Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അമ്മമനസ്സെങ്കിലും ട്രോളന്മാർ തിരിച്ചറിയണം

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
mammootty-sulfath-dulquer

കുറെ ദിവസമായി പലരും ഷെയർ ചെയ്തു വന്നുകൊണ്ടിരിക്കുന്നൊരു പോസ്റ്റുണ്ട്. വിദേശത്തു നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയുടെ ഭാര്യയെ ദുൽക്കർ സൽമാന് അവാർഡു നൽകാനായി വേദിയിലേക്കു ക്ഷണിച്ചപ്പോൾ മമ്മൂട്ടി എതിർപ്പു പ്രകടിപ്പിച്ചു എന്നാണു പോസ്റ്റ്. ഇതു തെളിയിക്കാനായി മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് ആദ്യം മടികാണിക്കുന്നതെന്നു തോന്നിക്കുന്ന വീഡിയോയും ഇട്ടിട്ടുണ്ട്. അവസാനം സുൽഫത്ത് വേദിയിൽ വരികയും ദുൽക്കറിനു അവാർഡു കൊടുക്കുകയും ചെയ്യുന്നു.

സുൽഫത്ത് വേദിയിൽ വന്ന ശേഷമുള്ള രണ്ടു നിമിഷം മലയാളിയുടെ ഓർമ്മയിൽ എന്നും തങ്ങിനിൽക്കേണ്ടതാണ്. ഒട്ടിച്ച കവർ തുറന്നു നോക്കി സുൽഫത്ത് അവാർഡു ജേതാവിന്റെ പേരു വായിക്കുകയാണ്. സ്വാഭാവികമായും അതിൽ എഴുതിയിട്ടുള്ളത് ദുൽക്കർ സൽമാൻ എന്നാണ്. അതു കണ്ട ഉടനെ അവർ വായിക്കുന്നതു ദുൽക്കർ സൽമാൻ എന്നല്ല. ‘മൈ സൺ ’ എന്നാണ്. പിന്നീടാണ് പേരു പറയുന്നത്.

ഇവിടെവച്ചാണു നാം മമ്മൂട്ടിയെന്ന നടനെയും മമ്മൂട്ടിയെന്ന കുടുംബനാഥനെയും തിരിച്ചറിയേണ്ടത്. ഒരിക്കൽപ്പോലും അവരെ ആരെയും വേദിയുടെ വെളിച്ചത്തിലേക്കു നിർത്തി മമ്മൂട്ടി പ്രശസ്തിയുടെ പ്രഭ വലുതാക്കാൻ നോക്കിയിട്ടില്ല. വ്യക്തി ജീവിതം മമ്മൂട്ടി അപൂർവ്വമായി മാത്രമെ ചർച്ച ചെയ്യാറുള്ളു. അതിൽ പലതും എഴുതാൻ അവസരം കിട്ടിയ ഒരാളാണു ഞാൻ. കോളങ്ങൾ എഴുതുമ്പോൾ പോലും അദ്ദേഹം വ്യക്തി ജീവിതത്തിലേക്കു വല്ലാതെ കടക്കാറില്ല. ദുൽക്കർ സൽമാനെ അഭിനയിപ്പിക്കണമെന്നു ചുറ്റുമുള്ള എല്ലാവരും നിർബന്ധിച്ചപ്പോഴും ഈ മനുഷ്യൻ നിശബ്ദനായിരുന്നു. അതു ദുൽക്കർ എടുക്കേണ്ട തീരുമാനമാണെന്നു അദ്ദേഹം വിശ്വസിച്ചു.

അഭിനയിക്കാൻ തീരുമാനിച്ചുവെന്നു പറഞ്ഞപ്പോൾ അതിൽ അമിതമായി ആഹ്ളാദിക്കുന്നതിനു പകരം അതിലുണ്ടായേക്കാവുന്ന വീഴ്ചകളെക്കുറിച്ചാണു മമ്മൂട്ടി പറഞ്ഞതെന്നു ദുൽക്കർ തന്നെ പ‌റഞ്ഞിട്ടുണ്ട്, ഇതൊരു പിതാവിന്റെ ആകാംഷയാണ്. കൊത്തിപ്പറിക്കാൻ ഇടയുള്ള ലോകത്തേക്കു മകൻ കടന്നുവരുന്നതിലുള്ള ആകാംഷ. സിനിമയിൽ വിജയങ്ങളെ നേരിടാൻ വലിയ പ്രയാസമില്ല. എന്നാൽ പരാജയപ്പെടുമ്പോൾ പോസ്റ്ററിൽ പാലൊഴിച്ചവർവരെ ​ശത്രുക്കളാകും.. സിനിമയുടെ ലോകം അതാണ് . വിജയിച്ചാൽ ഇവരെല്ലാം വീണ്ടും തിരികെ വരികയും ചെയ്യും. ഏതു നടന്റെയും ഗതി ഇതുതന്നെയാണ് . അതു മമ്മൂട്ടിക്കറിയാം .

സുൽഫത്ത് എന്ന അമ്മ വേദിയിൽനിന്നു കാർഡു നോക്കി വിളിച്ചത് ‘എന്റെ മകൻ’ എന്നാണ്. അതായതു താര പ്രഭയും ആരാധനകരുടെ പിന്തുണയുമെല്ലാം ഒന്നുമല്ലാതായിപോകുന്ന നിമിഷം. അവർക്കു മുന്നിലുള്ളത് മകൻ മാത്രമാണ്. ജീവിതത്തിന്റെ സ്വകാര്യത എന്നു പറയുന്നത് ഇതാണ്. മമ്മൂട്ടിയുടെ ഭാര്യയെന്ന പേരിൽ ഒരിടത്തും അവർ കെട്ടുകാഴ്ചയ്ക്കു വന്നിട്ടില്ല. എത്ര സ്നേഹത്തോടെയാണു അവർ പെരുമാറുന്നതെന്നു അവരുടെ അതിഥിയായി പോയവർക്കറിയാം. ദുൽക്കർ പറഞ്ഞിട്ടുണ്ട്, ഞങ്ങളുടെ വീട് ഉമ്മച്ചിയെ ചുറ്റിയാണു കറങ്ങുന്നതെന്ന്. അതായത് അവിടെ താരമോ പ്രഭയോ ഒന്നുമില്ല. മമ്മൂട്ടിയുടെ കുടക്കീഴിൽനിന്നു വസന്തവും ഹേമന്തവും ശിശിരവുമെല്ലാം അനുഭവിച്ചറിഞ്ഞ അവർക്കു മുന്നിൽ അല്ലെങ്കിലും ദുൽക്കർ ആരാണ്. വെറുമൊരു കുട്ടി.

മകനും ഭർത്താവും അവാർഡു വാങ്ങുന്നതു അവർക്കു സന്തോഷമുള്ള കാര്യംതന്നെയാകും. . അവരെ അപ്രതീക്ഷിതമായി വേദിയിലേക്കു വിളിച്ചതു അവരുടെ സ്വകാര്യതയിലേക്കുള്ള നോട്ടമാണ്. അതു മോഹിക്കുന്നവർക്കു കുഴപ്പമില്ല .എന്നാൽ സുൽഫത്ത് അത് ആസ്വദിക്കുന്ന ഒരാളല്ല. മുൻകൂട്ടി പറയാതെ ഊണുകഴിക്കാൻ നാലു പേരെയും കൂട്ടി വീട്ടിലെത്തുന്ന മലയാളിയുടെ മര്യാദയില്ലായ്മയുടെ തുടർച്ചമാത്രമാണു വേദിയിലേക്കുള്ള ഈ ക്ഷണവും. വേദിയിൽ എത്തണമെന്നു മോഹിച്ചിരുന്നുവെങ്കിൽ അവർക്ക് എന്നെ അതു ചെയ്യാമായിരുന്നു . അതിനു മമ്മൂട്ടി എതിരു നിൽക്കില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കറിയാം .

സുൽഫത്ത് സ്നേഹനിധിയായ ഒരു കുടുംബിനി മാത്രമാണ് . അവരെ അതു മാത്രമായി ജീവിക്കാൻ അനുവദിക്കുകയും വേണം. അല്ലാതെ പൊതു ചടങ്ങിൽ കുഴിയെടുത്തു വീഴ്ത്തി ചിരിക്കുകയല്ല വേണ്ടത്. അവരോടു ചോദിക്കാതെ വേദിയിലേക്കു വിളിച്ചവർ കാണിച്ചതു മര്യാദയില്ലായ്മ . അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിച്ചവർ ചെയ്തതു അതിലും വലിയ മര്യാദ കേട്. ഇതൊന്നും മമ്മൂട്ടിയെപ്പോലുള്ള ഒരാളോടു ചെയ്യരുത്. കാരണം, മമ്മൂട്ടിയെന്ന നടൻ നമുക്കു ജീവിതത്തിൽ തന്നതു അത്രയേറെ അഭിമാനകരമായ നിമിഷങ്ങളാണ് . ഇദ്ദേഹത്തെപ്പോലെ ഞാനും ഒരു മലയാളിയാണെന്നു നാം അഭിമാനിച്ച നിമിഷങ്ങൾ.

പൊതു സ്വത്തായ മമ്മൂട്ടിയെ ട്രോളു ചെയ്യുകയോ വിമർശിക്കുകയോ എല്ലാം ചെയ്യാം. അതെല്ലാം സ്പോർട്സ് മാൻ സ്പിരിറ്റിൽ എ‌ടുക്കാൻ അദ്ദേഹത്തിനറിയാമെന്നു തെളിയിച്ചിട്ടുമുണ്ട്. എന്നാൽ അതു മമ്മൂട്ടിയുടെ വീടിന്റെ ഗെയ്റ്റിനു മുന്നിൽ അവസാനിക്കുന്നതായിരിക്കണം . അതിനകത്തു മമ്മൂട്ടിയെന്നതു അവർക്കു മാത്രം അവകാശപ്പെട്ട സ്വത്താണ് . അവിടേക്കു ട്രോളുകളോ വീഡിയോകളോ നീളരുത്. എന്റെ മകൻ എന്നു സുൽഫത്ത് പറഞ്ഞ ആ നിമിഷം മനസ്സിൽ സൂക്ഷിക്കുക. അതിനർഥം ഈ പ്രതിഭാസമ്പന്നനായ നടൻ എനിക്കു മകൻ മാത്രമാണെന്നാണ് . ദുൽക്കർ എന്ന നടനെല്ലാം അതിനു പുറകെ വരുന്നതാണ് . ഈ അമ്മമനസ്സെങ്കിലും ട്രോളികൾ തിരിച്ചറിയണം. 

Your Rating: