Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടിപ്പറന്നുപോയ പുത്തഞ്ചേരിക്കൊപ്പം

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
sudeep ഗിരീഷ് പുത്തഞ്ചേരിക്കും എം. ജയചന്ദ്രനുമൊപ്പം സുദീപ് കുമാർ ഷാർജയിൽ.

കൈനകരിയിലെ കണ്ണാട്ട് കളരിക്കൽ ക്ഷേത്രത്തിനു മുന്നിൽനിന്നു ‘മുത്തുകിലുങ്ങും ചെപ്പാണെടാ...’ എന്ന പാട്ടു കേൾക്കുമ്പോൾ സുദീപ് കുമാർ എന്ന നിക്കറിട്ട പയ്യൻ അന്തംവിട്ടു നോക്കിനിന്നു. സിനിമയിൽ പാട്ടു വരുന്നത് ഇങ്ങനെയാണെന്ന് അവൻ അന്നാദ്യമറിഞ്ഞു. പിന്നെയൊരു കാലത്തു തന്റെയും ശബ്ദം ഇങ്ങനെ നാടാകെ കേൾക്കുമെന്ന് അന്നവൻ അറിഞ്ഞില്ലല്ലോ?! ആ ഷൂട്ടിങ്ങിനിടെ മധുവിനെയും ശ്രീവിദ്യയെയും തൊട്ടിട്ടുണ്ട്, കൊച്ചുസുദീപ്. പക്ഷേ, യേശുദാസിന്റെ ശബ്ദമാണു ശരിക്കും ജീവിതത്തിലേക്കു തൊട്ടെടുത്തത്.

സുദീപിനു പത്തു വയസ്സായപ്പോൾ, കുടുംബം പുന്നപ്ര പറവൂരേക്കു താമസം മാറി. പുന്നപ്ര ഫൈൻ ആർട്സ് സൊസൈറ്റിയിലെ ആജീവനാന്ത അംഗമായിരുന്നു അച്ഛൻ. അവിടെ സ്ഥിരമായി കലാപരിപാടികളുണ്ടാവും. ഒരിക്കൽ കൊച്ചിൻ കലാഭവന്റെ മിമിക്രി വേദിയിൽ കണ്ട രസികനായ ചെറുപ്പക്കാരനെ മറക്കാൻ കഴിഞ്ഞില്ല. അതു ജയറാമായിരുന്നു എന്നതു മാത്രമല്ല ആ ദിവസത്തിന്റെ പ്രത്യേകത. അന്നത്തേതു ജയറാമിന്റെ ആദ്യ മിമിക്രി വേദിയുമായിരുന്നു. ഫൈൻ ആർട്സ് സൊസൈറ്റിയുടെതന്നെ വേദിയിൽ കെപിഎസിയുടെ ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകം. വേദിക്കു പിറകിൽനിന്നു ക്ലീൻ ഷേവ് ചെയ്തൊരു സുമുഖനായ ചെറുപ്പക്കാരൻ, സദസ്സിന്റെ മുൻനിരയിലുള്ളയാളുടെ കാലുതൊട്ടു വന്ദിക്കുന്നതു സുദീപ് കണ്ടു. സദസ്സിലേതു നാടകത്തിലെയും സിനിമാ തിരക്കഥയിലെയും ആചാര്യസ്ഥാനീയനായ എസ്എൽ പുരം സദാനന്ദൻ. ആ ചെറുപ്പക്കാരൻ സായികുമാറായിരുന്നു.

  പത്താം ക്ലാസ് കഴിഞ്ഞ മാർച്ച് 30, പരീക്ഷ കഴിഞ്ഞതിലേറെ സുദീപിന്റെ സന്തോഷം പിറ്റേന്ന് അറവുകാട് ക്ഷേത്രത്തിൽ യേശുദാസിന്റെ കച്ചേരിയുണ്ട് എന്നതായിരുന്നു. യേശുദാസിനെ ആദ്യം കാണുകയാണ്. ആലപ്പുഴ ജില്ലാ കലാപ്രതിഭയുടെ തിളക്കത്തോടെ എസ്ഡി കോളജിൽ പ്രീഡൎിഗ്രിക്കു ചേർന്നപ്പോൾ, പാട്ടുകാരൻ പയ്യൻ കലാലയത്തിന്റെ ശബ്ദമായി. അതിനു തൊട്ടുമുൻപത്തെ വർഷമാണ് എസ്ഡി കോളജ് മെൻസ് ഹോസ്റ്റലിന്റെ തൊട്ടടുത്തുള്ള കെട്ടിടം ‘ഉർവശി തിയറ്റേഴ്സ്’ ആയി മാറിയത്. ‘റാംജിറാവ് സ്പീക്കിങ്ങി’ലെ രംഗങ്ങളോരോന്നും ആ പഴയ വീടിനു മുന്നിൽ ചെന്നുനിന്നു സുദീപ് എത്രയോ വട്ടം അയവിറക്കി. പ്രീഡിഗ്രി പഠനകാലത്തുതന്നെയാണു ‘ലാൽസലാമി’ന്റെ ഷൂട്ടിങ്. ആലപ്പുഴ റെയ്ബാൻ ഹോട്ടലിനു പിറകിലൊരു കെട്ടിടം പാർട്ടി ഓഫിസായി രൂപാന്തരപ്പെട്ടിരുന്നു. അവിടെ മോഹൻലാൽ, മുരളി, ഗീത... സുദീപിന്റെ സിനിമാക്കമ്പം കൂടിക്കൂടിവന്നു. 

തിരുവനന്തപുരം ചേതനയുടെ നാടകത്തിനായി കലവൂർ ബാലന്റെ സംഗീതസംവിധാനത്തിൽ ആദ്യം റിക്കോർഡിങ് മൈക്കിനു പിറകിൽ നിന്ന സുദീപ്, വെറും ഇരുപതു വയസ്സുകാരനായിരുന്നു. പിന്നെ ചേർത്തല ജൂബിലി എന്ന, രാജൻ പി. ദേവിന്റെ നാടകസംഘത്തിലേക്കു ബാലൻതന്നെ കൈപിടിച്ചു കൊണ്ടുവന്നു. സുദീപ് ആദ്യമായി അടുത്തു പരിചയപ്പെടുന്ന സിനിമക്കാരനായിരുന്നു, രാജൻ പി. ദേവ്. ‘ഇന്ദ്രജാല’മൊക്കെ ഇറങ്ങി രാജൻ കത്തിനിൽക്കുകയാണന്ന്. സിനിമ അപ്പോഴും കയ്യകലത്തില്ല. ഗാനമേളകൾ ധാരാളമുണ്ട്. തിരുവനന്തപുരം ലോ കോളജിൽ പഠിക്കുന്ന കാലത്തു ചേർത്തലക്കാരൻ ജോണി സാഗരികയെ കണ്ടതു വഴിത്തിരിവായി. ഹിറ്റ് കസെറ്റുകളിൽ സുദീപിന്റെ ശബ്ദം നിറഞ്ഞു. സിനിമയുടെ വാതിൽ തുറന്നുവച്ചതു വിനയൻ എന്ന ആലപ്പുഴക്കാരൻ. 2001 ൽ ‘ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യനി’ലൂടെ സുദീപിന്റെ ശബ്ദം സ്ക്രീനിൽനിന്ന് ആദ്യമായി പുറത്തുവന്നു. 

എസ്ഡി കോളജിൽ രണ്ടു വർഷം ജൂനിയറായിരുന്ന കുഞ്ചാക്കോ ബോബനുമായി ദീർഘകാല സൗഹൃദമുണ്ടായിരുന്നെങ്കിലും, മമ്മൂട്ടിക്കും ലാലിനുമടക്കം ധാരാളം പേർക്കുവേണ്ടി പാടിയ ശേഷമാണു സുദീപ് ചാക്കോച്ചന്റെ ശബ്ദമായത്. ‘റോമൻസി’ലെ ‘അർത്തുങ്കലെ പള്ളിയിൽ...’ എന്ന ആ ഗാനത്തിനുമുണ്ടായിരുന്നു, ആലപ്പുഴ ടച്ച്. ലോ കോളജിൽ സഹപാഠിയായിരുന്ന അനൂപ് മേനോനു വേണ്ടിയാണു സുദീപ് കൂടുതൽ സിനിമകളിൽ പാടിയിട്ടുള്ളത് എന്നതും രസകരമായ യാദൃച്ഛികത. അനൂപ് മേനോനെന്ന കോഴിക്കോട്ടുകാരനെപ്പോലെ, സുദീപിന്റെ ഹൃദയത്തോടു ചേർന്നുനിന്ന മറ്റൊരു കോഴിക്കോട്ടുകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. അനാരോഗ്യം മൂലം ഗിരീഷ് ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു ‘ശിക്കാർ’ എന്ന സിനിമയുടെ കംപോസിങ്. നിർമാതാവ് രാജഗോപാൽ ഷാർജയിലായിരുന്നതിനാൽ, ഗിരീഷിനെയും എം. ജയചന്ദ്രനെയും സുദീപിനെയും അങ്ങോട്ടു വിളിപ്പിച്ചു. അവിടെ താമസിച്ചു പാട്ടെഴുത്തും കംപോസിങ്ങും ആലാപനവുമൊക്കെ. ജയചന്ദ്രനൊപ്പം 25 സിനിമയിൽ പാടിയതിന്റെ മാത്രമല്ല, നാൽപതിലേറെ സിനിമകളിൽ അദ്ദേഹത്തിന്റെ സംഗീതസംവിധാന സഹായിയായ ബന്ധവും സുദീപിനുണ്ട്. ‘രതിനിർവേദ’ത്തിൽ എം. ജയചന്ദ്രൻ ഇൗണം നൽകിയ ‘ചെമ്പകപ്പൂങ്കാവിലെ...’ എന്ന പാട്ടിലൂടെതന്നെ സുദീപിനു സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. 

‘ശിക്കാറി’ലെ ബാക്കി പാട്ടുകളൊക്കെ എഴുതിയിട്ടും ക്ലൈമാക്സ് ഗാനം ഗിരീഷിന്റെ പേനയിൽനിന്നു വരുന്നില്ല. പല ദിവസങ്ങൾ കാത്തിരുന്നു. ഒടുവിൽ ഷാർജയിലെ അവസാന ദിവസം. പിറ്റേന്ന് ഉച്ചയ്ക്കു മടക്കമാണ്. രാത്രി ഒരു മണിയോടെ കിടക്കുമ്പോൾ, ഗിരീഷ് സുദീപിനോടു പറഞ്ഞു: ‘രാവിലെ അഞ്ചുമണിക്കു നിന്നെ ഞാൻ വിളിക്കും. കുട്ടൻ (ജയചന്ദ്രൻ) ഉറങ്ങിക്കോട്ടെ. നീയാ മ്യൂസിക് എനിക്കൊന്നു മൂളിത്തരണം’. അഞ്ചു മണിക്കുതന്നെ ഗിരീഷ് സുദീപിനെ വിളിച്ചെഴുന്നേൽപിച്ചു. ഒരു മണിക്കൂർകൊണ്ട്, ഗിരീഷിന്റെ അവസാന ഗാനങ്ങളിലൊന്നു പിറന്നു. അതിലൊരു വിടപറയലിന്റെ ധ്വനിയുമുണ്ടായിരുന്നു. ‘പിന്നെ എന്നോടൊന്നും പറയാതെ പകൽപ്പക്ഷി സ്വയം പറന്നെങ്ങോപോയി...’ എന്ന ഗാനം വിങ്ങലോടെയെ സുദീപിന് എപ്പോഴും കേൾക്കാൻ കഴിയൂ. 

കല്ലോലംപോലെ, രാമൻ പൊലീസ് എന്ന രണ്ടു സിനിമകളുടെ തിരക്കഥ ആ യാത്രയിൽ ഗിരീഷ് സുദീപിനോടു പറഞ്ഞിരുന്നു. ‘രാമൻ പൊലീസിൽ നീ പാട്ടുകാരനാവണ്ട. നിന്നെ ഞാൻ അഭിനയിപ്പിക്കാം’ എന്നായിരുന്നു ഗിരീഷിന്റെ ഓഫർ. സുദീപിനെ പാട്ടുകാരൻ മാത്രമാക്കി നിർത്തി ഗിരീഷ് പിന്നെയൊരു രാത്രി പറന്നുപോയി. കോഴിക്കോട്ടെ ആശുപത്രിയിൽ ഗിരീഷ് മരണത്തിനു കീഴടങ്ങുമ്പോൾ, അതേ നഗരത്തിലൊരു ഗാനമേള വേദിയിലായിരുന്നു സുദീപ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.