Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷൻ സ്വപ്നത്തിന്റെ പൂർണ്ണിമ

സ്പെഷല്‍ കറസ്പോണ്ടന്‍റ്
poornima പൂർണ്ണിമ

പൂർണ്ണിമയെ ആദ്യം കാണുന്നതൊരു സെറ്റിൽവച്ചായിരുന്നു. സിനിമയുമായി ബന്ധമില്ലാത്തൊരു കാര്യത്തെക്കുറിച്ചു വാതോരാതെ സംസാരിച്ചൊരു കുട്ടി. അന്നു കൂടുതൽ സമയവും സംസാരിച്ചതു കേരളത്തിനു പുറത്തുള്ള പെൺകുട്ടികൾ ധൈര്യത്തോടെ ജീവിക്കുന്നതിനെക്കുറിച്ചും പുതിയ ജീവിത മാർഗ്ഗങ്ങൾ തേടുന്നതിനെക്കുറിച്ചുമായിരുന്നു. പൂർണ്ണിമയുടെ വാക്കുകളിൽ അന്നുതന്നെ ഒരു തിളക്കം കണ്ടിരുന്നു. പിന്നീടു കുറെക്കാലത്തേക്കു പൂർണ്ണിമയെ കണ്ടിരുന്നില്ല.

ഇന്ദ്രജിത്തിന്റെ ജീവിതത്തിലേക്കു കടന്നതോടെ പൂർണ്ണിമ സിനിമ വിട്ടു. ഇനി വീട്ടമ്മമായി ഏതെങ്കിലും അവാർഡു ചടങ്ങിൽ മോശമല്ലാത്ത തടിയും താങ്ങിപ്പിടിച്ചു എത്തുകയും പഴയ കാലമായിരുന്നു നല്ലതെന്ന നിലയിൽ സംസാരിക്കുമെന്നു കരുതി. എന്നാൽ അതേ ശരീര ഭാഷയോടെയാണ് പൂർണ്ണിമയെ വീണ്ടും കണ്ടത്. അപ്പോൾ പറഞ്ഞു താൻ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു കൊടുക്കുന്ന ഒരു ബൊത്തിക് തുടങ്ങുന്നു എന്ന്. കൂടുതൽ പണം കയ്യിലുണ്ടുണ്ടാകുമ്പോൾ പലർക്കും തോന്നുന്ന ആശയമാണിത്. ഭാര്യമാർ വീട്ടിലിരുന്നു ബോറടിക്കാതിരിക്കാൻ ഭർത്താക്കന്മാർ നൽകുന്നൊരു പണി. കുറെക്കാലം കഴിഞ്ഞു ബോറടിക്കുമ്പോൾ കട പൂട്ടും. പിന്നീടു ചോക്കലേറ്റ് ഉണ്ടാക്കുന്ന കടയായി അതു വീണ്ടും തുറക്കും. ഇതു എത്രയോ തവണ കണ്ടതാണ്.

പൂർണ്ണിമ തയ്യാറാക്കിയ വസ്ത്രങ്ങൾ പിന്നീടു പലയിടത്തും കണ്ടു തുടങ്ങി. അതിൽ മമ്മൂട്ടി ധരിച്ചൊരു ഷർട്ട് അതിന്റെ നിറംകൊണ്ടും തുണിയുടെ പ്രത്യേകത കൊണ്ടും തയ്യലിന്റെ ഭംഗികൊണ്ടും വളരെ മനോഹരമായി തോന്നി. പിന്നീടു പൂർണ്ണിമയുടെ വസ്ത്രത്തെക്കുറിച്ചു പലയിടത്തും കേൾക്കുകയും കാണുകയും ചെയ്തു. അന്നും കരുതിയത് ആരുടെയെങ്കിലും സഹായത്തോടെ നടത്തുന്ന ഈ പരിപാടി വൈകാതെ പൂട്ടും എന്നാണ്.

andriya-poornima

കഴിഞ്ഞ ദിവസം മനോരമ എം ഫോർ മരി വെഡിംങ് ഫെയറിൽ പൂർണ്ണിമയുടെ ഒരു ഫാഷൻ ഷോ കണ്ടു. പല ഷോകളും എന്തെങ്കിലും കാട്ടിക്കൂട്ടുകയാണെന്നു തോന്നിയിട്ടുണ്ട്. എന്നാൽ പൂർണ്ണിമയുടെ ഷോ ശരിക്കും വിരുന്നുതന്നെയായിരുന്നു. കൈത്തറി. വസ്ത്രങ്ങൾ കൊണ്ടു തീർത്ത മനോഹരമായ വിരുന്ന്. സന്തോഷം നിറഞ്ഞൊരു മനസ്സിൽ മാത്രമെ ഇത്രയേറെ വർണ്ണങ്ങൾ വിരിയാൻ സാധ്യതയുള്ളു. അതി മനോഹരമമായ വർണ്ണങ്ങൾ, അവ ഉപയോഗിച്ചിരിക്കുന്നതുതന്നെ എന്തു കൗതുകത്തോടെയാണെന്നോ. ഓരോ വസ്ത്രത്തിനും പൂർണ്ണിയെന്ന ഡിസൈനറുടെ സീൽ ഉണ്ടായിരുന്നു. വേദിയിൽ മോഡലുകളെക്കാൾ ഭംഗി വസ്ത്രത്തിനുതന്നെയായിരുന്നു. ഷോവിനു ശേഷം ഏറെ നേരെ പൂർണ്ണിമ സംസാരിച്ചു. അതു മുഴുവൻ കൈത്തറിയെക്കുറിച്ചായിരുന്നു.

oranaah

വരാണസിയിൽ പോയാണ് ഇത്തവണത്തെ വസ്ത്രങ്ങളുടെ തീമും തുണിയും പൂർണ്ണിമ തിരഞ്ഞെടുത്തത്. പാവപ്പെട്ട നെയ്ത്തുകാർ നെയ്തെടുക്കുന്ന കൈത്തറി ഇത്തരം വേദികളിലൂടെ നമുക്കു ലോകം മുഴുവൻ എത്തിക്കണമെന്നു പറയുമ്പോൾ ആ കുട്ടിയെ മുഖത്തുണ്ടായിരുന്ന സ്വപ്നം വളരെ വലുതായിരുന്നു. കണ്ണൂരിലെ കൈത്തറിക്കാൻ നെയ്തെടുക്കുന്ന ടവ്വലുകൾ അമേരിക്കയിൽ വിൽക്കാൻവച്ചിരിക്കുന്നതിനെക്കുറിച്ചു പറഞ്ഞു. 46 രൂപയ്ക്കു ഇവിടെ വാങ്ങുന്ന ടവ്വൽ അവിടെ വിൽക്കുന്നത് 700 രൂപയ്ക്കാണ്. പാവം നെയ്ത്തുകാരനു ഒന്നും കിട്ടുന്നില്ല. കണ്ണൂരിലും തൃശൂരിലെ കുത്താമ്പുള്ളിയിലും തിരുവനന്തപുത്തെ ബാലരാമപുരത്തും വിൽക്കുന്ന കൈത്തറിക്കു ലോകത്തിനു മുന്നിൽ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നു പൂർണ്ണിമ പറഞ്ഞു.

poornima-image

വിദേശത്തു നടത്തുന്ന ഫാഷൻ ഷോകളിലൂടെ ഈ കൈത്തറിയുടെ കൂടുതൽ കൂടുതൽ പേരിലേക്ക് എത്തിക്കാനാകണം. അവിടെനിന്നും വലിയ കച്ചവടക്കാർ നേരിട്ടു നെയ്തു ഗ്രാമങ്ങൾ തേടി വരണം. മനോഹരമായ കേരളത്തിൽ ഇത്തരം ഗ്രാമങ്ങൾ ഉണ്ടെന്നും അവിടെ ഈ നാടിനെപ്പോലെ നല്ല കൈത്തറിയുണ്ടെന്നും നമുക്കു ലോകത്തോടു പറയാനാകണം. പൂർണ്ണിമ സംസാരിച്ചുകൊണ്ടേയിരുന്നു.കൈത്തറിക്കു വേണ്ടി മാത്രമായി ഉണ്ടാക്കുന്ന തെരുവുകളിലൂടെ വിദേശികളും സ്വദേശികളും അലഞ്ഞു നടക്കണം. നമ്മുടെ തോർത്തുമുണ്ടിനുപോലും വിദേശത്തു അവരുടെ ബാത്ത് ടവ്വലുകളെക്കാൾ ഡിമാന്റുണ്ടാക്കാനാകും. ഉപയോഗിച്ചാൽ വളരെ പെട്ടെന്നു കഴുകിയിട്ടു ഉണക്കാവുന്ന ഇത്തരമൊരു ബാത്ത് ടവ്വൽ വിദേശ പഞ്ചനക്ഷത്ര ഹോട്ടലുകളിൽപോലും വേണ്ടിവരും. പക്ഷെ നമ്മുടെ അടുത്തുഇത്തരമൊരു സൂത്രമുണ്ടെന്നു അവർ അറിയേണ്ടെ. പൂർണ്ണിമ ചോദിച്ചു.

ഇതൊരു പെൺകുട്ടിയുടെ സ്വപ്നമാണ്. പരിമിതമായ സൗകര്യത്തോടെ ജീവിക്കുന്നൊരു കുട്ടിക്കു ഇത്തരമൊരു സ്വപ്നം പ്രായോഗികമാക്കാൻ ഏറെ പ്രയാസങ്ങളുണ്ട്. കൈത്തറിക്കു മാർക്കറ്റു കണ്ടു പിടിക്കാൻ മന്ത്രിമാർ വിദേശത്തു പോകുന്നതിനു പകരം ഫാഷൻ ഷോഷുമായി ഇത്തരം പ്രതിഭകളെ വിടണം. അവർ അവിടെ വലിയൊരു സ്വപ്നം വിൽക്കട്ടെ. ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കൂട്ടത്തോടെ വിദേശത്തു പോയാലെ ഇടനിലക്കാരായ കമ്പനികൾക്കും ഏജൻസികൾക്കും കൂടുതൽ പണം കൊടുത്താലോ വിദേശി വരില്ല. ഈ നാടു ദൈവത്തിന്റെ നാടാണെന്നു പറഞ്ഞതുപോലെ ഇതു കൈത്തറിയുടെ നാടാണെന്നു പറയുകയും അതൊരു സ്വപ്നമായി കാണുകയും ചെയ്യുന്ന ഈ കുട്ടിയുടെ കൂടെ നമ്മൾ നിൽക്കണം.

nazriya-poornima

അവർ ലോകത്തോടു പോയി ഇതു പറയട്ടെ. 46 രൂപയ്ക്കു ടവ്വൽ വിൽക്കുന്ന മൊത്തക്കച്ചവടക്കാരനെ തേടി 10 രൂപയെങ്കിലും കൂടുതൽ വരട്ടെ. ടൂറിസം, വ്യവസായ വകുപ്പുകളിലെ ഉന്നതർ കാണേണ്ടത് ഇത്തരം മനസ്സുകളെയാണ്. ഒരു ചില്ലിക്കാശുപോലും പൂർണ്ണിമ കമ്മീഷൻ തരാൻ ഇടയില്ല. എന്നാലും അവർക്കു ഒരു സ്വപ്നം വിൽക്കാനുണ്ട്. അതു ഈ നാടിന്റെ പാവപ്പെട്ടവരുടെ വിരൽത്തുമ്പിൽ വിരിയുന്ന വർണ്ണ മനോഹരമായ സ്വപ്നമാണ്. ഇതൊന്നും ചെയ്തില്ലെങ്കിലും ഈ സ്വപ്നം കണ്ടില്ലെങ്കിലും പൂർണ്ണിമക്കു ജീവിക്കാവുന്നതെയുള്ളു. ഈ ഗ്രാമങ്ങളിൽപോയി അലയുന്ന സമയംകൊണ്ടു അവർക്കു കൊച്ചിയിലെ ഏതെങ്കിലും ഡാൻസ് ഫ്ളോറിൽ തകർത്താടി മനസ്സിനെ തണുപ്പിച്ചു ഉറങ്ങാവുന്നതെയുള്ളു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.