Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാല, ഷിബു; നിങ്ങളിൽ സിനിമയുണ്ട്

സ്പെഷല്‍ കറസ്പോണ്ടന്‍റ്

പ്രിയദർശന്റെ അസിസ്റ്റന്റ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്നു പറഞ്ഞപ്പോൾ സന്തോഷം തോന്നി. ഒരു നല്ല സംവിധായകൻകൂടി മലയാളത്തിലേക്കു വരുന്നല്ലോ എന്ന സന്തോഷം. പ്രിയനെ വിളിച്ചപ്പോൾ ഈ സന്തോഷവും പറഞ്ഞു. ‘ഏതു അസിസ്റ്റന്റ് പ്രിയൻ ചോദിച്ചു. ............... എന്ന പടത്തിലെ അസിസ്റ്റന്റ്് .

അയ്യോ, ആ പയ്യനോ ? അതെ, ദൈവമെ. പത്തു ദിവസം സെറ്റിൽ ഉണ്ടായിരുന്നു എന്നതു സത്യമാണ്. സിനിമയുടെ എബിസിഡി പോലും അറിയില്ല. ശ്രീനി പണ്ടു പറഞ്ഞതുപോലെ അവന്റെ മേഖലയാണു സിനിമ എന്നു ആദ്യം പറഞ്ഞവനെയാണു തല്ലേണ്ടത്.

ഈ പുതിയ സംവിധായകൻ തുടങ്ങിവച്ച സിനിമ പിന്നീടു മുടങ്ങിപ്പോയി. സിനിമ സംവിധാനം ചെയ്യുന്ന പലരും നേരെ കയറി വന്നു സംവിധാനം ചെയ്തു പോകുകയാണ്. ഏതെങ്കിലും നാലാം കിട ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു കിട്ടിയ സംവിധാന സർട്ടിഫിക്കറ്റും ഏതെങ്കിലും സംവിധാനകന്റെ സെറ്റിൽ പത്തു ദിവസം കുളിച്ചുണ്ടു താമസിച്ചതിന്റെ രേഖയുമായാണ് വരവ്. ഗൾഫിൽ സിനിമയുടെ മാസ്മരിക ലോകത്തിലേക്കു വന്നു വീഴുന്ന പാവം പാറ്റകൾ ഇതെല്ലാം വിശ്വസിച്ചു പണമിറക്കുന്നു. പെട്ടിയുമായി വന്നവൻ കുത്തുപാളയെടുത്തു വിമാനം കയറുന്നു. സംവിധായകൻ പയ്യൻ പുതിയ കാർ ബുക്കു ചെയ്യുകയും ചെയ്യുന്നു.

സിനിമ ഗുരുമുഖത്തുനിന്നും കണ്ടു പഠിക്കേണ്ട കലയാണ്. അല്ലാതെ വീടു അടിച്ചുവാരുന്നതുപോലെ ചൂലെടുത്തു നേരെ ചെയ്യാവുന്ന പണിയല്ല. 10 വർഷത്തോളം ലോഹിതദാസിന്റെ കൂടെനിന്ന ബ്ലസ്സി എന്നയാൾ ചെയ്യുന്ന സിനിമയിൽ മറ്റൊന്നുമില്ലെങ്കിലും ഇത്തരി സിനിമ ഉണ്ടാകും എന്നുറപ്പാണ്. കമലിനോടൊപ്പം കൂടെ നിന്നു മതിയാവോളം പഠിച്ച ശേഷമാണു ലാൽ ജോസ് എന്ന സിനിമാക്കാരൻ ഉണ്ടാകുന്നത്. തിരക്കഥ എഴുതുന്ന കാലത്തുതന്നെ രാവും പകലും സെറ്റിൽ ക്യാമറക്കുപിന്നിൽ നിൽക്കുന്ന രഞ്ജിത്തിനെ കണ്ടിട്ടുണ്ട്. സത്യത്തിൽ എഴുത്തു കഴിഞ്ഞാൽ എഴുത്തുകാരനു ചില്ലാനവും വാങ്ങി വീട്ടിൽ പോകാം. അതു ചെയ്യാതിരുന്നതുകൊണ്ടാണ് രഞ്ജിത്ത് എന്ന സംവിധായകൻ ഉണ്ടായത്. അല്ലാതെ തലേവര നന്നായതുകൊണ്ടു മാത്രമല്ല.

പുതു തലമുറയിൽ പലരും കരുതുന്നതു ഒരു സിനിമ സംവിധാനം ചെയ്തുവരുടെ കൂടെയിരുന്നു കഞ്ചാവു വലിച്ചാൽ സിനിമ പിടിക്കാമെന്നാണ്. പത്മരാജന്റെ തിരക്കഥ രണ്ടു തവണ വായിച്ചാൽ കൂടെയിരിക്കാൻ യോഗ്യതയുമായി. ഇവരുടെ സിനിമ തിയറ്ററിൽ ചിലപ്പോൾ ഭാഗ്യത്തിനും മലയാള പ്രേക്ഷകരുടെ കാരുണ്യംകൊണ്ടും രക്ഷപ്പെടുമെങ്കിലും അതിൽ സിനിമയില്ല എന്നതാണു സത്യം. പ്രേക്ഷകൻ നൽകുന്ന പിച്ചക്കാശായി മാത്രം അതിനെ കണ്ടാൽമതി. തുടച്ചശേഷം കളയുന്ന ടിഷ്യൂപേപ്പർ പോലെയാണ് പല സിനിമയും.

ഈ ടിഷ്യൂ പേപ്പർ കാലത്തിനിടയിൽപ്പോലും ഗുരുമുഖത്തുനിന്നു സിനിമ പഠിച്ചു തഴക്കം വന്നുവെന്നു ബോധ്യപ്പെട്ട ശേഷം സിനിമയിൽ വരാൻ ഒരുങ്ങുന്ന രണ്ടു പേരെ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഈ രണ്ടുപേരെ കാണുമ്പോൾ മാത്രമെന്നതാ സന്തോഷമെന്നു സ്വാഭാവികമായും ചോദിക്കാം. കാരണം, നല്ലത് എഴുതിയാലാണ് ഏറ്റവും കൂടുതൽ തെറി വിളിക്കുന്നത്. ഈ രണ്ടു പേരല്ലാതെ പലരും ഉണ്ടാകും. ഇപ്പോൾ ഇവരെക്കുറിച്ചു പറയുന്നു എന്നു മാത്രം.

ഷിബു ബാലനും കെ മേനോനും സിനിമ പഠിക്കാൻ തുടങ്ങിയിട്ടു പത്തു വർഷത്തിലേറെയായിക്കാണും. രണ്ടു പേർക്കും നല്ല ബന്ധങ്ങൾ. പ്രമുഖ താരങ്ങളും പ്രമുഖ നിർമ്മാതാക്കളും വാഗ്ദാനവുമായി പല തവണ ഇവരെ മോഹിപ്പിച്ചതാണ്. എന്നാൽ മനസ്സിലെ നല്ല സിനിമയ്ക്ക് മനസ്സു പാകപ്പെടുന്നതുവരെ കാത്തിരുന്നവരാണ് ഇരുവരും. ബാല നന്നായി വായിക്കും. മോശമല്ലാതെ എഴുതുകയും ചെയ്യും. എഴുത്തിൽ നല്ല തമാശയുണ്ട്. നല്ല താമശ കേട്ടാൽ ചിരിക്കാനു മറിയാം. അതിനെല്ലാമുപരി തനിക്ക് എന്തറിയില്ല എന്നതിനേക്കുറിച്ചു നല്ല ധാരണയുണ്ട്. കഥയും തിരക്കഥയുമായി ബാല രണ്ടു വർഷത്തോളം കാത്തിരുന്നു. തനിക്കു തൃപ്തിയെന്നു തോന്നുന്ന കഥാപാത്രവും താരവും വരുന്നതുവരെ. ഇതൊന്നുമില്ലാതെ ആരുടെ കാൾഷീറ്റും സുഖമായി സംഘടിപ്പിക്കാനുള്ള മിടുക്കു ശ്രീബാലയ്ക്കുണ്ട്. എഴുതിയ തിരക്കഥ ആർക്കു വേണ്ടിയും തിരുത്താതെ കാത്തിരുന്നു ദിലീപിനെ നായകനാക്കി ആദ്യ സിനിമ ചെയ്യുന്നു. ഇതു ദിലീപിന്റെ പതിവു സിനിമയല്ലെന്നു ദിലീപിനു തന്നെ അറിയാം.

ഷിബു ബാലൻ ടിവി സീരിയലുകൾ ചെയ്തിരുന്നു. നല്ല സിനിമകൾ ധാരാളം കാണും, മോശമല്ലാതെ വായിക്കും. തന്റെ ബുദ്ധിക്കു നിരക്കാത്ത തരത്തിൽ സീരിയൽ ചെയ്യണെന്ന അവസ്ഥ വന്നതോടെ നിർത്തി. ജീവിക്കാൻ മറ്റു വരുമാനമൊന്നും ഇല്ലാഞ്ഞിട്ടുപോലും സിനിമയുടെ ലോകത്തേക്കു തിരിച്ചുവന്നു. രണ്ടു നടന്മാരുമായി സിനിമ ചെയ്യാൻ ധാരണയായെങ്കിലും അതു നടന്നില്ല. ആരുടെ മുന്നിൽപ്പോയും മുട്ടുകുനിച്ചു നിന്നില്ല. കാത്തിരിപ്പിനു ശേഷം ശ്രീനിവാസനെ നായകനാക്കി ‘നഗര വാരിധി നടുവിൽ ഞാൻ എന്ന സിനിമ ചെയ്യുന്നു. ശരിക്കും ബോധ്യപ്പെട്ട ശേഷം ശ്രീനി ഏറ്റെടുത്ത സിനിമയാണിത്. അതിലൊരു സിനിമയുണ്ടന്നു ശ്രീനിതന്നെ പറഞ്ഞു. നടന്മാർ പറഞ്ഞതുപോലെ തട്ടിക്കൂട്ടിയിരുന്നുവെങ്കിൽ ഷിബു നാലു വർഷം മുൻപെങ്കിലും സംവിധായകനാകുമായിരുന്നു. തനിക്കു നല്ലതെന്നു തോന്നുന്ന സിനിമയ്ക്കുവേണ്ടി ഷിബു കാത്തിരുന്നു.

പത്തുവർഷത്തോളം കാത്തിരുന്ന ബ്ലസ്സി, ആർക്കു മുന്നിലും കെഞ്ചാതെ നല്ല സിനിമയ്ക്കുവേണ്ടി നടന്ന ലാൽ ജോസ്, രാവും പകലും സെറ്റിൽ നിന്നുകൊണ്ടു മടുപ്പില്ലാതെ സിനിമയുടെ എല്ലാ രസതന്ത്രവും പഠിച്ച രഞ്ജിത്ത്. അവരുടെ തലമുറയിലേക്കു ചിലർകൂടി വരുന്നുവെന്നതു മലയാള സിനിമയുടെ നല്ല കാലമാണ്. രഞ്ജിത്ത് ശങ്കറിനെപ്പോലുള്ളവരെ മറക്കുന്നില്ല. വിദേശ സിനിമയുടെ ഡിവിഡി ഇറങ്ങിയില്ലെങ്കിൽ പ്രതിഭ വറ്റിപ്പോകുന്നവരുടേയും നടന്റെ പിൻഭാഗത്തു തീ പിടിച്ചില്ലെങ്കിൽ സിനിമ പൊളിഞ്ഞുപോകുമെന്നു വിശ്വസിക്കുന്നവരുടേയും ഇടയിൽ ബാക്കിയാകുന്നത് ഈ കുറച്ചു പേരുടെ മുഖങ്ങളാണ്. അവരുടെ മുഖം തെളിയുന്ന നിമിഷം മലയാള സിനിമയും തെളിയുമെന്നു പ്രതീക്ഷിക്കാം. ക്ഷമയോടെ കാത്തിരുന്ന ഇവരെപ്പോലുള്ളരുടെ സിനിമകൾക്കു വേണ്ടി നമുക്കും കാത്തിരിക്കാം. എന്തു കുറവുണ്ടെങ്കിലും അതിൽ കുറച്ചെങ്കിലു സിനിമ ഉണ്ടാകും എന്നുറപ്പാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.