Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവടുതെറ്റാത്ത പെണ്‍പുലി

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
സരോജ സരോജ

'രാജാവിന്‍ പാര്‍വൈ റാണിയെന്‍പക്കം... - എംജിആറിന്റെ താരപ്രതാപത്തോടെ ഈ ഗാനം സ്ക്രീനില്‍ കണ്ടവരൊക്കെ അതു മൂളാറുണ്ട്. പക്ഷേ, ആ പാട്ടിനു ചുവടൊരുക്കിയ സംഘത്തില്‍ ഒരു കൊച്ചു മലയാളിപ്പെണ്ണുണ്ടായിരുന്നെന്ന് അധികമാരും അറിയാത്ത യാഥാര്‍ഥ്യമാണ്. ആലപ്പുഴക്കാരി സരോജ, എ.കെ. ചോപ്ര എന്ന പ്രശസ്ത നൃത്തസംവിധായകന്റെ സഹായി.

ആലപ്പുഴ വൈഎംസിഎ പാലത്തിനടുത്തൊരു കൊച്ചു വീട്ടില്‍ പത്തു മക്കളില്‍ ഒന്‍പതാമത്തെ കുട്ടിയായി പിറന്ന സരോജയ്ക്കു നൃത്തം ഉടലിലേക്കും മനസ്സിലേക്കും ആവേശിച്ചത് അദ്ഭുതമായിരുന്നു. കാരണം, വീട്ടിലാര്‍ക്കും നൃത്തത്തോടു കാര്യമായ പ്രതിപത്തിയേയില്ല. മുല്ലയ്ക്കല്‍ ക്ഷേത്രോല്‍സവത്തിനു ലളിത, പത്മിനി, രാഗിണിമാരുടെ നൃത്താവതരണം കണ്ടതോടെ സരോജയുടെ നൃത്തഭ്രാന്ത് കലശലായി. അഞ്ചാം വയസ്സില്‍ത്തന്നെ ചുവടുവച്ചു തുടങ്ങി. രാമുണ്ണിയായിരുന്നു ഗുരു. സെന്റ് ജോസഫ്സ് കോണ്‍വെന്റിലായിരുന്നു ഏഴു വരെ പഠനം. അച്ഛനും മൂത്ത ചേട്ടനും മദ്രാസില്‍ റയില്‍വേ ജോലിക്കാരാണ്. കുടുംബം ഒന്നടങ്കം മദ്രാസിലേക്കു കൂടുമാറി. അതോടെ സരോജ സ്കൂള്‍ പഠിത്തം നിര്‍ത്തി. മുഴുവന്‍ സമയവും മനസ്സ് നൃത്തത്തിലായി.

ഒരിടത്ത് അടങ്ങിയിരിക്കാതെ സരോജ എപ്പോഴും ചുവടുവച്ചുകൊണ്ടിരിക്കും. വീട്ടുടമയും ചേട്ടന്റെ സുഹൃത്തുമായ രാജാമണി സിനിമയില്‍ ക്യാമറാമാനാണ്. ഒരു ദിവസം ജനലിലൂടെ സരോജയുടെ നൃത്തം കണ്ട രാജാമണിക്കു തോന്നി, ഇവള്‍ കൊള്ളാമല്ലോ! ജെമിനി സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങിനു നര്‍ത്തകിമാരെ തേടുന്നുണ്ട്. രാജാമണി സരോജയുടെ പേരു നിര്‍ദേശിച്ചു. വര്‍ഷം 1964. 'പഴനിയപ്പാ ജ്ഞാനപ്പഴം നീയപ്പാ... എന്ന പ്രശസ്ത ഗാനം പാടി കെ.ബി. സുന്ദരാംബാംള്‍ 'തിരുവിളയാടല്‍ ജെമിനിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. സ്റ്റുഡിയോയിലെ മറ്റൊരു ഫ്ലോറില്‍ ഹിന്ദി സിനിമയുടെ സെറ്റിലേക്കാണു സരോജയെ കൊണ്ടുപോയത്. 25 നര്‍ത്തകിമാരെ ആവശ്യമുണ്ട്. എ.കെ. ചോപ്ര നര്‍ത്തകരെ തിരഞ്ഞെടുക്കുകയാണ്. സരോജ ചുവടുവച്ചപ്പോഴേ ചോപ്രയ്ക്ക് ആ വൈഭവം ബോധ്യപ്പെട്ടു. അധികം നൃത്തം ചെയ്യിക്കാതെതന്നെ സിലക്ഷന്‍. സരോജയുടെ സ്വപ്നങ്ങള്‍ക്കന്നു നൂറുനൂറു നിറങ്ങള്‍!

പതിനാറു വയസ്സുകാരി സരോജയെ ചോപ്ര അന്നുതന്നെ തന്റെ അസിസ്റ്റന്റാക്കി. സരോജ സിനിമക്കാരിയാവുന്നതിനോട് അമ്മയ്ക്കു വലിയ താല്‍പര്യമില്ല. പക്ഷേ, അമ്മപോലും കരുതുന്നതിലേറെ വേഗത്തില്‍ സരോജ നൃത്തരംഗത്തു ചുവടുറപ്പിച്ചു. ചോപ്രയ്ക്കൊപ്പം തുടരെത്തുടരെ സിനിമകള്‍. എംജിആറും ശിവാജി ഗണേശനും ജയലളിതയും ജെമിനി ഗണേശനുമടക്കമുള്ള പ്രഗല്‍ഭര്‍ക്കൊപ്പം നിരന്തരം പ്രവര്‍ത്തിച്ച് അനുഭവം. ഇടയ്ക്കു കെ. ബാലചന്ദറിന്റെ നാടകസമിതിയില്‍ അഭിനയിച്ചു. നാടകത്തിലും സിനിമയില്‍ വില്ലന്‍ വേഷങ്ങളിലും അഭിനയിക്കുന്ന ശ്രീനിവാസനുമായുള്ള അടുപ്പം അങ്ങനെയായിരുന്നു. അവര്‍ ജീവിതവഴിയിലും ഒരുമിച്ചു.

ശിവാജിയും സരോജാദേവിയും അഭിനയിച്ചൊരു സിനിമയ്ക്കു നൃത്തസംവിധാനം ചെയ്യുമ്പോള്‍ സരോജ പൂര്‍ണ ഗര്‍ഭിണി. ഷൂട്ടിങ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലാക്കി. പിറ്റേന്നു പ്രസവിച്ചു. പത്തു ദിവസം മാത്രമായിരുന്നു വിശ്രമം. വീണ്ടും സരോജ സെറ്റിലെത്തി. 'അടിമപ്പെണ്‍ എന്ന സിനിമ ചെയ്യുമ്പോള്‍ത്തന്നെ, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സരോജയെ എംജിആര്‍ ശ്രദ്ധിച്ചിരുന്നു. 'ഉലകം ചുറ്റും വാലിഭന്‍ ചെയ്യാന്‍ നീണ്ട വിദേശയാത്ര വരുന്നു. മലേഷ്യയിലും സിംഗപ്പൂരിലും ജപ്പാനിലും തായ്ലന്‍ഡിലുമൊക്കെയാണു ചിത്രീകരണം. ചോപ്രയ്ക്കു വീസ കിട്ടിയില്ല. 'സാരമില്ല, സരോജ വരട്ടെ എന്ന് എംജിആര്‍. രണ്ടു മാസം മാത്രം പ്രായമുള്ള മകനെ ഭര്‍ത്താവിനെ ഏല്‍പിച്ചു സരോജയ്ക്കു യാത്ര പുറപ്പെടേണ്ടിവന്നു. സഹായികള്‍പോലുമില്ലാതെ ആഴ്ചകളോളം നൃത്തരംഗങ്ങളുടെ പൂര്‍ണ ചുമതല സരോജയ്ക്കായി.

saroja

മദ്രാസ് അശോക് നഗറിന്റെ പഴയ പേരാണു പുലിയൂര്‍. സരോജ താമസിക്കുന്ന ആ സ്ഥലത്തിന്റെ പേരു ചേര്‍ത്ത് ആദ്യം വിളിച്ചത് എംജിആറാണ്. ആ പേരു പിന്നെ സ്ഥിരപ്രതിഷ്ഠ നേടി. അതു ചുരുക്കി 'പുലി എന്നാണു ശിവാജി വിളിക്കുക. എംജിആര്‍ സിനിമകളില്‍ സരോജ പതിവായി. ജെമിനി ഗണേശനും കമലഹാസനും സുജാതയും അഭിനയിച്ച 'ഇദയമലറിലൂടെ സരോജ സ്വതന്ത്ര നൃത്തസംവിധായികയുമായി. ഭാരതിരാജയുടെ 25 ചിത്രങ്ങളില്‍ തുടര്‍ച്ചയായി നൃത്തം ചിട്ടപ്പെടുത്തി. എവിഎം സ്റ്റുഡിയോ നിര്‍മിച്ച് എസ്.പി. മുത്തുരാമന്‍ സംവിധാനം ചെയ്ത 'മുരട്ടുക്കാളൈയില്‍ തുടങ്ങിയ ബന്ധം എവിഎമ്മിന്റെ നൃത്തസംവിധായിക എന്ന തലത്തിലേക്കു സരോജയെ ഉയര്‍ത്തി.

'ഇളമൈ ഇതോ... ഇതോ... തുടങ്ങിയ ഗാനങ്ങളില്‍ കമലഹാസനും അംബികയും നൃത്തം ചെയ്ത എവിഎമ്മിന്റെ 'സകലകലാവല്ലഭന്‍ സരോജയെ കരിയറിന്റെ ഉന്നതയിലേക്കുയര്‍ത്തി. സില്‍ക്ക് സ്മിതയും ആ സിനിമയിലുണ്ട്. പിന്നീടു സരോജ നൃത്തസംവിധാനം ചെയ്താലേ തനിക്കു ശരിയാവൂ എന്ന തരത്തില്‍ സില്‍ക്കുമായി ഗാഢബന്ധമായി.

'ഈ തണലില്‍ ഇത്തിരി നേരം എന്ന സിനിമയ്ക്കുവേണ്ടി നിര്‍മാതാവ് അരോമ മണിയാണു സരോജയെ ആദ്യമായി മലയാളത്തിലേക്കു വിളിക്കുന്നത്. പ്രിയദര്‍ശന്റെ 'ചിത്രത്തിലും 'വന്ദനത്തിലുമൊക്കെ കാണുന്ന നൃത്തച്ചുവടുകള്‍ സരോജ സംവിധാനം ചെയ്തതാണ്. തമ്പി കണ്ണന്താനം, സത്യന്‍ അന്തിക്കാട്, കൊച്ചിന്‍ ഹനീഫ, വേണു നാഗവള്ളി, ബാലചന്ദ്രമേനോന്‍ തുടങ്ങിയവരുടെയടക്കം അന്‍പതിലേറെ മലയാള സിനിമകള്‍.

നൃത്തസംവിധാനം ചെയ്ത ആകെ സിനിമകള്‍ എഴുനൂറ്റി അന്‍പതിലേറെ. ഹിന്ദിയിലും തെലുങ്കിലും കന്നടയിലും പ്രവര്‍ത്തിച്ചു. അമിതാഭ് ബച്ചനെവരെ ഡാന്‍സ് ചെയ്യിച്ചു. സ്ഥിരമായി അവിടെ നില്‍ക്കാന്‍ ബച്ചന്‍ നിര്‍ബന്ധിച്ചതാണ്. പക്ഷേ, ഹിന്ദിയിലെ മെല്ലെപ്പോക്ക് പിടിച്ചില്ല. 'നിങ്ങള്‍ ഇവിടെ ഒരു പാട്ട് ചെയ്യുന്ന സമയത്തിനു ഞങ്ങള്‍ അഞ്ചു പാട്ടെടുക്കും എന്ന പറഞ്ഞു സരോജ മടങ്ങി. അഞ്ചോ ആറോ പടങ്ങളില്‍ ഒതുങ്ങി, ഹിന്ദിയുമായുള്ള ബന്ധം.

ജീവിതത്തിന്റെ ചുവടുകള്‍ പിഴച്ചത് 1990 ലായിരുന്നു. 20 വയസ്സില്‍ മകന്‍ സത്യ അപകടത്തില്‍ മരിച്ചതോടെ സരോജയും ശ്രീനിവാസനും സന്തോഷത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും പിന്‍വാങ്ങി. സരോജയെ സിനിമയിലേക്കു മടക്കിക്കൊണ്ടുവരാന്‍ മുത്തുരാമനും മനോരമയും ശോഭനയും രാധികയുമൊക്കെ ശ്രമിച്ചു. പക്ഷേ, സരോജ വീട്ടിലേക്കൊതുങ്ങി. പത്തു വര്‍ഷം മുന്‍പു ചെയ്ത 'നാന്‍ പെറ്റ മകനേ ആണ് അവസാന ചിത്രം.

മകന്റെ ഓര്‍മയില്‍ ചെന്നൈ വിരുഗംബാക്കത്തു തുടങ്ങിയ സ്കൂളും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാത്രമാണ് ഇന്ന് ഈ ദമ്പതികളുടെ ലോകം. രജനീകാന്തും കമല്‍ഹാസനുമൊക്കെ ഇടയ്ക്കു വിളിക്കും. അടുത്തിടെ പ്രിയദര്‍ശനും നെടുമുടി വേണുവും ഇന്നസെന്റുമൊക്കെ വിളിച്ചു സുഖവിവരം അന്വേഷിച്ചത്, ആയിരം പടം ചെയ്തതിനേക്കാള്‍ സന്തോഷം തോന്നിയ അനുഭവമെന്നു സരോജ. വര്‍ഷങ്ങള്‍ക്കു മുന്‍പു വിശുവിന്റെ പടത്തിനു നൃത്തസംവിധാനം ചെയ്യാന്‍ ആലപ്പുഴയിലെത്തിയതാണ്. അന്നു സെന്റ് ജോസഫ്സ് കോണ്‍വെന്റില്‍ സരോജയ്ക്കു സ്വീകരണം ഒരുക്കിയിരുന്നു. ഏറെക്കാലമായി നാട്ടിലേക്കു വരവേയില്ല. പക്ഷേ, ആലപ്പുഴയുടെ ഓര്‍മകള്‍, എഴുപത്തഞ്ചാം വയസ്സിലും സരോജയെ കൊച്ചുകുട്ടിയാക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.