Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളെ ചിലർ വേട്ടയാടി, കല്ലെറിഞ്ഞു; പരാതിയില്ല

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
nivin-action-hero

ഡബ്ബിംങ് സ്റ്റുഡിയോയുടെ ഗെയ്റ്റു കടന്നുപോയ മേരി പുറത്ത മതിലിനോടു ചേർന്നുനിന്നു കയ്യിലെ നോട്ടുകൾ മുഖത്തോടു ചേർത്തു പിടിച്ചു വിതുമ്പുന്നതു നിവിൻ പോളിയും എബ്രിഡ് ഷൈനും ജനലിലൂടെ കണ്ടു. തീരെ വില കുറഞ്ഞ സാരിയും നിറം മങ്ങിയ മാലയുമിട്ട ഒരു സാധാരണ സ്ത്രീ. വീട്ടുവേലയ്ക്കുവരുന്ന സ്ത്രീയുടെ ചമയം പോലുമില്ല. നിവിൻപോളി തിരിഞ്ഞു നോക്കുമ്പോൾ എബ്രിഡ് ഷൈൻ സ്റ്റുഡിയോയുടെ സ്വാകാര്യതയിലേക്കു പോയിരുന്നു. ഒരു പക്ഷെ അയാളും കരഞ്ഞു കാണും.

എൺപതോളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്ത മേരി ആദ്യമായായി ക്യാമറയ്ക്ക് മുന്നിൽ ഡയലോഗു പറഞ്ഞതു ഇവരുടെ ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമയിലാണ്. പൊലീസ് സ്റ്റേഷനിൽ പരാതി പറയുന്ന രണ്ടു സ്ത്രീകളിൽ ഒരാൾ.കൂടെയുണ്ടായിരുന്ന ബേബിയുടെ ഗതിയും ഇതുതന്നെയാണ്. ഒരുമിച്ചു ആട്ടിത്തെളിയിച്ചു കൊണ്ടുവരികയും കൂട്ടത്തോടെ തിരിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന നൂറുകണക്കിനു ആർട്ടിസ്റ്റുകളിൽ ഒരാൾ. എന്നും സിനിമയുടെ പുറമ്പോക്കിൽ ജീവിച്ചവർ.

ദിവസങ്ങൾ പലതു കഴിഞ്ഞു. ഹീറോ ബിജു തിയറ്ററുകളിലെത്തി. അന്നു വൈകീട്ടു എബ്രിഡ് ഷൈനും നിവിൻ പോളിയും കൊച്ചിയിലെ ഒരു ഫ്ളാറ്റിലെ മുറിയിൽ ഒരുമിച്ചിരിക്കുകയാണ്. ഏതോ ഒരു നിമിഷത്തിൽ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു. എബ്രിഡ് പറഞ്ഞു, ‘നാം ചെയ്തതു നല്ല സിനിമതന്നെയാണ്. തകർക്കേണ്ടവർ തകർക്കട്ടെ. പിടിച്ചു നിൽക്കണം. ദൈവം ഇതു കാണുന്നുണ്ട്. ’ എബ്രിഡ് വിതുമ്പുകയാണെന്നു നിവിനു മനസ്സിലായി. അപ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും വാട്ട്സാപ്പുകളിലും ബിജുവിനെതിരെയുള്ള കമന്റുകളുടെയും പരിഹാസങ്ങളുടെയും തിര ആഞ്ഞടിക്കുകയാണ്. വളരെ വൈകി ഉണർന്നപ്പോഴും തിര പെരുകി പെരുകി വരികയാണ്.

shine-nivin

എബ്രിഡ് ഷൈനും നിവിനും :‘ ആദ്യ മൂന്നു ദിവസം ഞങ്ങൾ അനുഭവിച്ച വേദനയ്ക്കു കണക്കില്ല. ശരിക്കും വേട്ടയാടുകയായിരുന്നു. രാവിലെ 8.30നു സിനിമ തുടങ്ങി. ഒൻപതു മണിയാകുമ്പോഴേക്കും സിനിമ പൊട്ടിയെന്നു കമന്റുകൾ വന്നു തുടങ്ങി. അപ്പോൾ മനസ്സിലായി ആരോ ഒളിച്ചിരുന്നു യുദ്ധം ചെയ്യുകയാണെന്ന്. അതിൽ തോറ്റുപോകുമെന്നുപോലും തോന്നി.

എബ്രിഡ്: നിവിന്റെ ഫോട്ടോകൾക്കു കീഴെ ഇട്ടിരിക്കുന്ന കമന്റുകൾ സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. ഇവർക്കാർക്കും ഞങ്ങൾ ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇവർ സ്നേഹിക്കുന്നവർക്ക് എതിരെയും ദ്രോഹം ചെയ്തിട്ടില്ല. ഞങ്ങൾ ഞങ്ങളുടെതായ ഒരു സിനിമ എടുത്തു എന്നതായിരുന്നു തെറ്റ്.ആ സിനിമയിൽപ്പോലും ആർക്കെതിരെയും കമന്റുകളില്ല. സാമൂഹ്യ മാധ്യമം ഉപയോഗിച്ചു ഒരാളെ കൊല്ലാൻ ശ്രമിക്കുന്നതിന്റെ വേദന അതിൽ ഇരയായി പിടയുമ്പോഴെ മനസ്സിലാകൂ. ഓടിച്ചിട്ടു വേട്ടായാടുന്നതുപോലെയാണ്. സിനിമയെക്കുറിച്ചു നല്ല കമന്റ് ഇട്ടവരെപ്പോലും അക്രമിച്ചു. അക്രമം നടന്നത് വ്യാജ പ്രൈഫൈലുകളിൽനിന്നാണ്. ഇപ്പോഴും ഇവരോടു ഞങ്ങൾ ചെയ്ത തെറ്റ് എന്താണ് എന്നറിയില്ല. ഞങ്ങൾ രണ്ടു പേരും കോടിക്കണക്കിനു രൂപയുമായി സിനിമ എടുക്കാൻ വന്നവരല്ല. ഇടത്തരം കുടുംബത്തിൽനിന്നു വന്നവരാണ്. കുറെ സ്വപ്നങ്ങളുമായി വന്നവർ.ഞങ്ങൾ തകർന്നാൽ ആ കുടുംബങ്ങളും തകരും.

new

ശരിക്കും ഗുണ്ടാ അക്രമണം പോലെയായിരുന്നു. തകർക്കാൻ ശ്രമിച്ചവരോടു ഒരു ദേഷ്യവുമില്ല. അവരുടെ സന്തോഷത്തിനുവേണ്ടിയാണല്ലോ അവരതു ചെയ്തത്. ഞങ്ങളുടെ നെഞ്ചിലെ ചോര കണ്ടു അവർക്കു സന്തോഷമായെങ്കിൽ സന്തോഷിക്കട്ടെ. ചിലർ സിനിമ കണ്ടു സന്തോഷിച്ചു, ഞങ്ങൾ അതു ഉണ്ടാക്കി സന്തോഷിച്ചു എന്നു മാത്രം. ജെറി അമൽദേവ്, യേശുദാസ് എന്നീ ദൈവതുല്യരായ രണ്ടുപേർ ഈ സിനിമയ്കകു വേണ്ടി തയ്യാറാക്കിയ പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ടപ്പോൾ പോലും അതിനടിയിൽ കൂട്ടത്തോടെ അസഭ്യമെഴുതി.

നിവിൻ: ഇതു ചെയ്തതു ആരായാലും അവരോട് ഒരു അപേക്ഷയുണ്ട്. ഇങ്ങിനെ ആരെയും തകർക്കാൻ നോക്കരുത്. എല്ലാവരും ചെറിയ ചെറിയ മോഹങ്ങളുമായി വരുന്നവരാണ്. ലോകത്തിന്റെ ഒരു കോണിൽ അവരും ജീവിക്കട്ടെ. ഞങ്ങളാരും താരങ്ങളല്ല. ജീവിക്കാൻ മോഹിക്കുന്നവരാണ്് . സിനിമ മാത്രമാണു ജീവിതത്തിൽ ഉള്ളത്. വളരെ കഷ്ടപ്പെട്ടാണു ഇവിടെവരെ എത്തിയത്. ഇരുട്ടിൽ പതുങ്ങിനിന്ന് അടിക്കരുത്. ഞങ്ങളെ മാത്രമല്ല, ആരെയും.

എങ്ങിനെയാണു ഈ സൈബർ യുദ്ധത്തെ അതി ജീവിച്ചത് ?

നിവൻ, എബ്രിഡ്: മൂന്നാം ദിവസം രാവിലെ സത്യൻ അന്തിക്കാട് വിളിച്ചു. വളരെ വ്യത്യസ്തമായി ഒരു സിനിമയ്ക്കുവേണ്ടി ശ്രമിച്ചതിൽ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സിനിമകൾ പല തിയറ്ററുകളും നിർത്തിയ ശേഷം തുടങ്ങിയിട്ടുണ്ടെന്നും സത്യമായ സിനിമയാണെങ്കിൽ ‌എല്ലാവരും തിരിച്ചുവരുമെന്നും പറഞ്ഞു സമാധാനിപ്പിച്ചു. അത് വലിയൊരു ആശ്വാസമായിരുന്നു. ഒരു ജേഷ്ഠൻ കൂടെ നിൽക്കുന്ന സന്തോഷം. അതിനു ശേഷം ജയസൂര്യ, രാജേഷ്പിള്ള,ശങ്കർ രാമകൃഷ്ണൻ,അൻവർ റഷീദ്, മാർട്ടിൻ പ്രാക്കാട്ട്, വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ് തുടങ്ങിയ പലരും വിളിച്ചു. അവരിൽ പലരും തുടർച്ചായി സാമൂഹ്യ മാധ്യമങ്ങളിൽ എഴുതി. സിനിമ നിർത്തുമെന്നു പറഞ്ഞ പല തിയറ്റുകളിൽനിന്നും നാലാം ദിവസം മുതൽ സിനിമയ്ക്ക് ആളുകൾ നിറഞ്ഞു തുടങ്ങിയെന്ന വിളി വന്നു തുടങ്ങി. മൂന്നു ദിവസത്തെ നരകത്തിൽനിന്നും ഞങ്ങളും സിനിമയും പതുക്കെ കരകയറി. എതിർത്തവരിൽ പലരും ഖേദം രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങൾ തണലായി പുറകെ നിന്നു.

claps

∙സിനിമയിൽ പുതുമുഖമായി എത്തിയ പലരെയും മറക്കാനാകുന്നില്ല. എവിടെനിന്നു ഇവരെ കണ്ടെടുത്തു.

എബ്രിഡ്: 2000 ജൂനിയർ ആർട്ടിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു ഇവരെ കണ്ടെത്തിയത്. സിനിമയുടെ എല്ലാം അറിയാവുന്ന പല ജൂനിയർ ആർട്ടിസ്റ്റുകളും നല്ല പ്രതിഭകളാണ്. അവർക്കുള്ള ആദരം കൂടിയാണ് ഈ സിനിമ. ഈ കൂടിക്കാഴ്ചയിൽ പലപ്പോഴും നിവിനും കൂടെനിന്നു.

suresh-thampanoor.jpg.image.784.410

∙മേശയിൽ താളമിട്ടു പാട്ടുപാടുന്ന ആൾ.

എബ്രിഡ്, നിവിൻ: തിരുവനന്തപുരത്തെ ചുമട്ടു തൊഴിലാളിയായ സുരേഷാണത്. ‘മുത്തെ, പൊന്നെ, പിണങ്ങല്ലെ, എന്തിനു പെണ്ണെ നിനക്കിന്നു പിണക്കം ...... ’ എന്ന പാട്ട് സുരേഷ്തന്നെ എഴുതി ട്യൂൺ ചെയ്തു പാടിയതാണ്. ഒരു സുഹൃത്തു വാട്ട്സ് ആപ്പിൽ എബ്രിഡിനു നൽകിയതാണ് സുരേഷിന്റെ പാട്ട്.

Muthe Ponne Pinangalle | Official Video Song HD | Action Hero Biju | Nivin Pauly

മുത്തേ പൊന്നെ പിണങ്ങല്ലേ, ഞാനൊരു പാവം കില്ലാഡി!‍

അത് സുരേഷ് എന്ന നടനെ കണ്ടെടുക്കാൻ വഴിയൊരുക്കി. അല്ലെങ്കിൽ ഒരിക്കലും സുരേഷ് ഞങ്ങളുടെയോ ഏതെങ്കിലും സിനിമാക്കാരുടെയോ അടുത്ത് എത്തില്ലായിരുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ ഒരാളുടെ പ്രതിഭ തിരിച്ചറിയുന്ന നിമിഷമാണിത്.

biju-poster

ഏബ്രിഡ്: സുരേഷ് എന്ന നടൻ അപാര ടൈമിങ്ങുള്ള നടനാണ്. അയാളുടെ മനസ്സു നിറയെ താളവും സംഗീതവുമാണ്. ക്യാമറയ്ക്കു മുന്നിൽ ഒരു പരിഭ്രമുമില്ലാതെയാണ് എത്തിയത്. അയാളുടെ ഉള്ളിലെ കലാകാരന്റെ കരുത്താണത്.

∙സുരാജ് വെഞ്ഞാറമൂടിനെ ഇത്തരമൊരു വേഷത്തിൽ ആരും പ്രതീക്ഷിച്ചില്ല.

എബ്രിഡ്: സുരാജ് ദേശീയ അവാർഡു നേടിയി നടനാണ്. അദ്ദേഹത്തിന്റെ പേരറിയാത്തവൻ എന്ന സിനിമ നമ്മൾ കാണാത്തതു നമ്മുടെ കുഴപ്പമാണ്.അത്രയും ഗംഭീരമായ അഭിനയമല്ലെങ്കിൽ ദേശീയ ബഹുമതി കിട്ടില്ലല്ലോ.സുരാജ് എന്ന നടനു എന്തിനു ദേശീയ ബഹുമതി കിട്ടി എന്നു അദ്ദേഹംതന്നെ തെളിയിക്കുന്ന വേഷമാണത്. വെറും ഒന്നര ദിവസത്തെ ഷൂട്ടിംങ്ങ് മാത്രമുള്ളൊരു ചെറിയ വേഷം. സുരാജ് സ്ക്രീനിൽനിന്നു മറയുമ്പോൾ തിയറ്റർ മുഴുവൻ കയ്യടിക്കുന്നതു കണ്ടില്ലെ. അതു വലിയൊരു നടനു കിട്ടിയ ബഹുമതിയാണ്. അല്ലെങ്കിൽ രണ്ടോ മൂന്നോ സീനുകൊണ്ടു ഒരാൾ എങ്ങിനെയാണ് കയ്യടി വാങ്ങുക. ജനം സിനിമയുടെ കൂടെ യാത്ര ചെയ്തിരുന്നു എന്നതിന്റെ തെളിവുമാണത്.

നിവിൻ: കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നതു കണ്ടെത്തുന്ന ഭാഗം കണ്ട പല അമ്മാരും എന്നെ വിളിച്ചു കരഞ്ഞു. അവരിൽ പലർക്കും അത്തരം അനുഭവങ്ങളുണ്ട്. ഒരു അമ്മ ഒന്നും പറയാതെ വിളിച്ചു മകനു ഫോൺ കൊടുത്തു. ഇനി ഒരിക്കലും അതുപയോഗിക്കുന്നില്ലെന്നു അവൻ കരഞ്ഞുകൊണ്ടു എന്നോടു പറയുമ്പോൾ പുറകിൽ അമ്മയുടെ വലിയ നിലവിളി കേൾക്കാമായിരുന്നു. ഒരു അധ്യാപകന്റെ ഭാര്യയായിരുന്നു അത്. ഈ സിനിമ ഞങ്ങളുടെ കൈവെള്ളയിൽ വച്ചുതരുന്ന ബഹുമതികളിലൊന്നു മാത്രമാണത്. ജീവിതത്തിൽ ഒരിക്കലും ആ കുട്ടി ഈ സിനിമ മറക്കില്ല. ഞാൻ അപ്പോൾ ഒാർത്തത് എന്റെ മകനോടുള്ള വാത്സല്യമാണ്. എന്നോടു എന്റെ രക്ഷിതാക്കൾ കാണിച്ച വാത്സല്യമാണ്. ഒരു അമ്മയ്ക്കു മകനെ തിരിച്ചുകൊടുക്കാൻ ഈ സിനിമയ്ക്കു കഴിഞ്ഞുവെങ്കിൽ അതിലും വലിയ പുണ്യമില്ല. ഞാൻ ഇപ്പോൾ ആ അമ്മമാരുടെ മുന്നിൽ തല നമസ്ക്കരിക്കുന്നു.

(നിവിനും എബ്രിഡും ഏറെ നേരം നിശബ്ദരായി. ഈ സിനിമ അവരുടെ ജീവിതത്തെ നന്നായി ഉലച്ചിരിക്കുന്നു. പ്രത്യേകിച്ചും അതു റിലീസ് ചെയ്തതിനു ശേഷം കിട്ടിയ അനുഭവങ്ങളിലൂടെ. )

കഞ്ചാവിന്റെ ലഹരിയിലേക്കു പോകുന്ന മകനെ വാത്സല്യവും അഗ്നിയും നിറഞ്ഞ കണ്ണുമായി നോക്കുന്ന ദേവി അജിത് എന്ന നടിയെ ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമ കണ്ടവർ മറക്കില്ല. ഒരു സീനിലാണു ദേവി വരുന്നത്. ഇത്രയും കാലം ഈ നടി എവിടെയായിരുന്നു എന്നു തോന്നിപ്പോകുന്ന നിമിഷം.

പുറത്തു പൊലീസ് ജീപ്പു കാത്തുനിൽക്കുകയാണ്. നിവിനെയും എബ്രിഡിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡിജിപി ‌ടി.പി.സെൻകുമാറും കാത്തിരിക്കുകയാണ്. പൊലീസുകാരുടെ പൊള്ളുന്ന ജീവിതത്തിലേക്കു വാതിൽ തുറന്നതിനു അഭിനന്ദിക്കാൻ. കാറിലേക്കു കയറുന്നതിനു മുൻപു ഒരു പൊലീസുകാരൻ മടിച്ചു മടിച്ചു വന്നു കൈപിച്ചു കുലുക്കി. സന്തോഷംകൊണ്ടു എന്തു പറയണമെന്നറിയുന്നില്ല. അറിയാതെ അയാളുടെ കൈ സലൂട്ടിനെന്നപോലെ ഉയർന്നപ്പോൾ നിവിൻ ഇരു കൈകളും ചേർത്തു പിടിച്ചു.

Your Rating: