു വിട്ടൊരു ജീവിതമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.