Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയുടെ ‘ജാതക’മായ ഗ്രാമകൽപനകൾ

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍

ആർക്ക് ലൈറ്റുകൾ അണച്ചു. തുറന്നിട്ട ജനൽപ്പാളികൾ ചാരിവച്ചു. പക്ഷേ, രാമചന്ദ്രബാബു ക്യാമറ ഓഫാക്കിയില്ല. ഷൂട്ടിങ് നിർത്തിയാൽ പൊന്നിന്റെ വിലയുള്ള നായകനും നായികയും വേറെ ലൊക്കേഷനിലേക്കു പോകും. പുറത്ത് അസ്വസ്ഥത പടർന്നുതുടങ്ങിയിരുന്നു. രാജീവ് ഗാന്ധിയാണു കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ടേ രണ്ടു ഷോട്ട്, അതുകൂടി തീർന്നാൽ സുരേഷ് ഉണ്ണിത്താന്റെ ‘മുഖചിത്രം’ പൂർത്തിയാകും. ജയറാമും ഉർവശിയുമാണു മുഖ്യതാരങ്ങൾ. ടോമിൻ തച്ചങ്കരി അന്ന് ആലപ്പുഴ എഎസ്പി. ‘എത്രയും വേഗം ഒതുക്കിക്കോ’ എന്നാണു തച്ചങ്കരിതന്നെ പറയുന്നത്. ഏതായാലും, അടച്ചിട്ട മുറിയിൽ അവസാന രംഗങ്ങൾ ചിത്രീകരിച്ചു തീർത്തു. രാജ്യത്തിന്റെ മുഖംതന്നെ നഷ്ടപ്പെട്ട ദിവസം ‘മുഖചിത്രം’ പായ്ക്കപ്പ്. പടം സൂപ്പർ ഹിറ്റായി. നേട്ടത്തേക്കാൾ വേദനയോടെ രാജ്യത്തിന്റെ നഷ്ടം ഇപ്പോഴും ഒരു ക്ലൈമാക്സായി ഉണ്ണിത്താന്റെ മനസ്സിൽ.

അവധിക്കു മാവേലിക്കര കുറത്തികാട്ടെ അച്ഛന്റെ വീട്ടിൽ വരുന്നതു സുരേഷിന്റെ ദൃശ്യഭാവനകളുടെ പാഠപുസ്തകമായിരുന്നു. സ്കൂൾ അധ്യാപകനും ഇൻസ്പെക്ടറും പിന്നെ ഡിഇഒയുമൊക്കെയായ അച്ഛനു തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും പാലായിലും ചേർത്തലയിലുമൊക്കെയായി ജോലി. മിക്കയിടത്തും ഭാര്യയും കുടുംബവുമായി മാറിമാറി ജീവിതം. ആ നാഗരിക ജീവിതങ്ങൾക്കിടയിലാണ്, കാവും കുളവും കളരിയും കാവിലെ പരദേവതകളുമൊക്കെയുള്ള നടാലെ വീട്ടിലേക്കുള്ള അവധിവരവ്. 1988 ൽ ഉണ്ണിത്താൻ സംവിധാനം ചെയ്ത ആദ്യ സിനിമ ‘ജാതകം’ ആയതിൽ ഒരു അദ്ഭുതവുമുണ്ടായില്ല. ചെറുപ്പത്തിൽ കണ്ട അതേ പശ്ചാത്തലങ്ങൾ, ലോഹിതദാസിന്റെ തൂലികയിലൂടെ ഉണ്ണിത്താൻ സിനിമയാക്കി. ‘ഒരുപാടു നാൾ ഒരിടത്തു ജീവിക്കണമെന്നില്ല. ഒരു കുഞ്ഞുദൃശ്യം പോലും മനസ്സിൽ ഭാവനയും കൽപനയുമാകാം. അങ്ങനെ വേരുറച്ച അച്ഛന്റെ ഗ്രാമമാണ് എന്റെ സിനിമകളെ സ്വാധീനിച്ചത്’ എന്നു സുരേഷ് ഉണ്ണിത്താൻ.

ബിരുദം കഴിഞ്ഞു സിനിമയുടെ ഛായ വിടാതെ പിടികൂടിയപ്പോൾ സുരേഷ് നേരെ ചെന്നതു മധുവിന്റെ തിരുവനന്തപുരത്തെ ഉമ സ്റ്റുഡിയോയിലേക്കാണ്. സിനിമയിൽെ ന്തെങ്കിലും ചെയ്യണമെന്നേയുള്ളൂ, ആദ്യ കിട്ടിയ അവസരം എഡിറ്ററുടെ സഹായിയായാണ്. ഹരിഹരപുത്രന്റെ ചിത്രസംയോജന സഹായിയായി കൂടി. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘അസ്തമയ’ത്തിൽ ഉണ്ണിത്താൻ സിനിമയിലേക്ക് ഉദയം കൊണ്ടു. ഇപ്പോഴത്തെ യുവ സംവിധായകൻ ദീപന്റെ അച്ഛൻ വെളിയം ചന്ദ്രനോടൊപ്പമാണു സംവിധാനത്തിലേക്കു കാൽവയ്പ്. ചന്ദ്രന്റെ ‘ഇതും ഒരു ജീവിതം’ എന്ന ചിത്രത്തിൽ ഉണ്ണിത്താൻ സഹസംവിധായകനായി.

അതു കഴിഞ്ഞു കാത്തിരിക്കുകയായിരുന്നു, പത്മരാജൻ കാലം. ‘എന്റെ സിനിമാസങ്കൽപങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കാലം’ എന്ന് ഉണ്ണിത്താൻ അഭിമാനത്തോടെ ഓർക്കുന്ന കാലം. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, കൂടെവിടെ, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, അപരൻ, മൂന്നാം പക്കം... ആരും കൊതിച്ചുപോകുന്ന സിനിമകളുടെ ആത്മായനങ്ങൾക്ക് ഒപ്പം നിൽക്കാൻ സുരേഷിനെ പത്മരാജൻ കൂടെ കൂട്ടുകയായിരുന്നു.

suresh with lohi and manjalmkuziali രാധാമാധവ’ത്തിന്റെ ലൊക്കേഷനിൽ, നിർമാതാവ് മഞ്ഞളാംകുഴി അലിക്കും തിരക്കഥാകൃത്ത് ലോഹിതദാസിനുമൊപ്പം സുരേഷ് ഉണ്ണിത്താൻ.

‘ജാതക’വും ‘രാധാമാധവ’വും കഴിഞ്ഞു മൂന്നാമത്തെ സിനിമയായ ‘മുഖചിത്രം’ എത്തിയപ്പോഴേക്കു സ്വന്തം നാടിന്റെ ഛായ പകർത്താൻ സുരേഷ് നിശ്ചയിച്ചുറപ്പിച്ചിരുന്നു. പ്രധാന ലൊക്കേഷൻ ആലപ്പുഴ നഗരത്തിലെ രണ്ടു വീടുകളാണ്. കവുങ്ങുകൾ നിറഞ്ഞ പറമ്പിനു നടുവിലൂടെ വഴിയുള്ള ഒരു വീടു കണ്ടെത്തി. പക്ഷേ, രണ്ടാമത്തെ വീടില്ല. എന്തു ചെയ്യും? വീടിനു മുന്നിലൊരു തൊഴുത്തുണ്ടല്ലോ, അതു നമുക്കു വീടാക്കാമെന്നു കലാസംവിധായകൻ പ്രേമചന്ദ്രൻ. പ്രേമചന്ദ്രന്റെ ആദ്യ സിനിമയാണത്. ആ കലാവിരുതിൽ, ആ തൊഴുത്ത് സിനിമയിൽ ജയറാമിന്റെ വീടായി!

കാൽ നൂറ്റാണ്ടിനിടെ ഒൻപതു സിനിമകളെടുത്ത ഉണ്ണിത്താന്, അതിൽ ഏറ്റവും ഒടുവിലത്തേതിലെ ഒരനുഭവം ഒരിക്കലും വിട്ടുപോകാത്ത കിടുക്കമാണ്. ‘അയാൾ’ കുട്ടനാട്ടിൽ ചിത്രീകരിക്കുന്നു. ലാലും മകനായി അഭിനയിക്കുന്ന ധനഞ്ജയനും വള്ളത്തിൽ കയറിപ്പോകുന്ന രംഗമാണ്. എക്സ്ട്രീം വൈഡ് ഷോട്ടായതിനാൽ എല്ലാവരും ദൂരെ മാറിനിൽക്കുന്നു. നല്ല ആഴമുള്ളിടത്തു വള്ളം തലകീഴായി മറിഞ്ഞു. ധനഞ്ജയന്റെ അച്ഛനുൾപ്പെടെ കണ്ടുനിൽക്കുകയാണ്. എന്താണു സംഭവിച്ചതെന്നു തിരിച്ചറിഞ്ഞ് എല്ലാവരും ഓടിയെത്തുമ്പോഴേക്കു പയ്യനെ എങ്ങനെയോ രക്ഷിച്ചു വള്ളത്തിൽ പിടിച്ചുകിടക്കുകയാണു ലാൽ. ഇനി വള്ളത്തിൽ ഷൂട്ടിങ് വേണ്ടെന്നായി ധനഞ്ജയന്റെ പിതാവ്. ഒടുവിൽ അദ്ദേഹത്തെ ആശ്വസിപ്പിച്ചു വീണ്ടും രംഗമെടുക്കുമ്പോഴും, ഉണ്ണിത്താന്റെ മനസ്സിലെ ക്യാമറയിൽ കുട്ടനാടിന്റെ ആ ശ്യാമഭംഗിയായിരുന്നു.

‘കടലു പോലെയാണു കുട്ടനാട്. എത്ര കണ്ടാലും മതിവരില്ല. നമ്മൾ കാണുന്ന ഭാവത്തിൽ കുട്ടനാടിനെ ഉൾക്കൊള്ളാൻ കഴിയും...’-കുട്ടനാടൻ ദൃശ്യചാരുതയെക്കുറിച്ച് ഉണ്ണിത്താനു പറഞ്ഞാൽ മതിവരില്ല. അതുകൊണ്ടാണു സത്യപ്രതിജ്ഞ, ആർദ്രം എന്നീ രണ്ടു സിനിമകൾക്കായിക്കൂടി ഉണ്ണിത്താൻ ക്യാമറയെടുത്ത് ആലപ്പുഴയ്ക്കു വന്നത്.

അച്ഛനിൽനിന്നു സിനിമക്കാലം മകനിലെത്തിനിൽക്കുന്നു. ഇംഗ്ലണ്ടിൽ ഫിലിം മേക്കിങ് എംഎ കഴിഞ്ഞ അഭിറാം സുരേഷ് ഉണ്ണിത്താൻ ‘യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്സ്’ എന്ന സിനിമയ്ക്കുശേഷം അടുത്ത ചിത്രത്തിനായുള്ള തയാറെടുപ്പിലാണ്. സിനിമയുടെ ജാതകം പുതിയ തലമുറയുടെ ഗ്രഹനില കുറിക്കുകയാണെങ്കിലും, 2015 ൽ അച്ഛനും പുതിയ സിനിമയെടുക്കാൻ ഒരുങ്ങുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.