Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചിലയ്‌ക്കും മുൻപേ ഷാജിയുടെ പായൽപെട്രോൾ!

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
‘ലൗഡ്സ്പീക്കറി’ന്റെ ലൊക്കേഷനിൽ മമ്മൂട്ടിക്കും ജയരാജിനുമൊപ്പം ഷാജി (ഇടത്തേയറ്റം). ‘ലൗഡ്സ്പീക്കറി’ന്റെ ലൊക്കേഷനിൽ മമ്മൂട്ടിക്കും ജയരാജിനുമൊപ്പം ഷാജി (ഇടത്തേയറ്റം).

നാടകം, സിനിമ, രാഷ്‌ട്രീയം... പല്ലന പാണ്ഡവത്ത് വീട്ടിൽനിന്ന് ഈ മൂന്നിലേക്കും ഒരേ ദൂരമായിരുന്നു. സ്വതന്ത്രകേരളത്തിന്റെ ആദ്യ സ്‌പീക്കർ ആർ. ശങ്കരനാരായണൻ തമ്പിയുടെ തറവാട്. നാടകം വഴി സിനിമയിൽ വേറിട്ട വഴി തെളിയിച്ച തോപ്പിൽ ഭാസിയുടെ ഭാര്യാഗൃഹം. അച്‌ഛന്റെ ചേട്ടന്റെ രാഷ്‌ട്രീയവഴിയേക്കാൾ, അച്‌ഛന്റെ സഹോദരീഭർത്താവ് തോപ്പിൽ ഭാസിയുടെ സിനിമാവഴിയാണു ഷാജി തിരഞ്ഞെടുത്തത്.

എസ്‌ഡി കോളജിൽ പഠിക്കുന്ന കാലത്തേ കഥയെഴുത്തുണ്ട്, ഷാജിക്ക്. സിനിമയെന്ന മോഹം കൂടെയുമുണ്ട്. പക്ഷേ, ജീവിതവഴി ചെന്നെത്തിയതു ഗ്രാമവികസന വകുപ്പിലെ ഉദ്യാഗസ്‌ഥന്റെ കുപ്പായത്തിലാണ്. നിയോഗം ഷാജിയെ സിനിമയുടെ വഴിയിൽ തന്നെ എത്തിക്കാതിരുന്നില്ല. സഹസംവിധായക സുഹൃത്ത് സുരേഷിന്റെ ബൈക്കിനു പിറകിൽ കയറി എറണാകുളത്തേക്കു പോയതാണു വഴിത്തിരിവായത്. പോൾ ബാബു എന്ന സംവിധായകന്റെ മുന്നിൽ ഷാജിയെ എത്തിച്ചു, സുരേഷ്. ‘കൂടുംതേടി” കഴിഞ്ഞൊരു സിനിമ ആലോചിക്കുകയാണു പോൾ ബാബു. തിരക്കഥാകൃത്ത് ജോൺ പോളും നിർമാതാവ് ഹമീദുമുണ്ട്. ഷാജിയൊരു കഥ പറഞ്ഞു. അതു പോളിന്റെ അടുത്ത സിനിമയായി. ഷാജിയുടെ കഥയ്‌ക്കു ജോൺ പോളിന്റെ തിരക്കഥ. അതാണ് ‘ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ”. കാർത്തികയും കക്ക രവിയും കെ.ആർ. വിജയയും സോമനും പ്രധാന താരങ്ങൾ. വർഷം 1993.

പെട്രോളിനു കടുത്ത ക്ഷാമമുണ്ടായ കാലമായിരുന്നു അത്. പായലിൽനിന്നു പെട്രോളുണ്ടാക്കുന്ന ഒരു ശാസ്‌ത്രജ്‌ഞന്റെ കഥ ഷാജിയുടെ മനസ്സിൽ തെളിഞ്ഞു. രാമറിന്റെ പച്ചില പെട്രോൾ വരുന്നതിനും മുൻപാണ് ഷാജിയുടെ തലയിൽ ഈ ബുദ്ധി ഉദിച്ചത്. രഘുവരനെ നായകനാക്കി കെ. മധു ആ തിരക്കഥ സിനിമയാക്കി, ‘കവചം”. പിന്നെ കുറേക്കാലം ദൂരദർശനിലെ തിരക്കുള്ള തിരക്കഥാകൃത്തായി ഷാജി. വേലു ആൻഡ് മാലു സർക്കസ്, മോഹങ്ങൾ, സർക്കാർ സഹായം ഡ്രൈവിങ് സ്‌കൂൾ തുടങ്ങിയ സീരിയലുകൾ. വേലു ആൻഡ് മാലു സർക്കസിനു ടിവി തിരക്കഥയ്‌ക്കുള്ള സംസ്‌ഥാന അവാർഡും ലഭിച്ചു.

ഷാജിയുടെ അടുത്ത സുഹൃത്താണു സംവിധായകൻ ടി.എസ്. സുരേഷ് ബാബു. പലപ്പോഴും അവധിയെടുത്തു സുരേഷിന്റെ സഹായിയായി കൂടും. ഒരിക്കൽ ഷാജി കോടനാട്ടു ചെന്നപ്പോൾ അവിടെയൊരു ആന വാരിക്കുഴിയിൽ വീണതിന്റെ ആരവം. നാലു ദിവസമെടുത്ത് ആനയെ കുഴിയിൽനിന്നു കയറ്റാനുള്ള പ്രയത്നമത്രയും ഷാജി അടുത്തുനിന്നു കണ്ടു. ആ അനുഭവത്തിന്റെ തിരക്കഥാരൂപമായിരുന്നു, മുരളിയെ നായകനാക്കി സുരേഷ് ബാബു സംവിധാനം ചെയ്‌ത ‘പ്രായിക്കര പാപ്പാൻ”. കുറുമ്പനായൊരു ആനക്കുട്ടി വന്നു കാമറ തട്ടിയിടുന്നതു മുതൽ, ഗാനത്തിന്റെ വാക്കുകൾ മനസ്സിലാക്കാതെ നൃത്തസംവിധാനം ചെയ്‌തവരോടു മുരളി ചൂടായതുവരെയുള്ള രസകരമായ കഥകൾ ഏറെയുണ്ടായിരുന്നു ‘പ്രായിക്കര പാപ്പാന്റെ” ലൊക്കേഷനിൽ.

ഷാജി പാണ്ഡവത്ത്.

സ്വപ്‌നം, സ്വന്തം, ഉമ... ദൂരദർശനിലും സ്വകാര്യ ചാനലുകളിലുമായി പ്രശസ്‌തമായ കുറേ സീരിയലുകളുടെ കാലമായിരുന്നു പിന്നെയും ഷാജിക്ക്. 17 സീരിയലുകൾ പൂർത്തിയാക്കി. ‘ഉമ”യുടെ സംവിധായകനും ഷാജിയായിരുന്നു. എം. കൃഷ്‌ണൻ നായരുടെ സംവിധാനത്തിലടക്കം ചില ഹ്രസ്വചിത്രങ്ങളും ഒരുക്കി.

ഇടക്കാലത്ത്, അനിൽ സംവിധാനം ചെയ്‌ത ‘ഗംഗോത്രി”ക്കു തിരക്കഥയൊരുക്കി. സുരേഷ് ഗോപിയും റോജയുമായിരുന്നു, ഡൽഹി കേന്ദ്രമായ ആ കഥയിലെ പ്രധാന അഭിനേതാക്കൾ. കായൽരാജാവ് മുരിക്കനെ മനസ്സിൽക്കണ്ട്, മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഷാജി എഴുതിയ സ്വപ്‌നമായിരുന്നു അതു കഴിഞ്ഞു സിനിമയാകേണ്ടിയിരുന്നത്. മൂന്നു വേഷത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ‘കായൽസമ്രാട്ട്” ടി.എസ്. സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ തുടക്കമിട്ടതാണ്. പക്ഷേ, മുടങ്ങിപ്പോയി. ആ അനുഭവം ഷാജിയെ ഏറെക്കാലം സിനിമയിൽ നിശബ്‌ദനാക്കി. വർഷങ്ങളുടെ ഇടവേള കഴിഞ്ഞു സിനിമയിലേക്കു മടങ്ങിപ്പോക്കുണ്ടായത്, സഹസംവിധായകനായി ജയരാജിന്റെ ക്ഷണം വന്നപ്പോഴാണ്. അങ്ങനെ, സ്‌പോട് ഡബ്ബിങ്ങിന്റെ പരീക്ഷണവുമായി ജയരാജ് ചെയ്‌ത ‘ലൗഡ്‌സ്‌പീക്കർ” ചെയ്‌ത മമ്മൂട്ടി ചിത്രത്തിൽ അസോഷ്യേറ്റ് സംവിധായകനായി. 26 ദിവസം മമ്മൂട്ടിയുടെ വലംകൈയായി ഷാജി ഒപ്പമുണ്ടായിരുന്നു. പകർന്നാട്ടം, ദ് ട്രെയിൻ, ക്യാമൽ സഫാരി, നായിക, ഒറ്റാൽ... തുടർന്നുവന്ന ജയരാജ് സിനിമകളിലെല്ലാം ഷാജി മുഖ്യ സംവിധാനസഹായിയായി. ലൗഡ്‌സ്‌പീക്കറിലും കന്യാകുമാരി എക്‌സ്‌പ്രസ്സിലും പകർന്നാട്ടത്തിലും അഭിനയിക്കുകയും ചെയ്‌തു.

സിനിമയെന്ന സ്വപ്‌നത്തിനുമുന്നിൽ ചുവപ്പുനാടയായി നിന്ന സർക്കാർ ജോലിയിൽനിന്നു കഴിഞ്ഞ മേയിൽ ഷാജി വിരമിച്ചു. ഇപ്പോൾ മനസ്സിൽ കുറേ സ്വപ്‌നങ്ങൾ തിരക്കഥയായി രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കൃഷിയിലേക്കു സജീവമായി ഇറങ്ങിക്കഴിഞ്ഞ മമ്മൂട്ടി, ‘കായൽസമ്രാട്ട്” വീണ്ടുമെടുക്കാൻ താൽപര്യം അറിയിച്ചിരിക്കുന്നു. സ്വന്തമായി സംവിധാനം ചെയ്‌തു ‘കമ്പം” എന്ന സിനിമയുടെ തിരക്കഥ ഷാജി പൂർത്തിയാക്കിക്കഴിഞ്ഞു. അതു കഴിഞ്ഞു കുതിരക്കമ്പോളത്തെ അടിസ്‌ഥാനമാക്കി മറ്റൊരു സിനിമയുടെയും രൂപം മനസ്സിലുണ്ട്. അപ്പച്ചിയുടെ മകൻ അജയൻ, ‘പെരുന്തച്ചൻ” കഴിഞ്ഞ് കാൽ നൂറ്റാണ്ടിനുശേഷം ചെയ്യാൻ ഉദ്ദേശിക്കുന്ന ‘ഒളിവിലെ ഓർമകൾ” തിരക്കഥയാക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു.

ഷാജിയുടെ വീട്ടിലെ സിനിമാവഴി സഹധർമിണി വഴിയും സജീവമാണ്. ഉദയായുടെ സ്വന്തം തിരക്കഥാകൃത്ത് ടി.കെ. ശാരംഗപാണിയുടെ അനന്തരവളും പി.കെ. മേദിനിയുടെ മകളുമായ ഹൻസയാണു ഭാര്യ. പ്രയദർശൻ സംവിധാനം ചെയ്‌ത ‘കടത്തനാടൻ അമ്പാടി”യുടെ തിരക്കഥ, ചില തർക്കങ്ങളിൽപ്പെട്ടു നഷ്‌ടമായപ്പോൾ, ഡബ്ബിങ് തിയറ്ററിൽ ചുണ്ടനക്കം നോക്കി തിരക്കഥ രണ്ടാമത് എഴുതിയതു ശാരംഗപാണിയായിരുന്നു. അന്നു ശാരംഗപാണിയുടെ ചുണ്ടനക്കത്തിനോരത്തുണ്ടായിരുന്നതു ഷാജിയുടെ തൂലികയുമായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.