Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലി ; ദൈവം വിരൽതൊട്ടുവിട്ടൊരു സമ്മാനം

സ്പെഷല്‍ കറസ്പോണ്ടന്‍റ്
martin-prakkatt മാർട്ടിൻ പ്രക്കാട്ട്

ദൈവം ചിലപ്പോൾ സിനിമയെ പതുക്കെ വിരൽകൊണ്ടു തൊടും. അപ്പോൾ സിനിമയിൽ മനോഹരമായ ഒരുപാടു മുഹൂർത്തങ്ങളുണ്ടാകും. പത്മരാജന്റെ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ,തൂവാനത്തുമ്പികൾ തുടങ്ങിയ സിനിമകൾക്കു ഈ ഭാഗ്യമുണ്ടായിട്ടുണ്ട്. കണ്ടാലും കണ്ടാലും മതിവരാതെ പോകുന്നതു അതുകൊണ്ടാണ്. തിരകൾ കാലിൽവന്നു തൊട്ടുപോകവെ നനഞ്ഞു കുതിർന്നു വസ്ത്രവുമായി നിലാവുള്ള രാത്രിയിൽ സുമലതയുടെ മടിയിൽ കിടക്കുന്ന മോഹൻലാലിനെ എത്രയോ കൗമാരങ്ങൾ കണ്ടു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ആ ചിത്രം പഴയ നനവോടെത്തന്നെ ബാക്കിയാണ്. ലാളിക്കാൻ ഇതുപോലെ ഒരാൾ ഉണ്ടാകണമെന്ന മോഹം. ഇതു ദൈവത്തിന്റെ സ്പർശംകൊണ്ടുണ്ടായ ഭാഗ്യമാണ്.

ചാർലി എന്ന സിനിമ കണ്ടിറങ്ങുമ്പോൾ തോന്നുന്നതു ദൈവം എവിടെയോ തൊട്ടിട്ടുണ്ടെന്നാണ്. അത്രയേറെ മനോഹരമായ കുറെ നിമിഷം മനസ്സിൽ ബാക്കിയാകുകയാണ്. മാർട്ടിൻ പ്രാക്കാട്ട് വിപുലമായ വായനയും സിനിമയെക്കുറിച്ചു അസാമാന്യമായ ബോധവുമുള്ളൊരു വലിയ സിനിമാക്കാരനൊന്നുമല്ല. സിനിമയെ മോഹിച്ച ഒരു സാധാരണ ചെറുപ്പക്കാരൻ മാത്രം. ആർ.ഉണ്ണി എന്ന കാഥാകൃത്താകട്ടെ ആരുടെയും പുറകെ പോകാതെ, പത്രാധിപന്മാരുടെ കാരുണ്യമില്ലാതെ എഴുതുന്നൊരു എഴുത്തുകാരനും. അവരുടെ നന്മയിൽ ദൈവം ചെറുതായൊന്നു തൊട്ടപ്പോഴാണ് ചാർലി എന്ന സിനിമയുണ്ടാകുന്നത്. ദുൽക്കർ എന്ന നടൻ വിരിയുന്നത്.

martin

ചാർലിയുടെ കഥ ദുൽക്കർ സൽമാൻ ആദ്യം കേട്ടതാണ്. പക്ഷെ വേണ്ടെന്നു വച്ചു. അതിനു ദുൽക്കറിനൊരു കാരണവുമുണ്ടായിരുന്നു. ഇത്രയേറെ വലിയൊരു കഥ തനിക്കു എടുത്താൽ പൊങ്ങില്ലെന്നതുതന്നെ. പക്ഷെ മാസങ്ങൾക്കു ശേഷം ദുൽക്കർ ആ കഥ വീണ്ടും കേട്ടു. ഇത്തവണ ആർ.ഉണ്ണിയുടെ കഥ സംവിധാനം ചെയ്യുന്നതു മാർട്ടിനാണെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്നു ദുൽക്കർ ഇവരോടു പറഞ്ഞു, നമുക്കു ഇതു ചെയ്യാം. ദുൽക്കർ പറഞ്ഞതു ഞാനിതു ചെയ്യാം എന്നല്ല. നമുക്കിതു ചെയ്യാമെന്നാണ്. ദൈവം രണ്ടാമതു തൊട്ടത് അപ്പോഴാണ്. തനിക്കു പൊങ്ങാത്തതു തോളോടു തോൾ ചേർന്നു നിൽക്കുന്നവരുമായി ചേർന്നു ഉയർത്താൻ തീരുമാനിച്ച നിമിഷം.

ആർ.ഉണ്ണിയുടെ കഥയിലെ സിനിമ ഉണ്ണിയും മാർട്ടിനും ചേർന്നു കണ്ടെത്തിയപ്പോഴാണു ആദ്യം ദൈവം തൊട്ടത്. കഥയിൽനിന്നു തിരക്കഥ കണ്ടെടുക്കുന്നതു കാട്ടിൽനിന്നു വീണു കിടക്കുന്നൊരു മനോഹരമായ ഇല കണ്ടെടുക്കുന്നതുപോലെയാണ്. ഓരോ ഇല പെറുക്കുമ്പോഴും തോന്നും ഇതിലും നല്ലതു തൊട്ടപ്പുറത്തു വീണു കിടക്കുന്നുവെന്ന്. എതു സീൻ വേണമെന്നു തീരുമാനിക്കുന്ന നിമിഷം ദൈവം കൂടെയുണ്ടാകണം. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയുടെ ഒറിജിനൽ കഥയിൽ മോഹൻലാ‍ൽ വന്നു താമസിക്കുന്ന വീടിന്റെ അയൽവീട് വളരെ അവ്യക്തമാണ്. അവിടെ എന്തു നടക്കുന്നുവെന്നു കഥയിൽ തുറന്നു പറയുന്നില്ല. എന്നാൽ പത്മരാജൻ ആ വീടിനെ തുടച്ചു വൃത്തിയാക്കി ആ വീട്ടിൽനിന്നുകൊണ്ടുതന്നെ കഥ പറഞ്ഞു. അയൽവീട്ടിൽ വന്നു പോകുന്ന മോഹൻലാൽ നായകനായി.

dulquer-martin

ദുൽക്കറിനു ഈ സിനിമ ചെയ്യാമെന്നു തോന്നിയതു മാർട്ടിനെന്ന സുഹൃത്തുകൂടി വന്നപ്പോഴാണ്. ഇതൊരു ധൈര്യമാണ്. കൂട്ടിനൊരാളുണ്ടെങ്കിൽ എവിടെക്കും പോകാമെന്ന ധൈര്യം. ഇത്തരം സൗഹൃദങ്ങളാണു പലപ്പോഴും മനോഹരമായ സിനിമ ഉണ്ടാക്കിയത്. പത്മരാജനും ഭരതനും തോളോടു തോൾ ചേർന്നു നടന്നപ്പോൾ പെറുക്കിയെടുത്തതു മനോഹരമായ സിനിമകളാണ്. സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചു യാത്ര ചെയ്തപ്പോഴും കുറെ സൗന്ദര്യമുള്ള സിനിമകളുണ്ടായി. ഇവിടെ രണ്ടു സുഹൃത്തുക്കൾ ഒരുമിച്ചു യാത്ര തുടങ്ങുമ്പോൾ നാം ഭംഗിയാർന്ന ഒരു സിനിമ കാണുന്നു. ഇനിയും ഈ സൗഹൃദത്തിൽ മനോഹരമായ സിനിമകൾ ഉണ്ടാകാം ഉണ്ടാകാതിരിക്കാം.

ചില സീനുകൾ എഴുതിക്കഴിയുമ്പോൾ എനിക്കും ഉണ്ണിക്കും സന്തോഷംകൊണ്ടു കണ്ണുകൾ നിറഞ്ഞുവെന്നു മാർട്ടിൻ പറഞ്ഞു. മാർട്ടിന്റെ മനസ്സിലാണു ആദ്യം സിനിമ റിലീസ് ചെയ്തത്. ദുൽക്കർ എന്ന നടന്റെ അമ്പരപ്പിക്കുന്ന അഭിനയ നിമിഷങ്ങൾ പിറക്കുന്നതും ഈ സൗഹൃദത്തിന്റ ബലത്തിലാണ്. ഒരു സംവിധായകന്റെ മാത്രം സിനിമയായിരുന്നെങ്കിൽ അവിടെ ഇത്രയും ആടി ഉലഞ്ഞഭിനയിക്കുന്ന ദുൽക്കറിനെ കാണാൻ കഴിയില്ലായിരുന്നു. കുഴിച്ചു കുഴിച്ചു പോകുമ്പോൾ കിണറിനകത്തൊരു ഉറവ കാണുന്നതുപോലെയാണിത്.ദുൽക്കറിൽനിന്നു അഭിനയത്തിന്റെ പുതിയൊരു ഉറവ് മാർട്ടിനെന്ന കിണറു വെട്ടുകാരൻ കണ്ടെടുക്കുന്നു. അതു പതുക്കെ നിറഞ്ഞു നിറഞ്ഞു തെളിനീരായി കിണർ നിറഞ്ഞു തിയറ്ററുകളിലേക്ക് ഒഴുകുന്നു. ഇതിൽ കുളിച്ചു കയറുന്ന ദുൽക്കറിനെയാണ് തിയറ്റർ കാണുന്നത്.

martin

മലയാളത്തിൽ അടുത്തകാലത്തൊന്നും ഇതുപോലെ തിമർത്തുപെയ്യുന്ന മഴപോലെ ഒരു നടനുണ്ടായിട്ടില്ല. ഇതു കാണുമ്പോൾ ചോദിക്കാൻ തോന്നും ‘താൻ എവിടെയായിരുന്നെടോ’. മനസ്സിലൊരു സ്പാർക്കുമായി നടക്കുന്ന പാർവതിയെ മുൻപും പല സിനിമകളിലും കണ്ടിട്ടുണ്ട്. എന്നാൽ ദുൽക്കർ കത്തി നിൽക്കുമ്പോൾ അടുത്തു പ്രകാരം പരത്തിക്കൊണ്ടു നിൽക്കുക എന്നതു എളുപ്പമല്ല. ഈ കുട്ടിയുടെ പ്രകാശത്തിനു കാരണവും സൗഹൃദങ്ങളുടെ നന്മതന്നെയാണ്.

parvathi-martin

കണ്ട കഥകളുടെ മാലിന്യത്തിൽ അവശിഷ്ടം പെറുക്കുന്നവരുടെ കാലമാണിത്. അവിടെയാണ് കഥ ഖനനം ചെയ്തെടുത്തു ശുദ്ധീകരിച്ചു നമുക്കു തരുന്ന ചിലരെ കണ്ടുമുട്ടുന്നത്. ഈ ഖനനത്തിനായി വിയർത്തതിനു മാർട്ടിനും ദുൽക്കറിനും ഉണ്ണിയും കിട്ടിയ സമ്മാനമാണു ചാർലി. ദൈവം വിരൽതൊട്ടുവിട്ടൊരു സമ്മാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.