Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിശങ്കര്‍ മലയാളികളുടെ യുവഗായകന്‍

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
Hari Shanker

പാലക്കാട്ടെ ഒരു അഗ്രഹാരത്തിൽവച്ചാണു ആദ്യം ഹരിയെ കാണുന്നത്. തീരെ വെളിച്ചമില്ലാത്ത എല്ലാ ലക്ഷണവും തികഞ്ഞൊരു അഗ്രഹാര വീട്ടിൽ ഹരിയുടെ അച്ഛനും അമ്മയും വാടയ്ക്കു താമസിക്കുകയായിരുന്നു. മൂന്നാം ക്ളാസിലോ നാലാം ക്ളാസിലോ പഠിക്കുന്ന ഹരി അന്ന് കഴുത്തിലെ ഞരമ്പുകൾ മുറുക്കിപ്പിടിച്ചുകൊണ്ടു പാടിയ പാട്ട് ഇന്ന് ഒാർമ്മയിലില്ല. എന്നാലും ജനാലയിലൂടെ ഇരുട്ടിലേക്കു വീണ വെളിച്ചത്തിൽ ഇരുന്നു പാടിയ ആ കുട്ടിയുടെ മുഖം ഒാർമ്മയുണ്ട്. എല്ലാം മറന്നുകൊണ്ടു വിരലുകൊണ്ടു താളം പിടിച്ചു തലയാട്ടിക്കൊണ്ടു പാടിയ ഹരിയുടെ ശരീരഭാഷപോലും ഒരു സംഗീഞ്ജന്റെതായിരുന്നു. അടഞ്ഞ മിഴികളിലൂടെ കണ്ടതു സംഗീതത്തോടുള്ള ജന്മനായുള്ള സമർപ്പണമാണ്. പിന്നീടു ആ കുട്ടിയെ കണ്ടിട്ടില്ല. പക്ഷെ,വർഷങ്ങൾക്കു ശേഷം കേട്ടു.

എന്നും എപ്പോഴും എന്ന സിനിമയിൽ പാടുന്നവരുടെ വിവരം പറഞ്ഞപ്പോൾ നിർമ്മാണച്ചുമതലയുള്ള സേതു മണ്ണാർക്കാട് പറഞ്ഞു, ഒരു പാട്ടു പാടുന്നത് പുതിയ പയ്യനാണ്. ഒാമനക്കുട്ടി ടീച്ചറുടെ പേരക്കുട്ടി കെ.എസ്.ഹരിശങ്കർ. പെട്ടെന്ന് ഒാർമ്മവന്നത് അഗ്രഹാരത്തിലെ ജനാലയ്ക്കൽ ഇരുന്നു പാടിയ കുട്ടിയെയാണ്.

പാട്ടു പൂർണ്ണമായും മിക്സ് ചെയ്തു തീരുന്നതിനു മുൻപാണു എന്നും എപ്പോഴും എന്ന സിനിമയിലെ ‘നിലാവും മായുന്നു രാവേറെയായ് .......... ’ എന്ന പാട്ടു കേട്ടത്. അപ്പോൾ വീണ്ടും പഴയ കുട്ടിയെ ഒാർത്തു. ഹരിയുടെ ശബ്ദം നിലാവുപോലെയാണ് മനസ്സിലേക്കു വീണത്. എവിടെയൊ ഒരു ഭംഗി ഒളിച്ചുവച്ച ശബ്ദം. ഹരി അതിനിടയിൽ നാലോ അഞ്ചോ സിനിമകളിൽ പാടിയിരുന്നു. എല്ലാം മോശമല്ലാത്ത പാട്ടുകൾ. അതു കേട്ടാണു വിദ്യാസാഗർ ഈ കുട്ടി ആരാണെന്ന് അന്വേഷിച്ചത്. ‘ വല്ലാതെ മനസ്സിനെ തൊടുന്ന ശബ്ദം , ഞാൻ പാടിപ്പിച്ചോട്ടെ’ എന്നാണു വിദ്യാസാഗർ സംവിധായകനായ സത്യൻ അന്തിക്കാടിനോടു വിളിച്ചു ചോദിച്ചത്.

വിദ്യാസാഗറിനു ശബ്ദം തേടി പോകേണ്ട ആവശ്യമില്ല. അത്രയേറെപ്പേർ വരിവരിയായി കാത്തുനിൽക്കുന്നുണ്ട്. എന്നിട്ടും അദ്ദേഹം ഹരിയുടെ ശബ്ദം തേടി കണ്ടെത്തി. ഒരു സിനിമയിൽ പാടുമ്പോഴേക്കും ‘ഹലോ കേരളാാാാാാാ.......... ’ എന്ന് അലറിക്കൊണ്ടു മൈക്കു സദസ്സിലേക്കു നീട്ടുന്ന ഗായകരുടെ കാലമാണിത്. അതിനിടയിലും സംഗീതത്തെ മാത്രം സ്നേഹിച്ചു ഒന്നിനും പുറകെപ്പോകാതെ ഈ കുട്ടി ജീവിച്ചു എന്നതാണ് അത്ഭുതം. സിനിമയും പണവുമാണു വേണ്ടിയിരുന്നതെങ്കിൽ അതിനു ഹരിക്ക് എത്രയോ വഴിയുണ്ടായിരുന്നു.

മുത്തശ്ശിയായ അമ്മ ഡോ.കെ.ഒാമനക്കുട്ടി അറിയാത്ത സംഗീത സംവിധായകർ ഉണ്ടാകില്ല. ഒാമനക്കുട്ടിയെന്ന അധ്യാപിക പറഞ്ഞാൽ ഏതു വാതിലും പേരക്കുട്ടിക്കായി തുറക്കും. അമ്മാമന്മാർ രണ്ടുപേരും നല്ല നിലയിലെത്തിയവർ. എം.ജി.രാധാകൃഷ്ണനും എം.ജി.ശ്രീകുമാറും. അച്ഛൻ സംഗീതഞ്ജനായ ആലപ്പി ശ്രീകുമാർ, അമ്മ വീണ വിദുഷിയായ കമല ലക്ഷ്മി. അമ്മയുടെ അച്ഛൻ പഴയകാല സംഗീത വിദ്വാനായ മലബാർ ഗോപാലൻ നായർ. പാരമ്പര്യത്തിന്റെ തണലിലാണ് ഈകുട്ടി ജനിച്ചതും വളർന്നതും. ഇതിലെ ഏതെങ്കിലുമൊരു ബ്രാൻഡ്നെയിം ഉപയോഗിച്ചിരുന്നുവെങ്കിൽ കെ.എസ്.ഹരിശങ്കർ എന്ന യുവാവ് ഇന്നു വലിയ പാട്ടുകാരുടെ നിരയിൽ നിൽക്കുമായിരുന്നു. ‘ഹലോ കേരളാാാാാാ .......എന്നു വിളിച്ച് അലറിയിരുന്നുവെങ്കിൽ എത്രയോ അവാർഡ് നൈറ്റുകളിൽ ഗായകനാകുമായിരുന്നു.

Hari Shanker

ആദരിക്കപ്പെടേണ്ടത് ഒാനക്കുട്ടി ടീച്ചറാണ്. തന്റെ പേരക്കുട്ടിക്കുള്ള സംഗീത വഴി ഈശ്വരൻ സമ്മാനിച്ച ശബ്ദത്തിലൂടെ തെളിയുമെന്നു വിശ്വസിച്ച മുത്തശ്ശി. ആദരിക്കപ്പെടേണ്ടത് ആലപ്പി ശ്രീകുമാറും കമല ലക്ഷ്മിയുമാണ്. മകനുമായി നടന്നു വാതിലുകൾ മുട്ടി ‘അവൻ നന്നായി പാടുമെന്നു പറഞ്ഞു ഭിക്ഷയെടുക്കാതെ ജീവിച്ച അച്ഛനും അമ്മയും. ഇതെല്ലാം മലയാളിയുടെ അന്യം നിന്നു പോകുന്ന മുത്തശ്ശിയും മാതാപിതാക്കളുമാണ്. ഭരതനാട്യത്തിന്റെ എബിസിഡി അറിയാത്ത മുത്തശ്ശി ഡാൻസു മത്സരത്തിലെ വിധി കർത്താക്കളെ നോക്കി ‘നിന്നെയൊക്കെ ആരാടാ ഡാൻസു പഠിപ്പിച്ചെ. എന്റെ കുട്ടിയെ തഴഞ്ഞില്ലെടാ ദുഷ്ടാ ..... എന്ന് അലറി വിളിക്കുന്നതു കേട്ടിട്ടുണ്ട്. വികാരാവേശത്തിൽ മുത്തശ്ശിയുടെ കാറ്റുപോകുമെന്നും വിധി കർത്താവു കൊലക്കേസു പ്രതിയാകുമെന്നും പേടിച്ച നിമിഷം.

പാട്ടു കേട്ട ശേഷം ഹരിശങ്കറിനെ ആരെങ്കിലും വിളിച്ചുവോ എന്നു ചോദിച്ചു. ചിത്രച്ചേച്ചിയും സുജാത ചേച്ചിയും വേണുഗോപാലങ്കിളും ശ്വേതയും വിളിച്ചിരുന്നുവെന്നു പറഞ്ഞു.അതായത് മലയാള സിനിമയുടെ ഇപ്പോഴത്തെ മിക്ക പ്രമുഖരും വിളിച്ചിരുന്നുവെന്നുസാരം. ഇവരിലൂടെ പുതിയ പാട്ടുകൾ കണ്ടെത്താൻ ഈ കുട്ടിക്കു പ്രയാസമില്ല. എന്നിട്ടും തിരക്കുകൂട്ടാതെ കോളജിൽ അദ്ദേഹം പഠനം തുടരുന്നു. അടുത്ത കാലത്തു കേട്ട നല്ല ശബ്ദമെന്ന വിദ്യാസാഗർ വിളിച്ചു സത്യൻ അന്തിക്കാടിനോടു പറഞ്ഞതു വെറുതെയാകില്ല. തിരക്കുകളിലേക്കു വഴി തേടി പോകാതെ തന്റെ ശബ്ദം തേടി ഒരു നാൾ വരാതിരിക്കില്ലെന്നു കരുതുന്നൊരു കുട്ടിയെ കണ്ട മുട്ടുന്നതുതന്നെ സന്തോഷമാണ്. കെ.എസ്.ഹരിശങ്കർ എന്ന യുവ ഗായകന്റെ ശബ്ദംപോലെ സൗമ്യവും ദീപ്തവുമായ ഈ മനസ്സുതന്നെയാണ് മലയാളിക്കു വേണ്ടത്. രാവെത്ര ചെന്നാലും മായാത്ത നിറനിലാവായി മലയാള സംഗീത ലോകത്തു ഈ കുട്ടി ഉണ്ടാകാതിരിക്കില്ല. ഇത് അർഹതപ്പെട്ടവർക്കുള്ളതാണെന്നു നമ്മെ ബോധ്യപ്പെടുത്താൻകൂടി ഇതാവശ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.