Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യൂ ഫൈൻഡറിൽ ഒരൊറ്റ ഗ്രാമം, ഹരിപ്പാട്

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷ് ശിവൻ. ഒരു പഴയ ചിത്രം അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷ് ശിവൻ. ഒരു പഴയ ചിത്രം

കുട്ടിക്കാലത്തു ധാരാളം കഥ കേൾക്കുമായിരുന്നു, സന്തോഷ്. അച്ഛന്റെ അമ്മയാണു പ്രധാന കഥപറച്ചിലുകാരി. കഥയിലെ വർണങ്ങൾക്കു സന്തോഷിന്റെ ഭാവന ജീവൻ കൊടുത്തു. വലുതായപ്പോൾ സന്തോഷ് തറവാട്ടറയിലെ ഇരുട്ടും പ്രകൃതിയിലെ വെളിച്ചവും ജീവന്റെ ജലവും മഴയുടെ മൗനവും അട്ടഹാസവുമൊക്കെ അടുത്തുകാണാൻ ഇടയ്ക്കിടെ ഹരിപ്പാട്ടേക്കു പോന്നു. തിരുവനന്തപുരം ലൊയോള സ്കൂളിലും മാർ ഇവാനിയോസ് കോളജിലുമൊക്കെ പഠിക്കുമ്പോഴും, സന്തോഷിനു നിറങ്ങളുടെ ലോകം അച്ഛന്റെയും അമ്മയുടെയും സ്വദേശമായ ഹരിപ്പാട് തന്നെയായിരുന്നു.

ഹരിപ്പാട്ട് ഉൽസവമുണ്ട്. വേലയും കഥകളിയുമുണ്ട്. അമിട്ടുകൾ വാരിവിതറുന്ന മാനത്തെ പൊട്ടിച്ചിരിയുണ്ട്. അവധിയുടെ ഉൽസവങ്ങളിൽ സന്തോഷ് നിറങ്ങളെ മനസ്സുകൊണ്ടു വാരിപ്പുണരുകയായിരുന്നു. മണ്ണാറശ്ശാലയിലെ കാവും കുളവും കണ്ടു തൊഴുതു മടങ്ങുന്ന കുട്ടിയും ചെറുപ്പക്കാരനും പിന്നെയും പിന്നെയും അവിടേക്കു കണ്ണടച്ച് ഓടിയെത്താറുണ്ടായിരുന്നു. പിന്നെയൊരു കാലം ക്യാമറയുമേന്തി സന്തോഷിനെ കൊണ്ടുവന്നത് അതേ വഴികളിലൊക്കെത്തന്നെ.

സിനിമ, താരങ്ങൾ, നിശ്ചലവും ചലനാത്മകവുമായ ദൃശ്യങ്ങൾ... സന്തോഷിന് അച്ഛൻ ചെറുപ്പത്തിലേ കൊടുത്ത കളിപ്പാട്ടങ്ങൾ ഇവയൊക്കെയായിരുന്നെന്നു പറയാം. സന്തോഷിന്റെ ചേട്ടൻ സംഗീതും അനിയൻ സഞ്ജീവും ചേർന്ന ‘ശിവൻസ്’ ത്രയത്തിനു മറ്റൊരു ലോകത്തെക്കുറിച്ച് ആലോചിക്കേണ്ടതേ ഉണ്ടായിരുന്നില്ല. ബിരുദം കഴിയുമ്പോഴേക്കു സന്തോഷിന്റെ വഴി തീരുമാനിക്കപ്പെട്ടിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പോയ സന്തോഷ് മടങ്ങിയെത്തുമ്പോൾ, മനസ്സിലെ നിറങ്ങൾക്കു കുറേക്കൂട‌ി തെളിച്ചം വന്നിരുന്നു. 1984 ൽ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞയാളെത്തേടി ആദ്യ മലയാളം സിനിമ 1986 ൽ എത്തി, വിജയകൃഷ്ണൻ സംവിധാനം ചെയ്ത ‘നിധിയുടെ കഥ’. വരാനിരിക്കുന്ന കാലം ഇന്ത്യയുടെ ഛായതന്നെ വിസ്മയപൂർവം വരവേൽക്കുന്നൊരു നിധിയായി സന്തോഷ് മാറുമെന്ന് അന്നു പലരും മനസ്സിൽ കുറിച്ചിട്ടു കാണണം. പ്രതിഭ എന്നത് ഏതൊരു സ്പർശത്തിലും തൊട്ടെടുക്കാവുന്ന അനുഭവമാണല്ലോ?

‘എന്റെ കലകളുടെ ലോകം എന്നും ഹരിപ്പാടാണ്. തിരുവനന്തപുരം ഞങ്ങൾ വളർന്ന നഗരമാണ്. പക്ഷേ, ഞങ്ങളുടെ ഉള്ളിലെ കലയുടെ വളർച്ച ഹരിപ്പാട്ടുനിന്നുതന്നെയായിരുന്നു. നിറങ്ങളുടെ ലോകമാണു ഹരിപ്പാട്. എന്റെ ആദ്യ ദൃശ്യപാഠങ്ങളുടെ സ്കൂൾ. രാജാ രവിവർമയുടെ ചിത്രങ്ങൾ കാണിച്ചുതന്ന് അച്ഛന്റെ അമ്മ കഥ പറഞ്ഞുതരുമ്പോൾ അതിലെ ദൃശ്യങ്ങൾകൂടി മനസ്സ് ഒപ്പിയെടുക്കാറുണ്ടായിരുന്നു’’-സന്തോഷിലെ കുട്ടി ഹരിപ്പാട്ടെ മുറ്റത്ത് ഓർമകൊണ്ട് ഓടിക്കളിക്കാൻ തുടങ്ങി.

കോളജിൽ പഠിക്കുമ്പോൾ സംസ്ഥാന ഹോക്കി ടീമിൽ അംഗമാണു സന്തോഷ്. നീട്ടിയടിച്ച ബോൾ പലപ്പോഴും അട‌ുത്തുള്ള ടെറസിലൊക്കെ പോയിവീഴും. പൊത്തിപ്പിടിച്ചു കയറി ബോൾ എടുത്തുകൊണ്ടുവരുന്നതു പലപ്പോഴും സന്തോഷിന്റെ പണിയാണ്. മേൽക്കൂരയ്ക്കു മുകളിൽ കയറുമ്പോൾ സന്തോഷ് ഹോക്കിയും ബോളും മറക്കും. ആകാശത്തിന്റെ നിറങ്ങളിലാകും അപ്പോൾ ആ കണ്ണുകൾ. മാറിമാറി മായുകയും തെളിയുകയും ചെയ്യുന്ന മേഘങ്ങൾ, അവ വരയ്ക്കുന്ന ചിത്രങ്ങൾ... ‘ചിത്രം’ സിനിമയിലെ മോഹൻലാലിനെപ്പോലെ ഒരു കണ്ണിറുക്കിപ്പിടിച്ചു കയ്യിലെ കത്രികപ്പൂട്ടുകൊണ്ടു വ്യൂ ഫൈൻഡറുണ്ടാക്കി അപ്പോഴൊക്കെ സന്തോഷ് സങ്കൽപഛായകൾ പകർത്തിയിട്ടുണ്ടാകാം.

‘‘വെളിച്ചവും വെളിച്ചക്കുറവും പഠിക്കാൻ ഏറ്റവും നല്ലതു മേഘങ്ങളാണ്. പെട്ടെന്നു വന്നു പോകുന്ന പ്രഭാരശ്മികൾ. നല്ല മഴ കഴിഞ്ഞു സൂര്യൻ ചെറുതായൊന്നു തല പുറത്തേക്കിട്ടു നോക്കുന്നതു കാണാറില്ലേ? പ്രകൃതിയുടെ ഈ നിറക്കാഴ്ചകൾതന്നെയാണ് ഏതൊരു ഛായാഗ്രാഹകന്റെയും ഗുരു. ശരിക്കു പറഞ്ഞാൽ നവരസം പോലെയാണ് ഒരു മുഴുദിവസം നമ്മൾ കാണുന്നത്’’-ദൃശ്യബിംബങ്ങളുടെ സിലബസെന്നപോലെ സന്തോഷിന്റെ വാക്കുകൾ.

‘എന്തു ചെയ്യുമ്പോഴും നന്നായി ചെയ്യണം’ എന്നാണു ശിവൻ മക്കൾക്ക് എപ്പോഴും കൊടുത്തിട്ടുള്ള ഉപദേശം. നല്ലപോലെ വരയ്ക്കാറുണ്ടായിരുന്ന സന്തോഷിന്റെ തലവര ക്യാമറയുടെ പിറകിൽ മാത്രമാകുമെന്നു കരുതിയവരെ വിസ്മയിപ്പിച്ചു സന്തോഷ് പിൽക്കാലത്തു നടനും സംവിധായകനും നിർമാതാവുമൊക്കെയായി. ‘അനന്തഭദ്രം’ എടുത്തപ്പോൾ സന്തോഷ് സ്ക്രീനിൽ കാണിച്ച ദൃശ്യമിശ്രിതങ്ങളുടെ വേര് ഹരിപ്പാടുതന്നെയായിരുന്നു. കുട്ടിക്കാലത്തു കണ്ട വർണഭാവനകളുടെ മിശ്രിതമായാണു ദിഗംബരൻ എന്ന കഥാപാത്രത്തിലൂടെ മനോജ് കെ. ജയനെ സന്തോഷ് അവതരിപ്പിച്ചത്. മണ്ണാറശ്ശാല അമ്മയെക്കുറിച്ചും കുട്ടനാട്ടിലെ കാർഷികവൃത്തിയെക്കുറിച്ചുമൊക്കെ ഹ്രസ്വചിത്രങ്ങളെടുക്കാൻ വരുമ്പോൾ, ഒരു ഹോളിവുഡ് സിനിമയ്ക്കു ക്യാമറ ചലിപ്പിക്കുന്നതിനേക്കാൾ സന്തോഷ് ആനന്ദിക്കുന്നത്, താൻ ഇഷ്ടപ്പെടുന്ന ദൃശ്യസമ്പാദ്യത്തിന്റെ താക്കോൽ ഈ ദേശങ്ങളുടെ നിധിയായതുകൊണ്ടു മാത്രമാണ്. ഛായാഗ്രഹണത്തിന് അഞ്ചു ദേശീയ അവാർഡുകൾ നേടിയ സന്തോഷിനു ലോകമെങ്ങുംനിന്ന് ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ പ്രധാന സന്ദർഭം, ‘ദിൽ സേ’യിൽ ചിത്രീകരിച്ച കുട്ടനാട് അടക്കമുള്ള കേരളീയ ദൃശ്യങ്ങളായിരുന്നു.

‘ലോകത്ത് എവിടെപ്പോയാലും, ഒരു ഗ്രാമത്തിന്റെ ദൃശ്യം ഓർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നതു ഹരിപ്പാട് മാത്രമാണ്’ എന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയൊരു ഛായാഗ്രാഹകൻ ഹരിപ്പാടിനു നൽകുന്ന മുദ്രയായി നമുക്കിപ്പോൾ നെഞ്ചേറ്റാവുന്നതാണ്. യുകെയിൽ മാസങ്ങളോളം ഷൂട്ടിങ് നീളുന്ന ഹോളിവുഡ് ചിത്രത്തിനായി സന്തോഷ് പറക്കാൻ തുടങ്ങുകയാണ്. അൻപതോളം സിനിമകൾ, നാൽപതിലേറെ ഹ്രസ്വചിത്രങ്ങൾ, ഒരു ഡസനോളം ദേശീയ ബഹുമതികൾ, പത്തിലേറെ രാജ്യന്തര അംഗീകാരങ്ങൾ... നാഴികക്കല്ലുകൾ ഏറെ പിന്നിട്ട ഹരിപ്പാടിന്റെ കുട്ടി നേട്ടങ്ങളുടെ പുതിയ ദൃശ്യപാതകളിലേക്കു ക്യാമറ തിരിക്കുമ്പോൾ, മനസ്സിലൊരു ഹരിപ്പാടൻ ചിത്രം വിത്തിടുന്നുണ്ട്. ‘അതു ഞാൻ ഉടനെ ചെയ്യും’ എന്നു സന്തോഷിന്റെ വാക്ക്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.