Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കൃഷ്ണപക്ഷത്തെ വെള്ളിനക്ഷത്രങ്ങൾ

ശ്രീജിത്ത് കെ. വാരിയര്‍
ചീഫ് സബ് എഡിറ്റര്‍
എംജിആറിനോടെപ്പം ടി.എൻ. കൃഷ്ണൻകുട്ടി (ഇടത്തേയറ്റം). സംവിധായകൻ ഹരിഹരൻ സമീപം. എംജിആറിനോടെപ്പം ടി.എൻ. കൃഷ്ണൻകുട്ടി (ഇടത്തേയറ്റം). സംവിധായകൻ ഹരിഹരൻ സമീപം.

ഉദയാ സ്റ്റുഡിയോയുടെ രണ്ടാം വരവിന്റെ കാലമാണത്. ഉദയാ പുതിയ സാങ്കേതിക വിദഗ്ധരെ തേടുന്നു. ക്യാമറാമാനെയും വേണം. ‘ക്യാമറാമാൻ വേറെ വേണോ? എന്നു കൃഷ്ണൻകുട്ടി തമാശ രൂപത്തിൽ കുഞ്ചാക്കോയോടു ചോദിച്ചു. ‘എനിക്കു കൃഷ്ണൻകുട്ടിയെക്കുറിച്ചു ധൈര്യക്കുറവൊന്നുമില്ല.

കൃഷ്ണൻകുട്ടിക്കു ധൈര്യമുണ്ടെങ്കിൽ നോക്കിക്കോ എന്നു കുഞ്ചാക്കോ. വർഷം 1960. ‘ഉമ്മയാണു സിനിമ. പടം തുടങ്ങുംമുൻപു തിക്കുറിശ്ശി കുഞ്ചാക്കോയോടു ചോദിച്ചു, ‘ആരാ ചാക്കോച്ചാ ക്യാമറ? ‘അതു കൃഷ്ണൻകുട്ടിതന്നെ എന്നു കുഞ്ചാക്കോ. ‘എങ്കിൽ പിന്നെ കുഴപ്പമില്ല എന്നു തിക്കുറിശ്ശിയും. അടുത്ത കാൽ നൂറ്റാണ്ടിലെ എഴുപതിലേറെ സിനിമകളിൽ, ആ പ്രതീക്ഷ കൃഷ്ണൻകുട്ടി പിന്നെ തെറ്റിച്ചില്ല.

ക്യാമറയോടു കൂട്ടുകൂടാൻ ജനിച്ചതാണു ടി.എൻ. കൃഷ്ണൻകുട്ടിയെന്നു തോന്നാം, ആ ജീവിതഛായ അടുത്തറിഞ്ഞാൽ. ആലപ്പുഴ എസ്ഡിവി സ്കൂളിൽ പഠിക്കുന്ന കാലത്തേ, അടുത്ത കൂട്ടുകാരന്റെ ബോക്സ് ക്യാമറയാണു കൃഷ്ണൻകുട്ടിയുടെ പ്രധാന കൂട്ട്. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ തുടങ്ങുന്നു എന്നു കേട്ടപ്പോഴെ കൃഷ്ണൻകുട്ടി അച്ഛനോടു പറഞ്ഞു, ‘അച്ഛാ, എനിക്കുവേണ്ടി ഒന്നു പറയാമോ? അച്ഛനു കുഞ്ചാക്കോയുമായി നല്ല പരിചയമാണ്. ചെന്നപ്പോഴേ കുഞ്ചാക്കോ ചോദിച്ചു: ‘ഏതിലാ താൽപര്യം? ‘ക്യാമറയിൽ എന്ന മറുപടി കേട്ടപ്പോൾ കൂടുതൽ ചിന്തിക്കാതെ കുഞ്ചാക്കോ പറഞ്ഞു, ‘എന്നാൽ, നാളെ വന്നോ.

കൃഷ്ണൻകുട്ടി അന്നു വെറുമൊരു പതിനെട്ടുകാരൻ. ഉദയാ സ്റ്റുഡിയോ ആരംഭിക്കാനുള്ള ഒരുക്കം മാത്രമെ ആയിട്ടുള്ളു. അങ്ങനെ ചരിത്രത്തിനൊപ്പം കൂവിയ ആ കോഴിയുടെ പ്രഭാതം മുതൽ കൃഷ്ണൻകുട്ടി ഒപ്പംനിന്നു. ഉപകരണങ്ങളൊക്കെ എത്തിത്തുടങ്ങി.

ടി.എൻ. കൃഷ്ണൻകുട്ടി.

1949 കഴിഞ്ഞപ്പോൾ ‘വെള്ളിനക്ഷത്രം എന്ന ആദ്യ സിനിമ. ശിവറാം സിങ്ങാണു പ്രധാന ഛായാഗ്രാഹകൻ. സഹായികളിൽ മലയാളികളായി കൃഷ്ണൻകുട്ടിയും തിരുവനന്തപുരത്തുകാരൻ മാധവൻ നായരും മാത്രം. പങ്കാളികളുടെ കൂട്ടിൽ കുഞ്ചാക്കോ നിർമിച്ച ‘വെള്ളിനക്ഷത്രം കാര്യമായി തിളങ്ങിയില്ല. കുഞ്ചാക്കോയും കോശിയും ചേർന്നു ‘നല്ലതങ്കയെടുത്തപ്പോൾ അതായിരുന്നില്ല അനുഭവം. ‘നല്ല തങ്ക നല്ല വിജയമായി. ‘ജീവിതനൗകയും ‘അവൻ വരുന്നുവും കൂടി കെ ആൻഡ് കെ പ്രൊഡക്ഷൻസ് നിർമിച്ചു. അതു കഴിഞ്ഞപ്പോൾ ബാനർ എക്സൽ പ്രൊഡക്ഷൻസായി. ‘കിടപ്പാടം ആയിരുന്നു ആദ്യ സിനിമ. പക്ഷേ, പടം പ്രതീക്ഷ കെടുത്തി. അതോടെ ഉദയ താൽക്കാലികമായി അടച്ചു.

ഉദയായുടെ ഉപകരണങ്ങളുമായി തിരുവനന്തപുരത്തു കെ.എം.കെ. മേനോന്റെ സ്റ്റുഡിയോയിൽ പോയ പരിചയത്തിൽ, കൃഷ്ണൻകുട്ടി അനന്തപുരിയിൽ പുതിയ ആലയം തേടി. മേനോൻ ഒരു സിംഹള സിനിമയെടുക്കുന്ന കാലമാണ്. തമിഴനായ ചന്ദ്രനാണു മുഖ്യ ഛായാഗ്രാഹകൻ. മേനോൻ പലപ്പോഴും ലങ്കയിലായിരിക്കും. സിനിമയുടെ നിർമാണച്ചുമതല ഏറെക്കുറെ പൂർണമായി കൃഷ്ണൻകുട്ടിയുടെ തലയിലായി. പടം തീർന്നപ്പോൾ സംവിധായകനും നിർമാതാവും തമ്മിൽ ഉടക്കായി. അതോടെ എഡിറ്റിങ് അടക്കമുള്ള പണിയും കൃഷ്ണൻകുട്ടിയുടെ മേൽനോട്ടത്തിലായി. ‘സല്ലി മല്ലി സല്ലി എന്ന 1957ലെ ആ സിനിമയും വിജയംകൊണ്ട് അനുഗ്രഹിച്ചു.

ഉദയാ അപ്പോഴും തുറന്നിട്ടില്ല. ഉപകരണങ്ങൾ മദ്രാസിൽ കൊണ്ടുപോയി വാടകയ്ക്കു കൊടുക്കാമെന്ന കുഞ്ചാക്കോയുടെ നിർദേശപ്രകാരം, അപ്പച്ചനെയും കൂട്ടി കൃഷ്ണൻകുട്ടി അങ്ങോട്ടു വിട്ടു. ഒരു കൊല്ലം അവിടെ തങ്ങിയ കാലത്തു തമിഴ്, കന്നട, തെലുങ്ക് സിനിമകളിൽ ഛായാഗ്രഹണ സഹായിയായി. അതും കഴിഞ്ഞാണ് ഉദയായുടെ രണ്ടാം വരവ്. ‘ഉമ്മ കഴിഞ്ഞപ്പോൾ ഉദയാ സ്റ്റുഡിയോയ്ക്കു വീണ്ടും നല്ല കാലമായി. സീത, നീലിസാലി, ഉണ്ണിയാർച്ച, കൃഷ്ണകുചേല, പാലാട്ടു കോമൻ, ഭാര്യ, റബേക്ക, പഴശ്ശിരാജ... ഉദയായുടെ ഈ തിരശ്ശീലത്തിളക്കങ്ങളിലെല്ലാം കൃഷ്ണൻകുട്ടിയായിരുന്നു ഛായാഗ്രാഹകൻ.

1963ൽ ‘പഴശ്ശിരാജ പൂർത്തിയാകുന്ന കാലത്തു കുഞ്ചാക്കോയും കൃഷ്ണൻകുട്ടിയുമായൊരു ധാരണപ്പിശക്. ജോലി പോയി. ‘ഇന്ദുലേഖ എന്ന തന്റെ നാടകം വേദിയിൽ ചിത്രീകരിച്ചു സിനിമയാക്കാൻ കലാനിലയം കൃഷ്ണൻനായർ കൃഷ്ണൻകുട്ടിയെ വിളിക്കുന്നത് അക്കാലത്താണ്. നാടകാവതരണം കഴിഞ്ഞ് അർധരാത്രിയാണു ഷൂട്ടിങ്. പടം പൂർത്തിയാകാൻ ഒരു വർഷത്തോളമെടുത്തു.

‘ഇന്ദുലേഖയുടെ എഡിറ്റിങ്ങിനായി കൃഷ്ണൻകുട്ടി മദ്രാസിലുള്ള കാലത്ത്, ഉദയായുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മാത്യു ഹോട്ടലിൽ തേടിയെത്തി. മദ്രാസിലുള്ള കുഞ്ചാക്കോ കാണാൻ വിളിപ്പിച്ചതാണ്. ‘ഇന്ദുലേഖ കഴിഞ്ഞാലുടൻ ഉദയായിൽ തിരികെയെത്താനാണു ക്ഷണം. രണ്ടു കന്നട പടങ്ങൾക്ക് അഡ്വാൻസ് വാങ്ങിയ 500 രൂപ വീതം മാത്യുവിനെക്കൊണ്ടു തിരികെ കൊടുപ്പിച്ച്, കുഞ്ചാക്കോ ഒരാഴ്ചയ്ക്കകം കൃഷ്ണൻകുട്ടിയെ ആലപ്പുഴയ്ക്കു കൊണ്ടുപോന്നു.

എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ ഉദയാ നിർമിച്ച ‘കാട്ടുതുളസിയാണ് ആ വരവിൽ കൃഷ്ണൻകുട്ടിയുടെ തുടക്കം. ശകുന്തള, ജയിൽ, അനാർക്കലി, തിലോത്തമ... ഇത്രയും പടം തീർന്നപ്പോൾ ഉദയായിൽ തൊഴിലാളിസമരം. കൃഷ്ണൻകുട്ടിയെത്തേടി സത്യന്റെ കത്തു വന്നു. ‘ഞാനൊരു പടമെടുക്കുന്നു, സഹകരിക്കണം. സത്യന്റെ അനിയൻ നേശൻ സംവിധാനം ചെയ്ത ‘ചെകുത്താന്റെ കോട്ടയായിരുന്നു ആ ചിത്രം. സത്യൻ നിർമിച്ച ‘കറുത്ത പൗർണമിയിലും കൃഷ്ണൻകുട്ടി തന്നെയായിരുന്നു ക്യാമറയ്ക്കു പിന്നിൽ.

അതു കഴിഞ്ഞുള്ള കൃഷ്ണൻകുട്ടിയുടെ ക്യാമറാ ജീവിതം മദ്രാസ് കേന്ദ്രീകരിച്ചായിരുന്നു. വിരുതൻ ശങ്കു മുതൽ വിഷുപ്പക്ഷി വരെയുള്ള തിരക്കുള്ള കാലം. കണ്ണൂർ ഡീലക്സ്, കളിപ്പാവ, പുത്രകാമേഷ്ടി, പഞ്ചവടി, ലേഡീസ് ഹോസ്റ്റൽ, പത്മവ്യൂഹം, അയലത്തെ സുന്ദരി, ടൂറിസ്റ്റ് ബംഗ്ലാവ്, കോളജ് ഗേൾ, ബാബുമോൻ, തെമ്മാടി വേലപ്പൻ, പാദസരം, യാഗാശ്വം... മലയാളം ഒരിക്കലും മറക്കാത്ത സിനിമകളുടെ ലൊക്കേഷനിൽ കൃഷ്ണൻകുട്ടി നിറഞ്ഞുനിന്ന രണ്ടു പതിറ്റാണ്ടാണ് ആ ചരിത്രം. 1986ലെ പുറത്തുവരാത്ത ‘വിഷുപ്പക്ഷിയിൽ എത്തിനിന്നപ്പോൾ കൃഷ്ണൻകുട്ടിയുടെ ഛായകളിൽ വിരിഞ്ഞ ചിത്രങ്ങൾ 71 ആയിരുന്നു. അതിൽ 14 ചിത്രങ്ങൾ ഉദയായ്ക്കുവേണ്ടിയും.

ഉദയ കഴിഞ്ഞാൽ ഹരിഹരനും എ.ബി. രാജനും ശശികുമാറിനും ഒപ്പമാണു കൃഷ്ണൻകുട്ടി കൂടുതൽ തവണ ഛായാഗ്രഹണം നിർവഹിച്ചത്. ഹരിഹരന്റെ ആദ്യ സിനിമയിൽ തുടങ്ങിയ ആ ബന്ധം, എൺപത്തഞ്ചു പിന്നിട്ട ഈ പ്രായത്തിലും മങ്ങാത്ത സൗഹൃദമാണ്.

ഉദയായുടെ പടി കയറി അഭിനയമോഹവുമായി എത്തിയ ശശികുമാറിനു മേക്കപ്പ് ടെസ്റ്റ് നടത്തിയതു കൃഷ്ണൻകുട്ടിയായിരുന്നു. ‘അവൻ വരുന്നു എന്ന ചിത്രത്തിലൊരു എസ്റ്റേറ്റ് മാനേജരുടെ വേഷമായിരുന്നു ശശികുമാറിന്. പക്ഷേ, ആ സിനിമയുടെ പേരിലുള്ളതുപോലെ, ‘അവൻ വരും എന്നൊരു തോന്നൽ കൃഷ്ണൻകുട്ടിയുടെ മനസ്സിൽ അന്നുണ്ടായിരുന്നു; നടനായല്ല, സംവിധായകനായി. അതു ഫലിച്ചു.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് മേക്കറും ഏറ്റവും കൂടുതൽ സിനിമകളുടെ സംവിധായകനുമായി ശശികുമാർ വന്നതു പിൽക്കാല ചരിത്രമായി. കുഞ്ചാക്കോ, സത്യൻ, നസീർ, തിക്കുറിശ്ശി, അപ്പച്ചൻ, ശശികുമാർ... ഓർമകളുടെ ഫ്രെയിമുകളിൽ നിന്നു പ്രിയപ്പെട്ടവർ ഓരോരുത്തരായി മായുമ്പോൾ, ദൃശ്യങ്ങളിൽ ഒപ്പിയെടുക്കാൻ കഴിയാത്ത വേദന കൃഷ്ണൻകുട്ടിയുടെ ഉള്ളിൽ പിടയുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.