Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാമ എന്ന നന്മ

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്

ചിലർ പരിചയപ്പെട്ട ഉടനെ മനസിലേക്കു നേരെ കയറിവരും. എത്രയോ കാലമായി പരിചയമുള്ളതുപോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യും. ചുറ്റും ആളുകൾ നിൽക്കുന്ന ഗ്ലാമർ കാലത്തു ഒരു സിനിമാ താരത്തിനു അതു ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ ഭാമയെന്ന പെൺകുട്ടിയെ എയർപോർട്ടിലെ തിരക്കിൽ കണ്ടതും പിന്നീടു സംസാരിച്ചതും എത്രയോ കാലമായി കണ്ട ഒരാളെപ്പോലെയാണ്. ഭാമയേക്കുറിച്ച് അതുവരെ എന്തെങ്കിലും എഴുതുക പോലും ചെയ്തിട്ടില്ല. എന്തെങ്കിലും എഴുതണമെന്നു ഇതുവരെ ഭാമ പറഞ്ഞിട്ടുമില്ല.

നിവേദ്യമെന്ന സിനിമ തുടങ്ങുന്നതിനു മുൻപു ലോഹിതദാസ് പറഞ്ഞു, ‘ഒരു കുട്ടിയെ കിട്ടിയിട്ടുണ്ട്്. നല്ല നടിയാണ്. പക്ഷെ നന്നായി ഉപദേശിച്ചു ചിട്ടപ്പെടുത്തി എടുക്കണം. കുറെക്കാലത്തിനു ശേഷമാണ് മുഖത്തും മനസിലും നിഷ്ക്കളങ്കതയുള്ളൊരു മുഖം സിനിമയ്ക്കു വേണ്ടി കിട്ടുന്നത്. ലോഹിയുടെ എല്ലാ സിനിമയുടെ സെറ്റിലും പോയിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ നിവേദ്യത്തിന്റെ സെറ്റിൽപോയില്ല. അതിന്റെ അതൃപ്തി ലോഹി പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷെ അത് ഒരു പെട്ടിക്കടയിലെ ചായയിൽ തീരാവുന്ന പരിഭവമേ ഉണ്ടായിരുന്നുള്ളു. ഭാമയെ തിരുത്തുകയും രൂപപ്പെടുത്തുകയും ചെയ്യാതെ ലോഹി കടന്നുപോയി. ലോഹിയുടെ മരണം ഏറ്റവും വലിയ നഷ്ടമായതു ഭാമയ്ക്കാണ്. കാരണം, ജീവിച്ചിരുന്നുവെങ്കിൽ കുറെക്കൂടി രൂപപ്പെടുത്തിയെടുത്ത നടിയായി ഭാമയെ കാണാമായിരുന്നു. ലോഹി സീനുകൾ ഉണ്ടാക്കുന്നത് അത്ഭുതംപോലെ കണ്ടിരുന്നിട്ടുണ്ട്. അതിൽ ഭാമയെന്ന നടി വീണ്ടും പെടാതെ പോയത് ആ കുട്ടിയുടെ നഷ്ടം.

bhama

കാക്കനാട്ട് ഭാമയുടെ ഫ്ളാറ്റിnൽ ഉച്ചസമയത്ത് എത്തിയപ്പോൾ വിളമ്പിയ ഊണിനുപോലും ആ കുട്ടിയുടെ നന്മയുണ്ടായിരുന്നു. ഒരു മോരുകൂട്ടാനും കായ ഉപ്പേരിയും മോരും പപ്പടവും മാത്രം. ഭാമയുടെ അമ്മ ഷൈലജ ഭക്ഷണം വിളമ്പിയതു ആ വീട്ടിൽ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഒരാളോടു കാണിക്കുന്ന സ്നേഹത്തോടെയാണ്. ചോക്കലേറ്റ് പെട്ടിയിൽനിന്നും ഒരു കഷണം തപ്പിയെടുത്തു തന്നു. ചോക്കലേറ്റ് തരാമെന്നു പറഞ്ഞപ്പോൾ തന്റെ വീട്ടിൽ ഇടയ്ക്കിടെ ചോക്കലേറ്റു പെട്ടി തപ്പുന്ന കുട്ടി ഉണ്ടെന്ന കാര്യം അവർ മറന്നിരിക്കാം.

ഓട്ടോ രാജയെന്ന കന്നഡ സിനിമയിൽ ഭാമ അഭിനയിച്ചപ്പോൾ മാഗസിനുകൾ നിറയെ ആ ചിത്രമായിരുന്നു. മുട്ടിനു മുകളിൽ വരെ മാത്രം ഇറക്കമുള്ളൊരു ഉടുപ്പുമിട്ടു ഭാമ നൃത്തരംഗത്തിൽ ചാടിക്കളിച്ചു. സ്വാഭാവികമായും ക്യാമറകൾ പകർത്തുകയും ചെയ്തു. യൂ ട്യൂബിൽ അതു ഒരു പാടു പേർ ആർത്തിയോടെ കണ്ടു. അവരിൽ പലരും കരുതി ഇനിയും ഭാമ കൂടുതൽ കൂടുതൽ തുറന്നുകാട്ടി അവരെ രസിപ്പിക്കുമെന്ന്. ഒരു മടിയുമില്ലാതെ ഭാമ പറഞ്ഞു, ‘ഞാനതു ചെയ്യാൻ പാടില്ലായിരുന്നു. എന്നെക്കുറിച്ച് കാണികൾക്കൊരു വിശ്വാസമുണ്ട്്. അതാണ് ഞാൻ തെറ്റിച്ചത്. അഭിനയിച്ചു തുടങ്ങുമ്പോൾ ഇത്രയും വലിയ വിഷയമാകുമെന്നു കരുതിയില്ല. ഇനി അത്തരം വേഷങ്ങൾ വേണ്ട ഇതിൽ കൂടുതൽ ആർക്കാണു തുറന്നു പറയാനാകുക. സംവിധായകൻ പറ്റിച്ചു, ക്യാമറ താനറിയാതെ മുട്ടിനു താഴെവച്ചു എന്നെല്ലാമാണ് മിക്ക നടിമാരും നൽകുന്ന വിശദീകരണം. മുട്ടിനു മുകളിലുള്ള പാവാടയിട്ടു ചാടിയാൽ കാലിന്റെ മുകൾ ഭാഗം കാണുമെന്നു അറിയാത്തവരല്ല ഇവരാരും.

നന്നായി പണം സമ്പാദിക്കാമായിരുന്നിട്ടും കന്നഡ സിനിമയിൽ പിന്നീട് അത്തരം വേഷങ്ങളിൽ ഭാമ അഭിനയിച്ചില്ല. അതു ആറാമത്തെ കന്നഡ സിനിമയായിരുന്നു. മൂന്നു തമിഴ് സിനിമയിലും രണ്ടു തെലുങ്കു സിനിമയിലും അഭിനയിച്ച ഭാമയ്ക്ക് അവിടെ പിടിച്ചു നിൽക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. പക്ഷെ, മലയാള സിനിമയുടെ ചെറിയ ലോകത്തേക്ക് ഭാമ തിരിച്ചുവന്നു. അവിടെ മാർക്കറ്റുപോയ ശേഷമായിരുന്നില്ല വരവെന്നോർക്കണം. ലക്ഷങ്ങളുടെ പ്രലോഭനം ഉപേക്ഷിക്കാൻ ഈ കുട്ടിയെ പഠിപ്പിച്ചതു ലോഹിതദാസായിരിക്കണം.

നല്ല വേഷങ്ങൾ തേടി വരികയെന്നതു സംഭവിച്ചു പോകുന്നതാണ്. സിനിമയിൽ പ്രത്യേകിച്ചും. ഭാമ വളരെ ഒതുങ്ങി ആരേയും വിളിച്ചുപദ്രവിക്കാതെ ഇരിക്കുന്നതിനാലാകണം ആ കുട്ടിക്കു കിട്ടുമായിരുന്ന പല വേഷങ്ങളും പലരും കൊണ്ടുപോയി. ഭാമ ഒരിക്കൽ പറഞ്ഞു, ‘ഞാന് ഒരുമാസം മാറി നിൽക്കുകയാണ്. വീട്ടിൽ കസിന്റെ കല്യാണമാണ്. അച്ഛന്റെ മരണ ശേഷം എന്നേയും അമ്മയേയും ചേച്ചിമാരേയും നോക്കിയത് അമ്മാവൻമാരാണ്. അതുകൊണ്ടു അവരുടെ വീട്ടിലെ കല്യാണത്തിനു ഞാൻ ഒരു മാസമെങ്കിലും കൂടെ ഉണ്ടാകണം.

ഗ്ലാമറിന്റെ ലോകത്തെ പലരേയും തേടി ബന്ധുക്കൾ വരണം. പലരും തേടി വന്നു കാവൽ നിൽക്കുന്നതു കണ്ടിട്ടുമുണ്ട്. തന്റെ വീട്ടുകാർക്കുവേണ്ടി ഒരു മാസം സിനിമയിൽനിന്നു മാറി നിൽക്കാൻ എത്രപേർക്കു തോന്നും. വേണ്ടെന്നു വച്ചതു മലയാളത്തിലെ ഒരു പ്രമുഖ യുവ സംവിധായകന്റെ സിനിമയായിരുന്നു. ഈ പ്രായത്തിലെ ഒരു പെൺകുട്ടിയിൽനിന്നു ഇത്രയേറെ കരുതൽ പ്രതീക്ഷിക്കാനാകില്ല.

ലോക പ്രശസ്ത ഗണിതശാസ്ത്ര വിദഗ്ധനായ ഡോ.രാമാനുജത്തെക്കുറിച്ചു ഇംഗ്ലീഷിലും തമിഴിലും എടുക്കുന്ന രാമാനുജം എന്ന സിനിമയിലെ നായികയാണ് ഭാമ. ആ സിനിമ ഭാമയെന്ന നടിയെയാണ് കാണിച്ചു തരുന്നത്. നിർഭാഗ്യംകൊണ്ടു ഇതുവരെ ആ സിനിമ കേരളത്തിൽ റിലീസ് ചെയ്തിട്ടില്ല. സുഹാനിസിയെപ്പോലുള്ളവർ ഈ സിനിമയിലെ ഭാമയുടെ വേഷത്തേക്കുറിച്ചു വളരെ പുകഴ്ത്തി സംസാരിച്ചിരുന്നു.

സിനിമയുടെ ലോകത്തു ജീവിക്കുമ്പോഴും വളരെ സാധാരണയായ ഇടത്തരം കുടുംബത്തിൽപ്പെട്ടൊരു കുട്ടിയാണെന്നു വിശ്വസിച്ചു ജീവിക്കുക എളുപ്പമല്ല. ഒരു ദിവസം ഈ വെള്ളി വെളിച്ചം ജീവിതത്തിൽനിന്നു മായുമ്പോഴും അതേ മനസോടെ നിൽക്കാൻ ഇത്തരക്കാർക്കു മാത്രമേ കഴിയൂ. സിനിമകൾ തകർത്തോടുമ്പോഴും ഷൊർണ്ണൂരിൽനിന്നു ലോഹി ബസിൽ കയറി വരുമായിരുന്നു. അങ്ങനെ ജീവിക്കുകയെന്നതൊരു പുണ്യംതന്നെയാണ്. അതിൽ കുറച്ചു ഈ കുട്ടിക്കു കൊടുത്താണ് ലോഹി യാത്രയായത്.

ഒരു വീടുവയ്ക്കണമെന്നു മോഹമുണ്ടെന്നു ഭാമ പറഞ്ഞു, ഇപ്പോൾ വീടു വയ്ക്കാനുള്ള പ്രയാസങ്ങളെക്കുറിച്ചു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നല്ല വീടുകളുടെ പ്ലാനുകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരോ ഘട്ടത്തിലുമുണ്ടാകുന്ന ചതിക്കുഴികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ‘സഹായിക്കാൻ പലരുമുണ്ടാകും. എന്നാൽ എനിക്കു തനിയെ ഇതു ചെയ്യാനാകുമെന്നനിക്കുറപ്പാണ്. ഞാനതിനു ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ഇരുപതോ ഇരുപത്തിരണ്ടോ വയസായ ഏതെങ്കിലും ഒരാൺകുട്ടി വീടുവയ്ക്കുന്നതിനേക്കുറിച്ചാലോചിച്ചിട്ടുണ്ടാകുമോ. വേണ്ടതെല്ലാം തനിയെ ചെയ്തു ജീവിക്കുന്ന ഈ കുട്ടിയെ കണ്ടാണ് പുതിയ കുട്ടികൾ പഠിക്കേണ്ടത്. വായിൽ ഉരുട്ടിവച്ചു കൊടുത്താൽപ്പോലും എങ്ങിനെ ചവയ്ക്കണമെന്നു ഗൂഗിൾ സെർച്ചിൽ നോക്കുന്ന കുട്ടികൾ.

നല്ല നടിയാണെന്നു തെളിയിച്ചോ ഹിറ്റു സിനിമകൾ ചെയ്തോ എന്നൊക്കെ പരിശോധിച്ചാൽ ഭാമയെന്ന പെൺകുട്ടി ക്യൂവിന്റെ കുറച്ചു പുറകിലാകും. അതിനു കാര്യമായ അവസരമുണ്ടായില്ല എന്നതാണു സത്യം. എന്നാൽ നല്ല മനുഷ്യനായി ജീവിക്കുന്നോ എന്നു ചോദിച്ചാൽ ഈ കുട്ടി ക്യൂവിനു മുന്നിലാണ്. കാര്യമായി ആരും പറഞ്ഞുകൊടുക്കാനില്ലാതെയാണ് ജീവിക്കുന്നതെന്നു കൂടി മനസിലാക്കുമ്പോൾ കൂടുതൽ സന്തോഷവും തോന്നും. ഭാമയെ ഓർക്കുമ്പോൾ മോരുകൂട്ടാനും അതു മാത്രമേ ഉണ്ടാക്കാനായുള്ളു എന്ന അപകർഷതാബോധമില്ലാതെ സന്തോഷത്തോടെ അതു വിളമ്പുന്ന അമ്മയേയും ഓർമ്മവരും. ആ മോരുകൂട്ടാന്റെ നന്മതന്നെയാണ് ഭാമയെ ഒരു സാധാരണ കുട്ടിയായി മലയാള സിനിമയുടെ മുറ്റത്തു നിർത്തുന്നതും. ചിലർക്കു ദൈവമൊരു സമ്മാനപ്പൊതി കാത്തുവച്ചിരിക്കും. ഭാമയ്ക്കുവേണ്ടി കരുതിവച്ച സമ്മാനപ്പൊതിയും എവിടെയോ ഉണ്ട്. അതു വേഗം കണ്ടെടുക്കാനാകട്ടെ എന്നു പ്രാർഥിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.