Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളത്തിൽ വീണ വിഗ്ഗിൽനിന്ന് ഒരു ഡയലോഗ്

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

അന്നെന്താണു സിന്ധുരാജിന് ആ മുറി ഒഴിയാൻ തോന്നിയത്? ആലോചിച്ചാൽ മനസ്സു കാടു കയറും. ജലോൽസവ’ത്തിന്റെ തിരക്കഥ എഴുതാനാണ് എം. സിന്ധുരാജ് പീരുമേട് ഗസ്റ്റ് ഹൗസിൽ ചെല്ലുന്നത്. അതുവരെ ആലുവ പാലസാണു സിന്ധുവിന്റെ സ്ഥിരം എഴുത്തുകേന്ദ്രം. എഴുതാൻ രാശിയുള്ള സ്ഥലമാണു പീരുമേട് ഗസ്റ്റ് ഹൗസെന്നു കേട്ട് അങ്ങോട്ടു പോയതാണ്. പക്ഷേ, ചെന്ന ദിവസം മുതൽ എന്തുkകൊണ്ടോ, മനസ്സ് ആകെ അസ്വസ്ഥം. ഒരു ദിവസം ഗസ്റ്റ് ഹൗസിലെ ഒരു ജീവനക്കാരനെ വിളിച്ചു മുറിയിൽ കിടത്തി. പക്ഷേ, സമാധാനക്കേടു മാറിയില്ല. അതിനു പിറ്റേന്നു രാവിലെ സിന്ധു മുറി ഒഴിഞ്ഞു കുമളിക്കു പോയി. അവിടെയിരുന്ന് എഴുത്തിന്റെ തുഴയെറിഞ്ഞു, ‘ജലോൽസവം’ പിറന്നു.

കുറച്ചു ദിവസം കഴിഞ്ഞ് ആലപ്പുഴയിൽവച്ചു പീരുമേട് ഗസ്റ്റ് ഹൗസിലെ ഒരു ജീവനക്കാരനെ കണ്ടു. ‘സാറെന്താണ് അന്നാ മുറി ഒഴിഞ്ഞത്?’ എന്ന ചോദ്യത്തിനു സിന്ധുവിനു വ്യക്തമായ ഉത്തരമില്ലായിരുന്നു. പക്ഷേ, ആ ജീവനക്കാരന്റെ ഉത്തരം കേട്ടപ്പോൾ സിന്ധുരാജിന്റെ മനസ്സിലൂടെ ഒരു വെള്ളിടി കയറിപ്പോയി. ‘സാർ പോയ ദിവസം മുറി പൂട്ടാൻ ചെന്നപ്പോൾ കുളിമുറിയുടെ തട്ടിൽ ഒരു പാമ്പുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതു കട്ടിലിന്റെ അടിയിലെത്തി. പിന്നെ ഞങ്ങളൊക്കെക്കൂടി തല്ലിക്കൊന്നു കത്തിച്ചു മുറി പൂട്ടിയിട്ടു. പിന്നെയാ മുറി തുറന്നിട്ടില്ല’-ജീവനക്കാരൻ വിശദീകരിക്കുമ്പോൾ, മനസ്സിനു തോന്നിയ അറിയാത്ത അസ്വസ്ഥതയോടു സിന്ധു നന്ദി പറയുകയായിരുന്നു.

പീരുമേട്ടിലേതു കാണാത്ത പാമ്പിന്റെ കഥയെങ്കിൽ, ‘ജലോൽസവം’കഴിഞ്ഞു സിന്ധു എഴുതിയ മറ്റൊരു കുട്ടനാടൻ കഥയായ ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ കണ്ട പാമ്പുകളുടെ പിന്നാമ്പുറക്കഥ പറയും. കുട്ടനാട്ടിലെ മീനപ്പള്ളിക്കായലിലാണു ഷൂട്ടിങ്. പൊതുവെ അധികം ഷൂട്ടിങ് നടക്കാത്ത തുരുത്താണ്. കുഞ്ചാക്കോ ബോബനും നമിത പ്രമോദും വെള്ളത്തിൽനിന്നു കയറി കരയിൽ കിടക്കുന്ന പാട്ടുരംഗമാണ്. ഷൂട്ടിങ് തുടരുന്നതിനിടെ കലാസംവിധായകൻ മോഹൻദാസാണ് അതു കണ്ടത്, ചാക്കോച്ചനും നമിതയും കിടക്കുന്ന സ്ഥലത്തിനു മുകളിലെ മരക്കൊമ്പിൽ ഒന്നല്ല, രണ്ടു പാമ്പുകൾ! സംവിധായകൻ ലാൽ ജോസിനോടു മാത്രം കാര്യം പറഞ്ഞു. ‘തൽക്കാലം മിണ്ടേണ്ട, ഷൂട്ടിങ് തുടരാം’ എന്നായിരുന്നു ലാലുവിന്റെ മറുപടി. ഷൂട്ടിങ് തീർന്നപ്പോൾ ചാക്കോച്ചനെയും നമിതയെയും വിളിച്ചു കാണിച്ചുകൊടുത്തു, തലയ്ക്കു മുകളിൽ കിടന്ന പാമ്പുകളെ. രണ്ടു പേരും തലകറങ്ങി വീണില്ലെന്നേയുള്ളൂ.

പുള്ളിപ്പുലിയുടെ ഷൂട്ടിങ് സമയത്തെ മറ്റൊരു തമാശ സിന്ധുവിന്റെ തിരക്കഥയിൽ ഒരു സംഭാഷണത്തിനുതന്നെ പിറവിയൊരുക്കി. കൈനകരിയിലാണു ചിത്രീകരണം. സാബു തോട്ടപ്പള്ളി എന്ന നടൻ സിനിമയിലെ രേവമ്മയുടെ വീടിനു മുന്നിൽ അൽപം ചുറ്റിക്കളിയോടെ വന്നു പരുങ്ങുകയാണ്. ആളുടെ മനസ്സിലിരിപ്പു മനസ്സിലായ രേവമ്മ വെട്ടുകത്തിയെടുത്തു പുറത്തേക്കു വരുന്നതും സാബുവിന്റെ കഥാപാത്രം ഓടി കായലിൽ ചാടുന്നതുമാണു രംഗം. ഉദ്ദേശിച്ചപോലെ ഷോട്ട് ഉഷാറായി. പക്ഷേ, വെള്ളത്തിൽ ചാടിയ സാബു പൊങ്ങിയതു തലയിൽ മുടിയില്ലാതെയാണ്. സാബുവിന്റെ വിഗ്ഗ് വെള്ളത്തിൽ ഒഴുകിപ്പോയി. ആദ്യ ഷോട്ട് ഓക്കെയായപ്പോൾ പിന്നെ അതിനു റീടേക്കില്ല. കണ്ടിന്യുവിറ്റിക്കുവേണ്ടി സിന്ധു രേവമ്മയ്ക്ക് ഒരു ഡയലോഗ് കൊടുത്തു: ‘‘തലയിൽ വിഗ്ഗും വച്ച് ഇറങ്ങിയിരിക്കുന്നു’’!

ആലപ്പുഴ ജില്ലാ അതിർത്തിക്കു തൊട്ടപ്പുറത്തു കോട്ടയം ജില്ലയിൽ കുടവെച്ചൂരിലെ മുളക്കീൽ വീട്ടിൽ മദനന്റെ മകൻ സിന്ധുരാജിന് പക്ഷേ, സിനിമയുടെ വളമൊരുക്കിയത് അമ്മയുടെ വീടുള്ള ആലപ്പുഴയായിരുന്നു. കൊറ്റംകുളങ്ങര പള്ളിമുക്ക് പങ്കജാക്ഷി നിവാസിൽ പൊന്നമ്മയുടെ മകൻ ആലപ്പുഴയെ എന്നും ഇഷ്ടപ്പെട്ട ഫ്രെയിമാക്കി. പ്രീ-ഡിഗ്രി കഴിഞ്ഞു നേരേ ആലപ്പുഴയ്ക്കു സ്വയം പറിച്ചുനട്ടു. ബിരുദത്തിന് എസ്ഡി കോളജിലും ബിഎഡിന് ആര്യാട് ബിഎഡ് കോളജിലും പഠനം. അക്കാലത്തൊക്കെ വാസകേന്ദ്രമായിരുന്ന കളർകോട്ടെ ചന്ദ്രബാബു ലോഡ്ജ്, സിനിമയെക്കുറിച്ചുള്ള ചിന്തകളിലും ചർച്ചകളിലും പിന്നെ എഴുത്തിലുമൊക്കെ സിന്ധുരാജിന്റെ പ്രിയ തട്ടകമായി. ‘എൽസമ്മ എന്ന ആൺകുട്ടി’യുടെ തുടക്കവും കഥയുടെ വികാസവുമൊക്കെ ചന്ദ്രബാബു ലോഡ്ജിലെ കൂട്ടായ്മയുടെ മാത്രം സംഭാവനയാണ്. അതുൾപ്പെടെ പല സിനിമകളിലെയും ഒട്ടെറെ നർമരംഗങ്ങൾ, ഇവിടത്തെ കൂട്ടുകാരിൽനിന്നു സിന്ധുവിന്റെ പേന പിടിച്ചെടുത്തതായിരുന്നു.

‘ജലോൽസവം’ എന്ന സിന്ധുരാജിന്റെ രണ്ടാമത്തെ സിനിമയിലെ കുട്ടനാടൻ ഫ്രെയിമുകളിൽ ഒരു വഞ്ചിവീട് പെടാൻ കാത്തുനിന്നിട്ടുണ്ട്്, സംവിധായകൻ സിബി മലയിലും സംഘവും. പക്ഷേ, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിന്ധുവിന്റെ ഏഴാമത്തെ മലയാളം സിനിമയിൽ വഞ്ചിവീടുകളെ തടഞ്ഞുനിർത്തി ഫ്രെയിം ഫിക്സ് ചെയ്യേണ്ട സാഹചര്യം വരെയുണ്ടായി! കാലം കായലോളങ്ങളിലൂടെ ഒഴുകുന്ന വേഗം എഴുത്തുകാരൻ അന്നറിഞ്ഞു. ഒരു ഹിന്ദി സിനിമയടക്കം, എട്ടു സിനിമകൾ കഴിഞ്ഞു സിന്ധുവിന്റെ അടുത്ത സിനിമയ്ക്കു കോഴിക്കോട് ലൊക്കേഷനാവുകയാണ്. ലാൽ ജോസിന്റെ അസോഷ്യേറ്റായിരുന്ന രഘുനാഥവർമ ആദ്യമായി സ്വതന്ത്രസംവിധാനം ചെയ്യുന്ന സിനിമയിൽ സിന്ധുരാജിന്റെ സ്ഥിരം കൂട്ടുകാരൻ കുഞ്ചാക്കോ ബോബനും പിന്നെ ആസിഫലിയും പ്രധാന താരങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.