Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടാൻ വന്നതു പൊട്ടിച്ചിരിയായി

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

അടൂർ ഭാസി പല തമാശകളും പറയും. അപ്പോൾ കയ്യിൽനിന്നിട്ടു കുറേ തമാശകൾ തിരിച്ചങ്ങു പറയണം’-നിർദേശം കേട്ടതോടെ ശ്രീലത തീരുമാനിച്ചു, ഇൗ പണി എനിക്കു പറ്റില്ല. ഒന്നാമത് അടൂർ ഭാസി നന്നായി വഴക്കു പറയും. ശ്രീലതയ്ക്കാണെങ്കിൽ തമാശയുണ്ടാക്കി ശീലമേയില്ല. അച്ഛന്റെ സഹോദരിയും പഴയകാല നടിയുമായ കുമാരി തങ്കം നിർമിക്കുന്ന സിനിമയാണെങ്കിലും ശ്രീലത ലൊക്കേഷനിൽനിന്നു പോന്നു. ‘വിരുതൻ ശങ്കു’ എന്ന അടൂർ ഭാസിയുടെ ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽനിന്നായിരുന്നു ആ മടക്കം.

ശ്രീലതയുടെ മനസ്സു നിറയെ സംഗീതമായിരുന്നു. ഹരിപ്പാട് ഗേൾസ് സ്കൂളിലെ അറിയപ്പെടുന്ന പാട്ടുകാരിക്കു രണ്ടു തവണ സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം കിട്ടിയിരുന്നു. പാട്ടു കഴിഞ്ഞാൽ പ്രിയപ്പെട്ട ഇടം അത്ലറ്റിക്സാണ്. ലോങ് ജംപിൽ രണ്ടു തവണ സംസ്ഥാനത്ത് ഒന്നാമതെത്തിയപ്പോൾ ശ്രീലത ഉറപ്പിച്ചു, ‘എന്റെ തട്ടകം ഒന്നുകിൽ പാട്ട്, അല്ലെങ്കിൽ സ്പോർട്സ്’. അമ്മ കമലമ്മ സംഗീതാധ്യാപികയായതിനാൽ, ഒരു പൊടി ഇഷ്ടക്കൂടുതൽ പാട്ടിനോടുതന്നെ. ശ്രീകുമാരൻ തമ്പിയുടെ വീടിനു തൊട്ടടുത്താണു ഹരിപ്പാട് ഗേൾസ് സ്കൂൾ. ഹരിപ്പാട് കരുവാറ്റ ആഞ്ഞിലിവേലിൽ വീട്ടിലെ ബാലകൃഷ്ണൻ നായരുടെ മൂത്ത മകൾ ശ്രീലത എന്ന കുട്ടി നന്നായി പാടുമെന്നു പറഞ്ഞുകേട്ട്, ഹരിപ്പാട് ടൗൺ ഹാളിൽ മന്നത്തു പത്മനാഭനു നൽകിയ സ്വീകരണച്ചടങ്ങിലേക്കു ശ്രീകുമാരൻ തമ്പി പാടാൻ വിളിച്ചു. തമ്പി അന്ന് ആലപ്പുഴ എസ്ഡി കോളജ് വിദ്യാർഥിയാണ്. അദ്ദേഹം തന്നെ എഴുതി ഇൗണമിട്ട പാട്ട് മന്നത്തിന്റെ സാന്നിധ്യത്തിൽ ശ്രീലത പാടി: ‘ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു നീലമുളംതത്തേ...’.

murthi-sreelatha ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രനടയിൽ 1975 ഏപ്രിലിൽ സംഗീതത്തിൽ അരങ്ങേറ്റം നടത്തുന്ന ശ്രീലത. തിക്കുറിശ്ശി, വി. ദക്ഷിണാമൂർത്തി എന്നിവരെ കാണാം.

ഒൻപതു കഴിഞ്ഞു പത്തിലേക്കു പാസായി നിൽക്കുന്ന സമയത്താണു കെപിഎസിയിൽ പാടാനുള്ള ക്ഷണം. കായംകുളത്തു വേറെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാമെന്ന ഉറപ്പിലാണു കൊണ്ടുപോകുന്നത്. പക്ഷേ, കെപിഎസിക്കു നാടകമൊഴിഞ്ഞിട്ടു നേരം വേണ്ടേ? ആറു മാസം കേരളത്തിൽ നാടകം. അതു കഴിഞ്ഞാൽ പുറത്തു നാടകപ്രയാണം. പത്തു കഴിഞ്ഞു തിരുവനന്തപുരം മ്യൂസിക് അക്കാദമിയിൽ ചേർന്നു പാട്ടു പഠിക്കണമെന്ന ശ്രീലതയുടെ മോഹം ആ തിരക്കിൽ പൊലിഞ്ഞുപോയി. കെപിഎസിയുടെ ‘യുദ്ധകാണ്ഡം’ നാടകത്തിലെ (1965) കൊച്ചുകുട്ടിയുടെ വേഷത്തിൽ ശ്രീലതയെ അരങ്ങിൽ കയറ്റിയിരുന്നു. അതാണ് ആദ്യ അഭിനയാനുഭവം. കുമാരി തങ്കത്തിന്റെ ഭർത്താവ് പി.കെ. സത്യപാൽ ലളിത, പത്മിനി, രാഗിണിമാരുടെ അടുത്ത ബന്ധുവാണ്. അങ്ങനെ സിനിമ ശ്രീലതയുടെ കയ്യെത്തും ദൂരത്തുണ്ട്. പാടാൻ പോകാമെന്നായിരുന്നു കൊതി. പക്ഷേ, കൈനീട്ടം കിട്ടിയത് അഭിനയിക്കാനാണ്. അങ്ങനെ വന്നതായിരുന്നു ‘വിരുതൻ ശങ്കു’വിലെ വേഷം. തമാശ പറയാനറിയാതെ, ആ വേഷം ഉപേക്ഷിച്ചു മദ്രാസിൽനിന്നു മടങ്ങാനൊരുങ്ങിയ ശ്രീലതയ്ക്ക് പി.എ. തോമസിന്റെ ‘ആശാചക്രം’ എന്ന സിനിമയിൽ സത്യന്റെ മകളായി ഒരു വേഷം വന്നു. 1968 ൽ ചിത്രീകരിച്ച ആ സിനിമ പുറത്തുവന്നത് 1974 ലാണ്. അപ്പോഴേക്കു ശ്രീലത ഒരുപാടു വളർന്നിരുന്നു, ആകാരത്തിലും അഭിനയത്തിലും.

‘ആശാചക്രം’ കഴിഞ്ഞും അഭിനയത്തോടു കാര്യമായ അഭിനിവേശമില്ലാതെ, മദ്രാസിൽനിന്നു പോരാൻ തുടങ്ങുമ്പോഴാണ് എം. കൃഷ്ണൻ നായരുടെ ‘പഠിച്ച കള്ളൻ’ എന്ന സിനിമയിലേക്കു ക്ഷണം. അതിലും അടൂർ ഭാസിയുടെ കൂടെത്തന്നെ. എംജിആർ നായകനായ ‘തിരുടാതെ’ എന്ന തമിഴ് സിനിമയുടെ റീമേക്കാണത്. ‘ശ്രമിച്ചുനോക്കുക, പറ്റുന്നില്ലെങ്കിൽ മടങ്ങാം’ എന്ന ഉപാധിയിൽ കൃഷ്ണൻ നായർ നിർബന്ധിച്ചു. പറ്റുന്നതുപോലെയൊക്കെ ശ്രീലത ചെയ്തു. മലയാള സിനിമയിലെ പൊട്ടിച്ചിരി കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്. ഭാസി-ശ്രീലത കൂട്ടുകെട്ട് വമ്പൻ ഹിറ്റായി. ‘1980 വരെ 205 സിനിമകളിൽ ഞാൻ അഭിനയിച്ചു. അതിൽ നൂറെണ്ണവും ഭാസിച്ചേട്ടന്റെ കൂടെയായിരുന്നു’-പണ്ടു ലൊക്കേഷനിൽനിന്ന് ഇറങ്ങിപ്പോന്നതിന്റെ തമാശയോർത്ത് ശ്രീലത തന്നെ പൊട്ടിച്ചിരിച്ചു.

ലൊക്കേഷനിൽത്തന്നെ ഡബ്വിങ് നടത്തുന്ന അന്നത്തെ രീതിയിൽ, തമാശ ഡയലോഗുകളുടെ സ്ക്രിപ്റ്റെഴുത്ത് ഭാസി തന്നെയായിരുന്നു. അതിനു കണക്കാക്കി ശ്രീലതയും ഡയലോഗ് ഉണ്ടാക്കിക്കൊള്ളണം. കൗണ്ടർ ഡയലോഗ് പറയാനറിയാതെ ആദ്യ കാലത്തു ശ്രീലത നിന്നു വിയർക്കുമായിരുന്നു. ‘ആദ്യമൊക്കെ അദ്ദേഹം നന്നായി വഴക്കു പറയുമായിരുന്നു. എനിക്കാണെങ്കിൽ കരച്ചിൽ വരും. ചെറുപ്പത്തിലേ നന്നായി സംസാരിക്കുന്ന ശീലമുള്ളതിന്റെ ധൈര്യത്തിൽ പിന്നെ ഞാനങ്ങു തിരിച്ചു പറഞ്ഞുതുടങ്ങി. അങ്ങനെയങ്ങനെ ആത്മവിശ്വാസം വന്നതാണ്. ഭാസിച്ചേട്ടന്റെ കൂടെ കുറച്ചു പാട്ടുകളും സിനിമയിൽ പാടി’-ചിരി വന്ന വഴികൾ ശ്രീലത ഓർത്തു.

പരമേശ്വരൻ നമ്പൂതിരിയുടെ ജീവിതസഖിയായശേഷം അഭിനയം നിർത്തിവയ്ക്കുമ്പോൾ ശ്രീലത ചെയ്ത അവസാന വേഷം ജയന്റെ അവസാന സിനിമയായ ‘കോളിളക്ക’ത്തിലായിരുന്നു. പാപത്തിനു മരണമില്ല, വേനലിൽ ഒരു മഴ എന്നീ സിനിമകളിൽ നമ്പൂതിരിക്കൊപ്പം അഭിനയിച്ച ശ്രീലത പിന്നെ 23 വർഷം കുടുംബിനിയുടെ വേഷം മാത്രം കെട്ടി. നല്ലൊരു ഗുരുവിനു കീഴിൽ പാട്ടു പഠിക്കുകയെന്ന മോഹം ഇരുപത്തിരണ്ടാം വയസ്സിലാണു ശ്രീലതയ്ക്കു സാധ്യമായത്. ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യയായി സംഗീതാഭ്യസനം. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ആ ചടങ്ങ് ഉദ്ഘാടനം ചെയ്തതു തിക്കുറിശ്ശിയായിരുന്നു. പിൽക്കാലത്തു ഭർത്താവുന്നെ മുൻകയ്യെടുത്തു നെയ്യാറ്റിൻകര വാസുദേവന്റെയും ശിഷ്യയാക്കി.

ഭർത്താവിന്റെ വിയോഗവേദനയിൽ, അഭിനയമെന്ന മോഹമേയില്ലാതെ ഇരിക്കെയാണു സീരിയലിൽ വേഷവുമായി പി. ചന്ദ്രകുമാറിന്റെ ക്ഷണം. സിനിമയിലേക്കു വീണ്ടും വരാൻ താൽപര്യമില്ലായിരുന്നു. പക്ഷേ, ‘വിനോദയാത്ര’യിലെ മെക്കാനിക്കിന്റെ വേഷം കാണിച്ചു സത്യൻ അന്തിക്കാട് വിളിച്ചപ്പോൾ ആ തീരുമാനവും തിരുത്തി. രണ്ടാം വരവിൽ സിനിമകൾ പിന്നെ കുറേയെണ്ണം പിറകെയെത്തി; അതിലേറെ സീരിയലുകളും. ഇപ്പോൾ പരിപാടികൾക്കു ക്ഷണിക്കപ്പെട്ടാൽ, പാട്ടു പാടാനുള്ള അഭ്യർഥനയ്ക്കൊപ്പം ശ്രീലതയോട് ആരാധകർ ഒരു കാര്യംകൂടി ആവശ്യപ്പെടും, ‘ആ ഷീലയുടെ ഡയലോഗൊന്നു പറയാമോ...?!’.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.