Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലയമണി’ മുഴങ്ങി; പിന്നെ ‘കണ്ണും കരളു’മായി

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

ആലപ്പുഴ പൂങ്കാവ് തെക്കേപാലയ്ക്കൽ വീട്ടിൽ മക്കൾ പത്താണ്. വർഷത്തിൽ രണ്ടു തവണ ആലപ്പുഴയിലെ ശ്രീകൃഷ്ണ, ഭഗവതിവിലാസം തിയറ്ററുകളിൽ സിനിമ കാണാൻ സംഘമായി പോകും. ഇരിക്കാൻ കസേര മടക്കി കയ്യിൽ പിടിക്കും. പത്തു പേരിൽ ഒരുവൻ അന്നേ സിനിമയിൽ കണ്ണു കൊളുത്തിയിട്ടു. കാലങ്ങൾക്കിപ്പുറം ആ പയ്യന്റെ പേര് സ്ക്രീനിൽ മായാതെ കിടന്നു, സ്റ്റാൻലി ജോസ്.

ഹൈസ്കൂളിലെത്തിയപ്പോഴേക്കു സ്റ്റാൻലി കഥയെഴുതാനും കഥ പറയാനും തുടങ്ങി. നാലാം വയസ്സു മുതലേ ചിത്രം വരയ്ക്കും. പാലാ സെന്റ് തോമസ് കോളജിലും കോതമംഗലം എംഎ കോളജിലും പോയി പഠിച്ചപ്പോൾ അവിടത്തെ സ്റ്റാർ ഗായകനുമായി. സ്റ്റാൻലിയുടെ അച്ഛന്റെ അനിയൻമാർക്കു നാടകക്കമ്പനിയുണ്ടായിരുന്നു. യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫും വിമൽകുമാറും ആ സമിതിയിൽ അഭിനയിക്കാൻ വരും. വിമൽകുമാർ പിന്നെ ബോംബെ സിനിമാലോകത്തേക്കു പോയി. ‘തിരമാല’ എന്ന സിനിമ സംവിധാനം ചെയ്യാൻ നാട്ടിലെത്തിയ വിമൽ കുമാർ ഉദയാ സ്റ്റുഡിയോയിൽ ചേർന്നു. ഉമ്മ, ഉണ്ണിയാർച്ച, സീത തുടങ്ങിയ സിനിമകളിൽ സംവിധായസഹായിയായി.

stanly jose വേഴാമ്പലി’ന്റെ റെക്കോർഡിങ്ങിനിടെ യേശുദാസിനും എം.കെ. അർജുനനുമൊപ്പം സ്റ്റാൻലി ജോസ് (വലത്തേയറ്റം).

‘ഉമ്മ’യുടെ ഷൂട്ടിങ് കാണാൻ സ്റ്റാൻലി എന്ന പൊടിമീശക്കാരൻ, എം.എ. ജോൺ എന്ന നാട്ടുകാരൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ കൈസഹായത്തോൽ ഉദയായിൽ ഇടിച്ചുകയറി. നോക്കുമ്പോൾ തിക്കുറിശ്ശിയുടെ കല്യാണരംഗം. ചേട്ടൻമാരുടെ സുഹൃത്തായ ശശികുമാർ ഉദയായിൽ സഹസംവിധായകനാണന്ന്. അദ്ദേഹത്തെ ബന്ധപ്പെട്ടു വിമൽകുമാറിന്റെയടുത്തെത്തി. പി. ഭാസ്കരൻ, രാമു കാര്യാട്ട്, ശശികുമാർ... വിമൽകുമാറിന്റെ ശിഷ്യപ്പട്ടികയിൽ സ്റ്റാൻലിയും ഇടം പിടിച്ചു!

പക്ഷേ, മദ്രാസിൽ അസോഷ്യേറ്റഡ് കമേഴ്സ്യൽ ഏജൻസീസ് എന്ന ബാങ്കിലെ കാഷ്യർ ജോലി സ്റ്റാൻലിയെ മാടിവിളിച്ചു. ബാങ്കിലെ സ്ഥിരം കസ്റ്റമറാണു പ്രസിദ്ധ എഡിറ്റർ സൂര്യ. അദ്ദേഹവുമായി അടുപ്പമായി. ഒരു ദിവസം പാരമൗണ്ട് സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ, ശിവാജി ഗണേശനെയും ബാലാജിയെയും വച്ച് ‘ആലയമണി’ ചിത്രീകരിക്കുകയാണു സംവിധായകൻ കെ. ശങ്കർ. സ്റ്റാൻലിയെ പരിചയപ്പെടുത്താൻ ശങ്കറിനെ സൂര്യ മുറിയിലേക്കു വിളിപ്പിച്ചു. ശങ്കറിന്റെ ഗുരുവാണു സൂര്യ. ശങ്കറിനെപ്പോലൊരാൾ കാണാൻ ചെന്നതാരെയാണപ്പാ എന്ന വിസ്മയത്തോടെ സ്റ്റുഡിയോക്കാരൊക്കെ സ്റ്റാൻലിയെ എത്തിനോക്കി.

ഡിഗ്രിയൊക്കെയുള്ളയാൾ സിനിമയിൽ വരുന്നതിനെ ശങ്കർ വിലക്കുകയാണു ചെയ്തത്. എന്നിട്ടും, ശങ്കറിന്റെ ‘കടവുൾ’, കെ.എസ്. സേതുമാധവന്റെ ‘കണ്ണും കരളും’ എന്നീ സിനിമകളുടെ ലൊക്കേഷനിൽനിന്നു സ്റ്റാൻലി മാറാതെ നിന്നു. ബാങ്കിൽ 300 രൂപ ശമ്പളമുണ്ടെങ്കിലും (അന്നു പല സംവിധായകർക്കും അത്രയും വരുമാനമില്ല!) രാജിവച്ചു നാട്ടിലേക്കു മടങ്ങി. പക്ഷേ, ജോലി പിന്നെയും കൂടെക്കൂടി. ഇക്കുറി റവന്യു വകുപ്പിൽ. നിയമനം വയനാട്ടിൽ. മനസ്സ് അപ്പോഴും സിനിമയിലാണ്. തിരുവനന്തപുരത്തു മെരിലാൻഡ് സ്റ്റുഡിയോയിൽ ചെന്നു പി. സുബ്രഹ്മണ്യത്തെ കണ്ടു. ശീമാട്ടിയിലെ മാനേജർ ഭാസ്കരറെഡ്യാർ, സുബ്രഹ്മണ്യത്തിന്റെ മകൻ കുമാറിനൊരു ശുപാർശക്കത്തു കൊടുത്തുവിട്ടിരുന്നു. ‘ഒരു മാസം കഴിഞ്ഞു വാ’ എന്നു സുബ്രഹ്മണ്യം മുതലാളിയുടെ ‘നിയമനക്കത്ത്’. വർഷം 1964. സർക്കാർ ജോലി ഉപേക്ഷിച്ച് ‘ആറ്റം ബോബ്’ എന്ന സിനിമയിൽ സ്റ്റാൻലി പങ്കുചേർന്നു. ക്ലാപ്പ് ബോയ് മുതൽ അസോഷ്യേറ്റ് ഡയറക്ടർ വരെയായി ആ ഇരുപത്തേഴുകാരൻ ഓടിനടന്നു. ’66 വരെ മെരിലാൻഡിന്റെ ഏഴു സിനിമകളിൽ അസോഷ്യേറ്റായി.

അതിനിടെ, ചേട്ടൻമാരുടെ സുഹൃത്തായ നടൻ ആലപ്പി വിൻസെന്റ് സ്റ്റാൻലിയെ ആലുവ കേന്ദ്രമായി എടുക്കുന്ന പുതിയൊരു പടത്തിലേക്കു ക്ഷണിച്ചു. 1967 ൽ തുടങ്ങിയ ആ പരീക്ഷണചിത്രം പുറത്തുവന്നപ്പോൾ 1970 ആയിരുന്നു. പക്ഷേ, ‘ഓളവും തീരവും’ എന്ന ആ പി.എൻ. മേനോൻ ചിത്രം, മലയാളത്തിന്റെ വഴിത്തിരിവുകളിലൊന്നായി. പി.എ. ബക്കറായിരുന്നു നിർമാതാവ്. കാര്യമായി ഫണ്ടൊന്നുമില്ല. ഉച്ചയൂണിനു നേരമാവുമ്പോൾ, ബക്കർതന്നെ ചിലപ്പോൾ സവാളയരിഞ്ഞു പ്ലേറ്റിലിട്ടു കൊടുക്കും.

വൈകാതെ സ്റ്റാൻലി ഉദയാ എന്ന തട്ടകത്തിലെത്തി. 1968 ആണു വർഷം. ഉദയായിലപ്പോൾ ‘പുന്നപ്ര-വയലാർ’ സിനിമ നടക്കുന്നു. പിന്നെ എട്ടു വർഷം, 24 ചിത്രങ്ങൾ... സ്റ്റാൻലി ഉദയായുടെ സംവിധാനവിഭാഗത്തിന്റെ സജീവതയായി. ’77 ൽ ആലപ്പുഴയിലെ സുഹൃത്തുക്കളുടെ പ്രേരണയിലാണ് ആദ്യത്തെ സ്വന്തം സിനിമ. എസ്ഡി ഫാർമസി മാനേജരായിരുന്ന ഗോപിനാഥ് നിർമാതാവായി. വിൻസെന്റും ശ്രീദേവിയും മുഖ്യവേഷത്തിൽ വന്ന ‘വേഴാമ്പൽ’ രതീഷിന്റെ ആദ്യ ചിത്രമായി. പട്ടണക്കാട് പുരുഷോത്തമനും ജൻസിയും ആദ്യമായി ഗായകരാവുന്നു. ഒൻപതു കൊലപാതകങ്ങളുള്ള കഥയായിരുന്നു ആദ്യം. പടം പകുതിയായപ്പോഴാണ് അടിയന്തരാവസ്ഥ വരുന്നത്. നിയന്ത്രണങ്ങൾ വന്നപ്പോൾ, കൊലപാതകങ്ങളൊക്കെ കഥയിൽ ഉൗഹാപോഹങ്ങളാക്കി മാറ്റി. കഥയിലെ മാറ്റിമറിച്ചിലിൽ എഴുത്തുകൂട്ട് ഭാര്യ കനകം സ്റ്റെല്ലയായിരുന്നു. അന്നുമുതൽ സ്റ്റാൻലി എഴുതുമ്പോൾ ഒപ്പം കനകമുണ്ട്. അമ്മയും മകളും (’80), ആ പെൺകുട്ടി നീയായിരുന്നെങ്കിൽ (’85) എന്നീ സിനിമകൾകൂടി സ്റ്റാൻലി സംവിധാനം ചെയ്തു.

അതിനിടയിലാണു നവോദയയിലും കൂട്ടുചേരാൻ അപ്പച്ചന്റെ ക്ഷണം. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് സിനിമ ‘തച്ചോളി അമ്പു’വിലും ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന മാറ്റത്തിന്റെ കൂട്ടുകെട്ടിലും സ്റ്റാൻലിയുണ്ടായിരുന്നു. സ്റ്റാൻലിയുടെ സംവിധാനത്തിൽ ഒരു കമേഴ്സ്യൽ സിനിമയാണ് അതു കഴിഞ്ഞു നവോദയ ആലോചിച്ചത്. സ്റ്റാൻലിയും ഫാസിലും ജിജോയും സിബി മലയിലും അമാനുമൊക്കെ കഥാചർച്ചയിലിരിക്കുമ്പോൾ, ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്നു ബൈക്കോടിച്ചു മോഹൻലാൽ വന്നു. കൂടെയൊരു മെലിഞ്ഞ ചെറുപ്പക്കാരൻ. ‘ഇവൻ നന്നായി കഥ പറയും’ എന്നു ലാൽ. അതു പ്രിയദർശനായിരുന്നു. പ്രിയൻ പല കഥകളും പറഞ്ഞു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ മരണത്തിനു കീഴടങ്ങുന്ന സുഹൃത്തിന്റെ കഥ എല്ലാവർക്കും ഇഷ്ടമായി. ‘തടി’ എന്ന പേരിൽ കോഴിക്കോട് ലൊക്കേഷനായി ആ പടം ചെയ്യാൻ തീരുമാനിച്ചു. പക്ഷേ, സമാന ഛായയുള്ളൊരു കഥ ഹരിഹരൻ അക്കാലത്ത് എടുത്തുകൊണ്ടിരിക്കുന്നതു വൈകിയാണറിഞ്ഞത്. ഒരുപക്ഷേ, സ്റ്റാൻലിക്കു വഴിതിരിവാകാമായിരുന്നൊരു പടം അങ്ങനെ പിറക്കാതെപോയി.

മുപ്പതു കൊല്ലത്തിനിപ്പുറം, എഴുപത്തെട്ടാം വയസ്സിൽ ‘അന്ത കുയിൽ നീതാനാ’ എന്ന തമിഴ് സിനിമ സംവിധാനം ചെയ്തുകൊണ്ടു സ്റ്റാൻലി തിരിച്ചുവരികയാണ്. അടുത്ത പടവും മനസ്സിന്റെ തിരശ്ശീലയിൽ പിറന്നുകഴിഞ്ഞു. അതും തമിഴിൽത്തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.