Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാന ഫ്രെയ്മിൽ നിറഞ്ഞ ക്യൂൻമേരി

സ്പെഷല്‍ കറസ്പോണ്ടന്‍റ്
kalpana-charlie കൽപന

താരങ്ങളുടെ ചിത്രമെടുക്കാനായി അവരുടെ സൗകര്യത്തിനു സെറ്റുകളിലും ഹോട്ടലുകളിലും കാത്തുനിന്ന മാർട്ടിൻ പ്രാക്കാട്ട് എന്ന ഫോട്ടോഗ്രാഫറെ കണ്ടിട്ടുണ്ട്. അവരിൽ പലരും പിന്നീടു മാർട്ടിൻതന്നെ പടമെടുക്കണമെന്നു നിർബന്ധിക്കുമായിരുന്നു. മാർട്ടിന്റെ ചിത്രങ്ങൾക്കു എവിടെയോ ഒരു ഭംഗിയുണ്ടായിരുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ തമാശക്കാണെങ്കിൽപ്പോലും അഭിനയിച്ച മാർട്ടിന്റെ മനസ്സിൽ ഇത്ര മനോഹരമായ സിനിമകൾ ഉണ്ടെന്നു ഒരിക്കലും കരുതിയിട്ടില്ല.

ഒരു ചെറുപ്പക്കാരന്റെ സിനിമാ മോഹം എന്നു മാത്രമാണ് കരുതിയത്. വളരെ അടുത്ത ആളുകളെ പലപ്പോഴും നാം വേണ്ട ഗൗരവത്തോടെ കാണാറില്ലല്ലോ. ബെസ്റ്റ് ആക്റ്റർ, എബിസിഡി എന്നിവയെല്ലാം നല്ല സിനിമകളായിരുന്നു. മാർട്ടിനു ചെയ്യാവുന്ന പരമാവധി സിനിമ അതാണെന്നു അന്നു കരുതി. എന്നാൽ ചാർലിയെന്ന സിനിമ മാർട്ടിനെക്കുറിച്ചുള്ള എല്ലാ ധാരണകളും മാറ്റി.

Charlie Chithirathira Song | Making Video | Dulquer Salmaan, Kalpana | Manorama Online

ആ സിനിമയുടെ ഓരോ ഫ്രെയിമും രൂപംകൊണ്ട കഥ മാർട്ടിൻ പറയുമ്പോൾ കഥ കേൾക്കുന്ന ഒരു കുട്ടിയുടെ കൗതുകം മനസ്സിലുണ്ടായിരുന്നു. ഓരോ സെക്കന്റും കരുതലോടെ എടുത്ത ചാർലി പരാജയപ്പെടാതിരിക്കാനുള്ള കാരണവും അതുതന്നെയാണ്. ക്യൂൻ മേരിയെന്ന കഥാപാത്രത്തിനായി കൽപ്പനയെന്ന നടിയെ തേടിപ്പോയതു മാത്രം മതി മാർട്ടിൻ എന്ന സംവിധായകനെ തിരിച്ചറിയാൻ.

കൽപ്പന അസുഖം മൂലം അഭിനയത്തിനു ഒരുപാടു നിയന്ത്രണം ഏർപ്പെടുത്തിയ സമയത്താണു മാർട്ടിൻ തേടി പോകുന്നത്. രാത്രി അഭിനയിക്കാൻ കൽപ്പന തയ്യാറാകാത്ത കാലമായിരുന്നു അത്. മാത്രമല്ല കടലുപോലെ വളരെ പ്രയാസപ്പെട്ടു പോകേണ്ട ഒരു സ്ഥലത്തു പോയി ഷൂട്ടു ചെയ്യാനും തയ്യാറാകില്ല. മാനേജർമാർ പറഞ്ഞിട്ടും മാർട്ടിൻ പോയി. കാരണം, അതു കൽപ്പനയുടെ മാത്രം വേഷമാണെന്നു മാർട്ടിൻ വിശ്വസിച്ചു. വേഷം എന്താണെന്നു കേട്ട ശേഷം കൽപ്പന പറഞ്ഞു, ‘മോനെ, ഈ വേഷത്തിനായി ഞാൻ രാവും പകലും കടലിൽ പോകാൻ തയ്യാറാണ്.’ മാർട്ടിനെ കൽപ്പനയ്ക്കു പരിചയമില്ല. ഒരു സംവിധായകന്റെ മനസ്സ് അഭിനേതാവു തിരിച്ചറിയുന്ന നിമിഷമായിരുന്നു അത്. രോഗവും വേദനയും കഷ്ടപ്പാടുമെല്ലാം വേഷത്തിനു മുന്നിൽ നിഷ്പ്രഭമാകുന്ന നിമിഷം.

dulquer-kalpana

കടലിലേക്കു പോകുന്ന ബോട്ടിൽ കയറുന്നതുപോലും പ്രയാസമായിരുന്നുവെന്നു മാർട്ടിൻ പറഞ്ഞു. മുളകൊണ്ടു നിർമ്മിച്ചൊരു പാലത്തിലൂടെയായിരുന്നു കയറിയത്. കടലിനെ എന്നും പേടിയുള്ള കൽപ്പന കണ്ണടച്ചു ഏറെ നേരം പ്രാർഥിച്ചു. തിരകൾക്കിടയിലൂടെ ഉൾക്കടലിലേക്കു പോകുന്ന സമയത്താണു കടൽ എന്താണെന്നു തിരിച്ചറിഞ്ഞതെന്നു മാർട്ടിൻ പറഞ്ഞു. ബോട്ടിന്റെ മുൻവശം കുത്തനെ മുകളിലേക്കു പൊങ്ങി താഴെ വീഴുമ്പോൾ ഒരു കെട്ടിടം താഴെ വീഴുന്നതുപോലെയാണ്. നിമിഷങ്ങൾക്കകം പലരും തളർന്നു, പലരും എല്ലാം മറന്നു ഛർദ്ദിച്ചു. ഒരു സ്ഥലത്തു പിടിച്ചു നിൽക്കുമ്പോൾ തെറിച്ചു ദൂരെ പോകുമായിരുന്നുവെന്നു മാർട്ടിൻ പറഞ്ഞു. സന്ധ്യയ്ക്കായിരുന്നു ഷൂട്ട്. അര മണിക്കൂർ കഴിയുന്നതോടെ ചുറ്റും കൂരിരുട്ടു മാത്രം. ആ ഇരുട്ടിൽ വേണം ആടിയും ഉലഞ്ഞും വീണും തിരിച്ചു വരാൻ.

സിനിമയിൽ കൽപ്പന മരിക്കുന്നതിന്റെ തൊട്ടു മുൻപായി ബോട്ടിന്റെ അറ്റത്തു നിൽക്കുന്നൊരു ഷോട്ടുണ്ട്. ബോട്ട് ആടി ഉലയുമ്പോൾ അവിടെ നിൽക്കുക പോലും പ്രയാസമാണ്. മുഖത്ത് ദൈന്യഭാവുമായി ഒരു കൈകൊണ്ടു മാത്രം പിടിച്ചു ആ ഷോട്ടിനായി നിന്ന കൽപ്പനയെ നിറ കണ്ണുകളോടെയാണ് മാർട്ടിൻ കണ്ടത്. സുഖമില്ലാത്ത, കടലിനെ പേടിക്കുന്ന ഒരാൾ അഭിനയത്തിന്റെ സുവർണ്ണ മുഹൂർത്തത്തിൽ എല്ലാ മറക്കുന്നതിനു മാർട്ടിൻ സാക്ഷിയായി. ഏറെ നേരം അവർ അവിടെ നിൽക്കുകയും ചെയ്തു.

kalpana

‘നമ്മളാണെങ്കിൽപ്പോലും വേണ്ടെന്നു പറയും. ഇത്രയും സീനിയർ ആയ കൽപ്പന ചേച്ചി ഓരോ ഷോട്ടു കഴിയുന്തോറും ഇതു മതിയോ എന്നാണുചോദിച്ചിരുന്നത്. കടലിലേക്കു തെറിച്ചു വീഴാൻ പോലും സാധ്യതയുണ്ടായിരുന്ന ഷോട്ടാണത്. എന്തിന് അതെടുത്തു എന്നുചോദിച്ചാൽ ഒരു ഉത്തരമേയുള്ളു. കൽപ്പന ചേച്ചിയുടെ മനോഭാവംകൊണ്ടുമാത്രം. ഒരു നിമിഷവും ആ വേഷത്തിൽ അവർ ജീവിക്കുമ്പോൾ ഞങ്ങൾ ഒാരോരുത്തരും അപകട സാധ്യത പോലും മറന്നുപോയി. ’ മാർട്ടിൻ പറഞ്ഞു.

ദുൽക്കർ അടക്കമുള്ള ഓരോരുത്തരുടെയും കൈ പിടിച്ചാണ് അവർ ഉലയുന്ന ബോട്ടിൽ ചുവടുകൾ വച്ചത്. മുഖത്ത് അപ്പോഴും നിറഞ്ഞ ചിരി മാത്രമായിരുന്നു. മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ലാത്തൊരു മത്സ്യ ബന്ധന ബോട്ടായിരുന്നു അത്. ഒരു നിമിഷം പോലും അവർ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ല. ഒരു വേശ്യയായി, ദേഹത്തു മുഴുവൻ കറുപ്പു ചായം തേച്ചു അഭിനയിക്കുന്നതിലും എതിർപ്പില്ലായിരുന്നു. യുവാക്കളായ പലരും ഛർദ്ദിച്ചപ്പോൾ പോലും അവർ ഒന്നിനും വഴങ്ങിക്കൊടുക്കാതെ അഭിനയിച്ചുകൊണ്ടിരുന്നു. അഭിനയത്തോടുള്ള അവരുടെ ആവേശം കടലിലെ തിരകളെക്കാൾ ഉയരത്തിൽ ആഞ്ഞടിക്കുകയായിരുന്നു.

ദുൽക്കർ കൽപ്പനയെ ഉമ്മവയ്ക്കുന്നൊരു സീനുണ്ട്. അതീവ ഹൃദ്യമായാണു അതു ചെയ്തത്. കുട്ടിക്കാലത്തു നിന്നോടു ഒരു പാടു ഉമ്മ ചോദിച്ചിട്ടുണ്ട്. അന്നൊന്നും അതു തരാത്ത നീ ഇപ്പോഴിതാ കടലിനു നടുക്കുവച്ചു തരുന്നു. അതും സിനിമയിൽ. ’ ദുൽക്കറിനോടു കൽപ്പന പറഞ്ഞു. ആ സിനിമയിൽ സമയക്കുറവു കാരണം കട്ടു ചെയ്തു പോയൊരു സീനുണ്ട്. ദുൽക്കർ ബോട്ടിൽവച്ചു ചെമ്പൻ വിനോദിനോടു കൽപ്പനയെ ഉമ്മവയ്ക്കാൻ പറയുന്ന സീൻ. അതിനു ശേഷം മാർട്ടിനോടു കൽപ്പന ചോദിച്ചു, ‘ഇതൊരു പോസ്റ്ററായി ഇടുമോ. ഇവരെല്ലാം എന്തു നല്ല നടന്മാരാണ്.’

dulquer-kalpana

തളർന്നു തരിപ്പണമായി തീരത്തെത്തി വിട പറയുമ്പോൾ നിറഞ്ഞ ചിരിയോടെ കൽപ്പന മാർട്ടിനെ ചേർത്തു പിടിച്ചു. ദുൽക്കറിനു അവാർഡ് കിട്ടും, എനിക്കു ഇത്രയും നല്ലൊരു വേഷംതന്ന അനിയനെ മറക്കാനാകില്ല. ഇനിയും വിളിക്കണം.’

മാർട്ടിന്റെ ജീവിതത്തിലെ നിറഞ്ഞു തുളുമ്പിയ നിമിഷമായിരുന്നു അത്. ഇത്രനേരം കണ്ടതു ഒരു നടിയെ മാത്രമായിരുന്നില്ല. ഒാരോ നിമിഷവും സിനിമയ്ക്കു വേണ്ടി ജീവിച്ചൊരു നടിയെയായിരുന്നു. സമർപ്പണത്തിന്റെ പൂർണ്ണ രൂപം.

കൽപ്പനയുടെ മരണം മാർട്ടിൻ അറിയുന്നത് ഡ്രൈവു ചെയ്യുമ്പോഴാണ്. കുറച്ചു നേരം കാർ നിർത്തി വെറുതെ ഇരുന്നു. പിന്നീട് വാർത്ത ശരിയാകില്ലെന്നുറപ്പിച്ചു മൊബൈൽ ഓഫ് ചെയ്തു. വീട്ടിലേക്കു ഡ്രൈവു ചെയ്തു. ആടി ഉലയുന്ന ബോട്ടിന്റെ മുന്നിൽ നിൽക്കുന്ന കൽപ്പന ഇപ്പോഴും മാർട്ടിന്റെ അവസാന ഫ്രെയ്മിൽ ബാക്കിയാണ്. ‘മതിയോ അനിയാ , എന്നു ചിരിച്ചുകൊണ്ടു ചോദിക്കുന്ന കൽപ്പന. ബോട്ട് ആടുമ്പോൾ അവർ പിടി കിട്ടാതെ ഉലയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.