Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ഒറ്റപ്പെട്ടുപോയവൾ; ഇന്ന് വെളിച്ചം വിതറുന്ന സ്ത്രീ

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
manju-movie

മൂന്നു വർഷം മുൻപ് ജീവിതത്തിന്റെ വഴിത്തിരിവിൽ തൃശൂർ പുള്ളിലെ വീട്ടിലേക്കു പോരാൻ തീരുമാനിച്ച ശേഷം മഞ്ജു വാരിയരെ കണ്ടിരുന്നു. എന്താണിനി ചെയ്യുകയെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു. ‘കുറെ ദിവസമായി എനിക്കുറങ്ങാൻ പോലും പറ്റാത്തതിനു ഒരു കാരണം അതാണ്. എവിടെക്കാണു ജീവിതം പോകുന്നത് എന്നറിയില്ല. ’ അച്ഛനും അമ്മയ്ക്കും ബാധ്യതയായി ജീവിക്കേണ്ടിവരുമോ എന്ന ചിന്ത മുഖത്തു കാണാമായിരുന്നു. അഭിനയിക്കുമോ എന്നു ചോദിച്ചപ്പോൾ പറഞ്ഞു, ‘അറിയില്ല. എന്നെ എല്ലാവർക്കും വേണ്ടി വരുമോ എന്നറിയില്ലല്ലോ. 14 വർഷമായില്ലെ.’

വല്ലാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ മുഖത്തു കാണാമായിരുന്നു. വളരെ കുറച്ചാണു സംസാരിച്ചിരുന്നത്. മൂന്നു വർഷത്തിനു ശേഷം കെയ്റോഫ് സൈറാബാനു എന്ന സിനിമ കണുമ്പോൾ ഓർത്തതു പഴയ മഞ്ജുവിനെയാണ്.

ഒറ്റപ്പെട്ടുപോകുമ്പോഴും പുറംലോമറിയാതെ ചിരിച്ചുകൊണ്ടു പിടിച്ചുനിന്ന സൈറാബാനു എന്ന കഥാപാത്രം പലപ്പോഴും മഞ്ജു എന്ന നടിയെത്തന്നെയാണു ഓർമ്മിപ്പിച്ചത്. അവരുടെ കൂടെ നടക്കുമ്പോൾ ‍‍ഞാനതു കണ്ടതാണ്. ഇത് അഭിനയാണ്. എന്നാൽ മഞ്ജു എന്ന നടിയുടെ ജീവിതവും മൂന്നു വർഷംകൊണ്ടു വല്ലാതെ മാറിയിരിക്കുന്നു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയുംകുറിച്ചു അവർ പലപ്പോഴും ആലോചിക്കുന്നു. അവർക്കുവേണ്ടി സമയം മാറ്റ​ിവയ്ക്കുന്നു. മനോരമ നല്ല പാഠത്തിൽ ഒന്നാം സമ്മാനം നേടിയ അട്ടപ്പാടിയിലെ കുട്ടികളെ കാണാൻ ഒരു ദിവസം മുഴുവനും അവർ ചിലവിട്ടു. അതുകൊണ്ടു പ്രത്യേക മൈലേജൊന്നും അവർക്കു കിട്ടാനിടയില്ല. അവരുടെ നന്മതന്നെയാണു അതിനു പുറകിലുണ്ടായിരുന്നത്. വയനാട്ടിലെ ഏതോ ആദിവാസി ഗ്രാമത്തിൽ പോയത് ആരെയും അറിയിക്കാതെയാണ്. ഇങ്ങിനെ എത്രയോ യാത്രകൾ.

ഗുണ്ടകൾ കൈകാര്യം ചെയ്ത നടിയെ ദിവസങ്ങളോളം അവർ ചേർത്തു പിടിക്കുന്നതുപോലെ കൂടെ നിൽക്കുകയായിരുന്നു. ‘ഞാനുണ്ട് കൂടെ’ എന്നു ഹൃദയംകൊണ്ടു പറയുന്ന നിമിഷങ്ങൾ. പുറംലോകം അറിയാത്ത ഭീകരയുടെ പേടി സ്വപ്നങ്ങൾ കാണാതെ ആ കുട്ടി ഉറങ്ങിയതിനു ഒരു കാരണം ഈ കൂടെ നിൽക്കൽ ആയിരിക്കാം. ഡാൻസുകളിച്ചു നേടുന്ന പണത്തിന്റെ വലിയൊരു ഭാഗം നൽകുന്നതു പാവപ്പെട്ടവർക്കാണ്. അതിനു മാത്രം വലിയ സമ്പാദ്യമൊന്നും മഞ്ജു വാരിയർക്കില്ല എന്നതാണു സത്യം.

സൈറാബാനുവെന്ന കഥാപാത്രത്തിന്റെ തിളക്കം മലയാളത്തിന്റെ അപൂർവ തിളക്കമാണ്. അത്തരമൊരു കഥാപാത്രം കൈകാര്യം ചെയ്യാൻ കഴിവുള്ള എത്രപേരുണ്ട് എന്നു തിരിഞ്ഞു നോക്കുമ്പോഴാണു നാം ഈ നടിയെ അറിയുക. അതീവ ദയനീയവും ഭൂമിയോളം താഴ്ന്നുമുള്ള എത്രയോ സീനുകൾ. അതീവ ഹൃദ്യമായ മുഖത്തു തിളക്കമുള്ള സീനുകൾ. ഇവിടെ കാണുന്നതൊരു നടിയെത്തന്നെയാണ്. കന്മദം എന്ന സിനിമയിൽ കണ്ട അതേ കരുത്തോടെ മഞ്ജു വാരിയർ ഇപ്പോഴും ബാക്കിയാകുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ അസാന്നിധ്യം അറിയുന്നത് ഇവടെയാണ്. സൈറാബാനുവിൽ ‘നിങ്ങൾ എന്റെ അമ്മയല്ലല്ലോ’ എന്നു ചോദിക്കുന്ന നിമിഷം മലയാള സിനിമയുടെ അപൂർവമായ അഭിനയ മുഹൂർത്തമാണു നാം കാണുന്നത്. കെട്ടുകാഴ്ചകളില്ലാത്തൊരു മനോഹരമായ സിനിമ മഞ്ജു സ്വന്തം സിനിമയാക്കി മാറ്റുന്നു.

നടി എന്ന നിലയിൽ മഞ്ജു വാരിയർ തിരിച്ചുവരുമെന്നു അവരുടെ പഴയ സിനിമകൾ കണ്ട ആരും പറയും. എന്നാൽ മഞ്ജു വാരിയർ എന്ന വ്യക്തി ഇതുപോലെ ഉദിച്ചുയരുമെന്നു പ്രതീക്ഷിച്ചതേയില്ല. ചെന്നൈയിൽ താരപ്രഭയാർന്നൊരു ചടങ്ങിൽ സ്വന്തം ജീവിതത്തെക്കുറിച്ചു മലയാളത്തെക്കാൾ മനോഹരമായ ഇംഗ്ളീഷിൽ മഞ്ജു സംസാരിക്കുന്നതു അത്ഭുതത്തോടെ മാത്രമെ കണ്ടിരിക്കാനാകൂ. അളന്നു തൂക്കിയ വാക്കുകൾ, അഹങ്കാരം പുരളാത്ത മുഖഭാവം.. ഇതഭിനയമല്ലെന്നു മനസ്സിലാക്കാൻ മനശാസ്ത്രം പഠിക്കേണ്ടതില്ല.

ഒരു പാടു ദുരന്തങ്ങൾക്കു ശേഷം ആൾത്തിരക്കിനിടയിലൂടെ തല ഉയർത്തി കടന്നു പോകുക എന്നതു എളുപ്പമല്ല. രണ്ടാം വരവിൽ അഭിനയത്തോളം തന്നെ തിളക്കമാർന്നൊരു സമൂഹ ജീവിതവും മഞ്ജു കെട്ടിപ്പടുത്തിരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുപോലെ സാമൂഹ്യ പ്രശ്നത്തിൽ ജനം അറിഞ്ഞും അറിയാതെയും ഇടപെട്ട നടികൾ ഉണ്ടെന്നു തോന്നുന്നില്ല. എത്രയോ പേർക്ക് അവരുടെ സാന്നിധ്യംപോലും കരുത്തും തണലുമാകുന്നു. പത്രസമ്മേളനത്തിൽ അവസാനിക്കുന്ന പ്രതിബന്ധതയല്ല എന്നതും ഇതൊടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

നിങ്ങൾക്കു ഈ സ്ത്രീയെ വിമർശിക്കാം വെറുക്കാം. പക്ഷെ വീണുപോയ ഒരിടത്തുനിന്നു തനിയെ എഴുനേൽക്കുകയും സ്വന്തം വഴി കണ്ടെത്തുകയും അതിലൂടെ നിശബ്ദയായി നടന്നു വെളിച്ചം വിതറുകയും ചെയ്ത ഒരു സ്ത്രീയാണിതെന്നു മറക്കാനാകില്ല.

ജീവിതത്തിന്റെ തിരിച്ചുവരവെന്നതു സിനിമയെക്കാൾ വലിയ നേട്ടമാണ്. ദൈവം തയ്യാറാക്കിവച്ച തിരക്കഥയിൽ അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു. ഉപദ്രവിക്കപ്പെട്ട നടിയെ അനുകൂലിക്കാൻ ചേർന്ന കൂട്ടായ്മയിൽ നിറ കണ്ണുകളുമായി ഇരുന്ന മഞ്ജുവാരിയർ എന്ന നടിയുടെ മനസ്സിലെ കടൽ കണ്ണുകളിൽ കാണാമായിരുന്നു. അത്തരമൊരു കടൽ മനസ്സിൽ സൂക്ഷിക്കുന്ന ഒരാളെയാണു നമുക്കു വേണ്ടത്. സൈറാബാനുവിൽ കാണുന്നത് ആ കടലാണ്. അത് അവരുടെ ഉള്ളിലെ കടലുതന്നെയാണ്. ഒറ്റപ്പെട്ടുപോയ ഒരുപാടു മലയാളി സ്ത്രീകളെ ഒാർത്തു തിരയടിക്കുന്ന കടൽ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.