Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നം’ തന്നെ വിട്ടുകൊടുത്ത ശിവൻ

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

അമ്മയുടെ കണ്ണടച്ചില്ലുകൾ ഇളക്കിമാറ്റി പകരം ടി.ആർ. രാജകുമാരിയുടെ ഫിലിം വച്ച് കൊച്ചുശിവൻ ചുമരിൽ പതിപ്പിച്ചതു മനസ്സിലെ ആദ്യ സിനിമയായിരുന്നു. ഛായകളുടെ കൈലാസത്തോളം വളർന്നു മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ശിവൻ എന്ന ഫൊട്ടോഗ്രഫറുടെ ജനനം, ഹരിപ്പാട് വെട്ടുവിളഞ്ഞതിൽ വീട്ടിലെ ഇൗ പരീക്ഷണത്തിലായിരുന്നു.

ഹരിപ്പാട് വൃന്ദാവൻ തിയറ്ററിൽ കണ്ട ‘ചന്ദ്രലേഖ’ എന്ന തമിഴ് സിനിമയായിരുന്നു ആദ്യ പ്രചോദനം. ടി.ആർ. രാജകുമാരിയും എം.കെ. രാധയുമൊക്കെ പ്രധാന താരങ്ങൾ. റീലിൽനിന്നു മുറിച്ചുകളഞ്ഞ ഫിലിമിന്റെ കഷണം തിയറ്റർ വളപ്പിൽനിന്നു ശിവനു കിട്ടി. ആ ഫിലിം വച്ചായിരുന്നു ആദ്യ പരീക്ഷണം. അതു വിജയിച്ചതോടെ ആവേശമായി. വെട്ടിക്കളയുന്ന ഫിലിം കഷണങ്ങൾ കൂടുതലായി കൊടുത്തുതുടങ്ങി, തിയറ്ററിലെ ഓപ്പറേറ്റർ മാക്കൻ സ്വാമി. ആ പ്രദർശനം പതിവായി. സ്കൂളിൽ പോകാതെ, അമ്മയുമറിയാതെ നടത്തിക്കൊണ്ടിരുന്ന ആ പരീക്ഷണം ഒരുനാൾ അമ്മതന്നെ പിടികൂടി. അമ്മ വഴക്കു പറഞ്ഞില്ല. തന്റെ രണ്ടാം കണ്ണട സ്ഥിരം പരീക്ഷണങ്ങൾക്കായി മകനു വിട്ടുകൊടുക്കുകയാണ് അമ്മ ചെയ്തത്. പക്ഷേ, സ്കൂൾ ഒഴിവാക്കിയുള്ള സിനിമാക്കളി വേണ്ടെന്നു വിലക്കുകയും ചെയ്തു.

shivan-with ‘ചെമ്മീനി’ന്റെ എഡിറ്റിങ് നിർവഹിച്ച ഋഷികേശ് മുഖർജിക്കൊപ്പം ശിവൻ.

ഹരിപ്പാട് പടീറ്റതിൽ വീട്ടിൽ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതിൽ വീട്ടിൽ ഭവാനിയമ്മയുടെയും ആറു മക്കളിൽ രണ്ടാമനാണു കേരളം കൈകൂപ്പി നിൽക്കുന്ന നിശ്ചഛായാഗ്രാഹകനായി വളർന്ന ശിവൻ എന്ന ശിവശങ്കരൻ നായർ. വീട്ടിലെയും നാട്ടിലെയും സാംസ്കാരിക പരിപാടികളായിരുന്നു ശിവന്റെ ആദ്യ കലാപ്രചോദനങ്ങൾ. വൈക്കം വാസുദേവൻ നായരും തങ്കവും തകർത്തഭിനയിച്ച ‘യാചകി’ നാടകം ഹരിപ്പാട്ടു കളിക്കുമ്പോൾ, യാചിക്കാനിറങ്ങിയ കഥാപാത്രങ്ങൾക്കു കൊടുക്കാൻ പത്തു രൂപ നോട്ടെടുത്തു കൊടുത്തു ഗോപാലപിള്ള മകനോടു പറയുമായിരുന്നു: ‘സ്റ്റേജിൽ കയറി കൊടുക്കെടാ’! അത്രയ്ക്കുണ്ടായിരുന്നു, ആ കുടുംബത്തിന്റെ കലാവേര്. ആലപ്പുഴയിൽ രാജമാണിക്യം പിള്ളയുടെ നാടകങ്ങൾ കാണാൻ ഗോപാലപിള്ള കുടുംബത്തെ കൊണ്ടുപോയിരുന്നതു സ്വന്തം കാറിലായിരുന്നു. പിള്ളയുടെ ‘ശ്രീകൃഷ്ണലീല’യ്ക്കു സെറ്റിട്ട അതേയാളെ ഹരിപ്പാട്ടു കൊണ്ടുവന്നു രംഗപടമൊരുക്കി, അമ്മ പഠിപ്പിച്ച നാടകം ശിവനും കൂട്ടരും കളിച്ചതും മറക്കാനാവാത്ത അരങ്ങാണ്.

ബസ് ഡ്രൈവറും ബസ് മുതലാളിയുമായിരുന്നു ഗോപാലപിള്ള. ഭവാനിയമ്മയും കൂട്ടരും ആകാശവാണിയിൽ അവതരിപ്പിച്ച തിരുവാതിരക്കളി ശ്രദ്ധേയമായപ്പോൾ, തിരുവിതാംകൂർ കൊട്ടാരത്തിലെ കാർത്തികതിരുനാൾ തമ്പുരാട്ടിയെ പഠിപ്പിക്കാൻ ഭവാനിയമ്മയ്ക്കു ക്ഷണം കിട്ടി. കുടുംബം തിരുവനന്തപുരത്തേക്കു കൂടുമാറി. അപ്പോഴേക്കു ഫോർത്ത് ഫോമിലെത്തിയിട്ടുണ്ട്, ശിവൻ. കുറച്ചു കാലം കഴിഞ്ഞു ഭവാനിയമ്മയ്ക്കു ഹരിപ്പാട് ഗേൾസ് സ്കൂളിൽ ചിത്രകലാ അധ്യാപികയായി ജോലി കിട്ടിയപ്പോൾ വീണ്ടും നാട്ടിലേക്കു മടക്കം. പക്ഷേ, അധികം വൈകാതെ തിരുവനന്തപുരത്തേക്കു മാറ്റം കിട്ടി ശിവന്റെ കുടുംബം കൂടോടെ തിരുവനന്തപുരത്തു തട്ടകമുറപ്പിച്ചു.

പഠിത്തം കഴിഞ്ഞപ്പോൾ ശിവൻ ഇഷ്ടമേഖലയിൽ തന്നെ തൊഴിൽ തുടങ്ങി. തിരുവിതാംകൂറിലെയും തിരു-കൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറായി. അമേരിക്കൻ ഇൻഫർമേഷൻ സർവീസ് വരെ നീണ്ടു ആ ഛായാവൈദഗ്ധ്യം. നെഹ്റു മുതൽ എത്രയെത്ര നേതാക്കളുടെ രാഷ്ട്രീയജീവിതം പകർത്തി രാജ്യമാകെ സഞ്ചാരം...?! പക്ഷേ, ഇഷ്ടമേഖലയിലേക്കു നാടിനെ ക്ഷണിക്കാൻ ഒരു സ്ഥിരം കേന്ദ്രം വേണമെന്ന തോന്നലിൽ ജോലി ഉപേക്ഷിച്ചു. 1959 ൽ തിരുവനന്തപുരം സ്റ്റാച്യുവിൽ ശിവൻസ് സ്റ്റുഡിയോയ്ക്കു തുടക്കമിട്ടു. അന്നും ഇന്നും അതേ സ്ഥലത്തുള്ള ശിവൻസ് സ്റ്റുഡിയോ.

മലയാളത്തിലെ മാത്രമല്ല, മറ്റു ഭാഷകളിലെയും അഭിനേതാക്കളും സാഹിത്യകാരൻമാരും സാംസ്കാരിക പ്രതിഭകളും ശിവന്റെ സ്റ്റുഡിയോയിലെ സ്ഥിരം സാന്നിധ്യമാണ്. ഒരു ദിവസം സ്റ്റുഡിയോയിൽ വന്ന രാമു കാര്യാട്ട് ‘ചെമ്മീൻ’ എന്നൊരു സിനിമയെടുക്കുന്ന വിശേഷം പങ്കുവച്ചു. ശിവന്റെ നിശ്ചലഛായകൊണ്ട് ആ സിനിമയെ അലങ്കരിക്കണമെന്നു ക്ഷണവും. കുറച്ചു പടങ്ങളൊക്കെ എടുത്തുകൊടുക്കാമെന്ന മട്ടിലായിരുന്നു ശിവൻ. പക്ഷേ, സിനിമ തുടങ്ങുന്നതിന്റെ തലേന്നു മുതൽ ഒറ്റ ദിവസം വിടാതെ കാര്യാട്ട് ശിവനെ ഒപ്പം നിർത്തി. മാർക്കസ് ബാർട്ലിയുടെ ഛായാഗ്രഹണംകൊണ്ടു രാജ്യമാകെ ശ്രദ്ധിച്ച ആ ചിത്രത്തിൽ, ശിവന്റെ നിശ്ചലചിത്രങ്ങളും രത്നങ്ങൾപോലെ തിളങ്ങി.

എല്ലാ വർഷവും സെപ്റ്റംബർ രണ്ടിനു സ്റ്റുഡിയോ വാർഷികത്തിനു നടൻ സത്യൻ വരും. ഒരു തവണ വന്നപ്പോൾ ‘ശിവൻ ഒരു പടമെടുക്കണം’ എന്നു നിർദേശം. സ്റ്റുഡിയോ പച്ചപിടിച്ചു വരുന്നതേയുള്ളൂ, പത്തു വർഷമെങ്കിലും കഴിയാതെ മറ്റൊരു മേഖലയിലേക്കുമില്ലെന്നു ശിവനും. ആ വാക്കു സത്യൻ മനസ്സിൽ വച്ചു. പത്താം വാർഷികത്തിനു വന്നപ്പോൾ പഴയ നിർബന്ധം വീണ്ടും. ശിവന് ഒഴിഞ്ഞുമാറാൻ വയ്യ. ആയിടെ സ്റ്റുഡിയോയിൽ സ്ഥിരമായി വരുന്നൊരു ചെറുപ്പക്കാരനായിരുന്നു പത്മരാജൻ. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന നോവൽ സ്റ്റുഡിയോയിലിരുന്ന് എഴുതിത്തീർത്തിരിക്കുന്നു. ആ കഥ സത്യനോടു പറഞ്ഞു. പക്ഷേ, സിനിമയ്ക്കു പാകമായില്ല.

കേശവദേവിനോടു കഥ ചോദിക്കാൻ ആർക്കും വലിയ ധൈര്യമില്ല. നേരിട്ടല്ലെങ്കിലും, ശിവൻ ആ പരീക്ഷണം ഒന്നു നടത്തിനോക്കി. ശിവനുവേണ്ടിയാണെന്നറിഞ്ഞപ്പോൾ ‘നിനക്കാണെങ്കിൽ ഇതു വല്ലതും ചോദിക്കണോ?’ എന്ന ബ്ലാങ്ക് ചെക്കോടെ ദേവ് അനുവാദം കൊടുത്തു. അതാണു ശിവന്റെ ആദ്യ സിനിമയായ ‘സ്വപ്നം’. സത്യനും ശാരദയുമൊക്കെ അഭിനയിക്കാൻ തയാറായി. ജീവിതദുരിതങ്ങൾ വിവരിച്ചുകൊണ്ടു ബാബു നന്തൻകോട് എന്നൊരാളുടെ കത്ത് മദ്രാസിൽനിന്നു ശിവനെ തേടിയെത്തുന്നത് അക്കാലത്താണ്. ബാബുവിനു യാത്രക്കൂലി കൊടുത്തു ശിവൻ തിരുവനന്തപുരത്തു കൊണ്ടുവന്നു. എന്തിനേറെ പറയുന്നു, തന്റെ ആദ്യ സിനിമയുടെ സംവിധാനച്ചുമതല തന്നെ വിട്ടുകൊടുത്തു. ശിവന്റെ പദ്ധതിയല്ലെന്നറിഞ്ഞതോടെ അഭിനേതാക്കൾക്കു പരിഭവം. ആ പദ്ധതി നീണ്ടുപോയി. സത്യനെ വച്ചെടുക്കാൻ നിശ്ചയിച്ച സിനിമ പിന്നീടു സത്യനുള്ള സ്മരണികയായി പുറത്തിറങ്ങി. മധുവും നന്ദിത ബോസും പ്രധാന വേഷമണിഞ്ഞു.

‘സ്വപ്നം’ മുതലുള്ള ഏഴു സിനിമകളിലും ശിവൻ ഹരിപ്പാടിനെ പകർത്താതിരുന്നിട്ടില്ല. അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങൾ, കിളിവാതിൽ, കേശു, ഒരു യാത്ര... എല്ലാ ചിത്രത്തിലും മണ്ണാറശാല ക്ഷേത്രമോ തലത്തൊട്ട ക്ഷേത്രമോ പിത്തമ്പിൽ ക്ഷേത്രമോ ഒക്കെ ചിത്രീകരണത്തിൽ ഉൾപ്പെടുത്തി. മക്കൾ സിനിമക്കാരായപ്പോൾ അവരും അച്ഛന്റെ അതേ വഴിയിൽ ജൻമനാട്ടിലേക്കു ക്യാമറയുമെടുത്തു വന്നു. സന്തോഷ് ശിവൻ മഴക്കാലത്തു ചിത്രീകരിക്കാനിരിക്കുന്ന അടുത്ത സിനിമയിലും പ്രധാന പശ്ചാത്തലം ആലപ്പുഴതന്നെ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.