Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നസെന്റും സോഷ്യൽ മീഡിയയിലെ ഗുണ്ടകളും

ഉണ്ണി കെ. വാരിയർ
സ്പെഷല്‍ കറസ്പോണ്ടന്‍റ്
Innocent ഇന്നസെന്റ്

ഇന്നസെന്റ് കഴിഞ്ഞ ദിവസം രാവിലെ പ്രിയദർശനെ വിളിച്ചു. ‘താൻ നല്ല വക്കീലിനെ കണ്ട് മുൻകൂർ ജാമ്യം എടുത്തു വയ്ക്കുന്നതു നല്ലതാണ്.’ ഉറക്കത്തിൽ നിന്നുണർന്ന പ്രിയൻ ഞെട്ടിപ്പോയി. ‘എന്താണു സംഭവം ചേട്ടാ’. സ്വാമി ശ്വാശ്വതീകാനന്ദയെ വധിച്ചത് നീയാണ് എന്നു വാർത്തയിലുണ്ട്.

പ്രിയൻ ചാടി എഴുനേറ്റു പത്രം വായിച്ചു. സ്വാമിയെ വധിച്ചതു പ്രിയൻ എന്ന ക്വട്ടേഷൻ ഗുണ്ടയാണെന്നു ബിജു രമേഷ് നടത്തിയ ആരോപണം പത്രത്തിലുണ്ടായിരുന്നു. ‘ചേട്ടാ ഇതു ക്വട്ടേഷൻ ഗുണ്ടയായ പ്രിയനല്ലേ. ’ ആണോ. ഞാൻ പ്രിയൻ എന്നു മാത്രമെ വായിച്ചിട്ടുള്ളു. കേരളത്തിൽ ഇന്നുവരെ അറിയപ്പെടുന്ന ഒരു പ്രിയനേ ഉള്ളു. അതു നീയാണ്. അപ്പോൾ രക്ഷപ്പെട്ടോട്ടെ എന്നു കരുതി പറഞ്ഞതാണ്. ’

ഇന്നസെന്റ് ഇങ്ങിനെയാണ്. അസമയത്തു വിളിക്കും. പക്ഷെ അതു ഒരു നല്ല സിനിമ കാണുന്നതുപോലെ സുഖമുള്ള വിളിയാണ്. പലപ്പോഴും ഏറെ നീളുന്ന സംസാരം.പതിവുപോലെ ആ സംസാരവും ഒരു മണിക്കൂറോളം നീണ്ടു കാണും. കാൻസർ രണ്ടാമതും കണ്ടെത്തിയതോടെഡൽഹിയിലെ ഇന്നസെന്റിനു കീമോ തെറാപ്പി ചികിത്സ നടക്കുകയാണ്. കീമോ കഴിഞ്ഞുവന്ന ശേഷമാണു ഇതു പറയുന്നത്. എഴുനേൽക്കാനാകില്ലെങ്കിലും കുറച്ചു ബോധം ബാക്കിയുണ്ടെങ്കിൽ എന്നും ഇന്നസെന്റ് ഇന്നസെന്റു തന്നെയാണ്. . കീമോ ഞെരമ്പിലൂടെ അഗ്നി കടത്തി വിടുന്നതുപോലെയാണെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. കടുത്ത വേദനയ്ക്കിനിടയിലും ഇത്രയും സൗമ്യമായി ആർക്കാണു സംസാരിക്കാനാകുക. രോഗം വന്ന ഇന്നസെന്റും വരാത്ത ഇന്നസെന്റും തമ്മിൽ ഒരു വ്യത്യാസവുമില്ല. പലപ്പോഴും ദിവസേനയെന്നവണ്ണം അദ്ദേഹം വിളിച്ചു പുറത്തു പറയാവുന്നതും പറയാനാകാത്തതുമായ കഥകൾ പറയും പലപ്പോഴും ചിരിച്ചു ചിരിച്ചു വയർ വേദനിക്കും.

മോഹൻലാലിനും സത്യൻ അന്തിക്കാടിനുമെല്ലാം മിക്ക ദിവസവും ഈ കോളുകൾ എത്താറുണ്ട്. പലപ്പോഴും ഇതൊരു കളിപോലെയാണ്. നീ അയാളെ വിളിച്ചു ഇതൊന്നു ചോദിക്ക് എന്നു പറയും. അതൊരു കഥയുടെ തുടക്കമാകും. ലാലും സത്യനും പ്രിയനുമെല്ലാം തിരിച്ചും മറിച്ചും വിളിക്കും.

ഇന്നസെന്റിനു ചികിത്സയ്ക്ക് ആവശ്യമായ തുക മുഴുവൻ അനുവദിക്കാൻ കേരള സർക്കാർ തീരുമാനിച്ചിരുന്നു. അമേരിക്കയിലേക്കു പോയാലോ എന്നു ഇന്നസെന്റ് ആലോചിക്കുകയും ചെയ്തു. പക്ഷെ അതിനിടയിലാണ് ആരോ ഇന്നസെന്റിനു ചികിത്സാ സഹായം നൽകുന്നതിനെ സാമുഹ്യ മാധ്യമത്തിലൂടെ എതിർത്തത്. പാവപ്പെട്ടവർക്കായി ഈ തുക നൽകണം എന്നായിരുന്നു വാദം. അതു കേട്ടതോടെ ഇന്നസെന്റ് അമേരിക്കയെന്ന വഴി മറന്നു. ചികിത്സ ഇന്ത്യയിൽ മതിയെന്നു തീരുമാനിച്ചു. ഈ തീരുമാനത്തിനു പുറകിൽ മറ്റു പല കാരണവും ഉണ്ടാകാം. സംസ്ഥാന സർക്കാർ നൽകാമെന്നു പറഞ്ഞ പണം അദ്ദേഹം സ്വീകരിക്കുകയും ചെയ്തേക്കാം. എന്നാലും സാമൂഹ്യ മാധ്യമങ്ങളിൽ വന്ന കുറിപ്പ് അദ്ദേഹം വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നതു സത്യമാണ്. ഒരു വരിപോലും ഇതേക്കുറിച്ചു ഇതുവരെ പറഞ്ഞിട്ടില്ല. അതിനർഥം അതു വേദനിപ്പിച്ചു എന്നാണ്.

ഇന്നസെന്റ് ചികിത്സയ്ക്കു പണമില്ലാതെ കഷ്ടപ്പെടുന്ന ആളല്ല. അമ്മ എന്ന സംഘടന അദ്ദേഹത്തെ പൊന്നുപോലെ നോക്കും. ഇന്നസെന്റ് എന്ന നടനേയും എംപിയെയും നമുക്കു മറക്കാം. എന്നാൽ ഇന്നസെന്റ് എന്ന കാൻസർ രോഗി ചെയ്ത സേവനം മലയാളത്തിനു മറക്കാനാകില്ല.

ഈ രോഗത്തെ ഇത്രയും നെഞ്ചൂക്കോടെ നേരിടാമെന്നു മലയാളിയെ ആദ്യം പഠിപ്പിച്ചത് ഇന്നസെന്റുതന്നെയാണ്. അതുവരെ രോഗം വന്നവരെല്ലാം ഒളിച്ചിരിക്കുകയാണു ചെയ്തിരുന്നത്. കാൻസറാണു തനിക്കെന്ന പൊതു വേദിയിൽ സങ്കോചമില്ലാതെ അദ്ദേഹം തുറന്നു പറഞ്ഞു. . അദ്ദേഹം ചിരിച്ചുകൊണ്ടു പോരാട്ടം തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇതു മരണത്തിലേക്കുള്ള വാതിൽ അല്ലെന്നും ഒരു രോഗം മാത്രമാണെന്നും. അതുവരെ ഇതു ജീവിതാന്ത്യമാണെന്നാണു മലയാളി കരുതിയിരുന്നത്. ഇന്നസെന്റ് കാൻസർ അനുഭവത്തെക്കുറിച്ചെഴുതിയ ലേഖനം ആയിരക്കണക്കിനു രോഗികളാണ് ദിവ്യൗഷധംപോലെ സൂക്ഷിച്ചുവച്ചു വീണ്ടും വീണ്ടും വായിച്ചത്.എത്രയോ രോഗികൾ അതിനു ശേഷം കൂടുതൽ പൂക്കൾ നിറഞ്ഞ മനസ്സുമായി ജീവിതത്തിലേക്കു വന്നു. അല്ലെങ്കിൽ മരണത്തിലേക്കു പോയി. മരിക്കുമ്പോൾ പോലും ചിരിച്ചുകൊണ്ടു മരിക്കാൻ അവരിൽ പലരെയും ഇന്നസെന്റ് പഠിപ്പിച്ചു. രോഗിയായി ഉപേക്ഷിക്കപ്പെട്ട പലരുടെയും കിടയ്ക്ക് അരികിലേക്കു മക്കളും ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും തിരിച്ചെത്തിയത് ഇന്നസെന്റിന് കുറിപ്പു വായിച്ചിട്ടാണ്.

രോഗകിടക്കയിൽ കിടക്കുന്നവർക്കു വേണ്ടതു പുഞ്ചിരിയാണെന്നു എത്രയോ കാലമായി പാലിയേറ്റീവ് കെയർ പ്രസ്ഥാനം പറയുന്നുണ്ട്. അവർ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്ന മനോഹരമായ സന്ദേശം ഒരു വെളിച്ചംപോലെ ജനങ്ങളിലെക്കെത്തിച്ചതു ഇന്നസെന്റിന്റെ വരികളാണ്. അദ്ദേഹം രോഗം വകവയ്ക്കാതെ ഈ സന്ദേശവുമായി നൂറുകണക്കിനു കിലോമീറ്റർ യാത്ര ചെയ്തു യോഗങ്ങൾ പ്രസംഗിച്ചു. നമ്മുടെ ആരോഗ്യ രംഗത്തിനു ഇതിലൂടെ കിട്ടിയ ജനകീയ പിന്തുണ ചെറുതല്ല.

ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെ ചികിത്സിക്കാൻ പണം കൊടുക്കുന്നതിൽ നമുക്ക് എതിർപ്പില്ല. കുത്തുകൊണ്ടുകിടക്കുന്ന ഗുണ്ടകളായ രാഷ്ട്രീയക്കാരുടെ തലയിണ ചുവട്ടിൽ നാട്ടുകാരുടെ നികുതിപണംകൊണ്ടുവച്ചു കൊടുക്കുന്നതിലും എതിർപ്പില്ല. രണ്ടു വർഷം എംഎൽഎയായവർക്കോ മന്ത്രിയുടെ സെക്രട്ടറിമാരായവർക്കോ ഒരു യോഗ്യതയുമില്ലെങ്കിലും ആ ജീവനാന്ത പെൻഷൻ കൊടുക്കുന്നതിലും എതിർപ്പില്ല. ഒരു ദിവസം പോലെ സർക്കാർ ഓഫീസിൽ വരാതെ സംഘടനാ പ്രവർത്തനം നടത്തി നടക്കുന്ന നേതാക്കൾക്കു പിരിഞ്ഞു പോകുമ്പോൾ ജോലി ചെയ്തതിനുള്ള ആനുകൂല്യമായി പത്തും ഇരുപതും ലക്ഷം രൂപയും സർവീസിലിരിക്കെ വർഷം തോറും ബോണസ്സും കൊടുക്കുന്നതിലും എതിർപ്പില്ല. സംഘടനാ പ്രവർത്തനം നടത്തുന്നവർ ഓഫീസിൽ വരേണ്ടെന്നു പറയുന്നതു ഏതു രാജ്യമുണ്ടാകും. ഓഫീസിൽ വരുന്നതിനല്ലെ ശമ്പളം കൊടുക്കുന്നത്. നന്നായി പുസ്തകം വിൽക്കുകയും മാസം തോറും റോയൽറ്റി വാങ്ങുകയും ചെയ്യുന്ന എഴുത്തുകാരുടെ വീട്ടിൽപ്പോയി കസവു മുണ്ടു പുതപ്പിച്ചു രണ്ടും മൂന്നും ലക്ഷം നൽകുന്നതിലും എതിർപ്പില്ല.

പക്ഷെ ഒരു ചില്ലിക്കാശും മോഹിക്കാതെ കാൻസറിനെതിരെ സാധാരണക്കാരന്റെ പോരാട്ടത്തിനു മുന്നിൽ നടന്ന ഇന്നസെന്റിനു ചികിത്സാ സഹായം കൊടുക്കാമെന്നു പറഞ്ഞപ്പോൾ നമ്മുടെ രോഷമുണർന്നു. ഈ മനുഷ്യന്റെ വാക്കുകൾ കേട്ടു സ്വാന്ത്വന ചികിത്സാ രംഗത്തേക്കു വന്ന എത്രയോ പേരുണ്ട്. അതൊരു വലിയ കർമ്മമാണെന്നു നമ്മെ ഓർമ്മിപ്പിക്കാനും അതിനു കരുത്തു പകരാനും ഇന്നസെന്റിനു കഴിഞ്ഞു. രോഗം വന്നിട്ടു രണ്ടു കൊല്ലമെ ആയുള്ളു. പക്ഷെ 15 വർഷമായി ഇന്നസെന്റ് കാൻസർ, സ്വാന്ത്വ പരിചരണ ചികിത്സാ രംഗത്തു സജീവമാണ്. അത്തരമൊരു സംഘടനയുടെ പേട്രനാണ്. അതായത് ഇതൊന്നും പത്മശ്രീ കിട്ടാനായി തട്ടിക്കൂട്ടിയതല്ല എന്നർഥം.

നമ്മുടെ വേദനകളിൽ ചിരിയായി ഇന്നസെന്റ് കടന്നു വന്നിട്ടുണ്ടെന്നതു ശരിതന്നെ. അതിനു അദ്ദേഹം പ്രതിഫലം വാങ്ങിയതുകൊണ്ടു വിട്ടേക്കുക. പക്ഷെ, കേരളത്തിലെ കാൻസർ അവബോധ പ്രചരണത്തിനു ഇന്നസെന്റു നൽകിയ സേവനത്തിനു നാം പണം കൊടുത്തിട്ടില്ലെന്നു നാം മറക്കരുത്. അദ്ദേഹത്തിന്റെ ചികിത്സാ ചിലവു മുഴുവൻ വഹിച്ചാലും തീർക്കാവുന്ന കടമല്ല ഇത്. സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ കൊടി ഉയർത്തിയവർ ഇതു പോസ്റ്റു ചെയ്തു സുഖമായി കിടന്നുറങ്ങിയതെന്നും മറക്കരുത്. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റു ചെയ്താലൊന്നും ജനം തെരുവിലിറങ്ങി സ്വാന്ത്വന പരിചരണത്തിനു പോകില്ല. ഓൺലൈനിൽ മൊബൈൽ വാങ്ങുന്നതുപോലെ സ്വാന്ത്വന പരിചരണം ഡോർഡെലിവറി ചെയ്യാനാകില്ലെന്നും ഓർക്കണം.

പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടൻ, പട്ടിണിയിൽനിന്നും ജീവിതത്തിന്റെ ഉയരങ്ങളിലേക്കു ചിരിച്ചുകൊണ്ടു കയറിയപ്പോയ താങ്കളോടു സത്യത്തിൽ പല മലയാളികൾക്കും അസൂയയാണ്. താങ്കളുടെ ചികിത്സാ ചിലവിനെക്കുറിച്ചു കുത്തിപ്പിടിച്ചിരുന്നു കുറിപ്പുണ്ടാക്കിയ പോസ്റ്റു ചെയ്യുന്നതു സാമൂഹ്യ മാധ്യമങ്ങളിലെ ക്വട്ടേഷൻ ഗുണ്ടകൾ മാത്രമാണ്. താങ്കളുടെ സ്നേഹത്തിന്റെ സ്പർശം അനുഭവിച്ച ഒരു കൊച്ചു കുട്ടിയുടെ നെഞ്ചിലെ ചൂടുകൊണ്ടുപോലും ഇവരുടെ ധാർഷ്ഠ്യം ഉരുകിപ്പോകാവുന്നതെയുള്ളു. കുട്ടികളുടെ കാൻസർ വാർഡിലെത്തി അവരെ നിലത്തു കിടന്നു ഉരുളുംവരെ ചിരിപ്പിച്ച താങ്കളെ ഞങ്ങൾ കണ്ടിട്ടുണ്ട്.

എന്റെ കുട്ടി രോഗം വന്ന ശേഷം ഇതുപോലെ മനസ്സു നിറഞ്ഞു ചിരിച്ചിട്ടില്ലെന്നു പറഞ്ഞു വാതിലിനു പുറകിലേക്കു നീങ്ങി നിന്നു വിതുമ്പിയ അമ്മയെയും കണ്ടിട്ടുണ്ട്. ചികിത്സാ ചിലവിനെക്കുറിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പെഴുതുന്നവർ സമൂഹത്തിലെ കാൻസർ അണുക്കൾ മാത്രമാണ്. നമുക്കവരെ നേരിടാം. ഞങ്ങൾക്കു ഇനിയും താങ്കളെ വേണം. ചിരിക്കാൻ മാത്രമല്ല, അതോർത്തു ചിന്തിക്കാനും. താങ്കളെപ്പോലെ ഒരാൾ കടന്നു വരുന്നത് എപ്പോഴെങ്കിലുമൊരിക്കലാണ്. വളരെ, വളരെ അപൂർവ്വമായി. കാൻസറിനെ ഒരിക്കൽ തോൽപ്പിച്ചതുപോലെ താങ്കൾക്കു ഈ അണുക്കളെയും തോൽപ്പിക്കാൻ കഴിയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.